فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ ۖ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ﴿١٤﴾
34:14അങ്ങനെ, അദ്ദേഹത്തിന്‍റെമേല്‍ നാം മരണം വിധിച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ വടി തിന്നു (നശിപ്പിച്ചു) കൊണ്ടിരുന്ന ചിതല്‍ ജീവിയല്ലാതെ (മറ്റാരും) അവര്‍ക്കു അറിവു നല്‍കുകയുണ്ടായില്ല. എന്നിട്ടു അദ്ദേഹം (മരണശേഷം) നിലംപതിച്ചപ്പോള്‍ ജിന്നുകള്‍ക്കു വ്യക്തമായി: തങ്ങള്‍ അദൃശ്യകാര്യം അറിയുമായിരുന്നുവെങ്കില്‍, തങ്ങള്‍ (ഈ) നിന്ദ്യമായ ശിക്ഷയില്‍ [ദുരിതത്തില്‍] കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ല എന്നു.
തഫ്സീർ : 14-14
പതിവുപ്രകാരം സുലൈമാന്‍നബി(عليه السلام) തന്‍റെ വടി ഊന്നിപ്പിടിച്ചുകൊണ്ട് ആരാധനയിലോ മറ്റോ ആയിരിക്കെ, അദ്ദേഹത്തിന്‍റെ ആയുഷ്കാലത്തിന് അല്ലാഹു വിരാമമിട്ടു. അവന്‍റെ വിധി ആരിലും, എപ്പോഴും, നടപ്പാകുമല്ലോ. മരണപ്പെട്ടുവെങ്കിലും, ആ സ്ഥിതിയില്‍ – അദ്ദേഹം വടി ഊന്നിപ്പിടിച്ച അതേരൂപത്തില്‍ – തന്നെ അവശേഷിച്ചു. നിലംപതിച്ചില്ല. മരണവാര്‍ത്ത ആരും അറിഞ്ഞതുമില്ല. മിന്നലേറ്റോ മറ്റോ പെട്ടെന്നു മരണം സംഭവിക്കുമ്പോള്‍ ഇപ്രകാരം ഉണ്ടാകാറുണ്ടല്ലോ. കുറേകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടിക്കു ചിതല്‍ ബാധിച്ചു. ആ വടിയുടെ നിലതെറ്റുകയും അദ്ദേഹം നിലംപതിക്കുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹം മരണപ്പെട്ടിട്ടുണ്ടെന്നു് അറിവായത്. തങ്ങള്‍ അദൃശ്യകാര്യങ്ങളെ അറിയുന്നവരാണെന്ന് ജിന്നുകള്‍ വാദിക്കാറുണ്ടായിരുന്നു. ഈ വാദം തീരെ ശരിയല്ലെന്നും, അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ സുലൈമാന്‍നബി(عليه السلام) മരണപ്പെട്ട വസ്തുത നേരത്തെത്തന്നെ തങ്ങള്‍ അറിയേണ്ടതായിരുന്നുവെന്നും, അദ്ദേഹം മരിച്ച അതേ നിമിഷത്തില്‍തന്നെ തങ്ങള്‍ക്കു ഈ ശ്രമകരമായ ജോലികളില്‍നിന്നു ഒഴിഞ്ഞുപോയി രക്ഷപ്പെടാമായിരുന്നു എന്നും ജിന്നുകള്‍ക്കു ബോധ്യമായി. അവര്‍ നിര്‍ബ്ബന്ധിതരായി കല്‍പനക്കു വഴങ്ങിയിരിക്കുകയാണല്ലോ.
ഇത്രയും കാര്യങ്ങള്‍ ആയത്തിന്‍റെ വാചകങ്ങളില്‍നിന്നും, പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിശദീകരണങ്ങളില്‍നിന്നും നമുക്കു ഗ്രഹിക്കാവുന്നതാകുന്നു. കുത്തിപ്പിടിച്ചു നില്‍ക്കുന്ന ആ വടിയുടെ അടിഭാഗം കുറച്ചു ചിതല്‍ പറ്റുന്നതോടെത്തന്നെ തൂക്കത്തിന്‍റെ സമനില തെറ്റുകയും, മൃതദേഹം മറിഞ്ഞുവീഴുകയും ചെയ്യുമെന്നു പറയേണ്ടതില്ല. ഇതിനു കൊല്ലങ്ങളോ മാസങ്ങളോ ആവശ്യമില്ല. അല്‍പം ദിവസങ്ങളോ ഏതാനും മണിക്കൂറുകളോ കഴിഞ്ഞാലും മതിയായേക്കും. പക്ഷെ, അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്കു അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ ഈ നിന്ദ്യമായ ദുരിതത്തില്‍ കഴിഞ്ഞുകൂടേണ്ടിയിരുന്നില്ല….. (فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ الخ) എന്നു പറഞ്ഞതില്‍നിന്നു അദ്ദേഹം മരണപ്പെട്ടതിനും, നിലംപതിച്ചതിനുമിടയില്‍ കുറച്ചു ദിവസങ്ങളെങ്കിലും കഴിഞ്ഞിട്ടുണ്ടാവണമെന്നത്രെ മനസ്സിലാക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ അതെത്ര നാളായിരുന്നുവെന്നു നിര്‍ണ്ണയിക്കുവാന്‍ തെളിവില്ല.
മരണം സംഭവിച്ചപ്പോള്‍ സുലൈമാന്‍ നബി(عليه السلام) എവിടെയായിരുന്നു? അദ്ദേഹം ഒരു സ്വകാര്യസ്ഥലത്തായിരുന്നുവോ, അല്ലേ? ജനങ്ങള്‍ക്കു അദ്ദേഹത്തെ കാണാമായിരുന്നോ, ഇല്ലേ? വടികുത്തി നില്‍ക്കുകയായിരുന്നുവോ? അതോ, ഇരിക്കുകയായിരുന്നോ? ഇതിനെപ്പറ്റി ഒന്നും തീര്‍ത്തുപറയുവാന്‍ നിവൃത്തിയില്ല. (ഈ സംഭവത്തിനു – സുലൈമാന്‍ നബി(عليه السلام) യുടെ മറ്റു സംഭവങ്ങളില്‍ ചെയ്തപോലെ – ചിലര്‍ പുതിയ രൂപങ്ങള്‍ നല്‍കി ചിത്രീകരിച്ചുകാണുന്നതിനെപ്പറ്റി ഈ സൂറത്തിനെപ്പറ്റി ഈ സൂറത്തിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നിരൂപണം ചെയ്തിട്ടുള്ളതു നോക്കുക.)