يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَـٰكَ شَـٰهِدًۭا وَمُبَشِّرًۭا وَنَذِيرًۭا﴿٤٥﴾
33:45ഹേ, നബിയേ! നിശ്ചയമായും നാം നിന്നെ സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് അയച്ചിരിക്കുകയാണ്;
وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًۭا مُّنِيرًۭا﴿٤٦﴾
33:46അല്ലാഹുവിലേക്കു അവന്‍റെ ഉത്തരവനുസരിച്ച് ക്ഷണിക്കുന്നവനായും, പ്രകാശം നല്‍കുന്ന ഒരു വിളക്കായും (നിന്നെ അയച്ചിരിക്കുന്നു).
وَبَشِّرِ ٱلْمُؤْمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضْلًۭا كَبِيرًۭا﴿٤٧﴾
33:47സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വലുതായഔദാര്യം (അഥവാ അനുഗ്രഹം) ഉണ്ടെന്നു നീ അവര്‍ക്കു സന്തോഷ വാര്‍ത്ത അറിയിക്കുക.
وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ وَدَعْ أَذَىٰهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًۭا﴿٤٨﴾
33:48അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കയും ചെയ്യരുതു. അവരുടെ ശല്യത്തെ നീ (അവഗണിച്ചു) വിട്ടേക്കുകയും, അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യക. ഭരമേല്‍പ്പിക്കപ്പെടുന്നവനായി അല്ലാഹുതന്നെ മതി!
തഫ്സീർ : 45-48
നബി(ﷺ) തിരുമേനിയെ റസൂലായി നിയോഗിച്ചതിന്‍റെ ഉദ്ദേശ്യങ്ങളും, തിരുമേനി(ﷺ)യുടെ സ്ഥാനപദവികളും, കര്‍ത്തവ്യങ്ങളും ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. 1). സമുദായത്തിന്‍റെ സ്ഥിതിഗതികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുക, അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിച്ചതിനെ സംബന്ധിച്ചു ഖിയാമത്തുനാളില്‍ സാക്ഷ്യം വഹിക്കുക, ആചാരാനുഷ്ഠാനങ്ങളിലും, ജീവിതത്തിന്‍റെ നാനാവശങ്ങളിലും അവര്‍ക്കു മാതൃകാ സാക്ഷ്യം കാണിച്ചുകൊടുക്കുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ തിരുമേനി(ﷺ) ‘സാക്ഷി’ (شاهد)യാകുന്നു. 2). സജ്ജനങ്ങള്‍ക്കു അല്ലാഹുവിങ്കല്‍നിന്ന് ഉണ്ടാകുവാനിരിക്കുന്ന പുണ്യഫലങ്ങളെയും, പ്രതിഫലങ്ങളെയും കുറിച്ചു ‘സന്തോഷവാര്‍ത്ത അറിയിക്കുന്നവനും’ (مبشر) ആകുന്നു. 3) ദുര്‍ജ്ജനങ്ങള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു ഉണ്ടാകുവാനിരിക്കുന്ന ശിക്ഷകളെയും, ഭവിഷ്യത്തുകളെയുംകുറിച്ചു ഭയപ്പെടുത്തുന്ന ‘താക്കീതുകാരനും’ (نذير) ആകുന്നു. 4). അല്ലാഹുവിന്‍റെ ഉത്തരവും, കല്‍പ്പനയും, അനുമതിയും അനുസരിച്ചു അല്ലാഹുവിങ്കലേക്കു – അഥവാ തൗഹീദിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പാതയിലേക്കു – പ്രബോധനം വഴി ജനങ്ങളെ ‘ക്ഷണിക്കുന്നവനും’ (داع الى الله)ആകുന്നു. 5) അജ്ഞാനവും, അസത്യവും, ദുരാചാരവും നിറഞ്ഞു’ ഇരുട്ടുമൂടിയ ലോകത്തിനു ജ്ഞാനത്തിന്‍റെയും, സത്യത്തിന്‍റെയും, സദാചാരത്തിന്‍റെയും വെളിച്ചം നല്‍കുന്നതിനുവേണ്ടി ഹിറാമല ഗുഹയില്‍ നിന്ന് ഉദയം ചെയ്ത് ലോകമാകമാനം പ്രഭപരത്തി പ്രകാശിപ്പിച്ചുവന്ന സൂര്യ ‘വിളക്കും’ (سراج منير) ആകുന്നു.
സത്യവിശ്വാസികള്‍ക്കു സന്തോഷവാര്‍ത്തയും, അല്ലാത്തവര്‍ക്കു ഭയവാര്‍ത്തയും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അതിന്നെതിരില്‍ അവിശ്വാസികളുടെയും, കപടവിശ്വാസികളുടെയും ചേരിയില്‍നിന്നു വിവിധരൂപത്തിലുള്ള എതിര്‍പ്പുകളും, ഉപദ്രവങ്ങളും അനുഭവപ്പെട്ടുകൊണ്ടിരിക്കുക സ്വാഭാവികമാണ്. ഇത് അന്നും ഇന്നും എന്നും കാണാവുന്ന ഒരു യാഥാര്‍ത്ഥ്യമത്രെ. നബി(ﷺ) തിരുമേനിയുടെ മുകളില്‍ വിവരിച്ച കൃത്യനിര്‍വ്വഹണത്തില്‍ ഇവരുടെ ശല്യം മൂലം നേരിടുന്ന വിഘാതങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുവാനും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു മനസ്സമാധാനപ്പെട്ടുകൊണ്ടിരിക്കുവാനും അല്ലാഹു നബി(ﷺ)യെ ഉപദേശിക്കുന്നു. ഈ മഹത്തായ ഉപദേശം നബി(ﷺ)യുടെ ചര്യയെ മാതൃകയാക്കുന്ന എല്ലാ മതപ്രബോധകന്‍മാരും സദാ ഓര്‍മ്മിചിരിക്കേണ്ടതുണ്ട്.
അടുത്ത വചനം മുതല്‍ സംസാരമുഖം മറ്റൊരു വശത്തേക്കു തിരിയുന്നു. ചില വൈവാഹിക നിയമങ്ങളാണ് അടുത്ത ആയത്തുകളില്‍ പ്രതിപാദിക്കുന്നത്. നിയമങ്ങള്‍ വിവരിക്കുമ്പോള്‍ മനുഷ്യരാല്‍ വിരചിതമായ സാധാരണ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന പ്രതിപാദനരീതിയും, ഖുര്‍ആന്‍റെ പ്രതിപാദനരീതിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചുനോക്കുക! അല്ലാഹു പറയുന്നു:-