يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًۭا سَدِيدًۭا﴿٧٠﴾
33:70ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; നേരെ ചൊവ്വായ വാക്കുപറയുകയും ചെയ്യുവിന്‍;-
يُصْلِحْ لَكُمْ أَعْمَـٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا﴿٧١﴾
33:71(എന്നാല്‍) അവന് നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളെ നന്നാക്കിത്തരുകയും,നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആര് അനുസരിക്കുന്നുവോ, തീര്‍ച്ചയായും അവന് വമ്പിച്ച ഭാഗ്യം പ്രാപിച്ചു.
തഫ്സീർ : 70-71
രണ്ടു കാര്യങ്ങള്‍ അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു. രണ്ടു കാര്യങ്ങള്‍ അവരോടു വാഗ്ദാനവും ചെയ്യുന്നു. അനുസരണവും സല്ക്കര്മ്മവും വഴി അല്ലാഹുവിനെ സൂക്ഷിക്കുക, അഥവാ അവനോടു ഭയഭക്തിയുണ്ടായിരിക്കുക, അക്രമത്തിന്റെയും അന്യായത്തിന്റെയും കലര്‍പ്പില്ലാത്ത നേരെ ചൊവ്വായ വാക്കുകള്‍ പറയുക, ഇതാണ് രണ്ടു ഉപദേശങ്ങള്‍. ഈ രണ്ടു ഉപദേശങ്ങള്‍ സ്വീകരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവരുടെ കര്‍മ്മങ്ങളും പ്രവൃത്തികളും അവന് നന്നാക്കിക്കൊടുക്കും. അഥവാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന സഹായവും പരിതസ്ഥിതികളും പ്രദാനം ചെയ്കയും, അതിനു നല്ല പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഇതത്രെ വാഗ്ദാനങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനാനിര്ദ്ദേശങ്ങള് അനുസരിച്ചു ജീവിക്കുന്നതാരോ അവര്‍തന്നെയാണ് ഇഹത്തിലും പരത്തിലും വമ്പിച്ച ഭാഗ്യം സിദ്ധിക്കുന്നവര്‍.