33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 35

إِنَّ ٱلْمُسْلِمِينَ وَٱلْمُسْلِمَـٰتِ وَٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ وَٱلْقَـٰنِتِينَ وَٱلْقَـٰنِتَـٰتِ وَٱلصَّـٰدِقِينَ وَٱلصَّـٰدِقَـٰتِ وَٱلصَّـٰبِرِينَ وَٱلصَّـٰبِرَٰتِ وَٱلْخَـٰشِعِينَ وَٱلْخَـٰشِعَـٰتِ وَٱلْمُتَصَدِّقِينَ وَٱلْمُتَصَدِّقَـٰتِ وَٱلصَّـٰٓئِمِينَ وَٱلصَّـٰٓئِمَـٰتِ وَٱلْحَـٰفِظِينَ فُرُوجَهُمْ وَٱلْحَـٰفِظَـٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرًۭا وَٱلذَّٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغْفِرَةًۭ وَأَجْرًا عَظِيمًۭا﴿٣٥﴾

 إِنَّ الْمُسْلِمِينَ നിശ്ചയമായും മുസ്‌ലിം (കീഴൊതുക്കമുള്ള) പുരുഷന്‍മാര്‍ وَالْمُسْلِمَاتِ മുസ്‌ലിം സ്ത്രീകളും وَالْمُؤْمِنِينَ മുഅ്മിനു (സത്യവിശ്വാസി)കളായ പുരുഷന്‍മാരും وَالْمُؤْمِنَاتِ മുഅ്മിനുകളായ സ്ത്രീകളും وَالْقَانِتِينَ ഭക്തന്‍മാരും وَالْقَانِتَاتِ ഭക്തരായ സ്ത്രീകളും وَالصَّادِقِينَ സത്യവാന്‍മാരും وَالصَّادِقَاتِ സത്യവതികളും وَالصَّابِرِينَ ക്ഷമാശീലന്മാരും, സഹാനശീലന്‍മാരും وَالصَّابِرَاتِ ക്ഷമാശീലരായ സ്ത്രീകളും وَالْخَاشِعِينَ ഭയപ്പാടുള്ള പുരുഷന്‍മാരും وَالْخَاشِعَاتِ ഭയപ്പാടുള്ള സ്ത്രീകളും وَالْمُتَصَدِّقِينَ ദാനധര്‍മ്മം കൊടുക്കുന്ന പുരുഷന്‍മാരും وَالْمُتَصَدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَالصَّائِمِينَ നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും وَالصَّائِمَاتِ നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും وَالْحَافِظِينَ കാക്കുന്ന (സൂക്ഷിക്കുന്ന) പുരുഷന്‍മാരും فُرُوجَهُمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ وَالْحَافِظَاتِ സൂക്ഷിക്കുന്ന സ്ത്രീകളും وَالذَّاكِرِينَ اللَّـهَ അല്ലാഹുവിനെ ഓര്‍ക്കുന്ന പുരുഷന്‍മാരും كَثِيرًا ധാരാളം, വളരെ وَالذَّاكِرَاتِ ഓര്‍ക്കുന്ന സ്ത്രീകളും أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُم അവര്‍ക്കു مَّغْفِرَةً പാപമോചനം وَأَجْرًا പ്രതിഫലവും عَظِيمًا വമ്പിച്ച, മഹത്തായ.

33:35നിശ്ചയമായും, "മുസ്‌ലിം"കളായ [കീഴൊതുക്കമുള്ള] പുരുഷന്‍മാരും സ്ത്രീകളും, "മുഅ്മിനു"കളായ [സത്യവിശ്വാസികളായ] പുരുഷന്‍മാരും സ്ത്രീകളും, ഭക്തന്മാരായ പുരുഷന്‍മാരും സ്ത്രീകളും, സത്യവാന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്‍മാരും സ്ത്രീകളും, ഭയപ്പാടുള്ള പുരുഷന്‍മാരും സ്ത്രീകളും, ദാനധര്‍മ്മം ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, ഇവര്‍ക്കു (എല്ലാവര്‍ക്കും) അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.

തഫ്സീർ : 35-35

മേല്‍ പ്രസ്താവിച്ച സല്‍ഗുണങ്ങളുള്ള ആളുകള്‍ ആരാവട്ടെ പുരുഷനായാലും സ്ത്രീയായാലും ശരി അവര്‍ക്കു അല്ലാഹു പൊറുത്തുകൊടുക്കുകയും വമ്പിച്ച പ്രതിഫലങ്ങള്‍ നല്‍കുകയുംചെയ്യും. പിന്നീടു നല്‍കുമെന്നുമാത്രമല്ല, അതു ഇപ്പോള്‍തന്നെ തയ്യാറാക്കി വെച്ചുകഴിഞ്ഞിരിക്കുകയാണെന്നുകൂടി അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിനെ സദാ ഓര്‍ക്കുകയും, ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചു ചിന്തിക്കുകയും, അതിനെത്തുടര്‍ന്നു തങ്ങളുടെ നന്‍മക്കുവേണ്ടി ഹൃദയംഗമായ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്ന ബുദ്ധിമാന്മാരെക്കുറിച്ചു അല്ലാഹു പറയുന്നു: فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ : سورة آل عمران:١٩٥ (അപ്പോള്‍ അവരുടെ റബ്ബ് അവര്‍ക്കു മറുപടി നല്‍കുന്നതാണ്: ആണാവട്ടെ, പെണ്ണാവട്ടെ നിങ്ങളില്‍നിന്നു കര്‍മ്മം ചെയ്ത ഒരാളുടെ കര്‍മ്മവും ഞാന്‍ പാഴാക്കുകയില്ല എന്നു. (ആലുഇംറാന്‍ : 195)

ഇസ്‌ലാമിനെ പ്രാവര്‍ത്തികമാക്കുകവഴി അല്ലാഹുവിനു കീഴ്പെട്ട്‌ അനുസരണം കാണിക്കുന്നവന്‍ എന്നത്രെ മുസ്‌ലിം’ (مسلم)എന്ന വാക്കിന്‍റെ വിവക്ഷ. മനപൂര്‍വ്വം സത്യവിശ്വാസം സ്വീകരിച്ചവന്‍ എന്നാണ് മുഅ്മിന്‍ എന്ന വാക്കിന്‍റെ താല്‍പര്യം. ചിലപ്പോള്‍ ഈ വാക്കുകള്‍ (ഇസ്‌ലാം ഈമാന്‍ എന്നിവയും, മുസ്‌ലിം മുഅ്മിന്‍ എന്നിവയും) ഒരേ ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട്. ഇസ്ലാമില്ലാത്ത ഈമാന്‍കൊണ്ടു പ്രയോജനമില്ല; ഈമാനില്ലാത്ത ഇസ്‌ലാംകൊണ്ടും പ്രയോജനമില്ല. അഥവാ ശരിയായ ഈമാനുണ്ടെങ്കില്‍ ഇസ്‌ലാം ഉണ്ടാകാതിരിക്കുവാന്‍ നിവൃത്തിയില്ല. യഥാര്‍ത്ഥ മുസ്‌ലിം മുഅ്മിനല്ലാതാകുവാനും തരമില്ല. ഇതാണതിനു കാരണം. ചുരുക്കത്തില്‍ രണ്ടു വാക്കിന്‍റെയും സാക്ഷാല്‍ വിവക്ഷ വ്യത്യസ്തങ്ങളാണെങ്കിലും, പ്രായോഗികമായി നോക്കുമ്പോള്‍ അവ പരസ്പം വേറിട്ടുനില്‍ക്കുവാന്‍ നിര്‍വാഹമില്ലാത്തതാകുന്നു. യഥാര്‍ത്ഥത്തിലുള്ള ഈമാന്‍ ഹൃദയത്തില്‍ സ്ഥലം പിടിക്കാതെ ബാഹ്യത്തില്‍ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ സ്വീകരിച്ചുവരുന്നവരെ മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) എന്നു തരംതിരിക്കുന്നതു ഇതുകൊണ്ടാകുന്നു. അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള പാപമോചനത്തിനും, മഹത്തായ പ്രതിഫലത്തിനും, എല്ലാ പുരുഷന്‍മാരും സ്ത്രീകളും അര്‍ഹരായിത്തീരുന്നതിനും ആവശ്യമായ പത്തുഗുണങ്ങള്‍ ഈ വചനത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു ശ്രദ്ധിക്കുക.