മാരിയതുൽക്വിബ്ത്വിയ (റ)
നബി ﷺ ക്ക് ഉണ്ടായിരുന്ന ഒരു അടിമ സ്ത്രീയായിരുന്നു മാരിയ(റ). നബി ﷺ ക്ക് ഖദീജ(റ)യിലായിരുന്നു എല്ലാ മക്കളും ഉണ്ടായിരുന്നത്; ഒരു ആൺകുട്ടി ഒഴികെ. ആ കുട്ടി നബി ﷺ ക്ക് ജനിക്കുന്നത് ഇവരിലൂടെയായിരുന്നു.
മക്കയിലും മദീനയിലും ഇസ്‌ലാം വ്യാപിച്ചപ്പോൾ മറ്റു നാടുകളിലേക്കും ഇസ്‌ലാം എത്തിക്കുന്നതിനായി നബി ﷺ തീരുമാനിച്ചു. അങ്ങനെ റോമിലേക്കും പേർഷ്യയിലേക്കും ഈജിപ്തിലേക്കും യമനിലേക്കുമെല്ലാം ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകളുമായി നബി ﷺ ദൂതന്മാരെ അയച്ചു. ക്വിബ്ത്വികളുടെ രാജാവിനും കത്ത് കിട്ടി. റോം, പേർഷ്യൻ രാജാക്കന്മാരെപോലെ ധിക്കാര മനോഭാവമുള്ള ആളല്ലായിരുന്നു അദ്ദേഹം. അൽപം അയവുള്ള പ്രകൃതക്കാരനായിരുന്നു. അദ്ദേഹം മുസ്‌ലിമായില്ലെങ്കിലും എതിർത്തില്ല. മാത്രവുമല്ല, ദൂതന്റെ പക്കൽ നബി ﷺ ക്കായി ധാരാളം സമ്മാനങ്ങൾ നൽകി. സമ്മാനങ്ങളുടെ കൂട്ടത്തിൽ കിട്ടിയതാണ് മാരിയ(റ)യെ.
നബി ﷺ അവരെ ഇണയായി സ്വീകരിച്ചു. അവരിൽ ഒരു കുഞ്ഞും ജനിച്ചു. നബി ﷺ ക്ക് അത്യധികം സന്തോഷമായി. കാരണം, ഖദീജ(റ)യുടെ ശേഷം പിന്നീട് അവിടുത്തേക്ക് മക്കളുണ്ടായിട്ടില്ലല്ലോ. ഇപ്പോൾ പിറന്നത് ആൺകുട്ടിയും. കുട്ടിക്ക് നബി ﷺ ഇബ്‌റാഹീം എന്ന് പേരിട്ടു.
കുട്ടിയെ എടുത്ത് നബി ﷺ ലാളിക്കുകയും മടിയിൽ വെക്കുകയും ചുംബിക്കുകയും ചെയ്യുമായിരുന്നു. ആ കുട്ടിയും അധിക കാലം ജീവിച്ചില്ല. ഒന്നര വയസ്സ് ആകുന്നതിനുമുമ്പ് ആ കുട്ടിയും മരണപ്പെട്ടു. നബി ﷺ യെ അങ്ങേയറ്റം ദുഃഖിപ്പിച്ച മരണമായിരുന്നു അത്. കാരുണ്യത്തിന്റെ കണ്ണുനീർ ഒഴുകി. എങ്കിലും അക്ഷമ കാണിച്ചില്ല. കുട്ടിയുടെ മരണശേഷം നബി ﷺ യും അധികകാലം ജീവിച്ചിരുന്നില്ല. മാരിയ(റ)ക്ക് അടുത്തടുത്തായി രണ്ട് പ്രയാസങ്ങൾ! ആദ്യം ജീവിതത്തിലുണ്ടായ ആദ്യത്തെ കുട്ടിയുടെ മരണം. രണ്ടാമത്തെത് തന്റെ പ്രിയഭർത്താവിന്റെ മരണവും.
മതനിഷ്ഠയും ദാനധർമശീലവുമുള്ള ഉൽകൃഷ്ട സ്വഭാവക്കാരിയായിരുന്നു മഹതി മാരിയ(റ). സ്വഹാബിമാർ അവരോട് വലിയ ആദരവോടെയായിരുന്നു പെരുമാറിയിരുന്നത്. ഉമറി(റ)ന്റെ കാലത്താണ് മഹതി വഫാത്താകുന്നത്. അവരുടെ ജനാസ നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ഉമർ(റ) ആയിരുന്നു. മകൻ ഇബ്‌റാഹീമിന്റെ ക്വബ്‌റിന്റെ സമീപത്തായി മഹതിയെയും മറമാടി.