സഹോദരപുത്രൻ മരിച്ചാൽ അമ്മായിക്കവകാശമില്ല എന്ന രണ്ടാം വശത്തെപ്പറ്റിയാണ് ഇനി ചർച്ച ചെയ്യാനുള്ളത്. ഓഹരി നിർണ്ണയിച്ച അവകാശികളുടെ കൂട്ടത്തിൽ ക്വുർആനിലോ സുന്നത്തിലോ അമ്മായിയെ ( العمة ) ഉൾപ്പെടുത്തി കാണുന്നില്ല. അതുകൊണ്ടാണ് സാധാരണ അവകാശികളിൽ അവർ പെടാതെ പോകുന്നത്. അവകാശികൾക്ക് കൊടുത്ത് ബാക്കി വരുന്നത് കുടുംബബന്ധമുള്ള ഏറ്റവും അടുത്ത പുരുഷന് കൊടുക്കണം എന്ന ഇനത്തിലും അമ്മായി ഉൾപ്പെടുകയില്ലല്ലോ. അമ്മായി സ്ത്രീയല്ലേ. കുടുംബസംരക്ഷണ ഉത്തരവാദിത്തവുമില്ല.
എന്നാൽ സഹോദര പുത്രന്റെ സ്വത്തിൽ നിന്നും അമ്മായിക്ക് ഒരിക്കലും ഒന്നും കിട്ടുവാനിടയില്ലെന്നു പറയുന്നത് ശരിയല്ല. കാരണം അമ്മായി രക്തബന്ധുക്കളിൽ ( ذوو الأرحام ) പെട്ടതാണ്. മരിച്ചയാൾക്കു മറ്റു അവകാശികളില്ലെങ്കിൽ ഈ വിഭാഗത്തിന്നു സ്വത്തുലഭിക്കുമെന്ന് ഈ ലേഖനത്തിൽ മുമ്പ് വിശദമാക്കിയിട്ടുണ്ട്. അതിവിടെ ആവർത്തിക്കേണ്ടതില്ല. (സംശയം 3ൽ അവസാന ഭാഗം നോക്കുക) കൂടാതെ 2-180 പ്രകാരം വസിയ്യത്തു ചെയ്യാം. 4-8 പ്രകാരം സ്വത്തു നൽകുകയും ചെയ്യാമല്ലോ.
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്. (ക്വുർആൻ 2:180)
وَإِذَا حَضَرَ ٱلْقِسْمَةَ أُولُوا ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا
(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു. (ക്വുർആൻ 4:8)
ഇത്രയും കാര്യങ്ങൾ ക്വുർആന്റെയും സുന്നത്തിന്റെയും അതു രണ്ടു മനുസരിച്ച് ചിന്തിച്ച പണ്ഡിതൻമാരുടെയും അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് നാം കൈകാര്യം ചെയ്തത്. ഇത് പൂർണ്ണമായും സത്യമാണെന്ന് നാം വിശ്വസിക്കുന്നു. ഇസ്‌ലാമിലെ ദായക്രമം അല്ലാഹുവിൽ നിന്നുള്ളതാണ്. അതിനാൽ അത് കുറ്റമറ്റതുമാണ്. ആ നിയമങ്ങളെ അല്ലാഹു സംരക്ഷിക്കുകയും ചെയ്യും സത്യം കണ്ടെത്താനും അതനുസരിച്ചു ജീവിക്കാനും അല്ലാഹു സഹായിക്കട്ടെ. ആമീൻ.