സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)

സ്വഫിയ്യ(റ) ഒരു ജൂതകുടുംബത്തിലാണ് ജനിച്ചത്. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ബനൂ നദീർ ഗോത്രക്കാരിയായിരുന്നു മഹതി. നബി ﷺ മദീനയിൽ വന്നപ്പോൾ അവിടെ പ്രസിദ്ധമായ കുറെ ഗോത്രങ്ങൾ ഉണ്ടായിരുന്നു. ബനൂക്വയ്‌നുക്വാഅ്, ബനൂനദീർ തുടങ്ങിയ വ്യത്യസ്തങ്ങളായ ഗോത്രങ്ങൾ. ഹാറൂൻ നബി(അ)യുടെ വംശപരമ്പരയിൽ പെട്ടവരായിരുന്നു സ്വഫിയ്യ(റ).
നബി ﷺ മദീനയിൽ എത്തിയപ്പോൾ ജൂതഗോത്രക്കാരുമായി സംഘട്ടനത്തിന് ഉദ്ദേശിച്ചിരുന്നില്ല. മറിച്ച്, അവരുമായി സന്ധിയിൽ ഏർപെട്ട് സമാധാനപരമായി കഴിയാനാണ് അവിടുന്ന് ശ്രമം നടത്തിയത്. വിശ്വസിച്ചാൽ ചതിക്കുന്ന വഞ്ചകന്മാരാണല്ലോ ജൂതന്മാർ. ആ വഞ്ചന അവർ നബി ﷺ യോടും ചെയ്തു. അവർ നബി ﷺ യോട് രഹസ്യമായി യുദ്ധത്തിനൊരുങ്ങി. അതിനെപ്പറ്റിയുള്ള വിവരം കിട്ടിയ നബി ﷺ അവരെ കീഴ്‌പെടുത്തി. കൂടാതെ, കൈവശം വെച്ച് പോകാൻ കഴിയുന്ന അത്ര സമ്പാദ്യം എടുത്ത് മദീനയിൽനിന്നും പുറത്തുപോകാനും നബി ﷺ അവരോട് കൽപിച്ചു. ഖയ്ബറിലേക്കായിരുന്നു നബി ﷺ അവരെ നാടുകടത്തിയിരുന്നത്. അത് ജൂതന്മാരുടെ ഭൂരിപക്ഷ പ്രദേശവുമായിരുന്നു. പാത്തും പതുങ്ങിയും പാർക്കാൻ പറ്റുന്ന വിധത്തിലുള്ള കോട്ടകളും കൊട്ടാരങ്ങളും അവർക്ക് ഖയ്ബറിൽ ഉണ്ടായിരുന്നു. മദീനയിൽനിന്നും നാട് കടത്തപ്പെട്ട ജൂതന്മാർ ഖയ്ബറിൽ എത്തിയപ്പോൾ ഖയ്ബറിലെ ജൂതന്മാർക്ക് വലിയ സന്തോഷമായി. അവർക്ക് വേണ്ട എല്ലാ സംരക്ഷണങ്ങളും അവർ ഒരുക്കി.
ഹിജ്‌റ ഏഴാം വർഷത്തിലാണ് നബി ﷺ യുടെ സ്വഫിയ്യ(റ)യുമായുള്ള വിവാഹം നടക്കുന്നത്. യഹൂദി നേതാവും നദീർ ഗോത്രത്തിന്റെ തലവനുമായിരുന്നു ഹുയയ്യ്. മുസ്‌ലിംകളുടെ കരങ്ങളാൽ അയാൾ വധിക്കപ്പെട്ടിരുന്നു. ഇസ്‌ലാമിനോട് ശക്തമായ കുടിപ്പകയും ശത്രുതയും വച്ചുപുലർത്തിയിരുന്ന വ്യക്തിയായിരുന്നു അയാൾ. അയാളുടെ മകളാണ് സ്വഫിയ്യ(റ). അയാളുടെ ഗോത്രക്കാരും ഖയ്ബറുകാരും മറ്റു ജൂതന്മാരും ഇസ്‌ലാമിനെതിരിൽ ഒളിഞ്ഞും തെളിഞ്ഞും അജണ്ടകൾ ഉണ്ടാക്കിത്തുടങ്ങി.
മദീനക്കെതിരിൽ ജൂതന്മാർ ഒരുങ്ങുന്നുണ്ടെന്ന വിവരം അറിഞ്ഞ നബി ﷺ ഖയ്ബറിലേക്ക് സൈന്യവുമായി പുറപ്പെട്ടു. പിന്നീട് അവിടെവച്ച് യുദ്ധം നടന്നു. ഇസ്‌ലാമിന് വലിയ വിജയം നേടാൻ സാധിച്ചു.
ഖയ്ബർ യുദ്ധത്തിൽ സ്വഫിയ്യ(റ)യുടെ ഭർത്താവ് കിനാന കൊല്ലപ്പെടുകയുണ്ടായി. സ്വഫിയ്യ(റ) ബന്ധികളുടെ കൂട്ടത്തിൽ പിടിക്കപ്പെടുകയും ചെയ്തു. ഒരു വലിയ നേതാവിന്റെ മകൾക്ക് അടിമത്തം എന്നത് എത്ര പ്രയാസകരമാകും! ആ സന്ദർഭത്തിൽ ആ ഗോത്രത്തെ തന്നിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തിൽ മോചനമൂല്യം വിവാഹത്തിന്റെ മഹ്‌റായി നിശ്ചയിച്ച് നബി ﷺ അവരെ വിവാഹം ചെയ്തു. അങ്ങനെ നദീർ ഗോത്രം ഒന്നടങ്കം ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു.
നബി ﷺ അവരെ വിവാഹം ചെയ്യുന്നതിനുമുമ്പ് രണ്ടുപ്രാവശ്യം അവരുടെ വിവാഹം നടന്നിരുന്നു. രണ്ടാമത്തെ ഭർത്താവാണ് കിനാന. നബി ﷺ യാണ് മൂന്നാമത് മഹതിയെ വിവാഹം ചെയ്യുന്നത്.

ഖയ്ബറിൽനിന്നും മദീനയിലേക്ക് പുതിയ മണവാട്ടിയെയുമായി നബി ﷺ എത്തി. മറ്റു ഭാര്യമാർക്ക് വിഷമമാകുമെന്ന് വിചാരിച്ച് മറ്റൊരു സ്വഹാബിയുടെ വീട്ടിലേക്കാണ് നബി ﷺ എത്തിച്ചത്. ഹാരിസ ഇബ്‌നു നുഅ്മാൻ(റ) ആയിരുന്നു ആ സ്വഹാബി. പക്ഷേ, മദീനയിൽ എത്തുന്നതിന് മുമ്പേതന്നെ വിവരം ആളുകൾ അറിഞ്ഞിരുന്നു. നബി ﷺ യുടെ പുതിയ ഭാര്യയെ കാണാൻ മദീനയിലെ സ്ത്രീകൾ തിരക്കുകൂട്ടി. കൂട്ടത്തിൽ ആഇശ(റ)യും ഉണ്ടായിരുന്നു. ആഇശ(റ)യോട് നബി ﷺ മഹതിയെപ്പറ്റി അഭിപ്രായം ചോദിച്ചു. സ്വാഭാവികമായ ഒരു രോഷം ആഇശ(റ)യുടെ മറുപടിയിൽ ഉണ്ടായി എന്നാണ് ചരിത്രം പറയുന്നത്. നബി ﷺ ആഇശ(റ)യെ പറഞ്ഞ് ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകുയും ചെയ്തു.
ജൂതപാരമ്പര്യമാണ് സ്വഫിയ്യ(റ)ക്ക് ഉള്ളതെന്നു പറഞ്ഞ് പലപ്പോഴും അവർ പ്രയാസപ്പെടുത്തപ്പെടാറുണ്ടായിരുന്നു. എന്നാൽ ജൂതന്മാരുടെ വഞ്ചനാത്മക സ്വഭാവത്തിന് പകരം താൻ ഒരു മുസ്‌ലിമായ സ്ത്രീയാണെന്ന് തെളിയിക്കാൻ മഹതി നബി ﷺ യെ ഏറെ സ്‌നേഹിച്ചു. അവിടുത്തേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.
നബി ﷺ യുടെ മക്കളോട് സ്വഫിയ്യ(റ) അളവറ്റ വാത്സല്യം കാണിച്ചിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം മകൾ ഫാത്വിമ(റ) സ്വഫിയ്യ(റ)യെ കാണാൻ ചെന്നപ്പോൾ തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഫാത്വിമക്ക് സമ്മാനമായി നൽകിയത് നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും.
നബി ﷺ യുടെ കാലശേഷവും മഹതി ഒട്ടേറെ കാലം ജീവിച്ചിരുന്നു. ഉസ്മാൻ(റ)വിന് എതിരിൽ ശത്രുക്കൾ ഒരുമിക്കുകയും, വീടുവളഞ്ഞ് ഉപരോധിക്കുകയും ചെയ്തപ്പോൾ ഹസൻ(റ)വിനെ കൂട്ടുപിടിച്ച് സ്വഫിയ്യഃ(റ) അവരെ ചെറുത്തിരുന്നു. ഭക്ഷണം പോലും ഇല്ലാതെ വീട്ടിൽ തടങ്കലാക്കപ്പെട്ടപ്പോൾ ഖലീഫക്ക് ഭക്ഷണം എത്തിക്കാൻ മഹതി വലിയ ത്യാഗം സഹിച്ചതായും കാണാം.
ഹിജ്‌റഃ 50ൽ മുആവിയ(റ) ഭരിച്ചിരുന്ന കാലത്താണ് മഹതി മരണപ്പെടുന്നത്. ബക്വീഇൽ തന്നെയാണ് അവരെയും ക്വബ്‌റടക്കിയത്.