32. السجدة (അസ്സജദഃ) ആയത്ത് 13

وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ﴿١٣﴾

 وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَآتَيْنَا നാം നല്‍കുമായിരുന്നു كُلَّ نَفْسٍ എല്ലാ ദേഹത്തിനും, ആള്‍ക്കും, ആത്മാവിനും هُدَاهَا അതിന്റെ നേര്‍മ്മാര്‍ഗ്ഗം وَلَـٰكِنْ പക്ഷേ, എങ്കിലും حَقَّ സ്ഥിരപ്പെട്ടു, യഥാര്‍ത്ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം مِنِّي എന്റെ പക്കല്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും ഞാന്‍ നിറക്കും (എന്നു) جَهَنَّمَ നരകത്തെ مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നും, ജിന്നുകളാലും وَالنَّاسِ മനുഷ്യരില്‍ നിന്നും أَجْمَعِينَ എല്ലാം തന്നെ

32:13നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഓരോ ദേഹത്തിനും [ആള്‍ക്കും] അതിന്റെ നേര്‍മ്മാര്‍ഗ്ഗം നാം നല്‍കുമായിരുന്നു. പക്ഷെ, എന്നില്‍ നിന്ന് വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു: "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നുമെല്ലാം നരകത്തെ നിശ്ചയമായും ഞാന്‍ നിറക്കുന്നതാണ്" എന്ന് .

തഫ്സീർ : 13-13

അതായത്, ഒരാള്‍പോലും ദുര്‍മ്മാര്‍ഗ്ഗത്തില്‍ അകപ്പെടാതെ, എല്ലാവരും സന്മാര്‍ഗ്ഗികള്‍ മാത്രം ആയേ തീരൂ എന്ന്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ കാര്യം അങ്ങിനെത്തന്നെ

സംഭവിക്കുമായിരുന്നു. പക്ഷേ, അവന്റെ നിശ്ചയം അതല്ല. ജിന്നുവര്‍ഗ്ഗത്തിനും, മനുഷ്യവര്‍ഗ്ഗത്തിനും ആവശ്യമായ മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കുകയും, അവരവരുടെ ഹിതമനുസരിച്ചു നല്ലതും തീയതും തിരഞ്ഞെടുക്കുവാന്‍ വേണ്ടുന്ന അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ, ദുര്‍മ്മാര്‍ഗ്ഗികളെ നരകത്തിലിട്ടു ശിക്ഷിക്കുമെന്ന താക്കീതും നല്‍കിയിട്ടുണ്ട്. ആ നിശ്ചയത്തിനു ഇനി മാറ്റമില്ലെന്നു സാരം. (സൂ: ശൂറാ 8-വചനത്തിന്റെ വിവരണത്തില്‍ കൂടുതല്‍ വിവരം വരുന്നതാണ്. ان شاء الله )

മനുഷ്യപിതാവായ ആദം (عليه السلام) നബിക്കു സുജൂദുചെയവാനുള്ള അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിച്ചതിനെത്തുടര്‍ന്ന്‍ പിശാച് അല്ലാഹുവിന്റെ ശാപത്തിനു വിധേയനായി. ഈ അവസരത്തില്‍ ഖേദിച്ചുമടങ്ങുന്നതിനുപകരം, ആദമിന്റെ സന്താനങ്ങളെ തന്നെക്കൊണ്ടു കഴിയുന്നവണ്ണം താന്‍ വഞ്ചിക്കുമെന്നു ശപഥം ചെയ്യുകയാണ് പിശാചു ചെയ്തത്. ഈ അവസരത്തില്‍ അല്ലാഹു അവനെ അഭിമുഖീകരിച്ചു ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ص : 85 – لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ (നിന്നെക്കൊണ്ടും അവരില്‍നിന്നു നിന്നെ പിന്‍പറ്റിയവരെക്കൊണ്ടുമെല്ലാം നിശ്ചയമായും നാം നരകത്തെ നിറക്കുന്നതാണ്.) ഈ നിശ്ചയത്തെക്കുറിച്ചാണ് അല്ലാഹു ഇവിടെയും പ്രസ്താവിക്കുന്നത്. കുറ്റവാളികളുടെ അപേക്ഷ ഗൗനിക്കപ്പെടാതിരിക്കുവാനുള്ള കാരണം വിവരിച്ചശേഷം, അവര്‍ക്കു നല്‍കുന്ന മറുപടി എന്തായിരിക്കുമെന്നു അല്ലാഹു അടുത്ത വചനത്തില്‍ ഉദ്ധരിക്കുന്നു: