لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعْدُ وَلَآ أَن تَبَدَّلَ بِهِنَّ مِنْ أَزْوَٰجٍۢ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ رَّقِيبًۭا﴿٥٢﴾
33:52ശേഷം (ഇനിമേലില്‍) നിനക്ക് സ്ത്രീകള്‍ [ഭാര്യമാര്‍] അനുവദനീയമാകുന്നതല്ല; (പുതുതായി) വല്ല ഭാര്യമാരെയും ഇവര്‍ക്കുപകരം സ്വീകരിക്കുകയും പാടില്ല - അവരുടെ നന്മ (അഥവാ സൗന്ദര്യം) നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി; നിന്റെ വലങ്കൈ ഉടമപ്പെടുത്തിയവരൊഴികെ. (അവരെ സ്വീകരിക്കാം). അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.
തഫ്സീർ : 52-52
ഈ വചനം അവതരിക്കുമ്പോള്‍ തിരുമേനി(ﷺ)യുടെ ഭാര്യമാരായി ഒമ്പതു പേരാണു നിലവിലുണ്ടായിരുന്നത്. ആയിശഃ, ഹഫ്സഃ,ഉമ്മുഹബീബഃ, സൗദഃ, ഉമ്മുസല്‍മഃ, സഫിയ്യഃ, മൈമൂനഃ, സൈനബ്, ജുവൈരിയ്യഃ (رضي الله عنها) എന്നിവരാണവര്‍. (*). ഇതിനുശേഷം നബി(ﷺ) പുതുതായി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത് പകരം പുതിയൊരു ഭാര്യയെ സ്വീകരിക്കലും ഉണ്ടായിട്ടില്ല. ഇബ്രാഹീം എന്ന കുട്ടിയുടെ മാതാവും ഈജിപ്തില്‍നിന്നു സമ്മാനമായി അയച്ചുകൊടുക്കപ്പെട്ട അടിമസ്ത്രീയുമായിരുന്ന മാരിയ്യഃ (رضي الله عنها) യെ തിരുമേനി(ﷺ) സ്വീകരിച്ചതു ഈ വചനം അവതരിച്ചതിനുശേഷമായിരുന്നു. അടിമസ്ത്രീകളെ സ്വീകരിക്കുന്നതിനു വിരോധമില്ലെന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണല്ലോ.
(*) ഈ ഒമ്പതുപേരെ സംബന്ധിച്ച് കൂടുതല്‍ വിവരം ഈ സൂറത്തിന് ശേഷമുള്ള വ്യാഖ്യാന കുറിപ്പില്‍ നോക്കുക.