സയ്‌നബ് ബിൻത് ജഹ്ഷ് (റ)
സയ്‌നബി(റ)ന്റെ പിതാവിന്റെ പേര് ജഹ്ഷ്, മാതാവ് ഉമയ്മ. നബി ﷺ യുടെ പിതൃസഹോദരി(അമ്മായി)യാണ് ഉമയ്മ. സയ്‌നബിനെ ആ പേരു വിളിച്ചത് നബി ﷺ യായിരുന്നു. ആദ്യകാലത്ത് അവരുടെ പേര് ബർറ എന്നായിരുന്നു. പുണ്യവതി എന്നതാണ് അതിന്റെ അർഥം. അതൊരു സ്വയം പുകഴ്ത്തൽ ആയതിനാൽ നബി ﷺ അത് മാറ്റുകയായിരുന്നു. കാരണം ആരാണ് പുണ്യവതിയെന്ന് അറിയുന്നവൻ അല്ലാഹുവാണല്ലോ. ഈ കാര്യം ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാൻ സാധിക്കും.
ആദ്യനാളുകളിൽ ധാരാളം പ്രയാസങ്ങൾ സഹിക്കേണ്ടിവന്ന മഹതിയാണ് സയ്‌നബ്(റ). തന്റെ വീട്ടുകാരിൽനിന്നും കുടുംബത്തിൽനിന്നും പീഡനങ്ങളും പ്രയാസങ്ങളും നേരിട്ടപ്പോൾ മദീനയിലേക്ക് മഹതി പലായനം ചെയ്തു. 30 വയസ്സുവരെ മഹതി അവിവാഹിതയായിരുന്നു. നബി ﷺ സയ്‌നബി(റ)നെ വിവാഹാലോചന നടത്തി. അത് നബി ﷺ ക്ക് വേണ്ടിയായിരുന്നില്ല; തന്റെ ദത്തുപുത്രനായ സയ്ദി(റ)ന് വേണ്ടിയായിരുന്നു. സയ്ദ് ഇബ്‌നുഹാരിസ(റ) എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ നാമം. നബി ﷺ യുടെ ഇഷ്ടതോഴൻ എന്ന് ചരിത്രം വാഴ്ത്തിയ മഹാനായിരുന്നു സയ്ദ്(റ). ക്വുർആനിൽ പേരു പരാമർശിച്ച ഏക സ്വഹാബി!
സയ്ദ്(റ) കൽബ് ഗോത്രത്തിലെ ഒരു സ്വതന്ത്രനായിരുന്നു. ചെറുപ്രായത്തിൽ മാതാവിന്റെ മടിത്തട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഒരു കൊള്ളസംഘം കുട്ടിയെ തട്ടിയെടുത്തു. കുറേ കൊല്ലങ്ങൾക്കുശേഷം ഈ സംഘം ഉക്കാള്വ് എന്ന ചന്തയിൽവെച്ച് വിറ്റു. 400 വെള്ളിക്കാണ് അവർ അദ്ദേഹത്തെ വിൽപന ചെയ്തത്. ഖദീജ(റ)യുടെ സഹോദരപുത്രനായ ഹകീം ഇബ്‌നുഹുസാമാണ് അദ്ദേഹത്തെ വാങ്ങിയത്. ഹകീം നബി ﷺ യുടെ കൂട്ടുകാരനും അടുത്തയാളുമായിരുന്നു. ഖദീജ(റ)ക്ക് വേണ്ടിയായിരുന്നു സയ്ദി(റ)നെ അദ്ദേഹം വാങ്ങിയത്. ഹകീം ഈ കുട്ടിയെ ഖദീജ(റ)ക്ക് ദാനംചെയ്തു. പിന്നീട് ഖദീജ(റ) നബി ﷺ ക്ക് ഭൃത്യവേല ചെയ്യാനായി കുട്ടിയെ സമ്മാനമായി നൽകി. അങ്ങനെയാണ് സയ്ദ്(റ) നബി ﷺ യുടെ അടുത്ത് എത്തുന്നത്. ഈ കുട്ടിയെ നബി ﷺ നന്നായി ഇഷ്ടപ്പെട്ടിരുന്നു. സയ്ദ്(റ) ആദ്യവിവാഹം ചെയ്തതിൽ ഉസാമ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ചരിത്രത്തിൽ ഉസാമ ഇബ്‌നു സയ്ദ്(റ) എന്ന് അറിയപ്പെട്ട മഹാനായ സ്വഹാബി. പിതാവിനെയും മകനെയും നബി ﷺ അതിരറ്റ് സ്‌നേഹിച്ചു. ഇരുവരും നബി ﷺ യുടെ പ്രിയങ്കരരായി.
സയ്ദി(റ)നെ നബി ﷺ യുടെ കൈയിൽ കിട്ടിയപ്പോൾ സ്വതന്ത്രനാക്കി. ഈ കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് മകനെക്കുറിച്ചുള്ള വിവരം ലഭിച്ചു. അങ്ങനെ പിതാവും പിതൃവ്യനും നബി ﷺ യെ സമീപിച്ചു. കുട്ടിയെ വിട്ടുതരണമെന്ന് അവർ ആവശ്യപ്പെട്ടു. നബി ﷺ സയ്ദി(റ)ന്റെ ഇഷ്ടത്തിന് വിട്ടു. പിതാവ് സയ്ദി(റ)നോട് അഭിപ്രായം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ കൂടെ സ്വതന്ത്രനായി കഴിയുന്നതിനെക്കാൾ എനിക്കിഷ്ടം മുഹമ്മദ് നബി ﷺ യുടെ അടുത്ത് അടിമയായി കഴിയുന്നതാണ്.’
നബി ﷺ യുടെ അടുത്ത് അനുസരണയോടെ വളർന്ന കുട്ടിയെ ആളുകൾ സയ്ദ് ഇബ്‌നു മുഹമ്മദ് എന്നായിരുന്നു വിളിച്ചിരുന്നത്. നിങ്ങളുടെ വളർത്തു പുത്രന്മാർ നിങ്ങളുടെ മക്കളല്ല എന്ന് ക്വുർആൻ വ്യക്തമാക്കിയതോടെ ആ വിളി വിരോധിക്കപ്പെട്ടു. ആദ്യകാലത്ത് ദത്തുപുത്രന്മാരെ സ്വന്തം മക്കളെപോലെയാണ് കണ്ടിരുന്നത്. അനന്തരസ്വത്തിന് പോലും അവകാശികളായിട്ടായിരുന്നു അറബികൾ അവരെ കണക്കാക്കിയിരുന്നത്.
“...നിങ്ങളിലേക്ക് ചേർത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്‌കൊണ്ടു നിങ്ങൾ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവൻ നേർവഴി കാണിച്ചുതരികയും ചെയ്യുന്നു’’ (ക്വുർആൻ 33:4).
സയ്ദി(റ)ന് നബി ﷺ സയ്‌നബ് ബിൻത് ജഹ്ഷി(റ)നെ വിവാഹം ചെയ്തുകൊടുത്തു. അതിന്റെ പിന്നിൽ നബി ﷺക്ക് വലിയ ലക്ഷ്യമുണ്ടായിരുന്നു. ജാഹിലിയ്യാകാലത്ത് കുടുംബത്തിന്റെയും തറവാടിന്റെയും പേരിൽ വലിയ താൻപോരിമയും ഗോത്രമഹിമ പറയലും ഉണ്ടായിരുന്നു. ഒരു ഗോത്രക്കാർ താമസിക്കുന്നിടത്ത് മറ്റൊരു ഗോത്രക്കാർ താമസിക്കില്ല, ഒരു സദസ്സിൽ പങ്കെടുക്കില്ല, അന്യഗോത്രത്തിൽനിന്ന് വിവാഹബന്ധം നടത്തില്ല...ഇതെല്ലാമായിരുന്നു അക്കാലത്തെ അറബികളുടെ പ്രകൃതം! ഈ പ്രവണത പിഴുതെറിയലായിരുന്നു പ്രധാനലക്ഷ്യം. ക്വുറയ്ശ് ഗോത്രത്തിൽപെട്ട കുലീനയായ സയ്‌നബിനെ തന്റെ വളർത്തുപുത്രനായ ഒരു അടിമക്കാണ് നബി ﷺ വിവാഹം ചെയ്തുകൊടുക്കുന്നത്.
വിവാഹത്തിനായി നബി ﷺ സയ്‌നബി(റ)നോട് അന്വേഷിച്ചു. അവർക്കും സഹോദരൻ അബ്ദുല്ലക്കും അത് ആദ്യഘട്ടത്തിൽ ഇഷ്ടമായില്ല. അവർ ഈ വിവാഹത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. സമൂഹത്തിലെ ഈ ഉച്ചനീചത്വം ഇല്ലാതാക്കാൻ ഈ വിവാഹം നബി ﷺ തീരുമാനിച്ചതായിരുന്നു. നബി ﷺയുടെ തീരുമാനത്തോട് അനുസരണക്കേട് കാണിക്കാൻ പാടില്ലെന്ന വചനമിറങ്ങിയപ്പോൾ അവർ അതിന് സമ്മതം നൽകി.
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചുപോയിരിക്കുന്നു’’ (ക്വുർആൻ 33:36).
ഈ ബന്ധം മുന്നോട്ടുപോകുന്നതിൽ വിഷമമുണ്ടെന്ന് അന്നേ നബി ﷺയോട് സയ്ദ്(റ) പറഞ്ഞിരുന്നു. കാരണം, സയ്‌നബ്(റ) ഉന്നതകുലജാതയാണ്. സയ്ദ്(റ) ഒരു വളർത്തുപുത്രനും. സയ്‌നബി(റ)നും ആ വിവാഹത്തോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. നബി ﷺ അവരോട് നിർദേശിച്ചപ്പോൾ അവർ ഇരുവരും അതിന് സമ്മതിക്കുകയായിരുന്നു. നബി ﷺയുടെ താൽപര്യത്തോടും ഇഷ്ടത്തോടും എതിരുനിൽക്കാവതല്ലല്ലോ. ആ വിവാഹബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചില്ല. ഇരുവർക്കുമിടയിൽ സ്വരച്ചേർച്ചയില്ലാതായി. അസ്വാരസ്യങ്ങൾ ഉടലെടുത്തുതുടങ്ങി. സയ്ദ്(റ) നബി ﷺയെ സമീപിച്ചു പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, സയ്‌നബുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമുണ്ട്. അതിനാൽ ഞാൻ അവരെ ത്വലാക്വ് (വിവാഹ മോചനം) നടത്തിയാലോ?’ നബി ﷺ സമ്മതിച്ചില്ല. സയ്‌നബിനെ കൂടെ പിടിച്ചുനിർത്താൻ നബി ﷺ കൽപിച്ചു.
നബി ﷺയുടെ ആഗ്രഹം സയ്ദും സയ്‌നബും ഒരുമിച്ചു ജീവിക്കണമെന്നായിരുന്നു. എന്നാൽ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സയ്ദ്(റ) സയ്‌നബി(റ)നെ വിവാഹമോചനം ചെയ്തു. അതിലൂടെ ജാഹിലിയ്യാകാലം മുതൽ അറബികളിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായത്തെ ഇല്ലാതെയാക്കി. അഥവാ, ജാഹിലിയ്യാകാലത്ത് അറബികൾ വളർത്തുപുത്രനെ സ്വന്തം മകനെപ്പോലെയാണ് എല്ലാ കാര്യങ്ങൡലും കണ്ടിരുന്നത്. വളർത്തുപുത്രനെ വളർത്തുന്ന പിതാവിലേക്കുവരെ പേരു ചേർത്തി വിളിക്കുമായിരുന്നു അവർ. അതുപ്രകാരം അവർ സയ്ദ് ഇബ്‌നു മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ക്വുർആൻ ഒരു നിയമം ഇറക്കി ഈ സമ്പ്രദായത്തെ നിരോധിച്ചു. അല്ലാഹു ക്വുർആനിലൂടെ പ്രഖ്യാപിച്ചു:
“മുഹമ്മദ് നിങ്ങളിൽ ഒരാളുടെയും പിതാവല്ല.’’ ഈ പ്രഖ്യാപനം വന്നതോടെ നബി ﷺയിലേക്ക് ചേർത്ത് സയ്ദി(റ)നെ വിളിക്കുന്നത് വിരോധിച്ചു. ദത്തുപുത്രനെ സ്വന്തം പുത്രനായി കണക്കാക്കാൻ പാടില്ല എന്നത് ഇതിലൂടെ അറിയിച്ചു. അവർക്ക് അനന്തരാവകാശമോ മറ്റു നിയമങ്ങളോ ഒന്നുംതന്നെ പാടില്ല. ദത്തുപുത്രൻ അന്യൻതന്നെയാണ്. സ്വന്തം മക്കളുടെ പദവിയോ സ്ഥാനമോ അവർക്കില്ല. അവരെ അവരുടെ പിതാക്കളിലേക്ക് ചേർത്തിയേ വിളിക്കാവൂ എന്നും കൽപനയുണ്ടായി.
“നിങ്ങൾ അവരെ (ദത്തുപുത്രൻമാരെ) അവരുടെ പിതാക്കളിലേക്ക് ചേർത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീതിപൂർവകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങൾക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞുകൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു). അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 33:5).
സയ്ദി(റ)നെ നബി ﷺയുടെ സ്വന്തം പുത്രനായും അദ്ദേഹത്തിന്റെ ഭാര്യയായ സയ്‌നബി(റ)നെ മകളുടെ സ്ഥാനത്തായും കണ്ടിരുന്ന രീതിയെ ഇസ്‌ലാം വിരോധിക്കുകയായിരുന്നു. ദത്തുപുത്രൻ ഒരു സ്ത്രീയെ വിവാഹം ചെയ്താൽ ആ സ്ത്രീ ദത്തുപുത്രനെ വളർത്തുന്നയാൾക്ക് അന്യസ്ത്രീ തന്നെയായിരിക്കും. അതിനാൽ ദത്തുപുത്രൻ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താൽ ദത്തുപുത്രനെ വളർത്തുന്നയാൾക്ക് ആ സ്ത്രീയെ വിവാഹം കഴിക്കുന്നതിന് ഇസ്‌ലാം അനുവാദം നൽകുന്നു. അതിനെ ഒരിക്കലും സ്വന്തം പുത്രിയെ വിവാഹം കഴിക്കുന്ന ഗണത്തിൽ ഉൾപ്പെടുത്താവതല്ല.
സയ്‌നബി(റ)നെ സയ്ദ്(റ) ത്വലാക്വ് ചെയ്തപ്പോൾ അല്ലാഹു നബി ﷺക്ക് സയ്‌നബി(റ)നെ വിവാഹം ചെയ്തുകൊടുത്തു. ഈ വിവാഹത്തിൽ വലിയ്യൊന്നുമില്ല. അല്ലാഹു നേരിട്ട് നടത്തിയ വിവാഹമായിരുന്നു അത്. അതിനാൽതന്നെ സയ്‌നബ്(റ) മറ്റു ഭാര്യമാരുടെ കൂട്ടത്തിൽവെച്ച് ഇങ്ങനെ അഭിമാനം പറയാറുണ്ടായിരുന്നു: ‘നിങ്ങളുടെയെല്ലാവരുടെയും വിവാഹം ഭൂമിയിൽവെച്ചാണ് നടന്നതെങ്കിൽ എന്റെ വിവാഹം അല്ലാഹു നേരിട്ട് ആകാശത്തുവെച്ചാണ് നടത്തിയിട്ടുള്ളത്.’ ദത്തുപുത്രൻ തന്റെ ഭാര്യയെ വിവാഹമോചനം നടത്തിയാൽ അവന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിൽ യാതൊരു കുറ്റവുമില്ലെന്ന് ഇതിലൂടെ ലോകരെ പഠിപ്പിച്ചു. ഹിജ്‌റ അഞ്ചാം വർഷത്തിലാണ് ഈ വിവാഹം നടക്കുന്നത്.
നബി ﷺയുടെ മറ്റു ഭാര്യമാരിൽനിന്നും സയ്‌നബി(റ)നു മാത്രം അവകാശപ്പെടാവുന്ന മറ്റു ചില കാര്യങ്ങളുമുണ്ടായിരുന്നു. ഇരുവരുടെയും പിതാമഹൻ ഒന്നാണ്. ഈ വിവാഹത്തിന് ദൂതനായി അല്ലാഹു നിശ്ചയിച്ചത് ജിബ്‌രീലിനെയായിരുന്നു.

ഈ വിവാഹവുമായി ബന്ധപ്പെട്ടാണ് ഹിജാബിന്റെ ആയത്തും ഇറങ്ങിയത്. സാധാരണ നമ്മുടെ നാടുകളിലെ മുസ്‌ലിയാക്കൾ സ്ത്രീകൾക്ക് പള്ളിയിലേക്ക് പോകൽ ഹറാമാണെന്നും ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിനുശേഷം സ്വഹാബാവനിതകൾ പള്ളിയിലേക്ക് പോയിട്ടില്ലെന്നുമെല്ലാം പറയുന്നത് കേട്ട് ‘ഹിജാബിന്റെ ആയത്ത്’ എന്ന പ്രയോഗം നമുക്കിടയിൽ സുപരിചിതമാണ്. എന്നാൽ ഇക്കൂട്ടർ പറയുന്നതുപോലെ ഹിജാബിന്റെ ആയത്തും സ്ത്രീകൾ പള്ളിയിലേക്ക് പോകലും തമ്മിൽ യാതൊരു ബന്ധവുമില്ല. ‘ഹിജാബ്’ എന്നു പറഞ്ഞാൽ ‘മറ’ എന്നാണ് അർഥം. പർദ എന്നത് ഉർദു പദമാണ്. അഥവാ സ്ത്രീകളുടെ ഔറത്ത് (നഗ്നത) മറക്കുന്നതുമായി ബന്ധപ്പെട്ട വിധിയാണ് ഇതിലൂടെ നിയമമാക്കപ്പെട്ടത്.
നബി ﷺയും സയ്‌നബും(റ) തമ്മിൽ വിവാഹം നടന്ന്, വീടുകൂടിയതിന്റെ പ്രഭാതത്തിലാണ് ഈ വചനങ്ങൾ ഇറങ്ങിയത്.
നബി ﷺയുടെ ഭാര്യമാരുടെ സമീപത്ത് പലപ്പോഴും നല്ല മനസ്സുള്ളവരും അല്ലാത്തവരും ചെല്ലും. ഇത് ഉമറി(റ)ന്റെ മനസ്സിൽ വല്ലാത്ത പ്രയാസം സൃഷ്ടിച്ചു. അപ്പോൾ ഉമർ(റ) ഈ കാര്യം പറഞ്ഞ് ഭാര്യമാരോട് പർദ അണിയാൻ കൽപിക്കാനായി നിർദേശിക്കും. അല്ലാഹുവിന്റെ അടുക്കൽനിന്നുള്ള കൽപനവരാത്തതിനാൽ നബി ﷺ അത് ഗൗനിച്ചിരുന്നില്ല.
ഈ വിവാഹം നടന്നശേഷം അതിന്റെ വലീമ (വിവാഹ സദ്യ) നടത്തി. നബി ﷺയുടെ വീട്ടിലെ വേലക്കാരനായ അനസി(റ)ന്റെ മാതാവ് ഉമ്മു സുലൈം ഗോതമ്പുകൊണ്ട് പായസവും അലീസയുമെല്ലാം ഉണ്ടാക്കി മകൻ അനസി(റ)ന്റെ പക്കൽ നബി ﷺയുടെ വീട്ടിലേക്ക് കൊടുത്തയച്ചു. അവർ മകനോട് പറഞ്ഞു: ‘മോനേ, നബിയോട് എന്റെ സലാം പറയണം. ഭക്ഷണം അൽപമേയുള്ളൂ എന്നും പറഞ്ഞേക്കണം.’ അങ്ങനെ അനസ്(റ) ഇതുമായി നബി ﷺയെ സമീപിച്ചു. അനസി(റ)നെ സദ്യയിലേക്ക് ആളുകളെ ക്ഷണിക്കാൻ ഏൽപിച്ചു. ആളുകൾ വന്നു. അൽപം ആഹാരം മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിലും എല്ലാവരും സുഭിക്ഷമായി അത് കഴിച്ചു. അത് നബിയുടെ ഒരു മുഅ്ജിസതായിരുന്നു. ജനങ്ങൾ കഴിക്കുന്നതിന് മുമ്പ് നബി ﷺ അല്ലാഹു ഉദ്ദേശിച്ചതെല്ലാം പ്രാർഥിച്ചിരുന്നു. അങ്ങനെ ആ ഭക്ഷണം അധികരിക്കുകയാണ് ഉണ്ടായത്. മുന്നൂറിൽപരം ആളുകൾ ആ വിവാഹ സൽക്കാരത്തിൽ പങ്കാളികളായി എന്ന് അനസ്(റ) പറയുന്നത് നമുക്ക് കാണാം.
ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും ആളുകൾ പിരിയുന്നില്ല. അവർ നബി ﷺയുടെ വീട്ടിൽ ഇരുന്ന് സംസാരത്തിൽ മുഴുകി. ആളുകൾ ഒഴിവാകാൻ വേണ്ടി നബി ﷺ എഴുന്നേറ്റു. അപ്പോൾ കുറച്ചാളുകൾ കാര്യം മനസ്സിലാക്കി എഴുന്നേറ്റുപോയി. ഏതാനും ചിലർ അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു. നബി ﷺ സയ്‌നബി(റ)ന്റെ അടുത്ത് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ ആളുകൾ അവിടെയിരുന്ന് സംസാരത്തിൽ തന്നെയാണ്. വീണ്ടും നബി ﷺ അവിടെനിന്നും പോയപ്പോൾ അവർ ഒഴിവായി. അനസ്(റ) നബി ﷺയെ ആളുകൾ ഒഴിവായ വിവരം അറിയിച്ചു. അങ്ങനെ നബി ﷺ സയ്‌നബി(റ)ന്റെ അടുത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ വേലക്കാരനായ അനസ്(റ) നബി ﷺയുടെ കൂടെ കയറി. അപ്പോൾ നബി ﷺക്കും അദ്ദേഹത്തിനും ഇടയിൽ ഒരു മറയിടപ്പെട്ടു. ഹിജാബിന്റെ നിയമം ഇറങ്ങി.
മതനിഷ്ഠയുള്ള, സ്വന്തം അധ്വാനത്തിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന, ലഭിക്കുന്ന സമ്പാദ്യം ധർമം ചെയ്തിരുന്ന മഹതിയായിരുന്നു സയ്‌നബ്(റ). ആഇശ(റ) സയ്‌നബി(റ)ന്റെ സ്വഭാവ മഹിമകൾ എടുത്തുപറയാറുണ്ടായിരുന്നതായി നമുക്ക് കാണാം.
നബി ﷺയുടെ വഫാതിനുശേഷം ആദ്യമായി മരണപ്പെട്ട അവിടുത്തെ പത്‌നി സയ്‌നബായിരുന്നു. അവരുടെ മരണത്തെ സംബന്ധിച്ച് നബി ﷺ സൂചന നൽകിയതായി നമുക്ക് കാണാൻ സാധിക്കും. ഹിജ്‌റ 9ൽ ആയിരുന്നു മഹതിയുടെ വിയോഗം. അന്ന് അവരുടെ പ്രായം 53 വയസ്സായിരുന്നു. അവരുടെ ജനാസ നസ്‌കാരത്തിന് ഖലീഫ ഉമർ(റ) ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. ബക്വീഇലാണ് അവരെ ക്വബ്‌റടക്കിയത്.