32. السجدة (അസ്സജദഃ) ആയത്ത് 21

وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ﴿٢١﴾

 وَلَنُذِيقَنَّهُم അവര്‍ക്കു നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും مِّنَ الْعَذَابِ ശിക്ഷയില്‍ നിന്നു الْأَدْنَىٰ താണതായ, അടുത്തതായ دُونَ الْعَذَابِ ശിക്ഷക്കുപുറമെ الْأَكْبَرِ ഏറ്റവും വലിയ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ മടങ്ങുക, മടങ്ങുന്ന (വര്‍)

32:21ഏറ്റവും വലുതായ ശിക്ഷക്കുപുറമെ, അവര്‍ക്കു നാം താണ ശിക്ഷയില്‍ നിന്നും (ചിലതൊക്കെ) ആസ്വദിപ്പിക്കുക തന്നെ ചെയ്യുന്നതാണ്; അവര്‍ മടങ്ങിയേക്കാമല്ലോ ( - അതിന്നുവേണ്ടി).

തഫ്സീർ : 21-21

രോഗം, ക്ഷാമം, യുദ്ധം തുടങ്ങിയ വിവിധ മനഃക്ലേശങ്ങളും കഷ്ടപ്പാടുകളും ഇഹലോകത്തു വെച്ചുതന്നെ അവര്‍ക്കു അനുഭവപ്പെടും. ഇങ്ങിനെയുള്ള പരീക്ഷണങ്ങളില്‍ നിന്നെങ്കിലും അവര്‍ പാഠം പഠിച്ചു മടങ്ങുവാന്‍ വേണ്ടിയാണത്. മടങ്ങുന്നില്ലെങ്കില്‍ ഇതിനുപുറമെ പരലോകത്തു വെച്ചുള്ള ഏറ്റവും വമ്പിച്ച ശിക്ഷയും അവര്‍ അനുഭവിക്കേണ്ടിവരും. ഖുര്‍ആന്റെ അവതരണവേളയില്‍ അതിന്റെ പ്രത്യക്ഷ ശത്രുക്കളായിരുന്ന ഖുറൈശികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പല ശിക്ഷകളും അവര്‍ക്കു അനുഭവപ്പെട്ടിട്ടുണ്ട്. പല യുദ്ധങ്ങള്‍ക്കും പുറമെ ഏഴുകൊല്ലം ഒന്നായി അവര്‍ക്കു വമ്പിച്ച ക്ഷാമം പിടിപെട്ടു. മനുഷ്യന്‍ തിന്നാറില്ലാത്ത പലതും ഭക്ഷിക്കുവാന്‍ പോലും അവര്‍ നിര്‍ബന്ധിതരായി. അല്ലാഹുവിന്റെ നിയമങ്ങളെ പരസ്യമായി ധിക്കരിച്ച പല ജനതകളിലും ഇതുപോലെ വിവിധ ഭയങ്കര ശിക്ഷകള്‍ അനുഭവപ്പെട്ടിട്ടുളളതു ചരിത്രപ്രസിദ്ധങ്ങളാണ്. പക്ഷേ, ചിലപ്പോള്‍ ചില ജനതയുടെയോ, ചില വ്യക്തിയുടെയോ മേലുള്ള നടപടി പെട്ടെന്നു സംഭവിച്ചില്ലെന്നു വന്നേക്കും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അല്ലാഹു തന്റെ ശിക്ഷാനടപടികള്‍ നടത്താതിരിക്കുകയില്ല. ഇതിനെപ്പറ്റിയാണ് നബി () പറയുന്നത്: متفق عليهإن الله ليملي للظالم حتى إذا أخذه لم يفلته (അല്ലാഹു അക്രമിയെ അയച്ചുവിട്ടേക്കും. അങ്ങനെ, അവനെ അവന്‍ പിടിക്കുമ്പോള്‍ അവനു കുതറി രക്ഷപ്പെടാനാവുകയില്ല. ) (ബു. മു.)