وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًۭا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًۭا﴿٢٥﴾
33:25അവിശ്വസിച്ചിട്ടുള്ളവരെ അവരുടെ (മനഃ) ക്ലേശത്തോടെ - യാതൊരു ഗുണവും നേടാതെ - അല്ലാഹു മടക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു അല്ലാഹു യുദ്ധം മതിയാക്കി [ആവശ്യമില്ലാതാക്കി]ക്കൊടുക്കുകയും ചെയ്തു. അല്ലാഹു ശക്തനും പ്രതാപശാലിയുമാകുന്നു.
തഫ്സീർ : 25-25
ഇസ്‌ലാമിനെയും, മുസ്‌ലിംകളെയും ഈ പ്രാവശ്യം അടിയോടെ നിഷ്കാസനം ചെയ്യുമെന്ന ചങ്കൂറ്റത്തോടും, തികച്ചും ശുഭപ്രതീക്ഷയോടും കൂടിയാണ് സഖ്യസൈന്യങ്ങള്‍ മദീനായെ ഉപരോധം ചെയ്തത്. പക്ഷെ ഫലം നേരെമറിച്ചാണ് സംഭവിച്ചത്. കുപിതരും, രോഷാകുലരുമായിക്കൊണ്ട് ദാരുണാമാംവണ്ണം അവര്‍ യുദ്ധക്കളം വിട്ടോടേണ്ടിവന്നു. മുസ്‌ലിംകള്‍ക്കാകട്ടെ – കുറെ പരീക്ഷണഘട്ടങ്ങള്‍ക്കു ശേഷമെങ്കിലും – ഒരു പോരാട്ടമോ പൊതുസംഘട്ടനമോ ആവശ്യമായി വരാതെ യുദ്ധം വളരെ ശുഭകരമായി പര്യവസാനിക്കുകയും ചെയ്തു. അതെ, 9-ആം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, അല്ലാഹു കൊടുങ്കാറ്റും, കാണപ്പെടാത്ത സൈന്യങ്ങളെ (മലക്കുകളെ)യും നിയോഗിച്ചതുവഴി മുസ്ലിംകള്‍ക്കു യുദ്ധാവശ്യം നിറവേറ്റിക്കൊടുത്തു.
വിജയാനന്തരം അല്ലാഹുവിന്‍റെ മഹത്തായ ഈ അനുഗ്രഹത്തെക്കുറിച്ച് വിനയത്തോടും, കൃതജ്ഞതയോടും കൂടി നബി (ﷺ) പറഞ്ഞ വാക്യങ്ങള്‍ നോക്കുക: വിഷമഘട്ടങ്ങളിലും, വിജയഘട്ടങ്ങളിലും ഓരോ മുസ്‌ലിമിനും അതില്‍ പാഠവും, മനസ്സമാധാനത്തിനു വകയും കാണാം. തിരുമേനി(ﷺ) ഇപ്രകാരം പറഞ്ഞു: لا اله الا الله وحده , صدق وعده , ونصر عبده, واعز جنده , وهزم الاحزاب وحده , فلا شيء بعده – متفق عليه (സാരം: അല്ലാഹു അല്ലാതെ ആരാധ്യനേയില്ല, അവന്‍ ഏകനത്രെ, അവന്‍ തന്‍റെ വാഗ്ദാനം സത്യമായി പാലിച്ചു. അവന്‍റെ അടിയാനെ സഹായിക്കയും ചെയ്തു. അവന്‍റെ സൈന്യത്തിനു പ്രതാപം നല്‍കുകയും ശത്രുകക്ഷികളെ അവന്‍ ഒറ്റയ്ക്കുതന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അവനുശേഷം മറ്റൊന്നില്ലതന്നെ. (ബു. മു).
ഖന്‍ദഖ് യുദ്ധം കഴിഞ്ഞശേഷം, മുസ്ലിംകളുടെനേരെ ഇങ്ങിനെ ഒരു യുദ്ധത്തിനൊരുങ്ങുവാന്‍ ഖുറൈശികള്‍ പിന്നീടു ധൈര്യപ്പെടുകയുണ്ടായിട്ടില്ല എന്നതു സ്മരണീയമാണ്. നബി(ﷺ) പ്രസ്താവിച്ചതായി സുലൈമാനുബ്നു സ്വുറദ് (سليمان بن صرد – رض) പറയുന്നു: الْآنَ نَغْزُوهُمْ وَلَا يَغْزُونَنَا نَحْنُ نَسِيرُ إِلَيْهِمْ – البخارى (എനി, നാം അവരോടു പടയെടുക്കേണ്ടിയിരിക്കുന്നു; അവര്‍ നമ്മോടു പടയെടുത്തുവരികയില്ല; നാം അങ്ങോട്ടു പോകേണ്ടിയിരിക്കും. (ബു). ഖുറൈശികളും, ഇതരവംശക്കാരുമായ ശത്രുവിഭാഗത്തെപ്പറ്റി പൊതുവില്‍ പ്രസ്താവിച്ചശേഷം അതിലുണ്ടായിരുന്ന യഹൂദികളെക്കുറിച്ച് അടുത്ത വചനങ്ങളില്‍ പ്രത്യേകം എടുത്തുപറയുന്നു:-