33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 50

يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحْلَلْنَا لَكَ أَزْوَٰجَكَ ٱلَّـٰتِىٓ ءَاتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَـٰلَـٰتِكَ ٱلَّـٰتِى هَاجَرْنَ مَعَكَ وَٱمْرَأَةًۭ مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِىِّ إِنْ أَرَادَ ٱلنَّبِىُّ أَن يَسْتَنكِحَهَا خَالِصَةًۭ لَّكَ مِن دُونِ ٱلْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِىٓ أَزْوَٰجِهِمْ وَمَا مَلَكَتْ أَيْمَـٰنُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌۭ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿٥٠﴾

 يَا أَيُّهَا النَّبِيُّ ഹേ നബിയേ إِنَّا أَحْلَلْنَا നാം അനുവദിച്ചു തന്നിരിക്കുന്നു, "ഹലാലാ"ക്കിയിട്ടുണ്ടു لَكَ നിനക്കു أَزْوَاجَكَ നിന്‍റെ ഭാര്യമാരെ اللَّاتِي آتَيْتَ നീ കൊടുത്തിട്ടുള്ളവരായ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങളെ وَمَا مَلَكَتْ ഉടമയാക്കിയതും, അധീനമാക്കിയതും يَمِينُكَ നിന്‍റെ വലങ്കൈ مِمَّا യാതൊന്നില്‍നിന്നു أَفَاءَ اللَّـهُ അല്ലാഹു "ഫൈആ"ക്കിത്തന്ന, യുദ്ധത്തില്‍ കൈവശപ്പെടുത്തിത്തന്ന عَلَيْكَ നിനക്കു وَبَنَاتِ عَمِّكَ നിന്‍റെ പിതൃവ്യന്‍റെ പുത്രികളെയും وَبَنَاتِ عَمَّاتِكَ നിന്‍റെ അമ്മായികളുടെ പുത്രികളെയും وَبَنَاتِ خَالِكَ നിന്‍റെ അമ്മാമന്‍റെ പുത്രികളെയും وَبَنَاتِ خَالَاتِكَ നിന്‍റെ ഇളയമ്മമൂത്തമ്മകളുടെ പുത്രികളെയും اللَّاتِي هَاجَرْنَ ഹിജ്ര വന്നവരായ مَعَكَ നിന്‍റെ ഒന്നിച്ചു وَامْرَأَةً مُّؤْمِنَةً സത്യവിശ്വാസിനിയായ സ്ത്രീയെയും إِن وَهَبَتْ അവള്‍ ദാനം നല്‍കിയാല്‍ نَفْسَهَا അവളുടെ ദേഹം, അവളെത്തന്നെ لِلنَّبِيِّ നബിക്കു إِنْ أَرَادَ النَّبِيُّ നബി ഉദ്ദേശിച്ചാല്‍ أَن يَسْتَنكِحَهَا അവളെ വിവാഹം ചെയ്തെടുക്കുവാന്‍ خَالِصَةً لَّكَ നിനക്കു മാത്രമുള്ളതായിട്ടു مِن دُونِ الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കില്ലാതെ, (കൂടാതെ) قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ടു مَا فَرَضْنَا നാം നിയമിച്ചിട്ടുള്ളതു, നിയമിക്കേണ്ടതു عَلَيْهِمْ അവരുടെ മേല്‍ فِي أَزْوَاجِهِمْ അവരുടെ ഭാര്യമാരില്‍ وَمَا مَلَكَتْ ഉടമയാക്കിയതിലും أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ لِكَيْلَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍വേണ്ടി عَلَيْكَ നിനക്കു, നിന്‍റെ മേല്‍ حَرَجٌ ഒരു വിഷമവും (ഇടുക്കവും) وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി.

33:50ഹേ, നബിയേ, നീ പ്രതിഫലങ്ങള്‍ [വിവാഹമൂല്യങ്ങള്‍] കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നാം നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്കു "ഫൈആ"ക്കി [യുദ്ധത്തില്‍ കൈവശം വരുത്തി]ത്തന്നവരില്‍ നിന്നും നിന്‍റെ വലങ്കൈ ഉടമയാക്കിയിട്ടുള്ളതും [അടിമസ്ത്രീകളെയും], നിന്‍റെഒന്നിച്ചു (രാജ്യം ത്യജിച്ച്) ഹിജ്ര പോന്നവരായ നിന്‍റെ പിതൃവ്യപുത്രിമാരെയും, അമ്മായികളുടെ പുത്രികളെയും, നിന്‍റെ അമ്മാമന്‍റെ പുത്രികളെയും, നിന്‍റെ ഇളയമ്മ - മൂത്തമ്മമാരുടെ പുത്രികളെയും. സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍, നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). തീര്‍ച്ചയായും നമുക്കറിയാം, അവരുടെ ഭാര്യമാരുടെയും, അവരുടെ വലങ്കൈകള്‍ ഉടമയാക്കിയതിന്‍റെ [അടിമകളുടെ]യും കാര്യത്തില്‍ അവരുടെ മേല്‍ നാം നിയമിച്ചിരിക്കുന്നതെന്താണെന്നു. നിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാകുന്നു. (ഇതെല്ലാം നിനക്കു അനുവദിച്ചത്). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

തഫ്സീർ : 50-50

നബി()ക്ക് വിവാഹം ചെയ്‌വാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ഏതൊക്കെയാണെന്നു വിവരിക്കുന്നതാണ് ഈ വചനം. 1). നബി() മഹ്ര്‍ കൊടുത്തു വിവാഹം കഴിച്ച നിലവിലുള്ള ഭാര്യമാര്‍ തന്നെ. 2). ‘ഫൈആയി ലഭിച്ച അഥവാ യുദ്ധത്തില്‍ ശത്രുഭാഗത്തുനിന്നു കൈവശം വന്ന അടിമസ്ത്രീകളില്‍ നബി()യുടെ ഉടമസ്ഥതയിലുള്ളവര്‍. 3). പിതൃവ്യന്‍, അമ്മാമന്‍, അമ്മായി ഇളയമ്മ മൂത്തമ്മ എന്നിവരുടെ പെണ്‍മക്കളില്‍ നബി()യുടെ കൂടെ മദീനായിലേക്കു ഹിജ്റ പോന്നവര്‍, ഈ മൂന്നു ഇനം സ്ത്രീകളും നബി()ക്കെന്നപോലെ മറ്റുള്ള സത്യവിശ്വാസികള്‍ക്കും അനുവദനീയംതന്നെയാകുന്നു. 4). സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളില്‍ ആരെങ്കിലും നബി()ക്കു തന്‍റെ ദേഹത്തെ ദാനമാക്കുകയും, നബി() അവളെ വിവാഹം ചെയ്തു സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നപക്ഷം അത്തരം സ്ത്രീകള്‍, ഒടുവില്‍ പറഞ്ഞ ഈ ഇനം നബി()ക്കുമാത്രം അനുവദനീയമായതും, മറ്റാര്‍ക്കും അനുവടിക്കപ്പെടാത്തതുമാകുന്നു. (خَالِصَةً لَّكَ مِن دُونِ الْمُؤْمِنِينَ)

നബി()യുടെ മിക്ക ഭാര്യമാര്‍ക്കും 12½ ‘ഊഖിയവെള്ളി (*) യായിരുന്നു മഹ്ര്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. ഉമ്മുഹബീബ (رضي الله عنها) യുടെ വിവാഹം അബീസീനീയായില്‍വെച്ച് നജ്ജാശി (നെഗാശീ) രാജാവു മുഖാന്തരമാണ് ഉണ്ടായത്. നബി()ക്കുവേണ്ടി അദ്ദേഹം അവര്‍ക്കു 400 ദീനാര്‍ (പൊന്‍പണം) മഹ്ര്‍ കൊടുത്തു. സഫിയ്യ (رضي الله عنها), ജൂവൈരിയ്യ (رضي الله عنها) എന്നിവരുടെ മഹ്ര്‍ അവരെ അടിമത്തത്തില്‍നിന്നു തിരുമേനി() മോചിപ്പിച്ചുകൊടുത്തുവെന്നുള്ളതായിരുന്നു. ഈ രണ്ടുപേരും യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരായിരുന്നു. 

(*). ഊഖിയ (اوقية)ക്ക് 40 ദിര്‍ഹം (വെള്ളിപ്പണം) ആകുന്നു.

വലങ്കൈ ഉടമയാക്കിയവര്‍ എന്നു പറഞ്ഞതു സ്വന്തം ഉടമസ്ഥതയിലുള്ള അടിമകളെ ഉദ്ദേശിച്ചാകുന്നു. (ഈ പ്രയോഗത്തെക്കുറിച്ച് സൂ: മുഅ്മിനൂന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിവരിച്ചുകഴിഞ്ഞതാണ്.അടിമത്തത്തെ സംബന്ധിച്ച് പല വിവരങ്ങളും സൂ: മുഹമ്മദില്‍ കാണാം. ان شاء الله). യുദ്ധത്തില്‍വെച്ച് ഫൈആയിലഭിക്കുന്നവര്‍ അഥവാ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ട് അധീനത്തില്‍ വന്നവര്‍ എന്നു അടിമകളെ വിശേഷിപ്പിച്ചതു കൊണ്ട് ഒരാള്‍ക്കു ദാനമായി ലഭിച്ചതോ, അയാള്‍ വിലക്കു വാങ്ങിയതോ ആയ അടിമസ്ത്രീകള്‍ തീരെ അനുവദനീയമല്ല എന്നുദ്ദേശമാക്കിക്കൂടാത്തതാണ്. കാരണം, ഇങ്ങിനെയുള്ള അടിമകളുടെ ഉടമസ്ഥതയും ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നബി() തിരുമേനിയുടെ ദമ്പതിയായിരുന്ന മാരിയ (مارية القبطيةرض) എന്ന മഹതി ഒരു അടിമസ്ത്രീയായിരുന്നുവല്ലോ. ഈജിപ്തിലെ ഭരണാധികാരിയായിരുന്ന മുഖൗഖീസ് തിരുമേനി()ക്കു അവരെ സമ്മാനമായി അയച്ചുകൊടുത്തതായിരുന്നു. ഇവരിലാണ് തിരുമേനി()യുടെ പുത്രന്‍ ഇബ്രാഹീം ജനിച്ചതും. ഈ സൂറത്തു അവതരിച്ചതിനുശേഷമായിരുന്നു അത്. അപ്പോള്‍, ‘അല്ലാഹു നിനക്കു ഫൈആക്കിത്തന്നിട്ടുള്ള’ (مِمَّا أَفَاءَ اللَّـهُ عَلَيْكَ) എന്നു വിശേഷിപ്പിച്ചതു അടിമകളുടെ ഉത്ഭവത്തെയും, അടിമകളില്‍വെച്ച് കൂടുതല്‍ ഉത്തമമായ വകുപ്പിനെയും ചൂണ്ടിക്കാണിച്ചതാണെന്നു മനസ്സിലാക്കാം. നബി()ക്കും സത്യവിശ്വാസികള്‍ക്കും ഫൈഉഅനുവദനീയമാക്കിയതു അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത ഒരു അനുഗ്രഹമാണെന്ന സൂചനയും അതിലടങ്ങിയിരിക്കുന്നു. യുദ്ധത്തില്‍ ലഭിക്കുന്ന സ്വത്തുക്കള്‍ (الغنيمة) മുമ്പുള്ള നബിമാര്‍ക്കു അനുവദിക്കപ്പെട്ടിരുന്നില്ലെന്നും, അതു നബി()ക്കു സിദ്ധിച്ച പ്രത്യേകതകളില്‍ ഒന്നാണെന്നും തിരുമേനി() പ്രസ്താവിച്ചതായി പ്രധാന ഹദീസുഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്.

ചില മതസ്ഥര്‍ വളരെ അകന്ന കുടുംബബന്ധം പോലുമുള്ള സ്ത്രീകളെ വിവാഹം ചെയ്യാറില്ല. മറ്റു ചില മതസ്ഥര്‍ സഹോദരസഹോദരിമാരുടെ മക്കളെപോലും വിവാഹം നടത്താറുമുണ്ട്. ഇസ്ലാമാകട്ടെ, രണ്ടിനുമിടയില്‍ ഒരു മദ്ധ്യനില അംഗീകരിച്ചിരിക്കുകയാണ് മാതാപിതാക്കളുടെ നേരെ സഹോദരസഹോദരിമാരെ അന്യോന്യം വിവാഹബന്ധം പാടില്ലാത്ത അടുത്ത ബന്ധുക്കളായും, അവരുടെ മക്കളെയും, അവരെക്കാള്‍ അകന്നവരെയും പരസ്പരം വിവാഹബന്ധത്തിലേര്‍പ്പെടാവുന്ന കുടുംബങ്ങളായും ഇസ്‌ലാം ഗണിക്കുന്നു. നിന്‍റെ പിതൃവ്യന്‍റെയും അമ്മായികളുടെയും, അമ്മാമന്‍റെയും ഇളയമ്മ മൂത്തമ്മമാരുടെയും പുത്രിമാരെയുംഎന്നു പ്രത്യേകം എടുത്തുപറഞ്ഞതു ഈ വസ്തുത വ്യക്തമാക്കിയതാകുന്നു.

ഇവരെക്കുറിച്ച് നിന്‍റെ ഒന്നിച്ചു ഹിജ്റ പോന്നവരായ (اللَّاتِي هَاجَرْنَ مَعَكَ) എന്നും വിശേഷിപ്പിച്ചിരിക്കുന്നുവല്ലോ. ഈ ഇനങ്ങളില്‍ അന്നു മദീനയില്‍ നിലവിലുണ്ടായിരുന്ന സ്ത്രീകള്‍ മക്കായില്‍ നിന്നുള്ള ഹിജ്രയില്‍ പങ്കെടുത്തവരായിരുന്നു. മാത്രമല്ല, അക്കാലത്തു ശിര്‍ക്കിന്‍റെ നാടുകളി (دار الشرك)ല്‍നിന്നു ഇസ്‌ലാമിനെ അംഗീകരിച്ചവര്‍ ഇസ്ലാമിന്‍റെ നാട്ടി(دارالاسلام)ലേക്കു ഹിജ്റ പോരേണ്ടതും ഉണ്ടായിരുന്നു. ആ നിലക്ക് ഇസ്‌ലാമിനുവേണ്ടി കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചുവരുന്ന ആ സ്ത്രീകള്‍ക്കു മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്‍കേണ്ടതുമുണ്ട്. ഈ വിശേഷണംകൊണ്ടുദ്ദേശ്യം ഇതൊക്കെയാണ്. അല്ലാതെ, ഹിജ്റ പോരാത്തവരെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്നു വിരോധിക്കുകയല്ല ഇതുകൊണ്ടുദ്ദേശ്യം. ഇസ്‌ലാമിനു വിജയം കൈവന്നതിനു ശേഷം അടിയന്തരഘട്ടം നേരിട്ടാലല്ലാതെ ഹിജ്റയില്ല (لاهجرة بعد الفتح) എന്നുള്ളതും സ്മരണീയമാകുന്നു. പക്ഷെ, നബി()യെ സംബന്ധിച്ചിടത്തോളം ഹിജ്റയില്‍ പങ്കുള്ള കുടുംബങ്ങളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും വരാവുന്നതാണ്. (كما في البيضاوى وغيره)

അവസാനത്തെ ഇനം സ്ത്രീകളെ നബി()ക്കു പ്രത്യേകമായി അല്ലാഹു അനുവദിച്ചു കൊടുത്തതാണെന്നു അല്ലാഹുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ആകയാല്‍, ഏതെങ്കിലും ഒരു സ്ത്രീ തനിക്കു മഹ്റിന്‍റെ ആവശ്യമില്ലെന്നും, തന്‍റെ ദേഹം ദാനമായിത്തരുന്നുവെന്നും പറഞ്ഞാല്‍, അവളെ ആ നിലക്കു ഭാര്യയായി സ്വീകരിക്കുവാന്‍ ഒരു മുസ്ലിമിനും പാടുള്ളതല്ല. അങ്ങിനെയുള്ള വിവാഹബന്ധം ഇസ്‌ലാമിക ദൃഷ്ടിയില്‍ സാധ്യവുമല്ല. ആദ്യത്തെ മൂന്നു ഇനം സ്ത്രീകളെക്കുറിച്ചും പ്രസ്താവിച്ചപ്പോള്‍ നബി()യെ അഭീമുഖീകരിച്ചുകൊണ്ടു – ‘നിന്‍റെഎന്നും നിനക്ക്എന്നുമായിരുന്നു പ്രയോഗം. ഈ ഇനത്തെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ശൈലിയില്‍ അല്ലാഹു മാറ്റം വരുത്തിയതു നോക്കുക. നബിക്കു അവളുടെ ദേഹം ദാനം നല്‍കിയെങ്കില്‍ എന്നും, ‘നബി അവളെ വിവാഹം ചെയ്തു സ്വീകരിക്കാന്‍ ഉദ്ദേശിച്ചെങ്കില്‍ എന്നും (إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَن يَسْتَنكِحَهَا) ആണല്ലോ ഇവിടത്തെ വാചകം. മുന്‍ശൈലിയനുസരിച്ചാണെങ്കില്‍ നീഎന്നും നിനക്ക്എന്നും പറയേണ്ടതായിരുന്നു. നബി() ഒരു പ്രവാചകനെന്ന നിലക്കും താഴെ വരുന്ന ആയത്തുകളില്‍ നിന്നും ആയിശാ (رضي الله عنها) യുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നതുപോലെ തിരുമേനി()ക്കു അല്ലാഹു കൊടുത്തരുളിയ പ്രത്യേകതകളില്‍ ഒന്നെന്നനിലക്കുമാണ് ഈ അനുവാദം എന്നത്രെ ഈ പ്രയോഗം കാണിക്കുന്നത്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി() അവരുടെ സ്വന്തം ദേഹത്തേക്കാള്‍ ബന്ധപ്പെട്ടവനാണ്. ( النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ) എന്നുള്ള 6-ആം വചനം ഇവിടെ സ്മരണീയമാണ്. നബി()യുടെ ഭാര്യയായി ജീവിക്കുവാന്‍ സ്വന്തം അവകാശങ്ങളെ അവഗണിച്ചുകൊണ്ടു ഒരു സ്ത്രീ ആവേശവും അപേക്ഷയും സമര്‍പ്പിക്കുമ്പോള്‍ അതു അവളുടെ സത്യവിശ്വാസത്തിന്‍റെയും ത്യാഗമനസ്ഥിതിയുടെയും ആഴത്തെയാണല്ലോ കാണിക്കുന്നത്. അവളുടെ അപേക്ഷ നിരസിക്കുന്നതു എത്രമാത്രം സങ്കടകരമായിരിക്കും?! നുബുവ്വത്തിന്‍റെ പദവിയെക്കുറിച്ചു സാമാന്യം അറിവോ, സത്യവിശ്വാസത്തിന്‍റെ മധുരിമയോ സിദ്ധിക്കാത്തവര്‍ക്കു മാത്രമെ ഇതിലടങ്ങിയ യുക്തിരഹസ്യത്തെപ്പറ്റി സംശയിക്കുവാന്‍ അവകാശമുള്ളു.

നബി()യുടെ ഭാര്യമാരില്‍ ഒരാളായ സൗദഃ (رضي الله عنها) യെ അവിടുന്ന് വിവാഹമോചനം ചെയ്‌വാന്‍ ഉദ്ദേശിക്കുകയുണ്ടായി. തന്നെ വിവാഹമോചനം ചെയ്യരുതെന്നും, തനിക്കു യാതൊരവകാശവും വകവെച്ചു തരേണ്ടതില്ലെന്നും, തിരുമേനി()യുടെ ഭാര്യമാരില്‍ ഒരാളായിക്കൊണ്ടു മഹ്ശറില്‍ ഒരുമിച്ചുകൂടുകമാത്രമാണ് തന്‍റെ ഉദ്ദേശ്യമെന്നും ആ മഹതി തിരുമേനി()യോടപേക്ഷിച്ചു അതനുസരിച്ച് നബി() അവരുടെ അടുക്കല്‍ താമസിക്കാറുണ്ടായിരുന്ന ഊഴം അവര്‍ ആയിശാ (رضي الله عنها) യുടെ ഊഴത്തില്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ദേഹത്തെ നബി()ക്കു ദാനം ചെയ്ത ഒരു മഹതിയായിരുന്നു ഖൗലഃ (رضي الله عنها). വളരെ സദ്-വൃത്തയായ ഒരു മഹാതിയായിരുന്നു അവര്‍. വേറെയും ചില സ്ത്രീകള്‍ നബി()ക്കു സ്വയം ദാനം ചെയ്തതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും, ഇങ്ങിനെ ദാനംചെയ്ത ഒരു സ്ത്രീയുമായും തിരുമേനി() ദാമ്പത്യസമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ഇമാം അസ്ഖലാനി (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. (كما في الفتح وغيره) 

ആയിശാ (رضي الله عنها) പ്രസ്താവിച്ചതായ ഇമാം ബുഖാരിയും, മുസ്‌ലിമും (رحمه الله) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. നബി()ക്ക് സ്വന്തം ദേഹത്തെ ദാനം നല്‍കുന്ന സ്ത്രീകളെക്കുറിച്ചു എനിക്കു രോഷം തോന്നാറുണ്ടായിരുന്നു. ഒരു സ്ത്രീ അവളുടെ ദേഹത്തെ ദാനം കൊടുക്കുകയോ?! എന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ, …..تُرْجِي مَن تَشَاءُ എന്നുള്ള (അടുത്ത) ഖുര്‍ആന്‍ വചനം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞുപോയി ما ارى ربك الا بارع في هواك (അങ്ങയുടെ റബ്ബ് അങ്ങയുടെ ഇഷ്ടത്തില്‍ ധൃതി കൂട്ടുന്നതായിട്ടല്ലാതെ എനിക്കു കാണുമാറാകുന്നില്ല!) സ്വന്തം ദേഹത്തെ നബി()ക്കു ദാനം നല്‍കാന്‍ ഒരു സ്ത്രീ സന്നദ്ധയാകുന്നതു ആ സ്ത്രീക്കു തിരുമേനി()യുടെ ഭാര്യാപദവി സിദ്ധിക്കുവാനുള്ള അത്യാഗ്രഹംകൊണ്ടു മാത്രമാണെന്നു അനസു (رضي الله عنه) തന്‍റെ മകളോടു പറഞ്ഞതായി ഇമാം ബുഖാരിയും അഹ്മദും (رحمه الله) നിവേദനംചെയ്യുന്നു. വിവാഹം കഴിക്കുന്നതിലും, അടിമസ്ത്രീകളെ ദമ്പതിമാരായി സ്വീകരിക്കുന്നതിലും സത്യവിശ്വാസികള്‍ വേറെയും പല നിയമങ്ങളും, മര്യാദകളും പാലിക്കേണ്ടതുണ്ട്. നാലില്‍കൂടുതല്‍ ഭാര്യമാരെ ആര്‍ക്കും വിവാഹം കഴിച്ചുകൂടാ, മഹ്ര്‍ കൊടുക്കല്‍ എല്ലാവര്‍ക്കും നിര്‍ബ്ബന്ധമാണ്, സാക്ഷികള്‍ വേണം, കൈകാര്യക്കാരന്‍ – ‘വലിയ്യ്‌ വേണം, ഇങ്ങിനെ പലതും. ഇവിടെ അതൊന്നും വിവരിച്ചിട്ടില്ല. ഖുര്‍ആനിലെ മറ്റുചില വചനങ്ങളില്‍നിന്നും, നബിചര്യയില്‍നിന്നും അതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവരുടെ ഭാര്യമാരുടെയും വലങ്കൈ ഉടമയാക്കിയവരുടെയും കാര്യത്തില്‍ നിയമിച്ചിട്ടുള്ളതു നമുക്കറിയാം. (…. قَدْ عَلِمْنَا مَا فَرَضْنَا) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ഇതൊക്കെയാണ്. തുടര്‍ന്നുകൊണ്ട് നബി()യെ സംബന്ധിച്ച വിവാഹവിഷയത്തില്‍ ചില പ്രത്യേക നിയമങ്ങളും വിട്ടുവീഴ്ചയും ഏര്‍പ്പെടുത്തുവാനുള്ള കാരണം അല്ലാഹു ചൂണ്ടിക്കാട്ടിയതു നോക്കുക: لِكَيْلَا يَكُونَ عَلَيْكَ حَرَجٌ (നിന്‍റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്.) നബി() തിരുമേനിക്കു അല്ലാഹുവിങ്കലുള്ള സ്ഥാനപദവി എത്രമാത്രം മഹത്തരമാണെന്നു ഈ വാക്യത്തില്‍നിന്നും അടുത്ത വചനത്തില്‍നിന്നും അല്ല, ഈ സൂറഃയിലെ പല ആയത്തുകളില്‍നിന്നും ഏറെക്കുറെ ഊഹിക്കാവുന്നതാണ് അല്ലാഹു പറയുന്നു:-