ഹദീഥ് 28: പ്രതീക്ഷയോടെ നിർഭയരായി.

وعن جابر بن عبد الله رَضِيَ اللهُ عنهما، قال: قال رسولُ اللهِ ﷺ: "أَيُّهَا النَّاسُ اتَّقُوا اللَّهَ، وَأَجْمِلُوا فِي الطَّلَبِ، فَإِنَّ نَفْسًا لَنْ تَمُوتَ حَتَّى تَسْتَوْفِيَ رِزْقَهَا وَإِنْ أَبْطَأَ عَنْهَا، فَاتَّقُوا اللَّهَ، وَأَجْمِلُوا فِي الطَّلَبِ خُذُوا مَا حَلَّ، وَدَعُوا مَا حَرُمَ ". أخرجه ابن ماجه (2144)

അർഥം:
ജാബിർ ബിൻ അബ്ദുല്ല (റ) വിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “ജനങ്ങളെ, അല്ലാഹുവിനെ  നിങ്ങൾ സൂക്ഷിക്കുകയും നല്ല നിലയിൽ നിങ്ങൾ (ഉപജീവനം) അന്വേഷിക്കുകയും ചെയ്യുക. ഒരൽപം വൈകിയാണെങ്കിലും തൻ്റെ ഉപജീവനം പൂർത്തീകരിക്കപ്പെടാതെ ഒരാളും മരണപ്പെടുകയില്ല. അല്ലാഹുവിനെ  നിങ്ങൾ സൂക്ഷിക്കുകയും നല്ല നിലയിൽ നിങ്ങ ൾ (ഉപജീവനം) അന്വേഷിക്കുകയും ചെയ്യുക. അവൻ അനുവദനീയമാക്കിയത് നിങ്ങൾ സ്വീകരിക്കുക. അവൻ നിഷിദ്ധമാക്കിയത് നിങ്ങൾ ഉപേക്ഷിക്കുക.”

വിശദീകരണം:
•    ജീവിതത്തിൽ ഉടനീളം തഖ്വ അനിവാര്യമാണ്.
•    അല്ലാഹുവിൻ്റെ കൽപനകൾ ജീവിതത്തിൽ നിലനിർത്തിയും വിലക്കുകൾ മാറ്റി നിർത്തിയും അല്ലാഹുവിൻ്റെ കോപത്തിൽ നിന്നും മനുഷ്യൻ നേടിയെടുക്കുന്ന രക്ഷാകവചമാണ് തക്വ്വ.
•    അല്ലാഹുവിൽ ഭരമേൽപ്പിച്ച് അല്ലാഹു അനുവദനീയമാക്കിയ വഴികളിലൂടെ ഉപജീവനം തേടൽ അനിവാര്യമാണ്.
•    നമുക്ക് ലഭിക്കാനുള്ളതാണെങ്കിൽ നമുക്കത് നഷ്ടപ്പെടുകയില്ലെന്നും നഷ്ടപ്പെടാനുള്ളതാണങ്കിൽ ലഭിക്കില്ല എന്ന വിശ്വാസം നിർഭയത്വം പ്രധാനം ചെയ്യും.
•    ക്വദ്റിലുള്ള വിശ്വാസം ഊമാനിൻ്റെ തൂണുകളിൽ ഒന്നാണ്.
•    കദ്റിലുള്ള വിശ്വസത്തിന് നാല്  തലങ്ങളാണ് ഉള്ളത്.

1.    അല്ലാഹുവിൻ്റെ അറിവ് (അല്ലാഹു അറിയാതെ ഈ പ്രപഞ്ചത്തിൽ ഒന്നും സംഭവിക്കുകയില്ല എന്ന വിശ്വാസം)
2.    മശീഅത്ത് - (അല്ലാഹു ഉദ്ദേശിച്ചത് മാത്രമാണ് സംഭവിക്കുക എന്ന വിശ്വാസം)
3.    കിതാബത്ത് (ലോകത്ത് സംഭവിക്കാനുള്ളതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിശ്വാസം)
4.    അല്ലാഹുവിൻ്റെ ഖൽക്വ് - (അല്ലാഹു സൃഷ്ടിക്കുന്നത് മാത്രമാണ് ഉണ്ടാവുക എന്ന വിശ്വാസം)
•    നിങ്ങൾ നല്ല നിലയിൽ അന്വേഷിക്കുക എന്ന നബി കൽപ്പന  മനുഷ്യർ സ്വതന്ത്രരല്ല എന്ന ജബ്‌രികളു ടെ വാദത്തിനുള്ള മറുപടിയാണ്.
•    ഉപജീവനം നൽകുന്നവൻ അല്ലാഹുവാണ്. കണ്ടെത്തൽ നമ്മുടെ ബാധ്യതയാണ്.
•    ഉപജീവനം നേടിയെടുക്കാനായി നിഷിദ്ധ മാർഗങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല.
•    അനുവദനീയമായ ഉപജീവനത്തിനു വേണ്ടി അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർഥിക്കുക. 

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ         [الذاريات : 58]

“തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും.”

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا (3)         [الطلاق : 2-3]

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തൻ്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌.”