71: പ്രവാചകന്റെ വിവാഹങ്ങള്‍ - സൗദ ബിൻത് സംഅമ (റ)

സൗദ ബിൻത് സംഅമ

ഉമ്മുൽ അസ്‌വദ് എന്നായിരുന്നു മഹതിയുടെ വിളിപ്പേര്. അസ്‌വദ് എന്നതിന് നേതൃത്വം എന്ന അർഥമാണ് വരുന്നത്. സൗദ(റ) ബനൂആമിർ ഗോത്രക്കാരിയായിരുന്നു. ബനൂനജ്ജാറും ബനൂആമിറും പരസ്പരം ബന്ധമുള്ളവരായിരുന്നു. നജ്ജാർ എന്നയാൾ മദീനയിലെ ഖസ്‌റജിന്റെ മക്കളിൽപെട്ടയാളായിരുന്നു. ബനൂനജ്ജാർ ഗോത്രത്തിൽനിന്നായിരുന്നു നബി ﷺയുടെ പിതാമഹൻ ഹാഷിം വിവാഹം ചെയ്തിരുന്നത്. നബി ﷺ മദീനയിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ സ്വീകരണം നൽകിയവരിലും ബനൂനജ്ജാറുകാർ ഉണ്ടായിരുന്നതായി നമുക്ക് കാണാം.

ഖദീജ(റ)യുടെ മരണശേഷം നബി ﷺ രണ്ടാമത് വിവാഹം ചെയ്തത് സൗദ(റ)യെയായിരുന്നു. സൗദ(റ) ചെറുപ്പക്കാരിയായിരുന്നില്ല. സക്‌റാൻ ഇബ്‌നു അംറ് എന്ന് പേരുള്ള ആളായിരുന്നു അവരുടെ ആദ്യത്തെ ഭർത്താവ്. സുഹൈൽ ഇബ്‌നു അംറിന്റെ സഹോദരനാണ് സക്‌റാൻ. ഹുദൈബിയ സന്ധിയിൽ ശത്രുഭാഗത്താണ് സുഹൈൽ(റ) ഉണ്ടായിരുന്നത്. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു.

സക്‌റാൻ(റ) ഇസ്‌ലാമിനെക്കുറിച്ച് കേട്ട ആദ്യനാളുകളിൽതന്നെ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിലേക്ക് ആദ്യമായി വന്നവർക്ക് ശത്രുക്കളിൽനിന്നും കൊടുംപീഡനങ്ങളായിരുന്നു അനുഭവിക്കേണ്ടിവന്നത്. ശത്രുക്കളുടെ മർദനം സഹിക്കവയ്യാതായപ്പോൾ മുസ്‌ലിംകൾ ആദ്യം എത്യോപ്യയിലേക്ക് ഹിജ്‌റ പോയിരുന്നല്ലോ. ആ ഹിജ്‌റയിൽ സൗദ(റ)യും ഭർത്താവ് സക്‌റാനും(റ) ഉണ്ടായിരുന്നു. അവിടെനിന്നും മക്കയിലേക്കു മടങ്ങവെ സക്‌റാൻ(റ) മരണപ്പെടുകയുണ്ടായി. സൗദ(റ) മദീനയിലേക്ക് ഹിജ്‌റ പോയവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു.

മതത്തിന്റെ പേരിൽ ഭർത്താവിന്റെ കൂടെ മക്കയിൽനിന്നും ഹിജ്‌റ പോയ സൗദ(റ) വിധവയായി. ആരും അവരെ സഹായിക്കാൻ ഇല്ലായിരുന്നു. കുടുംബത്തിന്റെയോ നാട്ടുകാരുടെയോ ഒന്നും പിന്തുണയില്ലാതെ അവർ നിരാലംബയായി. സക്‌റാനി(റ)ൽ അവർക്ക് മക്കളും ഉണ്ടായിരുന്നു. 55 വയസ്സ് പിന്നിട്ട സൗദ(റ)യെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ നബി ﷺ തന്നെ ഏറ്റെടുത്തു. ഖദീജ(റ)യുടെ വിയോഗത്തിന് ശേഷമുള്ള, നബി ﷺയുടെ ആദ്യവിവാഹം ഇതായിരുന്നു. പിന്നീട് മദീനയിൽ എത്തിയതിന് ശേഷമായിരുന്നു നബി ﷺയുടെ മറ്റു വിവാഹങ്ങൾ. അതിനിടക്ക് മൂന്നുകൊല്ലം നബി ﷺയുടെ കൂടെ ഒറ്റക്ക് ജീവിക്കാൻ അവർക്ക് അവസരം ലഭിച്ചു. സൗദ(റ)യുമായുള്ള വിവാഹം നടന്നശേഷം കൂടുതൽ താമസിയാതെ ആഇശ(റ)യുമായുള്ള നിക്കാഹ് നടന്നിരുന്നു. വീടുകൂടൽ നടന്നിരുന്നില്ല. ഏതാണ്ട് മൂന്നുകൊല്ലത്തിന് ശേഷമാണ് ആഇശ(റ)യെ നബി ﷺ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.

ഖദീജ(റ) മരണപ്പെട്ടപ്പോൾ മറ്റൊരു വിവാഹത്തെ സംബന്ധിച്ച് നബി ﷺയോട് സംസാരിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. അത്രയും വലിയ വേദനയാൽ അവിടുന്ന് കഴിയുന്ന കാലത്താണ് സൗദ(റ)യുമായുള്ള വിവാഹം നടക്കുന്നത്.

സക്‌റാൻ(റ) മരണപ്പെട്ടപ്പോൾ ഉസ്മാൻ ഇബ്‌നു മള്ഊനി(റ)ന്റെ ഭാര്യ ഖൗല(റ) നബി ﷺയെ സമീപിച്ച് വിവാഹസംബന്ധമായ കാര്യങ്ങൾ സംസാരിച്ചു. ഖദീജ(റ)ക്ക് ശേഷം ആ സ്ഥാനത്ത് വരാൻ യോഗ്യതയുള്ള ആരാണുള്ളത് എന്ന് നബി ﷺ അവരോട് തിരിച്ചു ചോദിച്ചു. കന്യകകളും വിധവകളുമായവരെ എനിക്കറിയാം, അങ്ങേക്ക് സമ്മതമുള്ളവരെ പറ്റി നമുക്ക് ആലോചിക്കാം എന്ന് അവർ മറുപടി നൽകി. നബി ﷺ ചോദിച്ചു: ‘കന്യകയെന്നതുകൊണ്ട് ആരെയാണ് നീ ഉദ്ദേശിക്കുന്നത്?’ ഖൗല(റ) പറഞ്ഞു: ‘അങ്ങ് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന അബൂബക്‌റിന്റെ മകൾ ആഇശയെ.’ നബി ﷺ മൗനം പാലിച്ചു. പിന്നിട് നബി ﷺ ചോദിച്ചു: ‘വിധവയായിട്ട് ആരെയാണ് നീ കണ്ടിട്ടുള്ളത്?’ ഖൗല(റ) പറഞ്ഞു: ‘ആരും വിശ്വസിക്കാതിരുന്ന കാലത്തും അങ്ങയെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്ത, ഇപ്പോൾ ഭർത്താവ് മരണപ്പെട്ട് വിധവയായ സൗദ ബിൻത് സംഅയയെ.’ നബി ﷺ അതിന് സമ്മതം നൽകി. അങ്ങനെ ഖൗല(റ) സൗദ(റ)യുടെ അരികിൽ ചെന്ന് ‘അല്ലാഹു നിങ്ങൾക്ക് എന്തൊരു അനുഗ്രമാണ് ചെയ്തിരിക്കുന്നത്’ എന്ന് പറഞ്ഞു. അവർ ചോദിച്ചു: ‘അത് എന്താണ്?’ ‘എന്നെ അല്ലാഹുവിന്റെ റസൂൽ ﷺ വിവാഹാലോചനയുമായി നിയോഗിച്ചതാണ്’ എന്ന് മറുപടി നൽകി. അവർക്ക് സന്തോഷമായി. മഹതി ഒരു ദാമ്പത്യജീവിതം ലഭിച്ചതിലല്ല സന്തോഷവതിയായത്. മറിച്ച്, പുണ്യനബിയുടെ ഭാര്യയാകാനും ലോകാവസാനം വരെയുള്ള വിശ്വാസികളുടെ മാതാവാകാനും സ്വർഗത്തിൽ നബി ﷺയുടെ കൂടെ കഴിയാനും സാധിക്കുക എന്ന മഹാഭാഗ്യം ലഭിക്കുന്നത് ഓർത്തുകൊണ്ടാണ് അവർ സന്തോഷിച്ചത്. പിന്നീട് പിതാവിനെ കാര്യം അറിയിച്ചു. പിതാവും സമ്മതിച്ചു. ശേഷം വിവാഹം നടക്കുകയും ചെയ്തു.

സൗദ(റ) അൽപം കടുത്ത പ്രകൃതക്കാരിയായിരുന്നു. പക്ഷേ, വളരെ പെട്ടന്നുതന്നെ ലോലപ്രകൃതിയിലേക്ക് മാറുകയും ചെയ്യുമായിരുന്നു എന്ന് ആഇശ(റ) പറയുന്നത് കാണാൻ സാധിക്കും. അവർ നബി ﷺയെ നന്നായി മാനിക്കുകയും ചെയ്യുമായിരുന്നു. ആഇശ(റ)ക്ക് അവരെ നല്ല ഇഷ്ടമായിരുന്നു.

നബി ﷺയുടെ കൂടെ എല്ലാ ഭാര്യമാരും ഹജ്ജ് ചെയ്തിരുന്നു. അതിനുശേഷം വീടുകളിൽ ഒതുങ്ങിക്കൂടാൻ അവിടുന്ന് അവരോട് കൽപിക്കുകയുണ്ടായി. ആ സമയത്ത് അവർ പറഞ്ഞു: ‘പ്രവാചകരുടെ വിയോഗത്തിനുശേഷം മറ്റൊരു വാഹനപ്പുറത്തും പുറപ്പെടുകയില്ല.’ ഈ വാക്ക് അവർ പാലിച്ചിരുന്നു എന്നത് സൗദ(റ)യുടെ മഹത്ത്വം പറയുന്ന കൂട്ടത്തിൽ ചരിത്രം രേഖപ്പെടുത്തിയത് കാണാം. അതുപോലെ ഹിജാബിന്റെ ആയത്തിറങ്ങിയതും മഹതിയുടെ കാര്യത്തിലായിരുന്നു എന്നും പറയപ്പെട്ടിട്ടുണ്ട്.

നബി ﷺയുടെ പെൺമക്കളെയെല്ലാം ഏറ്റവും ഉത്തമമായ രൂപത്തിൽ സൗദ(റ) വളർത്തി. അങ്ങനെ ഉത്തമ ഭാര്യയായി അവർ നബി ﷺയുടെകൂടെ ജീവിച്ചു. വൃദ്ധയായ സൗദ(റ) നബി ﷺയോട് ഇപ്രകാരം പറഞ്ഞു:

“അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ നിലനിർത്തണം. അല്ലാഹുവാണെ സത്യം, മറ്റു ഭാര്യമാരെക്കാൾ ഒരു താൽപര്യവും എനിക്കില്ല. പക്ഷേ, അന്ത്യനാളിൽ അല്ലാഹു എന്നെ അങ്ങയുടെ ഭാര്യയായി ഉയിർത്തെഴുന്നേൽപിക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’’ (അൽഇസ്വാബ).

പ്രായം അധികമായതിനാൽ സൗദ(റ) നബി ﷺയുടെ കൂടെയുള്ള കഴിയാനുള്ള ദിവസങ്ങൾ ചെറുപ്പക്കാരിയായ ആഇശ(റ)ക്ക് നൽകിയിരുന്നു.

നബി ﷺയുടെ വഫാത്തിന് ശേഷവും സൗദ(റ) ഏറെക്കാലം ജീവിച്ചിരുന്നു. ഉമറി(റ)ന്റെ ഭരണകാലത്തിന്റെ അവസാനത്തിലാണ് മഹതി മരണപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്.