77: പ്രവാചകന്റെ വിവാഹങ്ങള്‍ - ഉമ്മു ഹബീബ റംല ബിൻത് അബീസുഫ്‌യാൻ (റ)

ഉമ്മു ഹബീബ റംല ബിൻത് അബീസുഫ്‌യാൻ (റ)

അബൂസുഫ്‌യാനി(റ)ന്റെ മകളാണ് റംല(റ). അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയിലേക്ക് ചേർത്താണ് അവർ ഉമ്മു ഹബീബ എന്ന് വിളിക്കപ്പെട്ടത്.

അബൂസുഫ്‌യാൻ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് നബി ﷺയോട് കടുത്ത ശത്രുതയിലായിരുന്നല്ലോ. എന്നാൽ നബി ﷺ മക്കയിൽ ഇസ്‌ലാം പ്രബോധനം ചെയ്യുന്നത് മഹതി റംല കേൾക്കുകയുണ്ടായി. നബി ﷺ പറയുന്നത് സത്യമാണെന്ന് മഹതിക്ക് ബോധ്യമായി. അങ്ങനെ അവർ നബി ﷺയിൽ വിശ്വസിച്ചു. അവരുടെ ഇസ്‌ലാം സ്വീകരണം മക്കയിൽ ശത്രുക്കളുടെ ക്രൂരത അഴിഞ്ഞാടിയിരുന്ന ആദ്യ കാലത്തായിരുന്നു. ശത്രുക്കളുടെ നേതാവായ പിതാവ് തന്റെ ഇസ്‌ലാം സ്വീകരണം അറിഞ്ഞാൽ സ്വീകരിക്കുന്ന നടപടികൾ എന്തായിരിക്കുമെന്ന് മഹതിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. എന്നിട്ടും ധീരയായ ആ വനിത സത്യം സ്വീകരിക്കുന്നതിൽ ഒട്ടും അമാന്തം കാണിച്ചില്ല.

റംല(റ)യുടെ ഭർത്താവ് ഉബയ്ദുല്ലാഹ് ഇബ്‌നു ജഹ്ഷ് ആയിരുന്നു. അദ്ദേഹവും നബി ﷺയുടെ പ്രബോധനത്തിൽ ആകൃഷ്ടനാകുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പിതാവ് ഇരുവരെയും ആവുംവിധം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റംല(റ) ധീരമായ നിലപാടിൽ ഉറച്ചുനിന്നു. അബൂസുഫ്‌യാനെ പോലെയുള്ള മുശ്‌രിക്കിന് ശത്രുവായ മുഹമ്മദിന്റെ കൂടെ സ്വന്തം മകളും മരുമകനും ചേർന്നു എന്നത് അങ്ങേയറ്റം ദേഷ്യമുണ്ടാക്കുന്ന കാര്യം തന്നെയാണല്ലോ. അപ്പോൾ അദ്ദേഹം മകളെയും മരുമകനെയും കൈവെടിഞ്ഞ് തന്റെ അഭിമാനം സംരക്ഷിക്കാൻ ശ്രമിച്ചു. അപ്പോഴും മകളുടെ ഹൃദയം കുലുങ്ങിയില്ല. അവർ ഉറച്ചുനിന്നു.

പിതാവ് ഒഴിവാക്കിയവർ എന്ന നിലക്ക് ശത്രുക്കൾ അവസരം മുതലെടുത്തു. കടുത്ത പീഡനങ്ങൾക്ക് ഇരയാക്കി. അങ്ങനെ മക്കയിൽ മർദനം കടുത്തപ്പോൾ മഹതി ഭർത്താവിന്റെ കൂടെ എത്യോപ്യയിലേക്ക് ഹിജ്‌റ പോയി. മുസ്‌ലിംകളെ അവിടെയും സ്വസ്ഥമായി നിൽക്കാൻ മക്കക്കാർ സമ്മതിച്ചില്ല. അങ്ങനെ അവിടത്തെ രാജാവുമായി അവർ ബന്ധപ്പെട്ടു. അന്ന് അവിടെ ഭരണം നടത്തിയിരുന്നത് നജ്ജാശി (നേഗസ്) എന്ന ക്രിസ്ത്യൻ രാജാവായിരുന്നു. അയാളെ മക്കയിലെ പ്രമാണിമാർ കാണാൻ തീരുമാനിച്ചു. ‘മുഹമ്മദിന്റെ ആളുകൾ നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവരാണ്, ബാപ്പകാരണവന്മാർ കാണിച്ചുതന്ന മാർഗത്തെ ചോദ്യം ചെയ്ത് പുത്തൻ ആശയവുമായി കടന്നുവരുന്നവരാണ്, ആയതിനാൽ അവർക്ക് നിങ്ങൾ സംരക്ഷണം നൽകരുത്, അവരെ നിങ്ങൾ അഭയാർഥികളായി സ്വീകരിക്കരുത്, അവരെ നിങ്ങൾ നാട്ടിൽനിന്നും പുറത്താക്കണം’ എന്നെല്ലാം അവർ പറഞ്ഞു. പക്ഷേ, നജ്ജാശിയുടെ മനസ്സ് ഈമാൻ നിറഞ്ഞതായിരുന്നു. അദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മക്കയിലെ പ്രമാണിമാരുടെ വാക്കിന് അനുകൂലമായി നിന്നില്ല. 

ഒരു ദിവസം അർധരാത്രി റംല ബിൻത് അബീസുഫ്‌യാൻ(റ) പേടിപ്പെടുത്തുന്ന ഒരു ദുഃസ്വപ്‌നം കണ്ട് ഞെട്ടിയുണർന്നു. താൻ കണ്ട കാഴ്ച മഹതിതന്നെ പറയുന്നത് ഇപ്രകാരമാണ്: “എന്റെ ഭർത്താവിനെ ഏറ്റവും മോശമായ രൂപത്തിൽ ഞാൻ സ്വപ്‌നം കണ്ടു. ഇന്നുവരെ ഞാൻ കണ്ടിട്ടില്ലാത്ത രൂപത്തിൽ മ്ലേച്ചവും ഭീകരവുമായ രൂപം. ഞാൻ പേടിച്ച് ഞെട്ടിയുണർന്നു. അല്ലാഹുവിനോട് ഞാൻ അതിൽനിന്നും രക്ഷ ചോദിച്ചു. പ്രഭാതമായപ്പോൾ ആ സ്വപ്‌നം പുലർന്നതായി മനസ്സിലായി.’’

എന്താണ് സംഭവിച്ചത്? ഭർത്താവ് അവരെ വഞ്ചിച്ചു. അയാൾ അവിടെവച്ച് (അബിസീനിയയിൽ) ക്രിസ്തുമതം സ്വീകരിച്ചു. റംല(റ)യെയും ക്രിസ്തുമതം സ്വീകരിക്കാൻ അയാൾ നിർബന്ധിച്ചു. ഇല്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്നും മറ്റും ഭീഷണിപ്പെടുത്തി. എന്നാൽ ഇസ്‌ലാം കയ്യൊഴിക്കാൻ അവർ തയ്യാറായതേയില്ല. അവരും കൈക്കുഞ്ഞായ ഹബീബയും മാത്രമായി. അബിസീനിയയിലാണല്ലോ ആ സന്ദർഭത്തിൽ അവരുള്ളത്. കുടുംബമോ കൂട്ടുകാരോ തറവാട്ടുകാരോ ഗോത്രക്കാരോ ആരും കൂടെയില്ല. അവിടെയുള്ളവരെല്ലാം ക്രൈസ്തവരും. ഭർത്താവ് അവരുടെ പക്ഷത്ത് ചേരുകയും ചെയ്തു. അല്ലാഹുവിൽ ഭരമേൽപിച്ച്, അവനെ സൂക്ഷിച്ച് ജീവിച്ചാൽ അവൻ കൈവെടിയുകയില്ല എന്ന് ഉറച്ചുവിശ്വസിച്ച അവർക്ക് അല്ലാഹു സഹായം നൽകി. ആരും നോക്കാനില്ലാതെ നിരാലംബയായ അവർ അവിടെ വിഷമിച്ചു നിൽക്കുന്ന വിവരം നബി ﷺ  അറിഞ്ഞു. ഉടൻ നബി ﷺ  രാജാവിന് ഒരു കത്ത് അയച്ചു. അദ്ദേഹത്തോട് ഇസ്‌ലാം സ്വീകരിക്കാൻ കത്തിൽ ആവശ്യപ്പെട്ടു. അയാൾ മുസ്‌ലിമായി.

വിവാഹത്തിന് ഭർത്താവിന് പങ്കെടുക്കാൻ സാധിക്കാത്ത ഘട്ടത്തിൽ മറ്റൊരാളെ വക്കാലത്ത് ഏൽപിച്ച് നിർവഹിക്കൽ ഇസ്‌ലാം അനുവദിച്ചിട്ടുള്ളതാണ്. അതുപ്രകാരം നബി ﷺ യുടെ വക്കാലത്ത് പ്രകാരം നജ്ജാശി മുഖേന അക്കാര്യം നടന്നു. നബി ﷺ  ആവശ്യപ്പെട്ടതു പ്രകാരം നാനൂറ് ദിർഹമാണ് നജ്ജാശി മഹ്‌റായി നൽകിയത്. അങ്ങനെ എത്യോപ്യയിൽ വെച്ചാണ് വേറൊരാൾ മുഖേന റംല(റ)യെ നബി ﷺ  വിവാഹം ചെയ്യുന്നത്.

നജ്ജാശി രാജാവിന്റെ ഭൃത്യ അവരെ സമീപിക്കുകയും അവർക്ക് ലഭിച്ച സുവിശേഷം അറിയിക്കുകയും ചെയ്തു. നബി ﷺ യുടെ കത്തും വിവരങ്ങളും അവരെ അറിയച്ചു. മഹതിക്ക് അങ്ങേയറ്റം സന്തോഷമായി.

നജ്ജാശിയുടെ കൊട്ടാരത്തിൽ നടന്ന ആ വിവാഹച്ചടങ്ങിൽ അന്ന് അവിടെയുണ്ടായിരുന്ന അഭയാർഥികളായ എല്ലാവരും പങ്കെടുക്കുകയും ചെയ്തിരുന്നു. അതോടെ വിശ്വാസികളുടെ മാതാവ് എന്ന മഹനീയ സ്ഥാനത്തേക്ക് മഹതി ഉയർന്നു.

ഈ സംഭവം നടക്കുമ്പോഴേക്ക് മക്കയിൽനിന്നും മുസ്‌ലിംകൾ മദീനയിൽ എത്തി കൊല്ലങ്ങൾ പിന്നിട്ടിരുന്നു. ഹിജ്‌റ ഏഴിൽ ഖയ്ബർ ജയിച്ച കാലത്താണ് ഈ സംഭവം നടക്കുന്നത്. അങ്ങനെ അബിസീനിയയിലെ മുസ്‌ലിംകൾ മദീനയിലേക്ക് വരാൻ തീരുമാനിച്ചു. അങ്ങനെ എല്ലാവരും മദീനയിലെത്തി.

രണ്ട് സന്തോഷങ്ങളാണ് നബി ﷺ ക്ക് അന്ന് ഉണ്ടായിരുന്നത്. ഒന്ന് ഖയ്ബർ ജയിച്ചടക്കിയത്, മറ്റൊന്ന് തന്നിൽ വിശ്വസിച്ചതിന്റെ പേരിൽ എന്നോ കൂട്ടംതെറ്റിപ്പോയ സഹോദരങ്ങൾ തിരിച്ചുവന്നത്.

മദീനയിലെത്തിയ റംല(റ) നബി ﷺ യുടെ കൂടെ വീട് കൂടുമ്പോൾ നാൽപത് വയസ്സായിരുന്നു പ്രായം. നബി ﷺ ക്ക് അന്ന് അറുപതും. മൂന്നു കൊല്ലമാണ് മഹതിക്ക് നബി ﷺ യുടെ കുടെ കഴിയാനുള്ള അവസരം ലഭിച്ചത്.

നബി ﷺ യുടെ മറ്റു ഭാര്യമാർ റംല(റ)യെ വലിയ ആദരവോടെയും സ്‌നേഹത്തോടെയുമായിരുന്നു എപ്പോഴും സമീപിച്ചിരുന്നത്. തന്റെ പിതാവ് മുസ്‌ലിമാകാത്തതിൽ അവർക്ക് വലിയ വിഷമമുണ്ടായിരുന്നു. എങ്കിലും ആദർശത്തിൽ അണുഅളവ് വിട്ടുകൊടുക്കാൻ മഹതി ഒരുക്കമല്ലായിരുന്നു.

പത്തു കൊല്ലങ്ങൾക്ക് ശേഷം മകളെ കാണാനായി അബൂസുഫ്‌യാൻ(റ) മദീനയിലേക്ക് വന്നു. മകൾ റംല(റ) നബി ﷺ യുടെ ഭാര്യയായതിനാൽ ഹുദയ്ബിയ സന്ധിയിലെ നിബന്ധനകളിൽ അൽപം ഇളവ് ചെയ്യാൻ മുഹമ്മദിനോട് പറയണം എന്നു പറഞ്ഞ് മക്കക്കാർ അദ്ദേഹത്തെ അയച്ചതായിരുന്നു. മകളുടെ ഭർത്താവായതിനാൽ ആവശ്യം വേഗം നബി ﷺ  സ്വീകരിക്കുമെന്നാണ് അവർ കണക്കുകൂട്ടിയിരുന്നത്. മകളെ കാണാം, മക്കക്കാരുടെ ആവശ്യവും പറയാം എന്ന നിലയ്ക്ക് അദ്ദേഹം മദീനയിൽ എത്തി. ആദ്യമായി മകളുടെ അടുത്തേക്കാണ് ചെന്നത്. നബി ﷺ  ഇരിക്കുന്ന ഒരു വിരിപ്പുണ്ടായിരുന്നു വീട്ടിൽ. പിതാവ് വീട്ടിൽ കയറി ആ വിരിപ്പിൽ ഇരിക്കാൻ തുനിയുമ്പോൾ മകൾ നബി ﷺ യുടെ വിരിപ്പ് അവിടെ നിന്നും ചുരുട്ടി മടക്കി മാറ്റി. അബൂസുഫ്‌യാൻ മകളോട് അതിനെപ്പറ്റി ചോദിച്ചു: ‘വിരിപ്പ് മോശമായതിനാലാണോ, അതല്ല ഞാൻ മോശമായതിനാലോ?’ ‘ഇത് അല്ലാഹുവിന്റെ റസൂലി  ﷺ ന്റെ വിരിപ്പാണ്. താങ്കൾ ഒരു ബഹുദൈവവിശ്വാസിയുമാണ്. ആയതിനാൽ പ്രവാചകരുടെ വിരിപ്പിൽ താങ്കൾ ഇരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല’ എന്ന് മകൾ മറുപടി നൽകി. ‘എന്റെ അടുത്തുനിന്നും പോയതിന് ശേഷം നീ ഇത്ര മോശമായി പെരുമാറാൻ തുടങ്ങിയോ’ എന്ന് പിതാവ് ചോദിക്കുന്നു. ‘നിങ്ങൾ ക്വുറയ്ശികളുടെ നേതാവാണ്. കാണുകയും കേൾക്കുകയും ചെയ്യാത്ത കല്ലുകളെയും മരങ്ങളെയുമെല്ലാം ആരാധിക്കുന്നയാളാണല്ലോ താങ്കൾ. എനിക്ക് അല്ലാഹു ഇസ്‌ലാമിലേക്ക് മാർഗദർശനം നൽകിയിരിക്കുന്നു. ഞാൻ ഈ മാർഗമാണ് തെരഞ്ഞടുത്തിരിക്കുന്നത്’ എന്നെല്ലാം മകൾ മറുപടിയും നൽകി. അവസാനം പിതാവ് അവിടെനിന്നും ഇറങ്ങിപ്പോകുകയാണ് ഉണ്ടായത്. വിശ്വാസത്തിന്റെ കാഠിന്യം ഏത് പ്രതികൂല സാഹചര്യത്തെയും പ്രതികൂലിയെയും തകർക്കുന്നതാണെന്ന സത്യം നമുക്ക് ഇതിൽനിന്നും മനസ്സിലാക്കാം.

റംല(റ)യുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും ത്യാഗത്തിന്റെയും പരീക്ഷണങ്ങളുടെതുമായിരുന്നു. മക്കാവിജയത്തോടെ റംല(റ)ക്ക് സന്തോഷമായി. കാരണം, പിതാവ് മുസ്‌ലിമായി. കുടുംബവും ഇസ്‌ലാം സ്വീകരിച്ചു.

നബി ﷺ യുടെ മരണശേഷം മഹതി അവരുടെ വീട്ടിൽതന്നെ കഴിച്ചുകൂട്ടി. നമസ്‌കാരത്തിന് വേണ്ടിയല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങാറേയില്ലായിരുന്നു. ഹജ്ജിന് വേണ്ടിയല്ലാതെ മദീനയുടെ പുറത്തേക്കും മഹതി പോകാറുണ്ടായിരുന്നില്ല. മരണംവരെ അവർ ഇബാദത്തിൽ മുഴുകി. ഹിജ്‌റ 44 ൽ മഹതി മരണപ്പെട്ടു. മരണസമയത്ത് ആഇശ(റ)യുടെയും ഹഫ്‌സ(റ)യുടെയും കൈപിടിച്ച് ഇപ്രകാരം പറഞ്ഞു: ‘നമ്മൾ ഒരു ഭർത്താവിന്റെ ഭാര്യമാരായിരുന്നു. വല്ല പ്രയാസവും റംലയിൽനിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പുതരണം.’ അപ്പോൾ ഇരുവരും റംല(റ)ക്ക് വേണ്ടി പ്രാർഥിച്ചുവെന്നും നമുക്ക് ചരിത്രത്തിൽ കാണാം. മരിക്കുന്ന അന്ന് മഹതിക്ക് 73 വയസ്സ് പ്രായമുണ്ടായിരുന്നു. ബക്വീഇൽതന്നെയാണ് അവരെയും മറവുചെയ്തത്.