33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 5

ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌۭ فِيمَآ أَخْطَأْتُم بِهِۦ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا﴿٥﴾

 ادْعُوهُمْ നിങ്ങളവരെ വിളിക്കുവിന്‍ لِآبَائِهِمْ അവരുടെ പിതാക്കളിലേക്കു (ചേര്‍ത്തു) هُوَ അതത്രെ أَقْسَطُ ഏറ്റം നീതിയായതു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَإِن لَّمْ تَعْلَمُوا എനി നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍ آبَاءَهُمْ അവരുടെ പിതാക്കളെ فَإِخْوَانُكُمْ എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ് فِي الدِّينِ മതത്തില്‍ وَمَوَالِيكُمْ നിങ്ങളുടെ മൗലാക്കളുമാണ്, ബന്ധപ്പെട്ടവരുമാണ് وَلَيْسَ ഇല്ലതാനും عَلَيْكُمْ നിങ്ങളുടെമേല്‍ جُنَاحٌ കുറ്റം فِيمَا യാതൊന്നില്‍ أَخْطَأْتُم നിങ്ങള്‍ അബദ്ധംചെയ്ത, പിഴച്ച بِهِ അതില്‍, അതിനെപ്പറ്റി وَلَـٰكِن പക്ഷെ مَّا تَعَمَّدَتْ കരുതിക്കൂട്ടിച്ചെയ്തതാണ് قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

33:5അവരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തു വിളിച്ചുകൊള്ളുവിന്‍. അതത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. എനി, അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍, അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരന്‍മാരും, നിങ്ങളുടെ "മൗലാ"ക്കളും [ബന്ധപ്പെട്ടവരും] ആകുന്നു. നിങ്ങള്‍ അബദ്ധം ചെയ്തുപോയതില്‍ നിങ്ങളുടെമേല്‍ കുറ്റമില്ലതാനും. പക്ഷെ, നിങ്ങളുടെ ഹൃദയങ്ങള്‍ കരുതിക്കൂട്ടി ച്ചെയ്തതാണ് (കുറ്റകരം). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

തഫ്സീർ : 5-5

ദത്തുമക്കളെ അവരുടെ യഥാര്‍ത്ഥ പിതാക്കളോട് ചേര്‍ത്ത് ഇന്നയാളുടെ മകന്‍, അല്ലെങ്കില്‍ മകള്‍ എന്നു വിളിക്കുവാനും, പോറ്റുപിതാക്കളോടു ചേര്‍ത്തു വിളിക്കാതിരിക്കുവാനും ഈ വചനം കല്പിക്കുന്നു. എനി, യഥാര്‍ത്ഥ പിതാക്കള്‍ ആരാണെന്നറിയപ്പെടാത്തപക്ഷം അവരെ സഹോദരങ്ങളും മൗലാ’ (ബന്ധു)ക്കളുമായി ഗണിച്ചുകൊള്ളണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളെല്ലാം സഹോദരങ്ങളാണല്ലോ. (انما المؤمنون إخوة) അതുകൊണ്ടു അങ്ങിനെയുള്ളവരെ സഹോദരാ’ (يا اخى) എന്നോ മൗലാ’ (يا مولاى) എന്നോ വിളിക്കേണ്ടതാകുന്നു. ഇതനുസരിച്ച് നബി() സൈദ്‌ (رضي الله عنه) നോടു ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, انت اخونا ومولانا (നീ നമ്മുടെ സഹോദരനും മൗലായുമാണ്‌.)

മൗലാ’ (مولى) എന്ന വാക്കു പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുള്ള ഒരു പദമാകുന്നു. ഇതിന്‍റെ ബഹുവചനമാണ് മവാലീ’ (موالى) ‘വലാഉ’ (ولاء) എന്ന ധാതുവില്‍ നിന്നുള്ളതാണത്. കുടുംബബന്ധം (قرابة) എന്നും, അടുപ്പം (قرب) എന്നും അതിനര്‍ത്ഥമുള്ളതുകൊണ്ട് കുടുംബപരമായ ബന്ധമുള്ളവര്‍ക്കും, അടുത്ത സ്നേഹബന്ധമുള്ളവര്‍ക്കും ആ വാക്കു ഉപയോഗിക്കാം. ചില പ്രത്യേക കാരണത്താല്‍ ഉണ്ടാകുന്ന പാര്‍ശ്വബന്ധത്തി (قرابة سببية )നും ഇസ്‌ലാമില്‍ അംഗീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ഇതിനു മുവാലാത്ത്’ (موالاة) എന്നും മുആഖാത്ത്’ (مؤاخاة) എന്നും പറയപ്പെടുന്നു. മൈത്രീബന്ധമെന്നും, സാഹോദര്യബന്ധമെന്നും അര്‍ത്ഥം, മദീനയില്‍വെച്ച് മുഹാജിറുകളും അന്‍സാരികളും തമ്മിലുണ്ടായിരുന്ന ബന്ധം ഇതായിരുന്നു. സ്വത്തവകാശം തുടങ്ങിയ ചില നിയമങ്ങളൊഴിച്ച് മറ്റു സുഖദുഃഖങ്ങളില്‍ അന്യോന്യം പങ്കുകാരാകത്തക്കവണ്ണമുള്ള ഈ കൂട്ടുകെട്ട് എക്കാലത്തും മനുഷ്യര്‍ക്കിടയില്‍ വളരെ ഉപകാരപ്രദംതന്നെയാണ്. അറബിഗോത്രങ്ങള്‍ക്കിടയില്‍ ഇത്തരം മുവാലാത്ത്മുമ്പ് നടപ്പിലുണ്ടായിരുന്നു. അതവര്‍ക്കു സ്വൈര്യജീവിതവും, പ്രതാപവും, ശക്തിയും നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ചിലപ്പോള്‍ ചില ആളുകളെക്കുറിച്ച് مولى بنى فلان (ഇന്ന ഗോത്രക്കാരുടെ മൗലാ) എന്ന പറയപ്പെട്ടുകാണുന്നത്.

മറ്റൊരു തരത്തിലുള്ള വലാആണ് ولاء العتاقة (അടിമത്തത്തില്‍നിന്നു മോചിപ്പിച്ച ബന്ധം). ഒരാളോ ഒരു കുടുംബമോ ഒരു അടിമയെ സ്വതന്ത്രനാക്കി വിട്ടാല്‍ അവന്‍ അവന്‍റെ, അല്ലെങ്കില്‍ ആ കുടുംബത്തിന്‍റെ മൗലായായിത്തീരുന്നു. അതുപോലെത്തന്നെ, ഏതെങ്കിലും ഒരാളുടെ കൈക്ക് ഇസ്‌ലാമില്‍ വന്ന ആളെക്കുറിച്ചും അയാളുടെ മൗലാ എന്നു പറഞ്ഞുവരാറുണ്ട്. ഇമാം അബൂഹനീഫ (رحمه الله) യുടെ കുടുംബം ഇസ്‌ലാമില്‍ വന്നപ്പോള്‍ അവര്‍ക്കു ഇസ്ലാമിലേക്കു പ്രചോദനം നല്‍കിയ ആളുകളോടുചേര്‍ത്ത് ഇന്നവരുടെ മൗലാക്കള്‍ എന്നു പറയപ്പെട്ടിരുന്നു. ഈ വാസ്തവം മനസ്സിലാക്കാത്ത ചിലര്‍ ഈ പ്രയോഗത്തെ തെറ്റിദ്ധരിച്ച് ഇമാം അബൂഹനീഫ (رحمه الله) അടിമവംശജനായിരുന്നുവെന്നു ധരിച്ചുപോയിട്ടുണ്ട്.

ചുരുക്കത്തില്‍ വലാഉഎന്ന ധാതുവില്‍നിന്നുള്ള മൗലാഎന്ന വാക്ക് പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ടെന്നു മനസ്സിലാക്കാം. ഏതര്‍ത്ഥത്തിലുള്ള മൗലാ ആയാലും ശരി, അറബികള്‍ക്കിടയില്‍ അങ്ങനെ മൗലാ എന്നു സംബോധന ചെയ്യുന്നതില്‍ അഭിമാനമല്ലാതെ അപമാനമൊന്നും ഉണ്ടായിരുന്നതുമില്ല. ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വചനംമുഖേന അല്ലാഹു ചെയ്യുന്നത്. കാരണം, അതു പരസ്പരം സ്നേഹബന്ധത്തിനും ഐക്യബോധത്തിനും ഉതകുന്നു. പല സഹാബിമാരുടെയും പേരുകളോടോപ്പം ഇന്ന ആളുടെ മൗലയാണദ്ദേഹം എന്നു വിശേഷിപ്പിച്ചുകാണുന്നതു മേല്‍പറഞ്ഞ അടിസ്ഥാനത്തിലാകുന്നു. ഏതു തരത്തിലുള്ള വലാഉ’ – ആയിരുന്നാലും ശരി, അന്യോന്യം ബന്ധപ്പെട്ട ഇരു കക്ഷികള്‍ക്കും ഈ (മൗല എന്നുള്ള) പേര്‍ അന്വര്‍ത്ഥമാകുമെന്നും അറബികള്‍ അങ്ങിനെ അതു ഉപയോഗിക്കാറുണ്ടെന്നും അറിഞ്ഞിരിക്കുന്നതു ചരിത്രപാരായണം ചെയ്യുന്നവര്‍ക്കു വളരെ ആവശ്യമാകുന്നു.

മറ്റുചില സമുദായങ്ങളെപ്പോലെ അറബികളും തങ്ങളുടെ വംശപരമ്പരയും, കുടുംബപ്പേരും, നിലനിറുത്തുകയും പരിചയപ്പെടുകയും ചെയ്യുന്നതു മുന്‍പിതാക്കളുടെ പേരുകളിലാകുന്നു. ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഈ വഴക്കംതന്നെ. നമ്മുടെ നാട്ടിലേതുപോലെ, ഏതെങ്കിലും പറമ്പിന്‍റെയോ, പാറയുടെയോ,ഇല്ലത്തിന്‍റെയോ, തൊടിയുടെയോ മറ്റോ പേരുകളിലല്ല. ഇന്ന പിതാമഹന്‍റെ വംശത്തില്‍ ഇന്നിന്ന പിതാക്കളുടെ മകനായ ഇന്നവനാണ് തന്‍റെ പിതാവ് അല്ലെങ്കില്‍ മാതാവ് എന്നായിരിക്കും അറബികള്‍ ഒരാളെ പരിചയപ്പെടുത്തുക. നാമാകട്ടെ, ഏതെങ്കിലും ഒരു തൊടിയുടെയോ മറ്റോ പേരു പറഞ്ഞായിരിക്കും കുടുംബത്തെ പരിചയപ്പെടുത്തുന്നത്. ഇന്ന ആളുടെ മകന്‍ ഇന്നവന്‍ എന്നതിന്‍റെ സ്ഥാനത്തു ഇന്നേടത്തുവീട്ടില്‍ ഇന്നവന്‍ എന്നു പറയും. കൂടാതെ, പലപ്പോഴും ഈ വീട്ടുപേര്‍ മാതൃകുടുംബത്തിന്‍റേതുമായിരിക്കും. മക്കളെ പിതാക്കളോടു ചേര്‍ത്തു വിളിക്കണമെന്ന ഖുര്‍ആന്‍റെ ശാസനക്കു നിരക്കാത്ത ഈ സമ്പ്രദായം, ഇന്ത്യന്‍ മുസലിംകളില്‍ ഇന്നും അവശേഷിപ്പുള്ള പല അനിസ്ലാമികാചാരങ്ങളില്‍ ഒന്നാകുന്നു. മുസ്‌ലിംകള്‍ കഴിവതും ഈ നില മാറ്റേണ്ടതുണ്ട്.

മൗലാഎന്ന വാക്കിന്‍റെയും വലാഇന്‍റെയും അര്‍ത്ഥവ്യാപ്തിയും പ്രയോഗങ്ങളും ആലോചിക്കാതെ മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ ആപത്തുകളും ചില്ലറയല്ല. മുന്‍കാലങ്ങളില്‍ ഇന്ത്യയെപ്പോലെയുള്ള ദൂരരാജ്യങ്ങളില്‍ പല മഹാന്‍മാരുടെ കൈക്കും ഇസ്‌ലാം മതപ്രചാരണം നടന്നപ്പോള്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചിരുന്ന ആളുകളെക്കുറിച്ച് അതതു ദേശത്തെ മതപ്രചാരകന്‍മാരുടെ പേരോടുചേര്‍ത്തുകൊണ്ടു ഇന്ന ആളുടെ മൗലാക്കള്‍ എന്നു പറയപ്പെട്ടിരുന്നു. മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള ഈ പാര്‍ശ്വബന്ധത്തെ കാലക്രമത്തില്‍ കുടുംബബന്ധങ്ങളായി ചിലര്‍ ചിത്രീകരിക്കുകയും, തെറ്റിദ്ധരിക്കുകയും ചെയ്തുവന്നു. അങ്ങനെ, തങ്ങള്‍ ആ മഹാന്‍മാരുടെ സന്തതികളില്‍പെട്ടവരാണെന്നു പലരും അവകാശപ്പെട്ടു. നൂറുക്കണക്കിലുള്ള സയ്യിദുകുടുംബങ്ങളും (തങ്ങമ്മാരും) സിദ്ദീഖികളും, ഫാറുഖികളും, ആയിരക്കണക്കിലുള്ള ഉസ്മാനീ കുടുംബങ്ങളുമെല്ലാം ഇന്ത്യയില്‍ ഇന്നു കാണപ്പെടുന്നതു ഇക്കാരണത്താലാകുന്നു. ഈ വംശവാദത്തില്‍തന്നെ പല വ്യാജപരമ്പരയും, അവക്കിടയില്‍ കക്ഷിവഴക്കുകളും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമില്‍ പുതുതായി പ്രവേശിക്കുന്നവര്‍ അവര്‍ എത്ര കുലീനകുടുംബത്തില്‍ പെട്ടവരായിരുന്നുവെങ്കിലും ഒരു താണതരക്കാരായി ഗണിക്കപ്പെടുന്ന ഒരു ദുഷിച്ച സമ്പ്രദായവും മിക്കവര്‍ക്കിടയിലും എങ്ങിനെയോ കടന്നുകൂടിയിരിക്കുന്നു. തങ്ങളുടെ പഴയ കുടുംബപ്പേര്‍ മാറ്റിപ്പറയുവാന്‍ ഇതും ചിലര്‍ക്കു പ്രോത്സാഹനം നല്‍കിയിരിക്കുന്നു. സ്വന്തം പിതാക്കള്‍ അയോഗ്യരായതുകൊണ്ടും ചിലര്‍ ഈനില സ്വീകരിക്കാറുണ്ട്. ഇസ്‌ലാമികദൃഷ്ട്യാ ഇതെല്ലാംതന്നെ വമ്പിച്ച തെറ്റാണെന്നു പറയേണ്ടതില്ല.

നബി() പറയുന്നു: ജാഹിലിയ്യത്തില്‍ (ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാനകാലത്തു) നിങ്ങളില്‍ ഉത്തമന്മാരായുള്ളവര്‍ ഇസ്‌ലാമിലും നിങ്ങളില്‍വെച്ച് ഉത്തമന്‍മാര്‍തന്നെ അവര്‍ വിജ്ഞാനം നേടിയാല്‍’ (ബു; മു). ഒരു ഹദീസില്‍ നബി () ഇപ്രകാരം പറഞ്ഞതായി കാണാം: നിങ്ങളുടെ കുടുംബബന്ധം ചേര്‍ക്കുമാറു (പാലിക്കത്തക്കവണ്ണം) നിങ്ങളുടെ കുടുംബപരമ്പരയില്‍ നിന്നും നിങ്ങള്‍ പഠിച്ചിരിക്കുവിന്‍……’ (തിർമിദി). വേറൊരു ഹദീസില്‍ ഇങ്ങിനെ വന്നിരിക്കുന്നു: അറിഞ്ഞുകൊണ്ട് തന്‍റെ പിതാവല്ലാത്തവരോട് ചേര്‍ത്തിക്കൊണ്ട് (കുടുംബം) വാദിക്കുന്നവന്‍ അവിശ്വാസിയാകാതിരിക്കയില്ല.’ (ഇബ്നുകഥീര്‍.)