قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّـٰمُ ٱلْغُيُوبِ﴿٤٨﴾
34:48പറയുക: "നിശ്ചയമായും എന്റെ റബ്ബ് യഥാര്‍ത്ഥത്തെ ഇട്ടുതരുന്നു; (അവന്) അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്."
قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَـٰطِلُ وَمَا يُعِيدُ﴿٤٩﴾
قُلْ പറയുക جَاءَ الْحَقُّ യഥാര്‍ത്ഥം (സത്യം) വന്നു وَمَا يُبْدِئُ തുടക്കമുണ്ടാക്കുക (തുടങ്ങിവെക്കുക)യില്ല الْبَاطِلُ നിരര്‍ത്ഥം, അയഥാര്‍ത്ഥം وَمَا يُعِيدُ അതു ആവര്‍ത്തനമുണ്ടാക്കുക (ആവര്‍ത്തിക്ക)യുമില്ല.
34:49പറയുക: "യഥാര്‍ത്ഥം വന്നു (കഴിഞ്ഞു). നിരര്‍ത്ഥമായത് തുടക്കമുണ്ടാക്കുകയുമില്ല. ആവര്‍ത്തനം ചെയ്കയുമില്ല."
തഫ്സീർ : 48-49
‘ഹഖ്-ഖു’ (الْحَقُّ) എന്ന പദത്തിന് സന്ദര്‍ഭമനുസരിച്ച് ‘സത്യം, ന്യായം, പരമാര്‍ത്ഥം, യഥാര്‍ത്ഥം, മുറ, ശരിയായതു, ധര്‍മ്മം, കടമ, അവകാശം, അധികാരം, കാര്യം, വാസ്തവം, വേണ്ടപ്പെട്ടതു’ എന്നൊക്കെ അര്‍ത്ഥം വരുന്നതാണ്. ഇതിന്റെ വിപരീതാര്‍ത്ഥങ്ങളില്‍ വരുന്ന പദമത്രെ ‘ബാത്ത്വില്‍’ (الْبَاطِلُ).
യഥാര്‍ത്ഥത്തെ ഇട്ടുതരുന്നു – അഥവാ എറിഞ്ഞുകൊടുക്കുന്നു (يَقْذِفُ بِالْحَقِّ)- എന്നു പറഞ്ഞതിന്റെ താല്പര്യം, അല്ലാഹു നബി(ﷺ)ക്കു സത്യയാഥാര്‍ത്ഥ്യങ്ങളെ വഹ്-യുമൂലം എത്തിച്ചുകൊടുക്കുന്നു എന്നത്രെ. ഈ വാക്യത്തിനു ‘യഥാര്‍ത്ഥംകൊണ്ടു എറിയുന്നു’ എന്നും അര്‍ത്ഥം വരാവുന്നതാണ്.അപ്പോള്‍ – സൂ: അമ്പിയാഉ് 18ല്‍ കാണുന്നതുപോലെ – സത്യമായുള്ളതുകൊണ്ട് അസത്യമായതിനെ എറിഞ്ഞുതകര്‍ക്കുന്നു എന്നായിരിക്കും ഉദ്ദേശ്യം. ആദ്യത്തെ വചനത്തിലെ ആശയം ബലപ്പെടുത്തുകയാണ് രണ്ടാമത്തെ വചനം ചെയ്യുന്നത്. അതായതു, സത്യം – അഥവാ ഇസ്ലാമികവ്യവസ്ഥ – വന്നുകഴിഞ്ഞു, അസത്യത്തിനു എനി തലപൊക്കുവാനും, നിലനില്ക്കുവാനും സാധ്യതയില്ല എന്നുസാരം. ഈ അര്‍ത്ഥത്തില്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു നീതിവാക്യം കൂടിയാണ് وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ എന്ന വാചകം.