النَّبِيُّ പ്രവാചകന്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവനാണ് بِالْمُؤْمِنِينَ സത്യവിശ്വാസികളുമായി مِنْ أَنفُسِهِمْ അവരുടെ ദേഹങ്ങളെ (ആത്മാക്കളെ)ക്കാള്‍ وَأَزْوَاجُهُ അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ أُمَّهَاتُهُمْ അവരുടെ മാതാക്കളാണ്, ഉമ്മമാരാണ് وَأُولُو الْأَرْحَامِ രക്തബന്ധമുള്ളവര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവരാണ് بِبَعْضٍ ചിലരുമായി, ചിലരോടു فِي كِتَابِ اللَّـهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നുള്ള وَالْمُهَاجِرِينَ മുഹാജിറുകളില്‍നിന്നും إِلَّا أَن تَفْعَلُوا നിങ്ങള്‍ ചെയ്യുന്നതായാലല്ലാതെ إِلَىٰ أَوْلِيَائِكُم നിങ്ങളുടെ ബന്ധുമിത്രങ്ങളിലേക്കു مَّعْرُوفًا വല്ല സല്ക്കാര്യവും, സമുചിതമായതിനെ, സദാചാരമായതു كَانَ ذَٰلِكَ അതായിരിക്കുന്നു, ആകുന്നു فِي الْكِتَابِ വേദഗ്രന്ഥത്തില്‍ مَسْطُورًا രേഖപ്പെടുത്തപ്പെട്ടതു
33:6നബി [പ്രവാചകന്‍] സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ട ആളാകുന്നു; അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ അവരുടെ മാതാക്കളുമാണ്; സത്യവിശ്വാസികളില്‍നിന്നും, "മുഹാജിറു"കളില്‍നിന്നും (പരസ്പരം) രക്തബന്ധമുള്ളവര്‍ - അവരില്‍ ചിലര്‍ ചിലരോട് - അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ [നിയമമനുസരിച്ച്] കൂടുതല്‍ബന്ധപ്പെട്ടവരുമാണ്; നിങ്ങള്‍ നിങ്ങളുടെ ബന്ധുമിത്രങ്ങള്‍ക്കു സമുചിതമായ വല്ലതും ചെയ്തുകൊടുക്കുന്നതായാലൊഴികെ [അതിനു തടസ്സമില്ല.] ഇപ്പറഞ്ഞത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായിരിക്കുന്നു. [സ്ഥിരപ്പെട്ട നിയമമാണ്.]
തഫ്സീർ : 6-6
വളരെ പ്രധാനങ്ങളായ നാലഞ്ചു കാര്യങ്ങള്‍ അല്ലാഹു ഈ ആയത്തു മുഖേന വിവരിക്കുന്നു:-
1). സത്യവിശ്വാസികളെസംബന്ധിച്ചിടത്തോളം നബി(ﷺ) അവരോടു തങ്ങളെക്കാളും – മറ്റാരെക്കാളും – കൂടുതല്‍ ബന്ധപ്പെട്ട ആളാകുന്നു. (النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ) വളരെ കനത്ത ഒരു യാഥാര്‍ത്ഥ്യമാണ് അല്ലാഹു ഇതു മുഖേന ചൂണ്ടിക്കാട്ടുന്നത്. ഏതെല്ലാം വിഷയത്തിലാണ് ഈ ബന്ധം ഉള്‍ക്കൊള്ളുന്നതെന്നൊരു പരിധി നിശ്ചയിച്ചിട്ടില്ല. അതിനാവശ്യവുമില്ല. ഐഹികവും, പാരത്രികവും, മതപരവുമായ എല്ലാ തുറകളിലും അവിടുന്ന് സത്യവിശ്വാസികളുടെ മാതൃകയും, വഴികാട്ടിയും, ഗുണകാക്ഷിയുമാണ്, ഓരോരുത്തനും തന്‍റെ ദേഹത്തെക്കള്‍ തിരുമേനിയെ മാനിക്കണം, സ്നേഹിക്കണം, അവിടുത്തെ ആവശ്യത്തിനും തീരുമാനത്തിന്നും പ്രാധാന്യം നല്‍കണം, അവിടുത്തെ ദേഹത്തിനും, മാനത്തിനും മുന്‍ഗണന നല്‍കണം, അവിടുത്തെ കല്പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിച്ചുകൂടാ, ഇതെല്ലാം അതിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പ്പെടുന്നു. സഹാബികളുടെ ചര്യകള്‍ ഇതിനു സാക്ഷ്യവും വഹിക്കുന്നു. മനുഷ്യന്‍റെ ഐഹികവും, പാരത്രികവുമായ നന്മതിന്‍മകളെ ഒന്നൊഴിയാതെ വിവരിച്ചുതരുന്നതും, അങ്ങേഅറ്റത്തെ വാല്‍സല്യത്തോടും കൃപയോടുംകൂടി ശാശ്വതമോക്ഷത്തിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതും, കാലാകാല ശിക്ഷയില്‍ നിന്നു വിമുക്തരാകുന്നതിനുള്ള താക്കീതുകള്‍ കാലേക്കൂട്ടി നല്‍കുന്നതും അല്ലാഹുവിന്‍റെ റസൂലായ തിരുമേനി(ﷺ)യല്ലാതെ മറ്റാരാണ്?! സത്യവിശ്വാസികള്‍ക്കു നബി(ﷺ) തിരുമേനിയോടുള്ള കടപ്പാടെന്താണെന്നും, തിരുമേനി (ﷺ) സത്യവിശ്വാസികളുമായി എത്രമാത്രം ബന്ധപ്പെട്ട ആളാണെന്നും മനസ്സിലാക്കുന്നതിനു ഖുര്‍ആനില്‍ ധാരാളം തെളിവുകള്‍ കാണാം. വിശേഷിച്ചും ഈ സൂറത്തിലെ പല വചനങ്ങളും പ്രത്യേകം ശ്രദ്ധേയമാകുന്നു. ധാരാളം ഹദീസുകളും ഈ വിഷയകമായി ഉദ്ധരിക്കുവാനുണ്ട്. ഉദാഹരണത്തിനു മാത്രം ചിലതു ഇവിടെ സ്മരിക്കുക:
നബി (ﷺ) പറയുന്നു: ‘എന്‍റെ ദേഹം യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്‍റെ ദേഹത്തെക്കാളും അവന്‍റെ ധനത്തെക്കാളും, സന്താനങ്ങളെക്കാളും, എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍ ഞാനായിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയാകുകയില്ല.’ ഉമര്‍ (رضي الله عنه) ഒരിക്കല്‍ തിരുമേനി (ﷺ)യോടു പറഞ്ഞു: ‘എന്‍റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ തിരുമേനി (ﷺ) പറഞ്ഞു: ‘ഇല്ല ഉമറേ – തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കാതെ ഒക്കുകയില്ല.’ അദ്ദേഹത്തിനു കാര്യത്തിന്‍റെ ഗൗരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ! അല്ലാഹു തന്നെയാണ! നിശ്ചയമായും അങ്ങുന്ന് എല്ലാവരെക്കാളും അധികം എനിക്കു ഇഷ്ടപ്പെട്ടവനാകുന്നു – എന്‍റെ സ്വന്തം ദേഹത്തെക്കാള്‍പോലും!’ തിരുമേനി (ﷺ) പറഞ്ഞു: الآن ياعمر (ഇപ്പോള്‍ ശരി – ഉമറേ). നബി (ﷺ) ഒരിക്കല്‍ ഇപ്രകാരം പ്രസ്താവിച്ചതായി അബുഹുറൈറ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും, പരത്തിലും ഞാനവനോടു മനുഷ്യരില്‍വെച്ച് ഏറ്റവും ബന്ധപ്പെട്ടവനല്ലാതില്ല. വേണമെങ്കില്‍ (ഇതിനു തെളിവായി) النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ (നബി സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ടവനാകുന്നു) എന്ന ആയത്തു ഓതിക്കൊള്ളുക ആകയാല്‍, ഏതെങ്കിലും ഒരു സത്യവിശ്വാസി വല്ല ധനവും വിട്ട് (മരിച്ചു) പോകുന്നപക്ഷം, അവന്‍റെ അവകാശികള്‍ ആരായാലും ശരി അതവര്‍ അനന്തരമെടുത്തുകൊള്ളട്ടെ. ആരെങ്കിലും കടമോ അഗതികളെ (സന്താനങ്ങള്‍ മുതലായ പ്രാരബ്ധങ്ങളെ)യോ വിട്ടുപോകുന്നപക്ഷം എന്‍റെ അടുക്കല്‍ വരട്ടെ. ഞാനവന്‍റെ മൗലാ (ബന്ധു)യാകുന്നു.’ മറ്റൊരു നിവേദനത്തിലെ വാചകം: ‘സത്യവിശ്വാസികളില്‍ ആരെങ്കിലും മരിക്കുകയും കടം ബാക്കി വെക്കുകയും ചെയ്യുന്നതായാല്‍, അതു വീട്ടുന്നതു എന്‍റെ ബാധ്യതയാണ്. ധനം വിട്ടുപോയാല്‍ അതവന്‍റെ അവകാശികള്‍ക്കുമാകുന്നു.’ എന്നാണ്. ഇസ്‌ലാമിനു വിജയങ്ങള്‍ കൈവരികയും ‘ഗനീമത്തു’ സ്വത്തുക്കള്‍ ലഭിച്ചുകൊണ്ടിരിക്കയും ചെയ്ത അവസരത്തിലാണ് തിരുമേനി(ﷺ) ഈ പ്രഖ്യാപനം ചെയ്തത്. (ഈ ഹദീസുകളെല്ലാം തന്നെ ബുഖാരിയിലും മറ്റും കാണാം.).
2). നബി (ﷺ) തിരുമേനിയുടെ പത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാകുന്നു. (وَأَزْوَاجُهُ أُمَّهَاتُهُمْ) അഥവാ, മാതാക്കളെപ്പോലെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. തിരുമേനിക്കുശേഷം അവരെ ആര്‍ക്കും വിവാഹം ചെയ്‌വാനും പാടുള്ളതല്ല. പക്ഷെ, പര്‍ദ്ദ ആചരിക്കുന്നതില്‍ അവര്‍ മറ്റുള്ള സ്ത്രീകളെപ്പോലെത്തന്നെ. 53-ആം വചനം നോക്കുക. നബി (ﷺ)യുടെ ഭാര്യമാരെ സംബന്ധിച്ച പല വിഷയങ്ങളും ഈ സൂറത്തില്‍ താഴെ കാണാവുന്നതാണ്.
3). രക്തച്ചാര്‍ച്ചയുള്ള കുടുംബങ്ങള്‍ തമ്മിലാണ് കൂടുതല്‍ ബന്ധമുള്ളത്. മദീനാ ഹിജ്റയെത്തുടര്‍ന്ന്‍ മക്കായില്‍ നിന്നു ഹിജ്റ വന്ന സഹാബികളും, മദീനായിലെ ‘അന്‍സാരി’കളാകുന്ന സഹാബികളും തമ്മില്‍ ഒരു പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കപ്പെട്ടിരുന്നുവല്ലോ. ഹിജ്റയുടെയും, മതസാഹോദര്യത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അത്. ഇസ്‌ലാമിലെ അനന്തരാവകാശനിയമം അന്നു നടപ്പാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. പ്രസ്തുതബന്ധം അനുസരിച്ച് മുഹാജിറുകള്‍ക്കു അന്‍സാരികളുടെ സ്വത്തില്‍ അനന്തരാവകാശംപോലും നല്‍കപ്പെട്ടിരുന്നു. وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ (രക്തബന്ധമുള്ളവര്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടവരാണ്) എന്ന വാക്യം ഇത്തരത്തിലുള്ള അനന്തരാവകാശ സമ്പ്രദായത്തെ നിറുത്തലാക്കുകയും സ്വത്തവകാശത്തിനുള്ള അര്‍ഹത കുടുംബബന്ധമാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. فِي كِتَابِ اللَّـهِ (അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ – അഥവാ നിയമപ്രകാരം) എന്ന വാക്കു ഈ നിയമത്തിനു സ്ഥിരത നല്‍കുകയും ചെയ്യുന്നു. مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ (സത്യവിശാസികളില്‍ നിന്നും മുഹാജിറുകളില്‍ നിന്നും – അഥവാ മതവിഷയത്തില്‍ സ്വരാജ്യം ത്യജിച്ചു അഭയാര്‍ത്ഥികളായി വന്നവരില്‍ നിന്നും -) എന്നു പറഞ്ഞതു ശ്രദ്ധേയമാണ്. ഹിജ്റയുടെയോ മതത്തിന്‍റെയോ പേരിലുള്ള മൈത്രീബന്ധം നിമിത്തം ഇനിമേലില്‍ സ്വത്തവകാശമില്ലെന്ന സൂചന ഇതില്‍ കാണാം. ഒരു മുസ്‌ലിമിന്‍റെ സ്വത്തവകാശം ലഭിക്കുന്നതിനു അയാളുമായുള്ള കുടുംബബന്ധത്തിനുപുറമെ മതവിശ്വാസത്തിലും യോജിക്കേണ്ടതുണ്ടെന്നും ഈ വാക്കില്‍ നിന്നു ധ്വനിക്കുന്നു. ഇതു ഒരു ഹദീസില്‍ നബി(ﷺ) ഇങ്ങിനെ വ്യക്തമാക്കിയിട്ടുമുണ്ട്. لا يرث المسلم الكافر ولا الكافر المسلم – متفق عليه (മുസ്‌ലിം കാഫിറിനെയും – അവിശ്വാസിയെയും – കാഫിര്‍ മുസ്‌ലിമിനെയും അനന്തരമെടുക്കുകയില്ല.- (ബു; മു).
4). രക്തബന്ധമില്ലാത്ത ബന്ധുക്കള്‍ക്കു – അവര്‍ സത്യവിശ്വാസികളോ, മുഹാജിറുകളോ, മറ്റുതരത്തില്‍ മൈത്രിയുള്ളവരോ എന്ന നിലക്കു – ഒസിയ്യത്തായോ മറ്റു വിധത്തിലോ വല്ല ഉപകാരവും ചെയ്യുന്നതിനു ഈ നിയമം ഒരിക്കലും തടസ്സമാകുന്നില്ല (إِلَّا أَن تَفْعَلُوا إِلَىٰ أَوْلِيَائِكُم مَّعْرُوفًا) അനന്തരാവകാശികളെന്ന നിലക്കു നിയമപരമായ അവകാശമൊന്നും അവര്‍ക്കില്ലെന്നു മാത്രം. നിയമപരമായി സ്വത്തവകാശത്തിനു അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കു ഒസിയ്യത്തിന്‍റെ ആവശ്യം സാധാരണമായി നേരിടുന്നില്ല. അതുകൊണ്ട് ഹദീസില്‍ അതു വിരോധിക്കപ്പെട്ടിട്ടുമുണ്ട്. എനി വല്ല പ്രത്യേക പരിതസ്ഥിതിയിലും അവകാശികളില്‍ ചിലര്‍ക്കു പ്രത്യേകം ഒസിയ്യത്തു ചെയ്യേണ്ടതുണ്ടെങ്കില്‍ അതു മറ്റുള്ള അവകാശികളുടെ അനുമതിയോടുകൂടി ചെയ്യാവുന്നതുമാണ്.
5). ഇതു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട നിയമമാകുന്നു. (كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا) അപ്പോള്‍ വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ഈ നിയമത്തില്‍ ഒരു ഭേദഗതിയും ഒരിക്കലും വരുത്തുവാന്‍ നിവൃത്തിയില്ല; ഖണ്ഡിതമായ നിയമമാണത്. ‘മരുമക്കത്തായ’ക്കാരും, സാക്ഷാല്‍ സ്വത്തിനവകാശികളായ ആളുകള്‍ക്കു – മുഴുവനായോ ഭാഗികമായോ – സ്വത്തു ലഭിക്കാതിരിക്കാന്‍ കൃത്രിമ രേഖകളോ കൈമാറ്റലുകളോ നടത്തുന്നവരും അല്ലാഹുവിന്‍റെ ഈ നിയമത്തെ പ്രത്യക്ഷത്തില്‍ ലംഘിക്കുകയാണു ചെയ്യുന്നത്. ഇത്രയും ഊന്നിപ്പറഞ്ഞ ഈ നിയമം പുറംതള്ളുന്നവര്‍ അവന്‍റെ കടുത്ത ശിക്ഷക്കു തികച്ചും അര്‍ഹരായിരിക്കുകതന്നെ ചെയ്യും. അല്ലാഹു രക്ഷിക്കട്ടെ. ആമീന്‍.