33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 12-13

وَإِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًۭا﴿١٢﴾

وَإِذْ يَقُولُ പറഞ്ഞിരുന്ന സന്ദര്‍ഭവും الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരുതരം) രോഗം مَّا وَعَدَنَا നമ്മോടു വാഗ്ദാനം ചെയ്തിട്ടില്ല اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും إِلَّا غُرُورًا വഞ്ചന (ചതി) അല്ലാതെ.

33:12കപടവിശ്വാസികളും, ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക): "അല്ലാഹുവും അവന്‍റെ റസൂലും നമ്മോടു വഞ്ചനയല്ലാതെ (ഒന്നും തന്നെ) വാഗ്ദാനം ചെയ്തിട്ടില്ല."

وَإِذْ قَالَت طَّآئِفَةٌۭ مِّنْهُمْ يَـٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌۭ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌۭ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًۭا﴿١٣﴾

وَإِذْ قَالَت പറഞ്ഞ സന്ദര്‍ഭവും طَّائِفَةٌ مِّنْهُمْ അവരില്‍ നിന്നൊരു വിഭാഗം يَا أَهْلَ يَثْرِبَ ഹേ, യഥ്-രിബുകാരേ لَا مُقَامَ നിലനില്‍പ്പില്ല لَكُمْ നിങ്ങള്‍ക്കു فَارْجِعُوا അതിനാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍ وَيَسْتَأْذِنُ അനുവാദം തേടുകയും ചെയ്യുന്നു فَرِيقٌ مِّنْهُمُ അവരില്‍നിന്നൊരു സംഘം, കക്ഷി النَّبِيَّ നബിയോടു يَقُولُونَ അവര്‍ പറയുന്നു إِنَّ بُيُوتَنَا നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ عَوْرَةٌ നഗ്നമാണ്‌, ഭദ്രതയില്ലാത്തതാണ് وَمَا هِيَ അവ അല്ലതാനും بِعَوْرَةٍ നഗ്നമായത് إِن يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നില്ല إِلَّا فِرَارًا ഓടിപ്പോകുന്നതിനെയല്ലാതെ.

33:13അവരില്‍നിന്നും ഒരുവിഭാഗം (ആളുകള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): യഥ്-രിബുകാരേ! നിങ്ങള്‍ക്കു (എനി) യാതൊരു നിലനില്‍പുമില്ല; ആകയാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍!" അവരില്‍നിന്നും ഒരു സംഘം (ആളുകള്‍ അണിവിട്ടു പോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു! അവര്‍ പറയുന്നു: "നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ (ഭദ്രതയില്ലാത്ത) നഗ്നങ്ങളാണ്" എന്ന്! അവയാകട്ടെ, നഗ്നമൊന്നുമല്ല; ഓടിപ്പോകുക എന്നല്ലാതെ, (മറ്റൊന്നും) അവര്‍ ഉദ്ദേശിച്ചിരുന്നില്ല.

തഫ്സീർ : 12-13

സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും, ഒടുവില്‍ അവര്‍ക്കാണ് വിജയം കൈവരുക എന്നൊക്കെയുള്ള അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളും, പേര്‍ഷ്യായും റോമായും മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുള്ള നബി ()യുടെ വാഗ്ദാനങ്ങളും നമ്മെ വഞ്ചിക്കുവാന്‍വേണ്ടി മാത്രമുള്ളതാണ്; അതിലൊന്നും യാഥാര്‍ത്ഥ്യമില്ല. എന്നൊക്കെ മുനാഫിഖുകള്‍ പറഞ്ഞു പ്രചരിപ്പിച്ചു. ഹൃദയദൗര്‍ബ്ബല്യമാകുന്ന രോഗം പിടിപെട്ടവര്‍ അതു ഏറ്റുപറയുകയും ചെയ്തു. ഇത്രയും വമ്പിച്ച ശത്രുസൈന്യത്തിന്‍റെ മുമ്പില്‍ ഉറച്ചുനില്‍ക്കുവാനോ, അവരെ പരാജയപ്പെടുത്തി ഈ നാട്ടില്‍തന്നെ വാസം തുടരുവാനോ ഈ രാജ്യക്കാര്‍ക്കു എനി സാധ്യമല്ല; അതുകൊണ്ട് വേഗം യുദ്ധം ഉപേക്ഷിച്ചു അണികളില്‍നിന്നു പിന്‍വാങ്ങണം എന്നിങ്ങിനെ അബ്ദുല്ലാഹിബ്നു ഉബ്ബയ്യ് പോലെയുള്ള മുനാഫിഖു തലവന്‍മാര്‍ മുസ്‌ലിംകളെ ഭീതിപ്പെടുത്തി. ഞങ്ങളുടെ വീടുകള്‍ സുരക്ഷിതങ്ങളല്ല; അവ കെട്ടുറപ്പില്ലാത്തവയാണ്; ശത്രുക്കള്‍ നിഷ്പ്രയാസം വന്നു കൊള്ളയും കവര്‍ച്ചയും നടത്തിക്കളഞ്ഞേക്കും; അതുകൊണ്ടു ഞങ്ങള്‍ക്കു അണിവിട്ട് വീടുകളിലേക്കു പോകാന്‍ സമ്മതം തരണം’. എന്ന് നബി () യോടപേക്ഷിച്ചുകൊണ്ട് വേറൊരു വിഭാഗം ആളുകള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ യഥാര്‍ത്ഥ നിലപാടെന്തായിരുന്നുവെന്ന് അടുത്ത വചനത്തില്‍ കാണാം. 

മദീനായുടെ പഴയ പേരാണ് യഥ്-രിബു’ (يثرب). മദീനായുടെ ഒരു ഭാഗത്തിനു മാത്രമായിരുന്നു ആ പേരുണ്ടായിരുന്നതെന്നും ചിലര്‍ പ്രസ്താവിച്ചുകാണുന്നു. നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍’ (فَارْجِعُوا) എന്ന വാക്കിന്‍റെ താല്‍പര്യം യുദ്ധ അണികളില്‍ നിന്നു പിന്‍വാങ്ങിക്കൊള്ളണമെന്നും, ഇസ്‌ലാമിനെ വിട്ടു പഴയപടി ശിര്‍ക്കിലേക്കു തന്നെ മടങ്ങിക്കൊള്ളണമെന്നും ആകാവുന്നതാണ്.