76: പ്രവാചകന്റെ വിവാഹങ്ങള്‍ - ജുവയ്‌രിയത് ബിൻത് ഹാരിഥ് (റ)

ജുവയ്‌രിയത് ബിൻത് ഹാരിഥ് (റ)

നബി ﷺയുടെ ജീവിതത്തിലേക്ക് പിന്നീട് കടന്നുവന്ന മഹതിയായിരുന്നു ജുവയ്‌രിയ(റ). ഹിജ്‌റ അഞ്ചാം വർഷത്തിലായിരുന്നു ഈ വിവാഹം നടന്നത്. ബനൂമുസ്ത്വലക്വ് ഗോത്ര നേതാവും പ്രമാണിയുമായ ഹാരിഥിന്റെ കീഴിലായിരുന്നു അവര് ജീവിച്ചിരുന്നത്. മദീനയോട് ചേർന്ന് ജീവിച്ചിരുന്ന ഗോത്രക്കാരായിരുന്നു ബനൂമുസ്ത്വലക്വ്. ഇസ്‌ലാമിന്റെ ബദ്ധവൈരികളായിരുന്നു ഈ കുടുംബം. ഇസ്‌ലാമിനെ നശിപ്പിക്കാൻ ആവുന്നതെല്ലാം പരീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്തായിരുന്നു അവർ അവിടെ താമസിച്ചിരുന്നത്. നബി ﷺയോട് ശത്രുതയുള്ള സർവഗോത്രക്കാരെയും വിഭാഗക്കാരെയും സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചു. ഈ ഗോത്രത്തിലാണ് ജുവയ്‌രിയ(റ) താമസിച്ചിരുന്നത്. ബനൂമുസ്ത്വലക്വ് യുദ്ധം വിവരിച്ചപ്പോൾ ഈ വിവാഹത്തെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ അധികം വിശദീകരിക്കുന്നില്ല. ഹിജ്‌റ അഞ്ചാം വർഷത്തിൽ അവരെ നേരിടാനായി നബി ﷺ സ്വഹാബിമാരെയും കൂട്ടി അവിടേക്ക് പുറപ്പെട്ടു.

ബനൂമുസ്ത്വലക്വ് യുദ്ധത്തിൽ ശത്രുക്കൾക്ക് പരാജയം സംഭവിച്ചത് വായനക്കാർ ഓർക്കുന്നുണ്ടാകും. യുദ്ധത്തിൽ പരാജയമുണ്ടായപ്പോൾ ജുവയ്‌രിയ(റ) ബന്ധിയായി പിടിക്കപ്പെട്ടു. ബന്ധികളെ വീതിക്കപ്പെട്ടപ്പോൾ ഥാബിത്വി(റ)വിന്റെ അടുത്താണ് അവർ ചെന്നെത്തിയത്.

യുദ്ധത്തിൽ ബന്ധിയായി പിടിക്കപ്പെടുന്നവർ അടിമകളായി നിലനിൽക്കും. ആ അടിമക്ക് പിന്നീട് മോചനം ലഭിക്കണമെങ്കിൽ മോചനമൂല്യം നൽകാൻ സാധിക്കേണ്ടതുണ്ട്. ജുവയ്‌രിയയെ മോചിപ്പിക്കാൻ ഥാബിത്(റ) വലിയ മൂല്യം ആവശ്യപ്പെട്ടു. അല്ലാഹു അവരുടെ മനസ്സിൽ തോന്നിപ്പിച്ചതാകാം. അവർ മോചനമൂല്യത്തിന് സഹായത്തിനായി നബി ﷺയെ സമീപിച്ചു. അടിമത്വത്തിൽനിന്നും തനിക്ക് മോചനം വേണമെന്ന് അവർ വളരെ വിനയത്തോടെ ആവശ്യപ്പെട്ടു: “വലിയ തുകയാണ് അതിന് എന്നോട് ആവശ്യപ്പെടുന്നത്. അത് നൽകാൻ എന്റെ പക്കൽ ഇല്ല. എന്നെ സഹായിച്ചാലും. പിന്നീട് ഞാൻ അങ്ങേക്ക് അത് നൽകി വീട്ടിക്കൊള്ളാം.’’ അവരുടെ കഷ്ടത കണ്ട നബി ﷺയുടെ മനസ്സലിഞ്ഞു. അങ്ങനെ അവരെ നബി ﷺ സ്വതന്ത്രയാക്കി. പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു.

നബി ﷺ വിവാഹം ചെയ്യുന്നതിന് മുമ്പ് അവരുടെ പേര് ബർറ എന്നായിരുന്നു. നബി ﷺ അത് മാറ്റി ജുവയ്‌രിയ എന്നാക്കി. സയ്‌നബി(റ)നും ഇതേ പേര് ഉണ്ടായതായി നാം മനസ്സിലാക്കിയല്ലോ.

ഈ വിവാഹത്തിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വമ്പിച്ച നേട്ടമാണ് ഉണ്ടായത്. ബനൂമുസ്വ‌് ത്വലക്വ് ഗോത്രക്കാർ നബി ﷺയുടെ ബന്ധുക്കളായി മാറി. നബി ﷺനോട് ശത്രുതയിലും കുടിപ്പകയിലും കഴിഞ്ഞിരുന്ന അവരിലെ ഒരു പെണ്ണ് നബി ﷺയുടെ ഭാര്യയായി മാറിയതിൽ അവർക്കിടയിൽ വലിയ ചർച്ചയായി.

നബി ﷺ വിവാഹം ചെയ്ത ഒരാളുടെ കുടുംബത്തെ ഇവിടെ ബന്ധികളാക്കി നിർത്തുന്നത് നബി ﷺനോട് ചെയ്യുന്ന അനാദരവാണെന്ന് സ്വഹാബിമാരും മനസ്സിലാക്കി. അങ്ങനെ മുഴുവൻ ബന്ധികളെയും സ്വഹാബിമാർ സൗജന്യമായി മോചിപ്പിക്കുകയും ചെയ്തു. അതിന്റെ കൂറും നന്ദിയും ആഹ്‌ളാദവും പ്രകടിപ്പിച്ചുകൊണ്ട് ബനൂമുസ്ത്വലക്വ് ഗോത്രം ഒന്നടങ്കം ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയുണ്ടായി. അവരുടെ ഇസ്‌ലാം സ്വീകരണം ലക്ഷ്യം വെച്ചാകാം നബി ﷺ ജുവയ്‌രിയ(റ)യെ വിവാഹം ചെയ്തത്.

ഒരു സ്ത്രീ കാരണത്താൽ അവളുടെ കുടുംബത്തിന് ഇത്ര വലിയ ബറകത്ത് ലഭിച്ച മറ്റൊരു പെണ്ണിനെ പറ്റി എനിക്ക് അറിയില്ല എന്ന് ആഇശ(റ) അവരുടെ മഹിമയായി പറയാറുണ്ടായിരുന്നു.

നബി ﷺയിലേക്ക് വന്നശേഷം വളരെ പക്വമായ ജീവിതമാണ് മഹതി നയിച്ചത്. ദിക്‌റുകളും ദുആകളുമായി കഴിഞ്ഞുകൂടലായിരുന്നു മഹതിക്ക് ഏറ്റവും കൂടുതൽ പ്രിയം.

ഹിജ്‌റഃ 50ലാണോ 56ലാണോ അവരുടെ മരണം നടന്നത് എന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ബക്വീഇലാണ് അവരെ മറവുചെയ്തിട്ടുള്ളത്. അന്ന് ഭരിച്ചിരുന്ന മർവാൻ ഇബ്‌നു അബ്ദിൽമലികാണ് നമസ്‌കാരത്തിന് നേതൃത്വം നൽകിയത്.