عَنِ ابْنِ عَبَّاسٍ قَالَ :فَرَضَ رَسُولُ اللَّهِ ﷺ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ، وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ. (أبو داود : 1609 ، حسنه الألباني)
അർഥം:
"നോമ്പുകാരന്റെ ചെറു ദോഷങ്ങൾക്കുള്ള ശുദ്ധീകരണമായും സാധുക്കൾക്കുള്ള ഭക്ഷണമായും സകാതുൽ ഫിത്വറിനെ ദൈവദൂതർ നിശ്ചയിച്ചിരിക്കുന്നു. ആരെങ്കിലും (പെരുന്നാൾ) നിസ്കാരത്തിന് മുമ്പ് അത് കൊടുത്തു വീട്ടിയാൽ അത് സ്വീകരിക്കപ്പെടുന്ന സകാത് ആണ്, നിസ്കാര ശേഷമാണ് ആരെങ്കിലും അത് നൽകിയതെങ്കിൽ അത് ദാനധർമ്മങ്ങളിൽപെട്ട ഒന്ന് മാത്രമാണ്"
വിശദീകരണം :
• നോമ്പുകാരന്റെ വീഴ്‌ചകൾക്കുള്ള പരിഹാരമാണ് ഫിത്വർ സകാത്
• ഫിത്വർ സകാത്തിന്റെ വിഷയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. പെരുന്നാൾ നിസ്കാരത്തിന് മുമ്പ് കൊടുക്കണം
2. റമദാനിലെ അവസാന ദിവസത്തെ മഗ്‌രിബ് മുമ്പ് ജനിച്ച കുട്ടിയടക്കം വീട്ടിലെ ഓരോ അംഗത്തിന് വേണ്ടിയും ഫിത്വർ സകാത് നൽകണം (ബുഖാരി : 1503)
3. വ്യക്തികൾക്ക് സ്വന്തമായോ, കുടുംബത്തിന്റെ മൊത്തമായി കുടുംബ നാഥനോ ഫിത്വർ സകാത് കൊടുത്തു വീട്ടാവുന്നതാണ്
4. ഫിത്വർ സകാത്തിന്റെ അവകാശികൾ സകാതിന്റെ അവകാശികൾ തന്നെയാണ്
5. സകാതിന്റെ 8 അവകാശികൾ ആരൊക്കെയെന്ന് സൂറ തൗബ 60 ആം വചനത്തിൽ പറയുന്നുണ്ട്
6. നാട്ടിലെ പൊതുവായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുവാണ് ഫിത്വർ സകാതായി നൽകേണ്ടത് (ബുഖാരി : 1503)
7. ഫിത്വർ സകാത് പണമായി നൽകൽ അനുവദനീയമല്ല, ഭക്ഷ്യ വസ്തു തന്നെ നൽകണം. ഭക്ഷ്യ വസ്തു തന്നെ വിതരണം ചെയ്യാൻ മറ്റൊരാളെയോ സംഘ ത്തെയോ എൽപിക്കുന്നതിൽ കുഴപ്പമില്ല
8. ഒരു സ്വാഅ് ഭക്ഷ്യ വസ്തുവാണ് നൽകേണ്ടത്.
• 4 മുദ്ദാണ് ഒരു സ്വാഅ്.
• പൂർണ വളർച്ചയെത്തിയ സാമാന്യം വലിപ്പമുള്ള ഒരാൾ ഇരു കൈകളും കൂട്ടിപ്പിടിച്ച് കോരിയാൽ ലഭിക്കുന്ന അളവാണ് ഒരു മുദ്ദ്
• മുദ്ദ് കിലോ ആയി കണക്ക് പറയുന്നതിൽ പണ്ഡിതന്മാർ വ്യത്യസ്ത അളവുകൾ പറഞ്ഞതായി കാണാം. ഭക്ഷ്യ വസ്തു മാറുന്നതിനനുസരിച്ച് കി ലോയുടെ അളവിലും വ്യത്യാസം വരാം. അതിനാൽ കൈകൊണ്ട് കോരി അളവ് നിശ്ചയിക്കലാണ് ഏറ്റവും ഉത്തമവും സൂക്ഷ്‌മതയും
9. ഫിത്വർ സകാത് വിതരണം നടത്തുന്നവർ ആ വിഷയത്തിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്
• ഭക്ഷ്യ വസ്തുവിന്റെ പണം മാത്രമേ വാങ്ങാൻ പാടുള്ളൂ. മറ്റു ചിലവുകൾ സ്വയം വഹിക്കണം. അല്ല എങ്കിൽ വാങ്ങുന്ന പണം അതിന്റെ ചിലവുകൾക്ക് കൂടി ഉപയോഗിക്കും എന്നും അതിന് കൂടിയുള്ള പണം കൂട്ടിയാണ് വാങ്ങുന്നത് എന്നും പണം വാങ്ങുന്നവരെ അറിയിക്കണം
• നൽകുന്നത് അവകാശികൾക്ക് മാത്രമായിരിക്കണം