ذَٰلِكَ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلرَّحِيمُ﴿٦﴾
ذَٰلِكَ അവന്‍ (മേല്‍ പ്രസ്താവിക്കപ്പെട്ടവന്‍) عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും الْعَزِيزُ പ്രതാപശാലിയാണ് الرَّحِيمُ കരുണാനിധിയാണ്
32:6(അങ്ങിനെയുള്ള) അവന്‍ അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; കരുണാനിധിയാണ്.
ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَـٰنِ مِن طِينٍۢ﴿٧﴾
32:7അതായത്: താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാക്കി (സൃഷ്ടിച്ച്) ഉണ്ടാക്കിയവന്‍. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു: -
ثُمَّ جَعَلَ نَسْلَهُۥ مِن سُلَـٰلَةٍۢ مِّن مَّآءٍۢ مَّهِينٍۢ﴿٨﴾
ثُمَّ جَعَلَ പിന്നെ അവന്‍ ആക്കി, ഉണ്ടാക്കി نَسْلَهُ അവന്റെ സന്തതിയെ مِن سُلَالَةٍ ഒരു സത്തില്‍നിന്നു مِّن مَّاءٍ വെള്ളത്തില്‍ നിന്നുള്ള مَّهِينٍ നിസ്സാരമായ, നിന്ദ്യമായ
32:8പിന്നെ, അവന്റെ സന്തതിയെ നിസ്സാരപ്പെട്ട ഒരു (തരം) വെള്ളമാകുന്ന സത്തില്‍ നിന്നും അവന്‍ ഉണ്ടാക്കി; -
ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًۭا مَّا تَشْكُرُونَ﴿٩﴾
ثُمَّ سَوَّاهُ പിന്നെ അവനെ ശരിപ്പെടുത്തി, ചൊവ്വാക്കി وَنَفَخَ ഊതുകയും ചെയ്തു فِيهِ അവനില്‍ مِن رُّوحِهِ അവന്റെ (വക) റൂഹില്‍നിന്നു, ആത്മാവിനെ وَجَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും, (കണ്ണുകളും) وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا അല്പം മാത്രം تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കുന്നു
32:9പിന്നീട്; അവനെ (അന്യൂനമായി) ശരിപ്പെടുത്തുകയും, അവനില്‍ തന്റെ വക "റൂഹ്" [ജീവാത്മാവ്] ഊതുകയും ചെയ്തു. (മനുഷ്യരേ,) നിങ്ങള്‍ക്കവന്‍ കേള്‍വിയും, കണ്ണുകളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്‌തിരിക്കുന്നു. അല്പമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളു.
തഫ്സീർ : 6-9
7-ആം വചനത്തിലെ ആദ്യത്തെ വാക്യത്തില്‍ خَلَقَهُ എന്നതിന്റെ സ്ഥാനത്തു خَلْـقَهُ എന്നും വായനയുണ്ട്. അപ്പോള്‍ ആ വാക്യത്തിനു ഇങ്ങിനെ അര്‍ത്ഥം നല്‍കാം: ‘എല്ലാ വസ്തുവിനെയും – അതായതു അതിന്റെ സൃഷ്ടിപ്പിനെ – നന്നാക്കിയുണ്ടാക്കിയവന്‍.’ രണ്ടായാലും സാരം ഒന്നുതന്നെ.
ആകാശഭൂമികളും അതിലുള്ള എല്ലാ വസ്തുക്കളും അല്ലാഹു സൃഷ്ടിച്ചതാണെന്നും അവന്‍ അവയുടെ സിംഹാസനാധിപതിയും, കൈകാര്യകര്‍ത്താവും, നിയന്താവുമാണെന്നും കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. തുടര്‍ന്നുകൊണ്ട് അതേ അല്ലാഹു എല്ലാ കാര്യങ്ങളും – അദൃശ്യമെന്നോ ദൃശ്യമെന്നോ വ്യത്യാസമില്ലാതെ – അറിയുന്നവനാണെന്നും, അവന്‍ പ്രതാപശാലിയും കരുണാനിധിയും ആണെന്നും, അഥവാ അവന്റെ പ്രതാപം കാരുണ്യത്തിനോ, കാരുണ്യം പ്രതാപത്തിനോ തടസ്സമാകുന്നില്ലെന്നും 6-ആം വചനത്തിലും ചൂണ്ടിക്കാട്ടി. പിന്നീട് അഖിലവസ്തുക്കളെയും അതാതിന്നനുയോജ്യമായ എല്ലാ സ്വഭാവപ്രകൃതികളോടുകൂടി സൃഷ്ടിച്ചിട്ടുണ്ടെന്ന് മൊത്തത്തില്‍ ഉണര്‍ത്തി. അനന്തരം മനുഷ്യ സൃഷ്ടിപ്പിന്റെ ചരിത്രം ചുരുക്കത്തില്‍ വിവരിക്കുകയാണ്.
മനുഷ്യസൃഷ്ടിയുടെ തുടക്കം കളിമണ്ണില്‍ നിന്നാണ്. അഥവാ വെള്ളം കലര്‍ന്ന മണ്ണില്‍ നിന്നു. മനുഷ്യ പിതാവായ ആദം (عليه السلام) ന്റെ ഉത്ഭവത്തെയാണിതു സൂചിപ്പിക്കുന്നത്. അദ്ദേഹത്തിനുശേഷം പിന്നീടുള്ള സന്തതികളാകട്ടെ, മണ്ണില്‍നിന്നും വെള്ളത്തില്‍ നിന്നും ഉത്ഭവിച്ച ഭക്ഷ്യവസ്തുക്കളാല്‍ ഉല്‍ഭൂതമായ – കേവലം നിന്ദ്യവും നിസ്സാരവുമായ – ഇന്ദ്രിയമാകുന്ന ജലബീജത്തില്‍ നിന്നാണു ജന്മമെടുക്കുന്നത്. ബീജം വികസിച്ചുവളരുകയും, ആവശ്യമായ അവയവങ്ങള്‍ സഹിതം, മനുഷ്യന്റേതായ സ്വഭാവവും പ്രകൃതിയും ധരിച്ചുകൊണ്ട് വെളിക്കുവരുകയും ചെയ്യുന്നു. മനുഷ്യരാല്‍ അപഗ്രഥനം ചെയ്‌വാനും, യാഥാര്‍ത്ഥ്യം കണ്ടെത്തുവാനും സാധിക്കാത്ത അതിമഹത്തായ ഒരു ശക്തി വിശേഷം ആര്‍ജ്ജിച്ചുകൊണ്ടാണവന്‍ വെളിക്കുവരുന്നത്. അതുമൂലമാണവന്‍ ചലിക്കുന്നതും, കാര്യങ്ങള്‍ ഗ്രഹിച്ചു തുടങ്ങുന്നതും, വളരുന്നതുമെല്ലാം. അതത്രെ ജീവാത്മാവ്. എന്താണീ ആത്മാവ്?! അതാര്‍ക്കും അറിഞ്ഞുകൂട. ഇതേവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിഷേധിക്കുവാന്‍ സാധ്യമാണോ? ഇല്ല. അതിന്റെ യാഥാര്‍ത്ഥ്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളു! അതുകൊണ്ടു തന്നെയാണ് ‘തന്റെ വക ആത്മാവില്‍ നിന്നും അവന്‍ ഊതി (……..وَنَفَخَ فِيهِ )’ എന്നു പറഞ്ഞതും. بني إسرائيل : 85 – وَيَسْأَلُونَكَ عَنِ الرُّوحِ …….. إِلَّا قَلِيلًا (അവര്‍ നിന്നോടു ആത്മാവിനെക്കുറിച്ചു ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ റബ്ബിന്റെ കാര്യത്തില്‍പെട്ടതാണ്. നിങ്ങള്‍ക്ക് അറിവില്‍ നിന്നും അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല. (സൂ: ബനൂ ഇസ്രാഈല്‍.)
ഇതരജീവികളെപ്പോലെ ചലിക്കുവാനും ജീവിക്കുവാനും ആവശ്യമായ കഴിവുകള്‍ മാത്രമല്ല അല്ലാഹു മനുഷ്യനു നല്‍കിയിരിക്കുന്നത്. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനും ചിന്തിച്ചും ആലോചിച്ചും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുവാനും വേണ്ടുന്ന കഴിവുകള്‍ കൂടി നല്‍കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യനു അല്ലാഹു നല്‍കിയിരിക്കുന്ന അനുഗൃഹീതസ്ഥാനം വളരെ ഉന്നതമാണ്. പക്ഷേ, അവന്‍ അതിനു അല്ലാഹുവിനോടു നന്ദിയും കൂറും കാണിക്കുന്നുണ്ടോ? ഇല്ല. വളരെക്കുറച്ചു മാത്രം! അതും എല്ലാവരുമില്ല. കുറഞ്ഞ ആളുകള്‍മാത്രം! വാസ്‌തവത്തില്‍ നന്ദികെട്ടവരുടെ നിലപാടു ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇതെല്ലാം ചെയ്ത അല്ലാഹുവിനെക്കുറിച്ച് അവരുടെ നിഗമനം എന്താണെന്നു നോക്കുക! –