34. سبإ (സബഅ്) ആയത്ത് 38-39

وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ﴿٣٨﴾

 وَالَّذِينَ يَسْعَوْنَ (കുഴപ്പത്തിനു) പരിശ്രമിക്കുന്നവര്‍ فِي آيَاتِنَا നമ്മുടെ ആയത്തുകളില്‍, ലക്ഷ്യങ്ങളില്‍ مُعَاجِزِينَ അസാധ്യരാക്കിക്കൊണ്ട്, പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായി أُولَـٰئِكَ അക്കൂട്ടര്‍ فِي الْعَذَابِ ശിക്ഷയില്‍ مُحْضَرُونَ ഹാജറാക്കപ്പെടുന്നവരാണ്.

34:38(നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ട് നമ്മുടെ "ആയത്തുകളി"ല്‍ (കുഴപ്പത്തിനു) പരിശ്രമിക്കുന്നവരാകട്ടെ, അക്കൂട്ടര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരാകുന്നു.

قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍۢ فَهُوَ يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ﴿٣٩﴾

قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബ് يَبْسُطُ الرِّزْقَ ഉപജീവനം വിശാലപ്പെടുത്തുന്നു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാരില്‍നിന്നു وَيَقْدِرُ കുടുസ്സാക്കുകയും ചെയ്യുന്നു لَهُ അവനു് وَمَا أَنفَقْتُم നിങ്ങള്‍ ചിലവ് ചെയ്യുന്നത് مِّن شَيْءٍ ഏതൊരു വസ്തുവെയും فَهُوَ എന്നാലവന്‍ يُخْلِفُهُ അതിനു പകരം നല്‍കുന്നു وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമനുമാണ്.

34:39പറയുക: "നിശ്ചയമായും എന്‍റെ റബ്ബ് തന്‍റെ അടിയാന്മാരില്‍നിന്നു താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം വിശാലപ്പെടുത്തികൊടുക്കുകയും, (താനുദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കികൊടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നതായാലും അവന്‍ നിങ്ങള്‍ക്ക് അതിനു പകരം തരുന്നതാണ്. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഉത്തമനുമത്രെ."

തഫ്സീർ : 38-39

പിഴച്ച ആദര്‍ശലക്ഷ്യങ്ങളുള്ളവരും, ഭൗതികതാല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നവരും അല്ലാഹുവിന്‍റെ ആയത്തുകളില്‍ ദൃഷ്ടാന്തങ്ങളും വേദവാക്യങ്ങളുമാകുന്ന ലക്ഷ്യങ്ങളില്‍ കുഴപ്പമുണ്ടാക്കുവാന്‍ ശ്രമിക്കുക പതിവാണ്. ചിലര്‍ അവയെ നിഷേധിക്കും, ചിലര്‍ അവഗണിച്ചുതള്ളും, മറ്റുചിലര്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തിയടയും. വേറെ ചിലര്‍ അതെല്ലാം ഇക്കാലത്തേക്കു പറ്റിയതല്ലെന്നു സമര്‍ത്ഥിക്കും. ഇങ്ങിനെ പലരും പലതും. അല്ലാഹുവിനു മനുഷ്യന്‍റെ ഗുണദോഷങ്ങളെപ്പറ്റി വേണ്ടത്ര അറിഞ്ഞുകൂടാ എന്നും. അവന്‍റെ ലക്ഷ്യങ്ങള്‍ വേണ്ടത്ര പ്രായോഗികമല്ല എന്നുമാണിവരുടെ നാട്യം. ഇങ്ങിനെയുള്ളവര്‍ക്കു ചുരുങ്ങിയ വാക്കില്‍ കനത്ത താക്കീതാണ് 38-ആം വചനവും, മുകളില്‍ വായിച്ച 5-ആം വചനവും നല്‍കുന്നത്.

മനുഷ്യരെല്ലാം അല്ലാഹുവിന്‍റെ അടിയാന്മാരാണ്. എല്ലാവര്‍ക്കും അവന്‍ ഉപജീവനം നല്‍കുകയും ചെയ്യും. وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا : سورة هود (ഭൂമിയിലുള്ള ഏതൊരു ജീവിയാകട്ടെ, അതിനു ഉപജീവനം നല്‍കുന്നതു അല്ലാഹുവിന്‍റെമേല്‍ ബാധ്യത ഇല്ലാത്തതില്ല.) പക്ഷെ, മുമ്പു പറഞ്ഞതുപോലെ, അവനുമാത്രം വിശദമായി അറിയാവുന്ന ചില യുക്തിരഹസ്യങ്ങളനുസരിച്ച് അവന്‍ ചിലര്‍ക്കു വിശാലമായും ചിലര്‍ക്കു ഇടുക്കമായും അതു വിതരണം ചെയ്യുന്നു. അതില്‍ വ്യത്യാസം വരുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. ദാവൂദ് (عليه السلام), സുലൈമാന്‍ (عليه السلام) മുതലായ നബിമാര്‍ക്കു അവന്‍ ധാരാളം സമ്പത്ത് നല്‍കി. ഈസാ നബി(عليه السلام), മുഹമ്മദുനബി() മുതലായ നബിമാര്‍ നിര്‍ദ്ധനന്‍മാരായിരുന്നു. നേരെമറിച്ചു ദുഷ്ടന്‍മാരായ ആളുകളിലും ധാരാളം ധനവാന്‍മാരെയും, ദരിദ്രന്‍മാരെയും കാണാം. അതാണ്‌ ഇതിനു കാരണം. അപ്പോള്‍ ധനവും, ദാരിദ്ര്യവും രണ്ടുംതന്നെ- ഓരോ പരീക്ഷണങ്ങളാണ്. وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً : سورة الأنبياء (തിന്മകൊണ്ടും, നന്മകൊണ്ടും നാം നിങ്ങളെ പരീക്ഷണം നടത്തുന്നതാണ്. ദാരിദ്ര്യത്തിലും, വിഷമത്തിലും ക്ഷമ കൈകൊള്ളണം. ധനത്തിലും സന്തോഷത്തിലും നന്ദി കൈകൊള്ളുകയും അവയെ സല്‍ക്കാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുകയും വേണം.

നല്ല മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്ന ധനം വാസ്തവത്തില്‍ നശിക്കുകയല്ല, വളരുകയാണ് ചെയ്യുന്നത്. അല്ലാഹു അതിനു കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കുന്നു. പരലോകത്തുവെച്ചു ലഭിക്കുന്ന പ്രതിഫലം ഏതു നിലക്കും മെച്ചപ്പെട്ടതുതന്നെ. ഇഹത്തില്‍വെച്ചും അല്ലാഹുവിന്‍റെ കാരുണ്യവും, സഹായവും ലഭിക്കുവാന്‍ അതു കാരണമാകുന്നു. കൂടാതെ, സഹജീവികളില്‍നിന്നുള്ള സ്നേഹാദരവുകള്‍, സഹായസഹകരണങ്ങള്‍, പ്രാര്‍ത്ഥന എന്നിവയും മനസ്സന്തോഷവും അതുമൂലം സിദ്ധിക്കുവാനുണ്ട്, പക്ഷേ, ചിലവഴിക്കുന്നതു അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചായിരിക്കേണ്ടതാണ്. ചിലവഴിച്ചതിന്‍റെ ഫലം ഭാവിയിലേക്കും അവശേഷിക്കുന്നു. ചിലവഴിക്കാത്ത ധനം ഉടമസ്ഥനെ വിട്ടുപിരിയുകയും, ചിലപ്പോള്‍ അവനുതന്നെ ആപത്തുണ്ടാക്കുകയും ചെയ്യും. ഒരിക്കല്‍ ഒരു ആട്ടിനെ അറുത്ത അവസരത്തില്‍ നബി() ചോദിച്ചു: എനി എന്തു ബാക്കിയുണ്ട്?’ ആയിശാ (رضي الله عنها) പറഞ്ഞു: അതിന്‍റെ കറകല്ലാതെ ഒന്നും ബാക്കിയില്ല.തിരുമേനി() പറഞ്ഞു: എല്ലാം ബാക്കിയുണ്ട് കറകൊഴിച്ച്.’ (ബു; മു). കറകു വീട്ടാവശ്യത്തിലും, ബാക്കിഭാഗം ധര്‍മ്മത്തിലും വിനിയോഗിച്ചിരുന്നതാണ് നബി() ഇങ്ങിനെ പറയുവാന്‍ കാരണം.

ആഹാരമാര്‍ഗ്ഗം എല്ലാവര്‍ക്കും ഒരേ അളവില്‍ നല്‍കാതിരുന്നതു ഈ ലോകവ്യവസ്ഥയുടെ ഒരാവശ്യമാണെന്നു സൂറത്തു-സുഖ്റൂഫു:32ല്‍ വെച്ചു നമുക്കു കാണാം. ان شاء الله