وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَـٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَـٰبٍۢ مُّبِينٍۢ﴿٣﴾
34:3അവിശ്വസിച്ചവര്‍ പറയുകയാണ് : "അന്ത്യസമയം നമുക്കു വരികയില്ല" എന്നു! (നബിയേ) പറയുക: "ഇല്ലാതേ! അദൃശ്യത്തെ അറിയുന്നവനായ എന്റെ രക്ഷിതാവുതന്നെയാണ (സത്യം)! അതു നിശ്ചയമായും നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുത്തൂക്കവും അവനില്‍നിന്നു് (അവനറിയാതെ) വിട്ടുപോകുന്നതല്ല. അതിനെക്കാള്‍ ചെറുതാകട്ടെ, വലുതാകട്ടെ. (ഒന്നും തന്നെ) സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ(രേഖപ്പെടുത്തപ്പെടാതെ)യില്ല."
തഫ്സീർ : 3-3
പുനരുത്ഥാനത്തെ പരിഹാസപൂര്‍വ്വം നിഷേധിക്കുന്നവരോട് അല്ലാഹുവില്‍ ആണയിട്ടു (സത്യം ചെയ്തു, കൊണ്ടു മറുപടി കൊടുക്കുവാന്‍ നബി(ﷺ)യോടു കല്പിക്കുന്ന മൂന്നു ഖുര്‍ആന്‍ വചനങ്ങളില്‍ രണ്ടാമത്തേതാണിത്). ഒന്നാമത്തേതു: وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ : سورة يونس: ٥٣ (അതു യഥാര്‍ത്ഥമാണോ എന്ന് അവര്‍ നിന്നോടു വര്‍ത്തമാനമന്വേഷിക്കുന്നു. പറയുക: ഓ! എന്റെ റബ്ബുതന്നെയാണ! നിശ്ചയമായും അതു യഥാര്‍ത്ഥംതന്നെ. (സൂ.യൂനുസ്: 53). മൂന്നാമത്തെ വചനം: زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ : سورة التغابن:٧ (അവിശ്വസിച്ചവര്‍ ജല്‍പിക്കുകയാണു, അവര്‍ പുനരെഴുന്നേല്‍പിക്കപ്പെടുകയില്ലെന്നു! പറയുക: എന്റെ റബ്ബുതന്നെയാണ! നിശ്ചയമായും നിങ്ങള്‍ പുനരെഴുന്നേല്‍പിക്കപ്പെടുന്നതാണു (സൂ: തഗാബുന്: 7). വിഷയത്തിന്റെ ഗൗരവമാണ് ഈ വചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആയത്തിലെ ആശയം ഒന്നുകൂടി വ്യക്തമായ ഭാഷയില്‍ ഈ വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു.