32:10അവര്‍ [അവിശ്വാസികള്‍] പറയുന്നു: ഞങ്ങള്‍ ഭൂമിയില്‍ മറഞ്ഞു (പാഴായി) പോയാല്‍, നിശ്ചയമായും ഞങ്ങള്‍ പുതിയ ഒരു സൃഷ്ടിയില്‍ (വീണ്ടും എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍) ആയിരിക്കുകയോ?!" (മാത്രമല്ല.) എന്നാലവര്‍, തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതില്‍ തന്നെ അവിശ്വസിക്കുന്നവരാണ്.
قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ﴿١١﴾
32:11(നബിയേ,) പറയുക: "നിങ്ങളുടെ കാര്യത്തില്‍ എല്പിക്കപ്പെട്ടിട്ടുള്ള മരണത്തിന്റെ മലക്ക് നിങ്ങളെ പൂര്‍ണ്ണമായെടുക്കും [മരണപ്പെടുത്തും]. പിന്നീട് നിങ്ങളുടെ റബ്ബിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടും".
തഫ്സീർ : 10-11
‘പൂര്‍ത്തിയാക്കിക്കൊടുത്തു, നിറവേറ്റിക്കൊടുത്തു’ എന്നൊക്കെ അര്‍ത്ഥമുള്ളതും രണ്ടു കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതുമായ وفى (‘വഫ്-ഫാ’) എന്ന ക്രിയയുടെ അനുസരണക്രിയ (مطاوع) യത്രെ ആയത്തില്‍ കാണുന്ന توفى (‘തവഫ്-ഫാ’) എന്ന പദം. ഇതിനു ഒരു കര്‍മ്മമാണുണ്ടായിരിക്കുക. ‘പൂര്‍ണ്ണമായെടുത്തു, മുഴുവന്‍ വാങ്ങി’ (اخذ وافيا ، استكمل ) എന്നൊക്കെയായിരിക്കും ഇതിന് അര്‍ത്ഥം. സന്ദര്‍ഭമനുസരിച്ചും, കര്‍മ്മത്തിന്റെ വ്യത്യാസമനുസരിച്ചും ഈ രണ്ടു ക്രിയാരൂപങ്ങളുടെയും ഉദ്ദേശ്യത്തില്‍ വ്യത്യാസം കാണും. ഈ ആയത്തിലുള്ളതുപോലെ ‘മരണപ്പെടുത്തുക’ എന്ന ഉദ്ദേശ്യത്തിലും, സൂറത്തുല്‍ അന്‍ആം 60 ലുള്ള പോലെ ‘ഉറക്കുക’ (നിദ്രയിലാക്കുക) എന്ന ഉദ്ദേശ്യത്തിലും توفى എന്ന രൂപം ഖുര്‍ആനില്‍ തന്നെ വന്നിട്ടുണ്ട്. ചുരുക്കത്തില്‍, توفى എന്നാ പദത്തിന് – ചില തല്പരകക്ഷികള് പറയാറുള്ളതുപോലെ – മരണപ്പെടുത്തുക എന്നല്ല നേര്‍ക്കുനേരെയുള്ള അര്‍ത്ഥം. സൂറത്തുന്നിസാഅ് 15 ല്‍ حَتَّىٰ يَتَوَفَّاهُنَّ الْمَوْتُ (മരണം അവരെ പൂര്‍ണ്ണമായെടുക്കുന്നതുവരെ) എന്നും, സൂ: സുമര്‍ 42 ല്‍ اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا (ആത്മാക്കളെ അവയുടെ മരണവേളയിലും, മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും അല്ലാഹു പൂര്‍ണ്ണമായെടുക്കുന്നു.) എന്നും പ്രസ്താവിച്ചിട്ടുള്ളതു ഇതുകൊണ്ടാണ്.
ഈ ലോകത്തു നടക്കുന്ന പല സംഭവങ്ങളിലും മലക്കുകള്‍ക്കു ചില പങ്കുകളുണ്ടെന്നു ഇതിനുമുമ്പു നാം ചൂണ്ടിക്കാട്ടുകയുണ്ടായി. മനുഷ്യന്റെ മരണകാര്യത്തില്‍ ഏല്പിക്കപ്പെട്ട ഒരു പ്രത്യേക മലക്കുണ്ടെന്നു ഈ ആയത്തില്‍ നിന്നു വ്യക്തമാണല്ലോ. ഇദ്ദേഹത്തെ ഉദ്ദേശിച്ചാണ് സാധാരണ ‘അസ്റാഈല്‍’ (عزرائيل – ع) എന്നു പറയപ്പെടുന്നത്. മരണവേളയില്‍ ആത്മാക്കളെ എടുത്തുകൊണ്ടുപോകുന്നതു മലക്കുകളാണെന്നു സൂറത്തുല്‍ അന്‍ആം 93-ആം ആയത്തില്‍ കാണാവുന്നതാണ്. കൂടാതെ പല ഹദീസുകളിലും വന്നിട്ടുണ്ട്,മേല്‍പ്പറഞ്ഞ മലക്കിനു പുറമെ മനുഷ്യന്റെ മരണവേളയില്‍ വേറെ മലക്കുകള്ക്കും സാന്നിധ്യവും പ്രവര്‍ത്തനവും ഉണ്ടായിരിക്കുമെന്നും ഖുര്‍ആനില്‍ നിന്നു സ്പഷ്ടമാണ്. (സൂ: നഹ്ല് 28:32; നിസാഉ് 97; മുഹമ്മദ് 27 മുതലായവ നോക്കുക.)
മനുഷ്യന് മരണപ്പെട്ട് മണ്ണടിഞ്ഞു പോയശേഷം രണ്ടാമതൊരു ജീവിതം ഉണ്ടാകുക അസാധ്യമാണെന്നു ധരിച്ചു വെച്ച മുശ് രിക്കുകളുടെ പരിഹാസവും ആശ്ചര്യവും നിറഞ്ഞ ചോദ്യവും, അതിനു ഖണ്ഡിതമായ മറുപടിയുമാണ് ഈ വചനങ്ങളില്‍ കാണുന്നത്. എന്നാല്‍, അതിനെപ്പറ്റി ഇപ്പോള്‍ അവര്‍ എന്തുതന്നെ പറഞ്ഞാലും ശരി, എന്തുതന്നെ വിശ്വസിച്ചാലും ശരി, പരലോകത്തുവെച്ച് അവരുടെ ഈ നിലയെല്ലാം മാറിപ്പോകുമെന്നും, അവര്‍ തീരാദുഖത്തില്‍ അകപ്പെടുമെന്നും അടുത്ത വചനത്തില്‍ അല്ലാഹു താക്കീതുചെയ്യുന്നു: –