73: പ്രവാചകന്റെ വിവാഹങ്ങള്‍ - ഹഫ്‌സ ബിൻത് ഉമർ (റ)

ഹഫ്‌സ ബിൻത് ഉമർ (റ)

നബി ﷺ നാലാമതായി വിവാഹം ചെയ്ത മഹതിയാണ് ഹഫ്‌സ(റ). അബൂബക്ർ(റ) കഴിഞ്ഞാൽ പിന്നീട് നബി ﷺ ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ മകളാണ് മഹതി. നബി ﷺ അവരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഖുനയ്‌സ് ഇബ്‌നു ഖുദാഫ(റ) അവരെ വിവാഹം ചെയ്തിരുന്നു. ഇസ്‌ലാമിന്റെ ആദ്യനാളുകളിൽ മുന്നണിപ്പോരാളിയായിരുന്നു ഖുനയ്‌സ്(റ). ഹഫ്‌സ(റ)ക്ക് പതിനെട്ടു വയസ്സ് പ്രായമുള്ളപ്പോൾ ഭർത്താവ് മരണപ്പെട്ടു.

ഖുനയ്‌സ് ഇബ്‌നു ഖുദാഫ(റ) അബിസീനിയയിലേക്കും മദീനയിലേക്കുമുള്ള ഹിജ്‌റയിൽ പങ്കെടുത്ത മഹാനാണ്. ബദ്ർ യുദ്ധത്തിലും ഉഹ്ദ് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തിൽ ഏറ്റ പരിക്കിന്റെ ഫലമായാണ് അദ്ദേഹം മരണപ്പെട്ടത്. ഇതേ സന്ദർഭത്തിൽ തന്നെയായിരുന്നു ഉസ്മാന്റെ(റ) ഭാര്യയും നബി ﷺ യുടെ പുത്രിയുമായ റുക്വിയ്യ(റ)യുടെ മരണവും. മകളുടെ ഭർത്താവ് മരണപ്പെട്ടതിൽ വിഷമിച്ചിരിക്കുകയായിരുന്നു ഉമർ(റ). യുവതിയായ മകൾ വിധവയായി. തന്റെ മകളെ ഇനി ആര് വിവാഹം ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുകയാണ് പിതാവ് ഉമർ(റ). ആ സന്ദർഭത്തിൽ ഉമർ(റ) മകൾ ഹഫ്‌സയെ ഉസ്മാൻ(റ)വിനോട് വിവാഹാന്വേഷണം നടത്തി. ഉസ്മാൻ(റ) അതിനു മുന്നോട്ടു വന്നില്ല. അബൂബക്‌റി(റ)നോടും അദ്ദേഹം വിവാഹാന്വേഷണം നടത്തി. അദ്ദേഹവും തയ്യാറായില്ല. അബൂബക്ർ(റ) അദ്ദേഹത്തെ ഇപ്രകാരം ആശ്വസിപ്പിച്ചു: ‘ഹഫ്‌സയെ ഉസ്മാനെക്കാൾ ഉത്തമനായ ഒരാൾ വിവാഹം ചെയ്യുന്നതാണ്. ഹഫ്‌സയെക്കാൾ ഉത്തമയായ ഒരാളെ ഉസ്മാനും വിവാഹം ചെയ്യുന്നതാണ്.’

അതെ, അബൂബക്ർ(റ) പറഞ്ഞതുപോലെതന്നെ നടന്നു. ഉസ്മാൻ(റ) നബി ﷺ യുടെ മറ്റൊരു മകളായ ഉമ്മുകുൽസൂമിനെയും നബി ﷺ ഹഫ്‌സ(റ)യെയും വിവാഹം ചെയ്തു. നബി ﷺ യുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തതിനാൽ ‘ദുന്നൂറയ്ൻ’ എന്ന അപരനാമത്തിലാണ് ഉസ്മാൻ(റ) അറിയപ്പെട്ടത്. ഉമ്മുകുൽസൂമും അൽപകാലശേഷം മരണപ്പെട്ടു. ഉസ്മാൻ(റ)വിനെ നബി ﷺ ആശ്വസിപ്പിച്ചു. എന്നിട്ട് ഇപ്രകാരം അവിടുന്ന് പറയുകയും ചെയ്തു: ‘ഉസ്മാൻ, താങ്കൾക്ക് വിവാഹം ചെയ്തുതരാൻ മറ്റൊരു മകൾ എനിക്കുണ്ടായിരുന്നെങ്കിൽ അവളെയും ഞാൻ താങ്കൾക്ക് വിവാഹം ചെയ്തു തരുമായിരുന്നു.’

ഹഫ്‌സ(റ)യെ വിവാഹം ചെയ്യുന്നതിനായി ഉമർ(റ) അബൂബക്‌റി(റ)നെ ആദ്യം സമീപിച്ചതായി പറഞ്ഞുവല്ലോ. എന്നാൽ അദ്ദേഹം അതിന് അനുമതി നൽകാത്തതിന്റെ കാരണം; നബി ﷺ ഹഫ്‌സ(റ)യെ വിവാഹം ചെയ്യുന്നതിനെ പറ്റി സംസാരിക്കുന്നത് അദ്ദേഹം കേട്ടിരുന്നു എന്നതാണ്. നബി ﷺ ഹഫ്‌സ(റ)യെ വിവാഹം ചെയ്യുന്നില്ലെങ്കിൽ അബൂബക്ർ(റ) അതിന് ഒരുക്കവുമായിരുന്നു എന്ന് ഉമറി(റ)നോട് പിന്നീട് അദ്ദേഹം തന്നെ പറയുകയും ചെയ്തിരുന്നു.

അങ്ങനെ ഇസ്‌ലാമിന് വേണ്ടി ആത്മാർപ്പണം ചെയ്ത ഖുനയ്‌സി(റ)നോടുള്ള കടപ്പാട് നിർവഹിക്കപ്പെടുകയും ഹഫ്‌സ(റ) വൈധവ്യത്തിൽനിന്ന് മോചിതയാവുകയും ചെയ്തു.

ഒരു ശഅ്ബാൻ മാസത്തിലായിരുന്നു നബി ﷺ യും ഹഫ്‌സ(റ)യും തമ്മിലുള്ള വിവാഹം നടന്നത്.അന്ന് നബി ﷺ ക്ക് നിലവിൽ രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ആഇശ(റ)യും പ്രായം ചെന്ന സൗദ(റ)യും. ആഇശ(റ)യും ഹഫ്‌സ(റ)യും യുവതികളായിരുന്നു. അതിനാൽതന്നെ അവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉമർ(റ) നേരത്തെ മനസ്സിലാക്കി. ആഇശയുമായി ഒരിക്കലും തർക്കത്തിന് പോകരുതെന്ന് എപ്പോഴും ഉമർ(റ) മകളെ ഉപദേശിക്കുമായിരുന്നു. ആഇശ (റ)ക്ക് നബി ﷺ യുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്.

ഒരിക്കൽ എല്ലാ ഭാര്യമാരും തമ്മിൽ നബി ﷺ യുടെ മുന്നിൽവെച്ച് ചെറിയ ഒരു പ്രശ്‌നമുണ്ടായി. എല്ലാവരും നബി ﷺ യുടെ മുന്നിൽ ഇരിക്കുന്നു. നബി ﷺ യിൽനിന്ന് വേണ്ടത്ര സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നതായിരുന്നു അവരുടെ പരാതി. കിടക്കാൻ വേണ്ടത്ര സൗകര്യമില്ല, ഭക്ഷണമില്ല... അങ്ങനെയുള്ള ഇല്ലായ്മയുടെ പരാതി. ഇപ്പോൾ ഉള്ളതിനെക്കാളും മെച്ചപ്പെട്ട സൗകര്യങ്ങൾ ഞങ്ങൾക്ക് ലഭിക്കണം എന്നതായിരുന്നു എല്ലാവരുടെയും ആവശ്യം. നബി ﷺ ക്ക് ഇത് വിഷമമായി. അങ്ങനെയിരിക്കെയാണ് അബൂബക്ർ, ഉമർ(റ) എന്നിവർ നബി ﷺ യുടെ സന്നിധിയിലേക്ക് വരുന്നത്. അബൂബക്‌റി(റ)ന്‌ വിവരമറിഞ്ഞപ്പോൾ ദേഷ്യം വന്നു. മകളായ ആഇശ(റ)യെ പിടിച്ച് അടിക്കാൻ ഒരുങ്ങി. ഉമറി(റ)ന് അതിലേറെ ദേഷ്യം. അദ്ദേഹം മകളായ ഹഫ്‌സ(റ)യെ അടിക്കാൻ ഒരുങ്ങി. നബി ﷺ ഇരുവരെയും പിന്തിരിപ്പിച്ചു. നബി ﷺ പറഞ്ഞു: ‘അവർ എന്നോട് കൂടുതൽ സൗകര്യങ്ങളാണല്ലോ ആവശ്യപ്പെടുന്നത്. അതാകട്ടെ എന്റെ പക്കൽ ഇല്ലതാനും.’ അബൂബക്‌റും(റ) ഉമറും(റ) കരഞ്ഞുകൊണ്ട് മക്കളെ ഗുണദോഷിച്ചു. ഇരുവരും നബി ﷺ യോട് പറഞ്ഞു: ‘നബിയേ, ഇവരെ എല്ലാവരെയും അങ്ങ് ഒഴിവാക്കൂ. ഇവരെക്കാളും സഹനവും ക്ഷമയുമുള്ള സ്ത്രീകളെ അല്ലാഹു നിങ്ങൾക്ക് നൽകുന്നതാണ്.’

ഈ വിഷയത്തിൽ ക്വുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ട കാര്യം നാം മുമ്പ് വിവരിച്ചിട്ടുണ്ട്. അവസാനം ഭാര്യമാർ തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്മാറുകയും നബി ﷺ യോട് മാപ്പ് ചോദിക്കുകയും ചെയ്തു.

നബി ﷺ ഹഫ്‌സ(റ)യോട് ഒരു രഹസ്യം പങ്കുവെച്ചു. അത് ഹഫ്‌സ(റ) മറ്റു ഭാര്യമാർക്കിടയിൽ പരസ്യമാക്കി. അതിന്റെ ഫലമായി ആഇശ(റ)യും ഹഫ്‌സ(റ)യും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായി. ഹഫ്‌സ(റ)യുടെ ഈ പ്രവൃത്തി കാരണത്താൽ നബി ﷺ അവരെ ത്വലാക്വ് ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. പക്ഷേ, പെെട്ടന്നുതന്നെ തിരിച്ചെടുക്കുകയും ചെയ്തു. ഹഫ്‌സ(റ)ക്ക് തന്നിൽനിന്നും ഉണ്ടായ വീഴ്ചയിൽ ഖേദം ഉണ്ടാകുകയും നബി ﷺ യോട് മാപ്പ് ചോദിക്കുകയും ചെയ്തു.

ധാരാളം സുന്നത്ത് നോമ്പുകൾ അനുഷ്ഠിച്ചിരുന്നു ഹഫ്‌സ(റ). അതിനാൽ മഹതി ‘സ്വവ്വാമ’ (കൂടുതൽ നോമ്പെടുക്കുന്നവൾ) എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി ചരിത്രത്തിൽ കാണാം. അതുപോലെ രാത്രി ധാരാളം സമയം നമസ്‌കാരത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. ഇസ്‌ലാമിക കാര്യങ്ങളെ സംബന്ധിച്ച് ഹഫ്‌സ(റ)ക്ക് വലിയ പാണ്ഡിത്യവും ഉണ്ടായിരുന്നു. സഹോദൻ അബ്ദുല്ലാഹ് ഇബ്‌നു ഉമർ(റ) പലപ്പോഴും മഹതിയോട് മതകാര്യങ്ങൾ ചോദിച്ചറിയുമായിരുന്നു.

നബി ﷺ യുടെ കാലശേഷം അബൂബക്‌റി(റ)ന്റെ ഭരണകാലത്ത് ചരിത്രപ്രസിദ്ധമായ ക്വുർആൻ ക്രോഡീകരണം നടന്നു. ആ മുസ്വഹഫിന്റെ പകർപ്പ് സൂക്ഷിക്കാനായി അബൂബക്ർ(റ) ഹഫ്‌സ(റ)യെയായിരുന്നു തെരഞ്ഞടുത്തിരുന്നത്. ഉസ്മാന്റെ(റ) ഭരണകാലത്ത് വിവിധ നാടുകളിലേക്ക് ക്വുർആനിന്റെ പകർപ്പ് അയക്കാനായി മഹതിയിൽനിന്ന് ആ ക്വുർആനിന്റെ പകർപ്പ് വാങ്ങുകയുണ്ടായി. അങ്ങനെ ഉസ്മാൻ(റ) അതിന്റെ പകർപ്പുകൾ എടുക്കുകയും വിവിധ നാടുകളിലേക്ക് അയക്കുകയും ചെയ്തു. വീണ്ടും ആ കോപ്പി ഉസ്മാൻ(റ) ഹഫ്‌സ(റ)യെ ഏൽപിക്കുകയും ചെയ്തു. പിന്നീട് മദീനാ ഗവർണറായിരുന്ന മർവാൻ ഹഫ്‌സ(റ)യോട് ആ കോപ്പി ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, മഹതി നൽകിയില്ല. മഹതിയുടെ മരണശേഷം സഹോദന്റെ പക്കൽനിന്നാണ് മർവാൻ അത് വാങ്ങിയതെന്നും പിന്നീട് അതിന് എന്താണ് സംഭവിച്ചതെന്നും അറിയാൻ സാധിച്ചിട്ടില്ല. അങ്ങനെ അത് നഷ്ടപ്പെടുകയാണ് ഉണ്ടായത്. പക്ഷേ, അപ്പോഴേക്കും മുസ്വ്ഹഫിന്റെ തനതായ ധാരാളം പകർപ്പുകൾ വ്യത്യസ്ത നാടുകളിലേക്ക് എത്തിക്കാൻ ഇസ്‌ലാമിക ഭരണാധികാരികൾക്ക് സാധിച്ചിട്ടുണ്ടായിരുന്നു.