32. السجدة (അസ്സജദഃ) ആയത്ത് 15-16

إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًۭا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩﴿١٥﴾

إِنَّمَا يُؤْمِنُ നിശ്ചയമായും വിശ്വസിക്കുന്നുള്ളൂ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ الَّذِينَ യാതൊരു കൂട്ടര്‍ (മാത്രം) إِذَا ذُكِّرُوا അവര്‍ക്ക് ഉല്‍ബോധനം (ഉപദേശം) ചെയ്യപ്പെട്ടാല്‍ بِهَا അവമുഖേന, അവകൊണ്ടു خَرُّوا അവര്‍ നിലംപതിക്കും, വീഴും سُجَّدًا സുജൂദു ചെയ്യുന്നവരായിട്ടു وَسَبَّحُوا അവര്‍ "തസ്ബീഹു" ചെയ്യുകയും ചെയ്യും بِحَمْدِ സ്തുതിച്ചുകൊണ്ടു رَبِّهِمْ തങ്ങളുടെ റബ്ബിനെ وَهُمْ അവരാകട്ടെ لَا يَسْتَكْبِرُونَ ഗര്‍വ്വ് (അഹംഭാവം) നടിക്കയുമില്ല

32:15നിശ്ചയമായും നമ്മുടെ "ആയത്തു" കളില്‍ യാതൊരു കൂട്ടര്‍ മാത്രമേ വിശ്വസിക്കുന്നുള്ളു: അവര്‍ക്ക് അവ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗ നമസ്‌കാരം] ചെയ്യുന്നവരായി നിലംപതിക്കുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യുകയും ചെയ്യുന്നതാണ്; അവരാകട്ടെ, ഗര്‍വ്വ് നടിക്കുകയുമില്ല.

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًۭا وَطَمَعًۭا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿١٦﴾

 تَتَجَافَىٰ അകന്നുപോകും جُنُوبُهُمْ അവരുടെ പാര്‍ശ്വങ്ങള്‍ عَنِ الْمَضَاجِعِ കിടപ്പുസ്ഥാനങ്ങളില്‍ നിന്നു يَدْعُونَ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു رَبَّهُمْ തങ്ങളുടെ രക്ഷിതാവിനെ خَوْفًا പേടിയാല്‍, ഭയന്ന്‍ وَطَمَعًا ആശയാലും, ആഗ്രഹിച്ചും وَمِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും

32:16തങ്ങളുടെ രക്ഷിതാവിനോട് - ഭയവും ആശയും നിമിത്തം - പ്രാര്‍ത്ഥന ചെയ്തുകൊണ്ട് അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പുസ്ഥാനങ്ങളില്‍ [വിരുപ്പുകളില്‍] നിന്നു അകന്നുപോകുന്നതാണ്; നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന്‍ അവര്‍ ചിലവഴിക്കുകയും ചെയ്യും. (ഇങ്ങിനെയുള്ളവരേ വിശ്വസിക്കുന്നുള്ളു.)

തഫ്സീർ : 15-16

ആയത്ത്’ (آية) എന്ന വാക്കിന്റെ ബഹുവചനമാണ് ആയാത്ത്’ (ايات) ‘ദൃഷ്ടാന്തം, ലക്ഷ്യം, അടയാളം, വേദവാക്യം, സൂക്തംഎന്നീ ഉദ്ദേശ്യങ്ങളിലെല്ലാം ഈ വാക്കുകള്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ക്കു ആയത്തുകള്‍ എന്നു പറയപ്പെടുന്നതിന്റെ താല്‍പര്യം ഇതില്‍നിന്നു മനസ്സിലാക്കാം. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക, അവന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്യുക, അവനു ആരാധനാകര്‍മ്മങ്ങള്‍ നടത്തുക എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വാക്കാണ്‌ تسـبـيـح (തസ്ബീഹ്).

അല്ലാഹുവിന്റെ ആയത്തുകളില്‍ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങളായി ഇവിടെ എടുത്തു പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും നാം പ്രത്യേകം മനസ്സിരുത്തേണ്ടതും, പ്രവര്‍ത്തനത്തില്‍ വരുത്തേണ്ടതുമാകുന്നു. അല്ലാഹു സഹായിക്കട്ടെ. ആമീന്‍. അവയെ എങ്ങനെ സംഗ്രഹിക്കാം: 1-മത്തെ ഗുണം; അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന അഥവാ ദൃഷ്ടാന്തങ്ങള്‍ മുഖേനയോ ഖുര്‍ആന്‍ വചനങ്ങള്‍ മുഖേനയോ ഉപദേശം നല്‍കപ്പെട്ടാല്‍ സശ്രദ്ധം അതു കേള്‍ക്കുകയും, ഭക്തിബഹുമാനത്തോടു കൂടി അത് അനുസരിക്കുകയും, വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും അതു അനുഷ്ടിക്കുകയും ചെയ്യുക. (സൂ: മര്‍യം 58 ന്റെയും, സൂ: ഫുര്‍ഖാന്‍ 73 ന്റെയും അര്‍ത്ഥ വിവരണങ്ങള്‍ ഓര്‍ക്കുക.) 2-മത്തേതു: അവന്‍ ഗര്‍വ്വ് നടിക്കുകയില്ല എന്നുള്ളതാകുന്നു. സത്യത്തോടും ഉപദേശത്തോടും ആദരവ്, വാക്കിലും പെരുമാറ്റത്തിലും വിനയം, ഇതാണവരുടെ സ്വഭാവം. ആകയാല്‍, ധിക്കാരം, മര്‍ക്കടമുഷ്ടി, കുതര്‍ക്കം, ദുര്‍വ്യാഖ്യാനം, പൊങ്ങച്ചം, സത്യത്തോടും ന്യായത്തോടും അവഗണന, ഇത്യാദി ദോഷങ്ങളൊന്നും അവരെ തീണ്ടുകയില്ല. (സൂ: ലുഖ്‌മാന്‍ 7-ആം വചനം, സൂ: ഹജ്ജ് 8,9 എന്നീ വചനങ്ങളും വിവരണവും ഓര്‍ക്കുക.)

3 -ാമത്തെ ഗുണം: അവര്‍ രാത്രി സമയത്തു സാധാരണ ആളുകളെപ്പോലെ നിദ്രയില്‍ മുഴുകി സമയം കഴിക്കുകയില്ല. നമസ്‌കാരം, ദിക്ര്‍ (ധ്യാനം), തസ്ബീഹ് (കീര്‍ത്തനം), ദുആ (പ്രാര്‍ത്ഥന) ആദിയായവയില്‍ വ്യാപൃതരാകുന്നതുകൊണ്ട് രാത്രി അധിക സമയം അവര്‍ ശയന സ്ഥാനത്തെ വിട്ടുകൊണ്ടാണ് കഴിച്ചുകൂട്ടുക. സൂ: ദാരിയാത്ത് 17 ല്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ‘അവര്‍ രാത്രി ഉറങ്ങുക കുറവാണ്, (പാതിരക്കുശേഷം) അത്താഴവേളകളില്‍ അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കയും ചെയ്യും’. (كَانُوا قَلِيلًاالى يَسْتَغْفِرُونَ ) സ്വസ്ഥത, മനസ്സാന്നിദ്ധ്യം, ജോലിത്തിരക്കില്ലായ്മ, പ്രാര്‍ത്ഥനകളും സല്ക്കര്‍മ്മങ്ങളും കൂടുതല്‍ ഫലപ്രദമാകുക എന്നിങ്ങിനെ പല നിലക്കും മെച്ചപ്പെട്ടതാണ് രാത്രി സമയം. വിശേഷിച്ചും രാത്രിയുടെ അവസാനഭാഗം. 4- മത്തേതു: ഭയപ്പാടും, ആശയും കലര്‍ന്നുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥനകളും ആരാധനകളും നടത്തുന്നത്. തങ്ങളുടെ പാപങ്ങള്‍ നിമിത്തം തങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷക്കും, ശാപകോപങ്ങള്‍ക്കും പാത്രമായേക്കുമോ? തങ്ങളുടെ പ്രാര്‍ത്ഥനാകര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാതെ വന്നേക്കുമോ? തങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതിരുന്നേക്കുമോ? ഇതൊക്കെയാണവരുടെ ഭയം. സല്ക്കര്‍മ്മങ്ങള്‍ക്കും, സജ്ജനങ്ങള്‍ക്കും അല്ലാഹു നല്‍കുന്ന മഹത്തായ വാഗ്ദാനഫലങ്ങള്‍, അവന്റെ അതിവിശാലമായ കാരുണ്യം, പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെട്ടേക്കുമെന്ന പ്രതീക്ഷ, ഇതെല്ലാം അവര്‍ക്കു ആശയും ആവേശവും നല്‍കിക്കൊണ്ടുമിരിക്കും. ഭയവും ആശയും ഒരേ സമയത്തുണ്ടായിരിക്കുവാന്‍ കാരണമെന്തെന്നാല്‍, അല്ലാഹു പറയുന്നു:

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُالحجر: 49، 50

(എന്റെ അടിയാന്മാര്‍ക്ക് അറിയിച്ചുകൊടുക്കുക: ഞാന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവന്‍; എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷയും എന്ന്‍). 

നബി () പ്രസ്താവിച്ചിരിക്കുന്നു: സത്യവിശ്വാസി അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷയെക്കുറിച്ചു (ശരിക്ക്) അറിഞ്ഞിരുന്നുവെങ്കില്‍, അവന്റെ സ്വര്‍ഗ്ഗത്തെക്കുറിച്ചു ഒരാളും ആശിക്കുമായിരുന്നില്ല; അവിശ്വാസി അല്ലാഹുവിന്റെ അടുക്കലുള്ള കാരുണ്യത്തെക്കുറിച്ചു (ശരിക്ക്) അറിഞ്ഞിരുന്നുവെങ്കില്‍, അവന്റെ കാരുണ്യത്തെക്കുറിച്ച് ഒരാളും നിരാശപ്പെടുകയും ചെയ്യുമായിരുന്നില്ല. (മുസ്‌ലിം). അതുകൊണ്ട് ഓരോ സത്യവിശ്വാസിയും എപ്പോഴും പേടിയും ശുഭപ്രതീക്ഷയും (الخوف والرجاء) ഉള്ളവനായിരിക്കണമെന്നു കര്‍ശനമായി ഉപദേശിക്കപ്പെടുന്നു.

5-ആമതായി പറഞ്ഞ ഗുണം: അല്ലാഹു തങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ ചിലവഴിക്കുമെന്നുള്ളതാണ്. തങ്ങള്‍ക്ക് എന്തെല്ലാം കഴിവുകളുണ്ടോ അതെല്ലാം അല്ലാഹു നല്‍കിയതാണ് തങ്ങളുടെ സ്വന്തം പ്രാപ്തി കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ ലഭിച്ചതല്ല എന്നു അവര്‍ക്കും തികച്ചും വിശ്വാസമുണ്ട്. അങ്ങിനെ, അല്ലാഹുവിനും തങ്ങള്‍ക്കുമിടയിലുള്ള ബന്ധം യഥാവണ്ണം നിറവേറ്റുന്നതുപോലെ, സഹസൃഷ്ടികളോടുള്ള ബന്ധവും അവര്‍ പാലിക്കും. കഴിവനുസരിച്ച് ദാനധര്‍മ്മങ്ങളും, സഹായസഹകരണങ്ങളും ചെയ്യുന്നതില്‍ അവര്‍ക്കു പിശുക്കോ വൈമനസ്യമോ ഇല്ല. സൂ: ദാരിയാത്ത് : 19 ല്‍ ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നതു ഇങ്ങിനെയാകുന്നു: وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِالذاريات ചോദിച്ചു വരുന്നവര്‍ക്കും, സംഗതിവശാല്‍ ചോദിക്കുന്നതിനു തടസ്സം നേരിട്ടിട്ടുള്ളവര്‍ക്കും അവരുടെ സ്വത്തുക്കളില്‍ അവകാശമുണ്ട് അഥവാ അവര്‍ക്കു തങ്ങളുടെ സ്വത്തില്‍ നിന്നു സഹായം നല്‍കുന്നതു തങ്ങളുടെ കടമയാണെന്നുള്ള നിലക്കാണ് അവരുടെ പെരുമാറ്റം എന്ന് താല്‍പര്യം. ഇങ്ങിനെയുള്ള സല്ഗുണവാന്മാരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ പ്രതിഫലം അല്ലാഹു വിവരിക്കുന്നതു നോക്കുക: