وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةًۭ لِّلنَّاسِ بَشِيرًۭا وَنَذِيرًۭا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٢٨﴾
34:28(നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും, താക്കീത് നല്‍കുന്നവനായും കൊണ്ട് മനുഷ്യരിലേക്കു ആകമാനമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 28-28
നബി മുഹമ്മദ് (ﷺ) തിരുമേനിയുടെ മുമ്പുള്ള പ്രവാചകന്‍മാരെല്ലാം, ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിലേക്കും, കാലത്തേക്കും നിയോഗിക്കപ്പെട്ടവരായിരുന്നു. മനുഷ്യ സമൂഹത്തിന്‍റെ അന്നത്തെ പരിതസ്ഥിതിയായിരുന്നു അതിനു കാരണം. ബുദ്ധിപരമായും, സാമൂഹ്യമായും, നാഗരീകമായും മനുഷ്യന്‍ വളര്‍ന്നുവരികയായിരുന്നു. ആവശ്യമായ പക്വതയും, പാകതയും അവരില്‍ സംജാതമായിത്തുടങ്ങിയ ഘട്ടത്തിലാണ് നബി(ﷺ) തിരുമേനി റസൂലായി നിയോഗിക്കപ്പെട്ടത്. ലോകാവസാനം വരെയുള്ള മനുഷ്യന്‍റെ വളര്‍ച്ചക്ക് അനുയോജ്യമായിക്കൊണ്ട് ലോകാവസാനംവരെ അവശേഷിക്കുന്ന ഒരു വേദഗ്രന്ഥവും അദ്ദേഹത്തിനു നല്‍കപ്പെട്ടു. എനി ഒരു റസൂലോ, പ്രവാചകനോ അയക്കപ്പെടേണ്ടുന്ന ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹം എല്ലാ മനുഷ്യസമുദായത്തിനും എല്ലാ കാലത്തേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
സജ്ജനങ്ങള്‍ക്കു സന്തോഷ വാര്‍ത്തയും, ദുര്‍ജ്ജനങ്ങള്‍ക്കു താക്കീതും നല്‍കുകയാണ് ഒരു റസൂലിനു മൊത്തത്തില്‍ നിര്‍വ്വഹിക്കേണ്ടതുള്ളത്. അതാണദ്ദേഹം ചെയ്യുന്നതും. അദ്ദേഹത്തിന്‍റെ പ്രബോധനം ഏതെങ്കിലും ഒരു വിഭാഗത്തിനോ, ജനതക്കോ മാത്രം ഉള്ളതല്ല. അദ്ദേഹത്തിന്‍റെ ദൗത്യം അറബികള്‍ക്കോ, മുസ്‌ലിംകള്‍ക്കോ മാത്രവുമല്ല. സൂ അഅ്റാഫ് 158ല്‍ അല്ലാഹു പറയുന്നു: ‘പറയുക: ‘ഹേ, മനുഷ്യരെ, ആകാശ ഭൂമികളുടെ രാജത്വം ഏതൊരുവനുള്ളതാണോ ആ അല്ലാഹു നിങ്ങളിലേക്കു മുഴുവനുമായി അയച്ച ദൂതനാണ് ഞാന്‍.’. (قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا : سورة الأعراف :١٥٨)(സൂ: അഹ്സാബ് 40-ആം വചനത്തിന്‍റെ വിവരണത്തില്‍ ഈ വിഷയകമായി പ്രസ്താവിച്ചിട്ടുള്ളതു ഓര്‍മ്മിക്കുക.)