إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا﴿٥٦﴾
33:56നിശ്ചയമായും, അല്ലാഹുവും, അവന്റെ മലക്കുകളും നബിയുടെമേല്‍ "സ്വലാത്ത്" [അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്റെ മേല്‍ നിങ്ങള്‍ "സ്വലാത്ത്" [അനുഗ്രഹം] നേരുകയും, (ശരിയാംവണ്ണം) "സലാം" [ശാന്തി] നേരുകയും ചെയ്യുവിന്‍.
തഫ്സീർ : 56-56
صلوة (‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്പര്യമാകുന്നു. നബി(ﷺ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി – അല്ലെങ്കില്‍ സമാധാനം – നേരുക എന്നു പറയുന്നതിന്റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ. നബി(ﷺ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി(ﷺ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്.
നബി(ﷺ) പറഞ്ഞതായി അലി (رضي الله عنه) നിവേദനം ചെയ്യുന്നു: ‘യാതൊരുവന്റെ അടുക്കല്‍ വെച്ച് എന്നെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ അവന് എന്റെ മേല്‍ ‘സ്വലാത്തു’ നേര്‍ന്നില്ലയോ അവനെത്ര ലുബ്ധന്. (തി.). മറ്റൊരു നബിവചനം ഇബ്നുമസ്ഊദു (رضي الله عنه) ഉദ്ധരിക്കുന്നു: ‘ജനങ്ങളില്‍ വെച്ച് ഖിയാമത്തു നാളില്‍ എന്നോടു ഏറ്റവും ബന്ധപ്പെട്ടവന്‍, അവരില്‍വെച്ചു എന്റെ മേല്‍ കൂടുതല്‍ ‘സ്വലാത്തു’ നടത്തുന്നവനാകുന്നു.’ (തിർമിദി). തിരുമേനി(ﷺ) പറഞ്ഞു കേട്ടതായി അബ്ദുല്ലാഹിബ്നു അംറും (رضي الله عنه) അബൂഹുറയ്റഃ (رضي الله عنه)യും ഉദ്ധരിക്കുന്നു: ‘എന്റെ മേല്‍ ആരെങ്കിലും ഒരു പ്രാവശ്യം ‘സ്വലാത്തു’ നേര്‍ന്നാല്‍, അല്ലാഹു അവന്റെ മേല്‍ അതിന് പത്തു പ്രാവശ്യം സ്വലാത്തു നേരുന്നതാണ്.(മു.).