ഉമ്മുസലമ (റ)
ഹിജ്‌റ മൂന്നിലോ നാലിലോ ആയിരുന്നു ഉമ്മുസലമ(റ)യെ നബി ﷺ വിവാഹം ചെയ്തത്. ഉമ്മുസലമ എന്ന പേരിൽ പ്രസിദ്ധയായ മഹതിയുടെ ശരിയായ നാമം ഹിന്ദ് എന്നായിരുന്നു. ചെറുപ്രായത്തിൽ തന്നെ മഹതിയുടെ ആദ്യവിവാഹം നടന്നിരുന്നു. മഖ്‌സൂം ഗോത്രക്കാരനും പിൽക്കാലത്ത് നബി ﷺ യിൽ വിശ്വസച്ച് ഹിജ്‌റ പോകുകയും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷിയാകുകയും ചെയ്ത അബൂസലമ(റ) യായിരുന്നു അവരുടെ ആദ്യ ഭർത്താവ്. തികച്ചും മാതൃകാപരമായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതം.
അബൂസലമ(റ)യുടെ യഥാർഥ നാമം അബ്ദുല്ലാഹിബ്‌നു അബ്ദിൽ അസദ് എന്നായിരുന്നു. ആദ്യനാളുകളിൽതന്നെ ഇസ്‌ലാം ആശ്ലേഷിച്ചവരിൽ എണ്ണപ്പെടുന്നവരായിരുന്നു അബൂസലമ(റ)യും ഉമ്മുസലമ(റ)യും. ആ കാലത്ത് നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ചുരുക്കം പേരിൽ അവരും ഉണ്ടായിരുന്നു. മക്കയിൽനിന്നും മദീനയിലേക്ക് ഹിജ്‌റ പോകാൻ കൽപനയുണ്ടായപ്പോൾ കുടുംബസമേതം അതിന് ധൈര്യം കാണിച്ചവരായിരുന്നു ആ കുടുംബം. അബൂസലമ(റ) നബി ﷺ യുടെ ബന്ധുകൂടിയായിരുന്നു.
പിതാവ് അബൂഉമയ്യ ധർമിഷ്ഠനും അറിയപ്പെട്ട ഒരു നേതാവുമായിരുന്നു. അദ്ദേത്തിന്റെ കൂടെ ആരെങ്കിലും യാത്ര ചെയ്യുകയായിരുന്നെങ്കിൽ അവർക്കു വേണ്ട ഭക്ഷണം അദ്ദേഹം തന്നെ കരുതാറുണ്ടായിരുന്നു. ആയതിനാൽ അദ്ദേഹം ‘യാത്രക്കാരന്റെ ഭക്ഷണം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാതാവിന്റെ പേര് ആതിക്വ എന്നായിരുന്നു. അവർ ആമിർ ഇബ്‌നു റബീഅയുടെ പുത്രിയായിരുന്നു. ആമിർ കിനാനക്കാരനായിരുന്നു. മാതാവു വഴിക്കും പിതാവു വഴിക്കും പ്രശസ്ത കുടുംബം; ക്വുറയ്ശി നേതാക്കളുടെ വീടുകളിൽ വളർന്നവർ.
നബി ﷺ യിൽനിന്നും സത്യം കേട്ടപാടെ അത് സ്വീകരിക്കാൻ ധൈര്യം കാണിച്ച ദമ്പതികളായിരുന്നു അബൂസലമ(റ)യും ഉമ്മുസലമ(റ)യും. ആ നാളുകളിൽ ശത്രുക്കളിൽനിന്നും നേരിടേണ്ടി വന്ന പീഡനങ്ങളുടെ കാഠിന്യം അത്ര കടുപ്പമേറിയതുമായിരുന്നു. എന്നിരുന്നാലും അവർ അല്ലാഹുവിന്റെ ദീൻ കേട്ടപ്പോൾ ശങ്കിച്ചുനിന്നില്ല.
ശത്രുക്കളുടെ മർദനം കഠിനമായപ്പോൾ മുസ്‌ലിംകളോട് എത്യോ പ്യയിലേക്ക് ഹിജ്‌റ പോകാൻ നബി ﷺ കൽപിച്ചു. അന്ന് മുസ്‌ലിംകളെ സഹായിക്കാൻ തയ്യാറുള്ള നജ്ജാശി രാജാവായിരുന്നു അവിടെ ഭരിച്ചിരുന്നത്. എത്യോപ്യയിലേക്ക് ഹിജ്‌റ പോകാനായി നബി ﷺ യുടെ നിർദേശം വന്നപ്പോൾ അവിടേക്ക് ഹിജ്‌റ പുറപ്പെട്ടു.
മദീനയിലേക്ക് ഹിജ്‌റ പോകുന്നതിനുമുമ്പ് എത്യോപ്യയിലേക്ക് രണ്ട് തവണ ഹിജ്‌റ പോയതായി ചരിത്രത്തിൽ കാണാം. ആദ്യ തവണ പോയവരുടെ എണ്ണം പതിനഞ്ചായിരുന്നു. ആ കൂട്ടത്തിൽ അബൂസലമ-ഉമ്മുസലമ(റ) ദമ്പതികളും ഉണ്ടായിരുന്നു. അതുപോലെ ഉസ്മാൻ(റ)-റുക്വിയ്യ(റ) ദമ്പതികളും അവരിൽ ഉണ്ടായിരുന്നു.
എത്യോപ്യയിൽ എത്തിയ ആ കൊച്ചുസംഘത്തെ നജ്ജാശി രാജാവ് സംരക്ഷിച്ചു. അവിടെ അൽപകാലം പിന്നിട്ടപ്പോൾ മക്കയിൽ തങ്ങൾക്ക് അൽപമെല്ലാം ശക്തിയുണ്ടായ വിവരം അവർക്ക് ലഭിച്ചു. ഹംസ(റ), ഉമർ(റ) പോലെയുള്ളവർ ഇസ്‌ലാം സ്വീകരിച്ച വിവരം അവരറിഞ്ഞു. അതിനാൽ ഇനി മക്കയിലേക്ക് പോകാമെന്നും അവിടെ ചെന്നാൽ പീഡനങ്ങൾക്കും മർദനങ്ങൾക്കും ആശ്വാസം ലഭിച്ചേക്കാമെന്നും അവർ കണക്കുകൂട്ടി.
മക്കയിൽ എത്തിയ അവർ ശത്രുക്കളുടെ കിരാതമായ അഴിഞ്ഞാട്ടവും അക്രമവുമാണ് കണ്ടത്. തന്നെയുമല്ല, നബി ﷺ യുടെ കുടുംബത്തെ തന്നെ ക്വുറയ്ശികൾ ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ബനൂഹാശിം കുടുംബത്തെ എല്ലാ നിലയ്ക്കും ഉപരോധിക്കുക എന്ന കടുത്ത തീരുമാനമാണ് ശത്രുക്കൾ സ്വീകരിച്ചിരുന്നത്. ബനൂഹാശിം കുടുംബവുമായി കച്ചവടത്തിൽ ഏർപ്പെടാനോ, അവർക്ക് അന്നം എത്തിക്കുവാനോ, അവരുമായി സംസാരിക്കുവാനോ, അവരുമായി സൗഹൃദം പങ്കിടാനോ ഒന്നും പാടില്ല എന്നതായിരുന്നു അവരുടെ തീരുമാനം. ശിഅ്ബ് അബീത്വാലിബ് മലഞ്ചെരുവിൽ അവർ ഉപരോധിക്കപ്പെട്ടു. ഭക്ഷണമില്ലാതെ നബികുടുംബം കഷ്ടതയിലായി. പച്ചവെള്ളവും പച്ചിലയും ഭക്ഷിച്ചു. ചെരുപ്പ് വെള്ളത്തിൽ മുക്കി കുതിർത്ത് കഴിക്കാൻവരെ അവരെ പട്ടിണി അലട്ടിയിരുന്നു. മൂന്നു കൊല്ലക്കാലം ഈ ഉപരോധം തുടർന്നു. അവസാനം അവരിൽ ചിലർക്ക് ഈ രംഗം കണ്ട് മനസ്സ ലിയാൻ തുടങ്ങി. ഈ കൊടും ക്രൂരതക്കെതിരിൽ അവരിൽനിന്നുതന്നെ ശബ്ദമുയർന്നു. അവസാനം അത് പിൻവലിക്കുകയാണ് ഉണ്ടായത്. എത്യോപ്യയിൽനിന്ന് മക്കയിൽ എത്തിയ ഈ കൊച്ചു സംഘം ഈ ദയനീയ രംഗത്തിനാണ് സാക്ഷികളാകുന്നത്.
ഈ ഉപരോധം അവസാനിപ്പിച്ചെങ്കിലും ക്രൂരതകൾക്ക് തെല്ലും അയവില്ലായിരുന്നു. അവസാനം നബി ﷺ സ്വഹാബിമാർക്ക് യഥ്‌രിബിലേക്ക് ഹിജ്‌റ പോകാൻ നിർദേശം നൽകി. അവിടെയുള്ള മുസ്‌ലിംകൾ നിങ്ങളെ സ്വീകരിക്കാൻ തയ്യാറാണെന്ന് അവർ എനിക്ക് ബയ്അത് ചെയ്തിട്ടുണ്ടെന്നും നബി ﷺ അവരോട് പറഞ്ഞു.
മക്കയിലെ തങ്ങളുടെ സ്വത്തും സമ്പാദ്യവുമെല്ലാം ആദർശ സംരക്ഷണത്തിന് വേണ്ടി ത്യജിച്ച് മദീനയിലേക്ക് പുറപ്പെടാൻ എല്ലാവരും ഒരുങ്ങി. അവരുടെ കൂട്ടത്തിലും മുൻനിരയിൽ അബൂസലമ- ഉമ്മുസലമ ദമ്പതികൾ ഉണ്ടായിരുന്നു.
മുസ്‌ലിമായി എന്ന ഒറ്റക്കാരണത്താൽ പീഡിപ്പിക്കപ്പെടുന്ന, ദ്രോഹിക്കപ്പെടുന്ന, അക്രമിക്കപ്പെടുന്ന എല്ലാവർക്കും ഈ ദമ്പതികളുടെ ചരിത്രത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്. ഈമാനികമായ ഉണർവും അതിലൂടെ കടുത്ത ക്ഷമിക്കാനുള്ള കഴിവും അല്ലാഹുവിലുള്ള അർപ്പണബോധവും ഇതിലൂടെ ലഭിക്കേണ്ടതുണ്ട്. ഉമ്മുസലമ(റ) ഹിജ്‌റക്കായി ഒരുങ്ങിയപ്പോഴുണ്ടായ ദുരനുഭവം മഹതിതന്നെ നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്:
“ഞങ്ങൾ ഹിജ്‌റക്ക് ഒരുങ്ങി. എന്റെ ഭർത്താവ് വാഹനത്തെ തയ്യാറാക്കി. അങ്ങനെ എന്നെ വാഹനത്തിൽ കയറ്റി. പൊന്നുമോൻ സലമയെ എന്റെ മടിയിൽ ഇരുത്തി. അബൂസലമ വാഹനത്തിന്റെ മൂക്കുകയർ പിടിച്ച് മദീനയെ ലക്ഷ്യംവെച്ച് നടക്കാൻ തുടങ്ങിയപ്പോൾ മുഗീറയുടെ കുടുംബം (ഉമ്മു സലമ(റ)യുടെ കുടുംബമാണവർ) ഈ യാത്ര കണ്ടു. ഞങ്ങൾ മദീനയിലേക്ക് പുറപ്പെടുകയാണെന്ന വിവരം അവർ മനസ്സിലാക്കി. അവർ എന്റെ ഭർത്താവിനെ തടഞ്ഞു. എന്നിട്ട് അവർ അദ്ദേഹത്തോട് പറഞ്ഞു: ‘നിനക്ക് തനിച്ച് പോകാം. ഈ പെണ്ണ് ഈ നാട്ടുകാരിയാണ്. ഇവളെ കൂടെകൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ല.’ അങ്ങനെ അബൂസലമ(റ)യിൽനിന്നും ഉമ്മുസലമ(റ)യെ അവർ തട്ടിയെടുത്തു. ഈ സന്ദർഭത്തിൽ അബൂസലമയുടെ കുടുംബക്കാർ ഇടപെട്ടു. അവർ പറഞ്ഞു: ‘ഓ, അബൂസലമാ... ഉമ്മുസലമാ... നിങ്ങൾ ഇരുവരും ഇവിടെ വെച്ച് വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഞങ്ങളുടെ കുട്ടിയെ ഞങ്ങൾ കൊണ്ടുപോകുകയാണ്.
ഹിജ്‌റക്ക് തയ്യാറായ അബൂസലമയും ഭാര്യ ഉമ്മുസലമയും പൊന്നുമോൻ സലമയും ഒറ്റപ്പെട്ടു. പരസ്പരം വിവരങ്ങൾ അറിയാൻ യാതൊരു മാർഗവും ഇല്ലാതായ ഏറ്റവും വലിയ പ്രതിസന്ധിയുടെ ഘട്ടം. പക്ഷേ, ആ കുടുംബം പരലോകവിജയം ലക്ഷ്യമാക്കിയാണല്ലോ ജീവിക്കുന്നത്. ആ വഴിയിലെ പ്രയാസങ്ങളെ സഹനത്താൽ നേരിടാൻ അവർ തീരുമാനിച്ചു.
അബൂസലമ(റ) മദീനയിലേക്ക് ഹിജ്‌റ പോയി. ഉമ്മുസലമ(റ)യെ അവരുടെ കുടുംബം പിടിച്ചെടുത്തു. കുട്ടിയെ അബൂസലമയുടെ കുടുംബവും പിടിച്ചുപറിച്ചു. മാനസികമായി വല്ലാത്ത പിരിമുറുക്കം അനുഭവിക്കുകയാണ് ആ കുടുംബം. അവർ അവരുടെ പ്രയാസങ്ങളും വിഷമങ്ങളും ഉള്ളിലൊതുക്കി. കരഞ്ഞു. നാഥനിലേക്ക് സങ്കടം ഉയർത്തി.
ഉമ്മുസലമ(റ) ഓരോ പ്രഭാതത്തിലും മക്കയിൽനിന്നും അൽപം ദൂരെയുള്ള അബ്ത്വഹ് എന്ന ഭാഗത്തേക്ക് പോകും. അവിടെ വെച്ചായിരുന്നു ഭർത്താവിനെയും കുട്ടിയെയും ശത്രുക്കൾ തട്ടിയെടുത്തിരുന്നത്. നേരം ഇരുട്ടുന്നതുവരെ അവിടെ വെച്ചുണ്ടായ ആ രംഗങ്ങൾ ഓർത്ത് കരയും. ഇരുട്ടായാൽ വീട്ടിലേക്ക് മടങ്ങും. അങ്ങനെ ഒരു കൊല്ലത്തോളം പിന്നിട്ടു.
ഉമ്മുസലമ(റ) പറയുകയാണ്: “ഒരു ദിവസം ഞാൻ അബ്ത്വഹിൽ കരഞ്ഞിരിക്കുന്ന വേളയിൽ ഇസ്‌ലാമിന്റെ ശത്രുവായ ഒരാൾ അതിലൂടെ നടന്നുപോയി. അദ്ദേഹം എന്റെ ഈ അവസ്ഥ കണ്ടു. അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. അദ്ദേഹം എന്നോട് എന്റെ വിഷമത്തെ പറ്റി ആരാഞ്ഞു. ഞാൻ അദ്ദേഹത്തോട് എന്റെ എല്ലാ സങ്കടങ്ങളും വിശദീകരിച്ചു. അദ്ദേഹം നേരെ എന്റെ വീട്ടിലേക്ക് പോയി. എന്റെ വീട്ടുകാരോട് അദ്ദേഹം ചോദിച്ചു: ‘എന്തൊരു തെമ്മാടിത്തമാണ് നിങ്ങൾ ഈ സ്ത്രീയോട് കാണിക്കുന്നത്. അവളെ അവളുടെ ഭർത്താവിൽനിന്നും കുട്ടിയിൽനിന്നും അകറ്റിയില്ലേ? ഇത് ഒരു മനുഷ്യത്വമില്ലാത്ത ചെയ്തിയാണല്ലോ. അതിനാൽ അവർക്ക് മൂന്നുപേർക്കും ഒരുമിക്കുവാനുള്ള വഴി നിങ്ങൾ ഉണ്ടാക്കിയേ പറ്റൂ.’ ഇയാളുടെ സംസാരത്തിൽ എന്റെ കുടുംബത്തിന്റെ മനസ്സും അയഞ്ഞു. അങ്ങനെ അവർ പറഞ്ഞു: ‘ഉമ്മു സലമാ, നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിന്റെ ഭർത്താവിന്റെ അടുത്തേക്ക് നിനക്ക് പോകാം.’’
അപ്പോൾ ഉമ്മുസലമ(റ) പോകാൻ തയ്യാറായി. പക്ഷേ, തന്റെ കൈക്കുഞ്ഞ് ഭർത്താവിന്റെ കുടുംബത്തിന്റെ കൈവശമാണല്ലോ. അങ്ങനെ അബൂസലമ(റ)യുടെ കുടുംബത്തിൽ പോയി കുഞ്ഞിനെ മഹതി വാങ്ങി. എന്നിട്ട് യഥ്‌രിബിലേക്ക് ഒറ്റക്ക് യാത്ര തുടങ്ങി. കുന്നുകളും മലകളും താഴ്‌വരകളും താണ്ടിയുള്ള യാത്ര തുടർന്നു.
വിശ്വാസിയല്ലാത്ത ഉസ്മാൻ ഇബ്‌നു ത്വൽഹ ഉമ്മുസലമ(റ)ക്ക് സംരക്ഷണം നൽകാൻ തീരുമാനിച്ചു. യാതൊരുവിധത്തിലുള്ള ശത്രുതയും അദ്ദേഹം മഹതിയോട് കാണിച്ചില്ല. അല്ലാഹുവിന്റെ സഹായം നാം ഇച്ഛിക്കാത്തവിധത്തിലായിരിക്കും പലപ്പോഴും വന്നെത്തുക. ശത്രുവിന്റെ മനസ്സലിവിലൂടെയാണ് മഹതിക്ക് അല്ലാഹു രക്ഷനൽകിയത്.
ഉസ്മാൻ ഇബ്‌നു ത്വൽഹ(റ) പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഉമ്മുസലമ(റ)യെയും കുഞ്ഞിനെയും ഒട്ടകപ്പുറത്ത് കയറ്റി അതിന്റെ മൂക്കുകയർ പിടിച്ച് ഉസ്മാൻ(റ) മുന്നോട്ടു നടന്നു. അദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും സൂക്ഷ്മതയും കാരണം ഉമ്മുസലമ(റ) അദ്ദേഹത്തെ പുകഴ്ത്തുന്നത് നമുക്ക് ചരിത്രത്തിൽ കാണാം. യാത്രയിൽ മഹതിക്ക് വിശ്രമം ആവശ്യമായാൽ ഒട്ടകത്തെ മുട്ടുകുത്തിക്കും. മഹതി ഒട്ടകപ്പുറത്തുനിന്നും ഇറങ്ങി വിശ്രമിക്കുമ്പോൾ ഒട്ടകത്തെ കെട്ടിയിട്ട് അടുത്തുള്ള മറ്റുവല്ലയിടത്തും അദ്ദേഹം വിശ്രമിക്കും. വിശ്രമം തീർന്നാൽ മഹതി അദ്ദേഹത്തെ വിളിക്കും. അദ്ദേഹം ഒട്ടകത്തിന്റെ അടുത്ത് വരും. പിന്നീട് അതിന്റെ മൂക്കുകയർ പിടിച്ച് യാത്ര തുടരും.
മദീനക്ക് സമീപം ക്വുബാഇൽ അവർ എത്തി. അവിടെ വെച്ച് ഉസ്മാൻ(റ) മഹതിക്ക് അബൂസലമ(റ) അടക്കം ഹിജ്‌റ പോന്നിട്ടുള്ളവർ കഴിച്ചുകൂട്ടുന്ന പ്രദേശം കാണിച്ചുകൊടുത്തു. അവിടേക്ക് മഹതിയോട് പോകാൻ പറയുകയും ചെയ്തു. പിന്നീട് ഉസ്മാൻ(റ) മക്കയിലേക്ക് യാത്ര തിരിച്ചു. അങ്ങനെ ഉമ്മുസലമ(റ) ഭർത്താവുമായി മദീനയിൽ സംഗമിച്ചു. അവിടെ ഇരുവരും മാതൃകാജീവിതം നയിച്ചു.
ബദ്‌റിലും ഉഹ്ദിലും അബൂസലമ(റ) പങ്കെടുത്തിരുന്നു. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന് പരുക്കേറ്റു. അതു കാരണത്താൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. അബൂസലമ(റ) മരണപ്പെടുന്ന സമയത്ത് നാല് മക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മക്കൾ അനാഥരായി. കുടുംബങ്ങളെല്ലാം അവരെ കയ്യൊഴിച്ചിരുന്നു. മദീനയിലെത്തി, നാല് അനാഥ മക്കളെയും കൊണ്ട് ആരും കൂട്ടിനില്ലാതെ വിഷമിച്ചുനിന്ന ഉമ്മു സലമ(റ)യെ സംരക്ഷിക്കാൻ നബി ﷺ തീരുമാനിച്ചു. അങ്ങനെ അവരെ അവിടുന്ന് വിവാഹം ചെയ്യുകയും ചെയ്തു.
അല്ലാഹുവിന്റെ ഉദ്ദേശങ്ങളാണല്ലോ അടിമകളിൽ നടപ്പിലാവുക. ഒരു അടിമക്ക് വല്ല ആപത്തും പിണഞ്ഞാൽ പറയേണ്ട പ്രാർഥനകളും ദിക്‌റുകളും അല്ലാഹു തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉമ്മു സലമ(റ) പറയുന്നത് കാണുക: “ അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: ‘ഒരു അടിമക്ക് വല്ല ആപത്തും പിണയുകയും, അങ്ങനെ അവൻ ‘തീർച്ചയായും ഞങ്ങൾ അല്ലാഹുവിനുള്ളവരാണെന്നും ഞങ്ങൾ അവനിലേക്ക് തന്നെ മടക്കപ്പെടുന്നവരാണെന്നും അല്ലാഹുവേ, ഈ ആപത്തിൽനിന്ന് എനിക്ക് രക്ഷ നൽകുകയും ഇതിനെക്കാൾ ഉത്തമമായത് പകരം നൽകുകയും ചെയ്യണേ’ എന്ന് പറയുകയും ചെയ്താൽ അല്ലാഹു ആ ആപത്തിൽനിന്ന് അവനെ രക്ഷിക്കാതിരിക്കുകയും അതിനെക്കാൾ ഉത്തമമായത് പകരം നൽകാതിരിക്കുകയും ചെയ്യുന്നതല്ല’’ (അഹ്‌മദ്).
ഉമ്മുസലമ(റ) പറഞ്ഞു: “അങ്ങനെ ഞാൻ അത് അദ്ദേഹത്തിൽനിന്നും മനഃപാഠമാക്കി. അബൂസലമ വഫാതായപ്പോൾ ഞാൻ ഇസ്തിർജാഅ് (ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ എന്ന് പറയൽ) നടത്തി. തുടർന്ന് ഞാൻ പറഞ്ഞു: ‘അല്ലാഹുവേ, ഈ ആപത്തിൽനിന്ന് എനിക്ക് രക്ഷ നൽകുകയും ഇതിനെക്കാൾ ഉത്തമമായത് പകരം നൽകുകയും ചെയ്യണേ.’ പിന്നീട് ഞാൻ എന്റെ മനസ്സിനോട് പറഞ്ഞു: ‘അബൂസലമയെക്കാൾ ഉത്തമനെ എനിക്ക് എവിടെനിന്ന് ലഭിക്കും?’ അങ്ങനെ എന്റെ ദീക്ഷാകാലം കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ എന്നോട് (വീട്ടിലേക്ക്) അനുവാദം ചോദിച്ചു. ആ സമയത്ത് ഞാൻ കരഞ്ഞിരിക്കുകയാണ്. അപ്പോൾ ഞാൻ എന്റെ കൈ കഴുകി, അവിടുത്തേക്ക് അനുവാദം നൽകി. അങ്ങനെ ഒരു തലയണ അവിടുത്തേക്ക് വെച്ചുകൊടുത്തു. നബി ﷺ അതിൽ ഇരുന്നു. എന്നിട്ട് എന്നോട് വിവാഹാന്വേഷണം നടത്തി. സംസാരത്തിൽനിന്നും അവിടുന്ന് ഒഴിവായപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് അങ്ങയിൽ ആഗ്രഹിക്കാൻ ഒന്നുമില്ലല്ലോ. ഞാൻ കടുത്ത ദേഷ്യക്കാരിയാണ്. അതിനാൽ അതു കാരണത്താൽ അല്ലാഹു എന്നെ ശിക്ഷിക്കാൻ കാരണമാകുന്ന വല്ലതും എന്നിൽ അവിടുന്ന് കാണുന്നത് എനിക്ക് പേടിയാണ്. ഞാൻ വാർധക്യത്തിൽ പ്രവേശിച്ച ഒരുവളുമാകുന്നു. ഞാൻ മക്കളുള്ളവളുമാണ്.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ പറഞ്ഞ (നിങ്ങളുടെ) ദേഷ്യം അല്ലാഹു നിങ്ങളിൽനിന്നും പോക്കുന്നതാണ്. നിങ്ങൾ പറഞ്ഞ വാർധക്യത്തിന്റെ കാര്യം, അത് നിങ്ങളെ ബാധിച്ചതുപോലെ എനിക്കും ബാധിക്കുന്നതാണ്. നിങ്ങൾ പറഞ്ഞ മക്കളുടെ കാര്യം, നിങ്ങളുടെ മക്കൾ എന്റെയും മക്കളാകുന്നു.’ അവർ പറഞ്ഞു: ‘അപ്പോൾ ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ ന് കീഴൊതുങ്ങി.’ അങ്ങനെ അല്ലാഹുവിന്റെ റസൂൽ ﷺ അവരെ വിവാഹം ചെയ്തു. ഉമ്മുസലമ(റ) പറഞ്ഞു: ‘അങ്ങനെ അബൂസലമയെക്കാൾ ഉത്തമനായ അല്ലാഹുവിന്റെ റസൂലി ﷺ നെ അല്ലാഹു എനിക്ക് പകരം നൽകി’’ (അഹ്‌മദ്).
ഉമ്മുസലമ(റ)യെ നബി ﷺ വിവാഹം ചെയ്യാനുണ്ടായ സാഹചര്യവും കാരണവും ഇതിൽനിന്നുതന്നെ വ്യക്തമാണല്ലോ. നാല് കുട്ടികളുടെയും ആരാരും സംരക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയുടെയും സംരക്ഷണം മുന്നിൽ കണ്ടുകൊണ്ടാണ് നബി ﷺ ഉമ്മുസലമ(റ)യെ വിവാഹം ചെയ്യുന്നത്.
ബുദ്ധിമതിയായ മഹതിയായിരുന്നു ഉമ്മുസലമ(റ). ഹുദയ്ബിയ സന്ധി നടന്ന സന്ദർഭത്തിൽ ഒരു പ്രശ്‌നം മുസ്‌ലിംകൾക്കിടയിൽ ഉണ്ടായി. മദീനയിൽനിന്നും നബി ﷺ യും അനുചരന്മാരും ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പുറപ്പെട്ടു. മക്കയുടെ അതിർത്തിയിൽ എത്തിയപ്പോൾ മുശ്‌രിക്കുകൾ നബി ﷺ യുടെ വരവിനെക്കുറിച്ചുള്ള വിവരമറിഞ്ഞു. അങ്ങനെ നബി ﷺ യെയും അനുചരന്മാരെയും തടയാൻ ക്വുറയ്ശികൾ തീരുമാനിച്ചു. ഹുദയ്ബിയ എന്ന സ്ഥലത്തുവെച്ച് അവർ നബി ﷺ യെയും സ്വഹാബിമാരെയും തടഞ്ഞു. നബി ﷺ അവരോട് തങ്ങളുടെ യാത്രയുടെ ലക്ഷ്യം ഉംറയാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് ഉൾകൊള്ളാൻ തയ്യാറായില്ല. അവസാനം അവരുമായി ഒരു കരാർ എഴുതി തിരിച്ചുപോരേണ്ടി വന്നു. കരാർ എഴുതി മുസ്‌ലിംകൾ മദീനയിലേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോൾ പലർക്കും അത് വിഷമമുണ്ടാക്കി. നബി ﷺ ഓരോരുത്തരോടും ഇഹ്‌റാമിൽനിന്നും ഒഴിവാകുന്നതിന് വേണ്ടി ബലിയറുക്കാനും മുടികളയാനും നിർദേശിച്ചു. ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങുന്നതിൽ അവർക്ക് വല്ലാത്ത വിഷമം. അതിനാൽതന്നെ നബി ﷺ പറഞ്ഞതിനോട് അവർക്ക് വിയോജിപ്പുണ്ടായി. താൻ പറഞ്ഞത് കേൾക്കാത്തതിൽ അവിടുത്തേക്കും വലിയ വിഷമമുണ്ടായി. അങ്ങനെ നബി ﷺ തന്റെ കൂടാരത്തിലേക്ക് കയറി. അതിൽ മഹതി ഉമ്മുസലമ(റ) ഉണ്ടായിരുന്നു. മഹതിയോട് നബി ﷺ ഈ കാര്യങ്ങൾ വിവരിച്ചു. മഹതി നബി ﷺ ക്ക് ഒരു പരിഹാരമാർഗം പറഞ്ഞുകൊടുത്തു: ‘നബിയേ, നിങ്ങൾ ഇനി അവരോട് യാതൊന്നും സംസാരിക്കരുത്. നിങ്ങൾ ആദ്യമായി പരസ്യമായി ബലിയറുക്കുക. തുടർന്ന് അങ്ങയുടെ മുടി കളയുകയും ചെയ്യുക. അപ്പോൾ അവർ അങ്ങയെ അനുഗമിക്കുന്നതായിരിക്കും.’ നബി ﷺ അപ്രകാരം ചെയ്തു. ഇതു കണ്ട അനുചരന്മാർ നബിയെ പിന്തുടരുകയും ചെയ്തു.
നബി ﷺ യുടെ വഫാത്തിന് ശേഷം കൊല്ലങ്ങളോളം വിധവയായി മഹതി ജീവിച്ചു. പല പ്രശ്‌നങ്ങളിലും ധീരമായി ഇടപെടുകയും തന്റെതായ കർത്തവ്യം നിറവേറ്റുകയും ചെയ്തു. ഹിജ്‌റ 59, ദുൽക്വഅ്ദ മാസത്തിൽ മഹതി ലോകത്തോട് യാത്രയായി. അന്ന് മഹതിക്ക് 84 വയസ്സായിരുന്നു.