مِّنَ ٱلْمُؤْمِنِينَ رِجَالٌۭ صَدَقُوا۟ مَا عَـٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًۭا﴿٢٣﴾
33:23സത്യവിശ്വാസികളിലുണ്ട് ചില പുരുഷന്‍മാര്‍: തങ്ങള്‍ ഏതൊരു കാര്യത്തെപ്പറ്റി അല്ലാഹുവുമായി ഉടമ്പടി ചെയ്തിരുന്നുവോ അതവര്‍ (നിറവേറ്റി) സത്യമാക്കി. അങ്ങനെ, അവരില്‍ ചിലര്‍ തന്‍റെ നേര്‍ച്ച [കര്‍ത്തവ്യം] നിറവേറ്റിയവരുണ്ട്; അവരില്‍ (മറ്റു) ചിലര്‍ (അതിന്നവസരം) പാര്‍ത്തു കൊണ്ടിരിക്കുന്നവരുമുണ്ട്. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തുകയും ചെയ്തില്ല.
തഫ്സീർ : 23-23
ഇസ്‌ലാമിന്നുവേണ്ടി ദേഹവും ധനവും ബലിയര്‍പ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണല്ലോ സത്യവിശ്വാസികള്‍ – ഈ പ്രതിജ്ഞ തികച്ചും നിറവേറ്റി ധര്‍മ്മയുദ്ധത്തില്‍ രക്തസാക്ഷി (شهيد)കളായി മരണമടഞ്ഞവരെ ഉദ്ദേശിച്ചാണ് مَّن قَضَىٰ نَحْبَهُ (നേ൪ച്ച നിറവേറ്റിയവര്‍) എന്നു പറഞ്ഞത്. ഒരാള്‍ തനിക്കു ചെയ്‌വാനുള്ളതെല്ലാം ചെയ്തുതീര്‍ത്തു. അഥവാ അയാള്‍ മരണപ്പെട്ടു – എന്ന ഉദ്ദേശ്യത്തില്‍ ഈ വാക്യം അറബിഭാഷയില്‍ ഉപയോഗിക്കപ്പെടാറുള്ളതാണ്. രക്തസാക്ഷിയായി വീരമരണം പ്രാപിക്കുവാന്‍ ഇതുവരെ അവസരം ലഭിച്ചില്ലെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം അതിനു തക്കം പാര്‍ത്തും സന്നദ്ധരായിക്കൊണ്ടും ഇരിക്കുന്നവരെ ഉദ്ദേശിച്ചാണ് مَّن يَنتَظِرُ (അവസരം പാര്‍ത്തു കൊണ്ടിരിക്കുന്നവര്‍) എന്നു പറഞ്ഞത്. ഹംസ (رضي الله عنه), മുസ്വ്അബ് (رضي الله عنه) മുതലായ പല മഹാന്‍മാരും ഒന്നാമത്തെ വിഭാഗത്തിലും, ഉസ്മാന്‍ (رضي الله عنه), തല്‍ഹഃ (رضي الله عنه) മുതലായ പല മഹാന്‍മാരും രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെട്ടവരാകുന്നു. നബി (ﷺ) ഒന്നിച്ച് യുദ്ധം നടത്തേണ്ടുന്ന അവസരം നേരിട്ടാല്‍ മരണം വരെ സധീരം പോരാടുമെന്നു പലപ്പോഴും പല സഹാബികളും വ്യക്തമായ ഭാഷയില്‍ നബി(ﷺ)യോടു ഉടമ്പടി ചെയ്തിട്ടുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ.
അനസ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘എന്‍റെ പിതൃവ്യന്‍ അനസുബ്നു നള്വ്൪ (انس بن النضر – رض) ബദ്ര്‍ യുദ്ധത്തില്‍ ഉണ്ടായിരുന്നില്ല. അതു അദ്ദേഹത്തിനു അസ്വാസ്ഥ്യമായിത്തോന്നി. അദ്ദേഹം പറഞ്ഞു: ‘റസൂല്‍ (ﷺ) തിരുമേനി ഒന്നാമതായി സംബന്ധിച്ച യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തില്ലല്ലോ! എനി, തിരുമേനിയൊന്നിച്ചു അല്ലാഹു എനിക്കൊരു രംഗം കാട്ടിത്തന്നാല്‍ തീര്‍ച്ചയായും ഞാന്‍ പ്രവര്‍ത്തിക്കുന്നതു (ധീരമായി സമരം ചെയ്യുന്നതു) അല്ലാഹുവിനു കാണുമാറാകും.’ അങ്ങനെ, അദ്ദേഹം ഉഹ്ദു യുദ്ധത്തില്‍ സംബന്ധിച്ചു. മുസ്ലിം സൈന്യം പിന്തിരിഞ്ഞോടുമ്പോള്‍ അദ്ദേഹം മുന്നോട്ടു കുതിച്ചു. അപ്പോള്‍ സഅദുബ്നു മുആദ് (سعد بن معاد -رض) അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി: ‘താങ്കള്‍ എങ്ങോട്ടാണ്?’ അദ്ദേഹം മറുപടി പറഞ്ഞതിങ്ങിനെയാണ്: واها لريح الجنة أجدها دون أحد (ഹാ! സ്വര്‍ഗ്ഗത്തിന്‍റെ പരിമളം! ഉഹ്ദ് മലയുടെ ഇപ്പുറത്തുനിന്നു അതാ കിട്ടിക്കൊണ്ടിരിക്കുന്നു!) അങ്ങനെ, അദ്ദേഹം കൊല്ലപ്പെടുന്നതുവരെ യുദ്ധംചെയ്തു. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ വെട്ടും, കുത്തും, മറ്റുമായി എണ്‍പതില്‍പരം പരുക്കുകള്‍ പറ്റിയിട്ടുണ്ടായിരുന്നു. مِّنَ الْمُؤْمِنِينَ رِجَالٌ എന്ന ഈ വചനം (ഇത്തരം സന്ദര്‍ഭങ്ങളെ സൂചിപ്പിച്ചുകൊണ്ടു) അവതരിക്കുകയും ചെയ്തു.’ (മു; അ; തി; ന).
അഹ്സാബു യുദ്ധത്തിലേതുപോലുള്ള പരീക്ഷണഘട്ടങ്ങള്‍ അല്ലാഹു ഏര്‍പ്പെടുത്തുന്നതിന്‍റെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്നു അടുത്ത വചനം കാട്ടിത്തരുന്നു:-