05 - നബി ﷺ യെക്കൊണ്ട് സത്യം ചെയ്യല്‍

05 - നബി ﷺ യെക്കൊണ്ട് സത്യം ചെയ്യല്‍
നബി ﷺ യെക്കൊണ്ടോ അല്ലെങ്കില്‍ ഇതര സൃഷ്ടികളെക്കൊണ്ടോ സത്യം ചെയ്യുന്നത് വലിയ തിന്മയും ശിര്‍ക്കിയ്യായ നിഷിദ്ധങ്ങളില്‍പ്പെട്ടതുമാണ്. ഏകനായ അല്ലാഹുവെക്കൊണ്ടല്ലാതെ സത്യം ചെയ്യല്‍ ആര്‍ക്കും അനുവദനീയമല്ല. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്യല്‍ അനുവദനീയമല്ലെന്നത് പണ്ഡിതന്മാരുടെ ഏകാഭിപ്രായമാണെന്ന് ഇമാം ഇബ്നുഅ ബ്ദില്‍ബര്‍റ് (റ) രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്യുന്നത് വിരോധിച്ചുകൊണ്ടും അത് ശിര്‍ക്കാണെന്ന് ഉണര്‍ത്തിക്കൊണ്ടും നബി (സ്വ) യില്‍നിന്ന് ഹദീഥുകള്‍ സ്വഹീഹായി സ്ഥിരപ്പെട്ടിരിക്കുന്നു. 
 
((അറിയുക, നിശ്ചയം നിങ്ങള്‍ നിങ്ങളുടെ പിതാക്കളെക്കൊണ്ട് സത്യംചെയ്യുന്നത് അല്ലാഹു വിരോധിക്കുന്നു. വല്ലവനും സ ത്യം ചെയ്യുകയാണെങ്കില്‍ അവന്‍ അല്ലാഹുവെക്കൊണ്ട് സത്യം ചെയ്യട്ടേ അല്ലെങ്കില്‍ മൗനംദീക്ഷിക്കട്ടെ.)) മറ്റൊരു റിപ്പോര്‍ട്ടില്‍: 
 
فَلْيَحْلِفْ بِاللَّهِ ، أَوْ لِيَسْكُتُ »
 
((അവന്‍ അല്ലാഹുവെക്കൊണ്ട് സത്യം ചെയ്യട്ടേ അല്ലങ്കില്‍ മി ണ്ടാതിരിക്കട്ടെ.)) (ബുഖാരി, മുസ്‌ലിം) എന്നാണുള്ളത്.
 
ഇബ്നു ഉമറി (റ) ല്‍നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു:
 
مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ »
 
((വല്ലവനും, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്താല്‍ തീര്‍ച്ചയായും അവന്‍ കുഫ്റ് ചെയ്തു അല്ലെങ്കില്‍ ശിര്‍ക്ക് ചെയ്തു.))  
 
مَنْ حَلَفَ بِالْأَمَانَةِ فَلَيْسَ مِنَّا»
 
((വല്ലവനും, അമാനത്ത് കൊണ്ട് സത്യംചെയ്താല്‍ അവന്‍ നമ്മില്‍പ്പെട്ടവനല്ല.))  
 
ഈ വിഷയത്തില്‍ ഹദീഥുകള്‍ ധാരാളവും സുവിദിതവുമാണ്. ഏകനായ അല്ലാഹുവിനെക്കൊണ്ടല്ലാതെ സത്യം ചെയ്യാതിരിക്കുക എന്നതാണ് ഓരോ മുസ്ലിമിനും വാജിബായത്. ഉപരി സൂചിത ഹദീഥുകളുടേയും മറ്റും വെളിച്ചത്തില്‍, അല്ലാഹു അല്ലാത്തവര്‍ എത്ര വലിയവരായാലും അവരെക്കൊണ്ട് സത്യംചെയ്യല്‍ ഒരാള്‍ക്കും അനുവദനീയമല്ല. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നത് പതിവാക്കിയവര്‍ അത് ഭയക്കേണ്ടതും തൻ്റെ കുടുംബത്തേയും കൂട്ടുകാരേയും മറ്റും അതിനെത്തൊട്ട് വിരോധിക്കേണ്ടതും അനിവാര്യമാണ്. 
 
നബി ﷺ പറഞ്ഞു:
 
مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيْرُهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ »
 
((നിങ്ങളില്‍ വല്ലവനും ഒരു തിന്മ കണ്ടാല്‍, ഉടന്‍ അവൻ്റെ കൈകൊണ്ട് അതിനെ തടഞ്ഞുകൊള്ളട്ടേ. അവന് അതിന് സാധിച്ചില്ലായെങ്കില്‍ തൻ്റെ നാവുകൊണ്ട് അതിനെ തടഞ്ഞു കൊള്ളട്ടേ.  അവന് അതിന് സാധിച്ചില്ലായെങ്കില്‍ തൻ്റെ ഹൃദയം കൊണ്ട് (അതിനെ വെറുത്തുകൊള്ളട്ടേ.) അത് ഈമാനില്‍ ഏറ്റവും ബലഹീനമായതാണ്)) (മുസ്‌ലിം)
 
മുമ്പ് ഉണര്‍ത്തിയ ഹദീഥുകളുടെ വെളിച്ചത്തില്‍ അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്യുന്നത് ചെറിയ ശിര്‍ക്കിലാണ് ഉള്‍പ്പെടുക. ചിലപ്പോള്‍, അത് വലിയ ശിര്‍ക്കായിത്തീരും; സത്യംചെയ്യപ്പെടുന്ന സൃഷ്ടിയെക്കുറിച്ച് പ്രസ്തുത സൃഷ്ടി, അല്ലാഹുവെപ്പോലെ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും അല്ലെങ്കില്‍ അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടല്‍ അനുവദനീയമാണെന്നും മറ്റുമുള്ള കുഫ്റന്‍ വിചാരങ്ങള്‍ ക്വല്‍ബിലുടലെടുക്കുമ്പോഴാണത്. 
 
ഇത്തരം തിډകളില്‍നിന്നെല്ലാം മുഴുവന്‍ മുസ്‌ലിംകള്‍ക്കും രക്ഷക്കും മതത്തില്‍ പാണ്ഡിത്യം നല്‍കുന്നതിനും  ഞാന്‍ അല്ലാഹുവോട് കേഴുന്നു. അല്ലാഹുവിൻ്റെ കോപം വന്നിറങ്ങുന്ന കാര്യങ്ങളില്‍നിന്നും സുരക്ഷക്കായി ഞാന്‍ അവനോട് തേടുന്നു. അല്ലാഹുവാകുന്നു സസൂക്ഷ്മം കേള്‍ക്കുന്നവനും സമീപസ്ഥനും. 
 
രണ്ട്: നബി (സ്വ)യെക്കൊണ്ട് സത്യം ചെയ്യുന്നതിൻ്റെ വിധിയെന്താണ്?
 
സൃഷ്ടികളില്‍ യാതൊന്നിനെക്കൊണ്ടും സത്യംചെയ്യല്‍ അനു വദനീയമല്ല; പ്രസ്തുത സൃഷ്ടി, നബിയാകട്ടെ, കഅ്ബയാകട്ടെ, അമാനത്താകട്ടെ മറ്റുവല്ലതുമാകട്ടെ. ഇതാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടേയും അഭിപ്രായം. ചില പണ്ഡിതന്മാര്‍, സൃഷ്ടികളില്‍ യാതൊന്നിനെക്കൊണ്ടും സത്യംചെയ്യല്‍ അനുവദനീയമല്ലെന്ന അഭിപ്രായത്തെ ഇജ്മാആയി (പണ്ഡിതന്മാരുടെ ഏ കാഭിപ്രായമായി)വരെ രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ്വ) യെ ക്കൊണ്ട് സത്യംചെയ്യല്‍ അനുവദനീയമാണെന്ന, ശരിയായ അഭിപ്രായത്തിന് വിരുദ്ധവും ഒറ്റപ്പെട്ടതുമായ ഒരു അഭിപ്രാ യം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു തെളിവുമില്ലെന്ന് മാത്രമല്ല പ്രസ്തുത അഭിപ്രായം ബാത്വിലുമാകുന്നു. ഈ വിഷ യത്തില്‍ സ്വഹീഹായി സ്ഥിരപ്പെട്ട ഹദീഥുകള്‍ക്കും പണ്ഡിതന്മാരുടെ ഇജ്മാഇനും എതിരാകുന്നു അത്. അമീറുല്‍മുഅ്മിനീന്‍ ഉമര്‍ ഇബ്നുല്‍ഖത്ത്വാബി (റ) ല്‍നിന്ന് നിവേദനം: 
 
«مَنْ حَلَفَ فَقَالَ فِي حَلِفِهِ وَاللَّاتِ وَالْعُزَّى، فَلْيَقُلْ لَا إِلَهَ إِلَّا اللَّهُ»
 
((വല്ലവനും സത്യം ചെയ്യുകയും തൻ്റെ സത്യത്തില്‍ ലാത്ത യാണ് സത്യം, ഉസ്സയാണ് സത്യം എന്ന് പറയുകയും ചെ യ്താല്‍, അവന്‍ 'ലാ ഇലാഹ ഇല്ലല്ലാഹ് ' പറയട്ടേ.)) (ബുഖാരി, മുസ്‌ലിം) 
 
അഥവാ, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നവന്‍ തൻ്റെ സത്യത്തില്‍ ശിര്‍ക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രസ്തുത ശിര്‍ക്ക് പൊറുക്കുന്നതിനുവേണ്ടി പ്രായശ്ചിത്തമെന്നോണം സത്യസന്ധവും നിഷ്കളങ്കവുമായി തൗഹീദിൻ്റെ വചനം പറയണമെന്നാണ് ഹദീഥ് താല്‍പര്യപ്പെടുന്നത്.
അബ്ദുല്ലാഹ് ഇബ്നുഉമറി (റ) ല്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
 
مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ »
 
((വല്ലവനും, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്താല്‍ തീര്‍ച്ചയായും അവന്‍ കുഫ്റ് ചെയ്തു അല്ലെങ്കില്‍ ശിര്‍ക്ക് ചെയ്തു.))  
 
«مَنْ حَلَفَ بِالْأَمَانَةِ فَلَيْسَ مِنَّا»
 
((വല്ലവനും, അമാനത്ത് കൊണ്ട് സത്യംചെയ്താല്‍ അവന്‍ നമ്മില്‍പ്പെട്ടവനല്ല.))   
 
لا تحلفوا بآبائكم ولا بأمهاتكم ولا بالأنداد ولا تحلفـوا بـالله إلا وأنتم صادقون
 
((നിങ്ങള്‍, നിങ്ങളുടെ പിതാക്കളെക്കൊണ്ടും മാതാക്കളെക്കൊണ്ടും സമന്മാരെക്കൊണ്ടും സത്യം ചെയ്യരുത്. സത്യസന്ധന്മാരായിക്കൊണ്ടല്ലാതെ നിങ്ങള്‍ അല്ലാഹുവെക്കൊണ്ടും സത്യം ചെയ്യരുത്.))  
 
ഇമാം അബൂഉമര്‍ ഇബ്നുഅബ്ദില്‍ബര്‍റ് (റ), അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്യുന്നത് ഹറാമാണെന്നതില്‍ ഇജ്മാഅ് ഉദ്ധരിച്ചവരില്‍പ്പെട്ട പണ്ഡിതനാണ്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്യുന്നത് കറാഹത്താണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. പ്രമാണങ്ങളെ പ്രയോഗവല്‍ക്കരിച്ചും പണ്ഡിതന്മാരെ കുറിച്ചുള്ള സദ്വിചാരം മുഖവിലക്കെടുത്തും  അവരുടെ അഭിപ്രായത്തെ 'കറാഹത്തുത്ത ഹ്രീം' (ഹറാമാക്കിയതിനാല്‍ വെറുക്കപ്പെട്ടത്) എന്ന നിലയിലാണ് പരിഗണിക്കേണ്ടത്. എന്നാല്‍, ഈ വിഷയത്തെ ലാഘവത്തില്‍ കൈകാര്യം ചെയ്ത ചിലര്‍, ഇസ്ലാമിക കാര്യങ്ങളെ ക്കുറിച്ച് ചോദിച്ച ഒരു വ്യക്തിയുടെ വിഷയത്തില്‍ നബി ﷺ പറഞ്ഞു:
 
((അദ്ദേഹത്തിൻ്റെ പിതാവാണെ, അദ്ദേഹം സത്യസന്ധനാണെങ്കില്‍ അദ്ദേഹം വിജയിച്ചു.)) എന്ന സ്വഹീഹുമുസ്ലിമില്‍ വന്ന ഹദീഥാണ് ന്യായമായി ഉദ്ധരിച്ചത്.    
അവര്‍ക്കുള്ള മറുപടി:
 
1. സ്വഹീഹായി സ്ഥിരപ്പെട്ട ഹദീഥുകള്‍ക്ക് എതിരും 'ശാദ്ദു'മായ റിപ്പോര്‍ട്ടാകുന്നു ഇത്. ശാദ്ദ് എന്നാല്‍ വിശ്വസ്ഥരായ ഒരു സംഘം ആളുകളോട് ഒരാള്‍ എതിരാകലാകുന്നു. ഇത്തരം ശാദ്ദായ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെടല്‍ അനുവദനീയമല്ലെന്നതാണ് പണ്ഡിതന്മാരുടെ വിധി.   
 
2. ഇമാം ഇബ്നുഅബ്ദില്‍ബര്‍റ് (റ) പറഞ്ഞതുപോലെ ഇത് എഴുത്തില്‍വന്ന പിഴവാകാനും സാധ്യതയുണ്ട്. കാരണം, അസ്വ്ലില്‍: 
 
أَفْلَحَ وَأَبِيهِ إِنْ صَدَقَ
 
((അല്ലാഹുവാണേ, സത്യസന്ധനാണെങ്കില്‍ അദ്ദേഹം വിജയിച്ചു.)) എന്നാണ്. എന്നാല്‍, ചില എഴുത്തുകാരും നിവേദകന്മാരും എഴുതിയപ്പോള്‍ പിഴവ് വന്നതാണ്.
 
3. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്യുന്നത് വിരോധിക്കപ്പെടുന്നതിനുമുമ്പ് നബി (സ്വ) അത് പറഞ്ഞതാകാനും സാധ്യതയുണ്ട്. 
 
ഏതായാലും, അത് വിശ്വസ്ഥരായ ഒരു സംഘം ആളുകളോട് ഒരാള്‍ എതിരായി ഉദ്ധരിച്ച ഒറ്റപ്പെട്ട റിപ്പോര്‍ട്ടാകുന്നു. അത്തരം റിപ്പോര്‍ട്ടുകളെ അവലംബിക്കുക എന്നത് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് അനുവദനീയമല്ല. അതാകട്ടേ, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നത് ഹറാമാണെന്നും ശിര്‍ക്കാണെന്നും അറിയിക്കുന്ന വ്യക്തവും സ്വഹീഹുമായ ഹദീഥുകള്‍ക്ക് എതിരാവുകയും ചെ യ്യുന്നു. സഅ്ദ് ഇബ്നു അബീവക്വാസ്വി?ല്‍നിന്ന് ഇമാം നസാഈജ സ്വഹീഹായ സനദോടുകൂടി റിപ്പോര്‍ട്ട് ചെയ്യു ന്നു: സഅ്ദ് ഇബ്നു അബീവക്വാസ്വ്? ലാത്തയെക്കൊണ്ടും ഉസ്സയെക്കൊണ്ടും സത്യം ചെയ്തു. അങ്ങിനെ നബി (സ്വ)യോട് അതിനെകുറിച്ച് ചോദിച്ചു: അപ്പോള്‍ നബി (സ്വ)പറഞ്ഞു: ((താങ്കള്‍,
 
لا إله إلا الله وحده لا شريك له، له المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٍ
 
'യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.' എന്ന് പറയുക. താങ്കളുടെ ഇടതുഭാഗത്തേക്ക് മൂന്ന് തവണ ഊതുക. (അല്ലാഹുവിൻ്റെ കൃപയില്‍നിന്ന്) അകറ്റപ്പെട്ട പിശാചില്‍നിന്ന് താങ്കള്‍ അല്ലാഹുവോട് രക്ഷ തേടുക. താങ്കള്‍ ആവര്‍ത്തിക്കരുത്.)) 
 
ഈ ഹദീഥ്, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നത് ഹറാമും, ശിര്‍ക്കും, പൈശാചിക ദുര്‍മന്ത്രങ്ങളുമാണെന്ന്  ഉറപ്പിക്കുന്നു.  അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നത് ആവര്‍ത്തിക്കുന്നതിനെ വിരോധിച്ചുകൊ ണ്ടുള്ള തുറന്ന പ്രഖ്യാപനവും അതിലുണ്ട്. 
 
അല്ലാഹുവോട്, നമുക്കേവര്‍ക്കും ദീനില്‍ പരിശുദ്ധിയും സദ്വിചാരവും സല്‍ബുദ്ധിയും കനിയുവാന്‍ ഞാന്‍ കേഴുന്നു. നമ്മേയും മുഴുവന്‍ മുസ്‌ലിംകളേയും ദേഹേച്ഛയെ പിന്‍ പറ്റുന്നതില്‍നിന്നും  പൈശാചിക ദുര്‍മന്ത്രങ്ങളില്‍നിന്നും സം രക്ഷിക്കുവാന്‍ ഞാന്‍ ഇരക്കുന്നു.  അല്ലാഹുവാകുന്നു സസൂക്ഷ്മം കേള്‍ക്കുന്നവനും സമീപസ്ഥനും. അവന്‍ നമ്മെ ഏറ്റെടുത്ത് സഹായിക്കുമാറാകട്ടേ.  
 
അനുബന്ധം
 
ഇസ്തിഗാഥഃയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതു മായ വശങ്ങള്‍ അറിയുന്നതിനുവേണ്ടി ഒരു അനുബന്ധ കുറിപ്പ് ഇ വിടെ നല്‍കുന്നു. ഡോ. മുഹമ്മദ് അശ്റഫ് മൗലവി അറബിയില്‍ തയ്യാറാക്കിയ ഒരു പ്രബന്ധം 'വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തന ത്തിൻ്റെ വികാസ ചരിത്രം മലയാളത്തില്‍' എന്നപേരില്‍ വിവര്‍ത്തനം ചെയത ഗ്രന്ഥത്തില്‍നിന്ന് ഒരു ഭാഗമാണ് പ്രസ്തുത കുറിപ്പ്:
 
പ്രാമാണികരുടെ വിശദീകരണങ്ങള്‍:
     
മുസ്‌ലിംകള്‍ പൊതുവായും കേരള മുസ്‌ലിംകള്‍ വിശേ ഷിച്ചും പ്രശ്നത്തിൻ്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടി, ഇവ്വിഷയകമായി പ്രാമാണികരായ പണ്ഡിതന്മാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട വചനങ്ങളില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. അത് ഇപ്രകാരമാണ്:
 
"മനുഷ്യന്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനത്തിൻ്റെയും ഫലവും വിജയവും നിലകൊള്ളുന്നത് അതിലേക്ക് നയിക്കുന്ന നിമിത്തങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതിനാലാണ്; അതിന് വിഘാതം സൃഷ്ടിക്കുന്ന തടസ്സങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഇല്ലാതാ കുന്നതിലുമാണ്. അല്ലാഹു മനുഷ്യന് നല്‍കിയ അറിവും കഴിവും കൊണ്ട് അത്തരം തടസ്സങ്ങളില്‍ ചിലത് നീക്കുവാനും, അത്തരം നിമിത്തങ്ങളില്‍ ചിലത് നേടുവാനും അവന്  സൗകര്യം ചെയ്ത് കൊടുത്തിരിക്കുന്നു. അവയില്‍ മറ്റുചിലത് അവന് നിഷേധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവയില്‍നിന്ന് നമുക്ക് കഴിയുന്നത് നിര്‍വ്വഹിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ കര്‍മ്മങ്ങള്‍ കഴിയുന്നത്ര ഭദ്രമാക്കുന്നതിനുവേണ്ടി പരമാവധി ശക്തിയും കഴിവും നാം വിനിയോഗിക്കേണ്ടതാണ്, നാം പരസ്പരം സഹകരിക്കേണ്ടതാണ്, പരസ്പ രം സഹായിക്കേണ്ടതാണ്. നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ എല്ലാറ്റിനും കഴിയുന്ന അല്ലാഹുവിനെ ഏല്‍പ്പിക്കേണ്ടതാണ്. നാം അഭയം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്, നമ്മുടെ കര്‍മ്മങ്ങളുടെ ഫല പ്രാപ്തിക്കും പരിസമാപ്തിക്കും വേണ്ട സഹായം തേടേണ്ടത് അവനോട് മാത്രമാണ്; മറ്റാരോടും ആയിക്കൂടാ. കാരണം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നല്‍കപ്പെട്ട കാര്യകാരണങ്ങള്‍ക്കപ്പുറമുള്ളത് സാധിപ്പിക്കുവാന്‍ കര്യകാരണങ്ങള്‍ നിശ്ചയിച്ച ഉടമകളുടെ ഉടമസ്ഥനായ അല്ലാഹുവിനല്ലാതെ മാറ്റാര്‍ക്കും കഴിയില്ല. ? നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.? എന്ന വചനം ? നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു.? എന്ന വചനത്തിൻ്റെ ആശയം പൂര്‍ത്തിയാക്കുന്നു. കരണം, ഇസ്തിആനത്ത്  എന്നാല്‍ ഹൃദയത്തില്‍നിന്ന് അല്ലാഹുവിലേക്ക് പോകുന്ന ഭയപ്പാടാണ്, ആത്മാവിന് അവനോടുള്ള ബന്ധമാണ്, അത് ആരാധനയുടെ മജ്ജയാണ്. ഒരു അടിമ അതുമായി അല്ലാഹു അല്ലാത്തവരിലേക്ക് തിരിഞ്ഞാല്‍ ആ നടപടി ക്വുര്‍ആനിൻ്റെ അവതരണകാലത്തും അതിൻ്റെ മുമ്പും പ്രചാരത്തിലു ണ്ടായിരുന്ന വിഗ്രഹാരാധനയുടെ ഒരിനമായിത്തീരും. ഇക്കാ ര്യം പ്രത്യേകമായി പറഞ്ഞത്, അല്ലാഹുവിന് പുറമെ ഔലിയാക്കളെ സ്വീകരിച്ച് അവരോട് സഹായം തേടുന്നതും ആര്‍ക്കും ചെയ്യുവാന്‍ സാധിക്കാത്ത കാര്യകാരണബന്ധങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ അവരോട് സഹായമര്‍ത്ഥിക്കുന്നതും കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ ജനങ്ങളോട് സഹായം ചോദിക്കുന്നതുപോലെയാണെന്ന് വിവരദോഷികള്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ്. ഈ സംശയം അല്ലാഹു തൻ്റെ അടിയാറുകള്‍ക്ക് ദൂരീകരിച്ചുകൊടുക്കുവാന്‍ ഉദ്ദേശിച്ചു. മനുഷ്യരുടെ കഴിവില്‍പ്പെട്ട കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അല്ലാഹു നിശ്ചയിച്ച നടപടിക്രമങ്ങള്‍ ഉപയോഗ പ്പെടുത്തുന്ന ഒരു രീതി മാത്രമാണ്. യന്ത്രസാമഗ്രികള്‍ക്ക് എന്ത് സ്ഥാനമാണോ ഉള്ളത് അതേ സ്ഥാനം തന്നെയായിരിക്കും അതിനുമുള്ളത്. എന്നാല്‍, അവര്‍ക്ക് ദാനമായി നല്‍കപ്പെട്ട കഴിവുകള്‍ക്കും തോതുകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുന്നത് അങ്ങനെയല്ല. രോഗശമനത്തിനായി ഔഷധങ്ങള്‍, പ്രതിവിധികള്‍ എന്നിവക്കപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക, ശത്രുവിനെ പരാജയപ്പെടുത്തുവാന്‍ ആള്‍ബലം, യുദ്ധസന്നാഹം എന്നിവക്കപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം അല്ലാഹു അല്ലാത്തവരിലേക്ക്  തിരിയുന്നതും ഭയപ്പാടോടു കൂടി അവരെ സമീപിക്കുന്നതും അനുവദിക്കപ്പെടാത്തതാകുന്നു. (സയ്യിദ് റശീദ് രിദ്വാ, തഫ്സീറുല്‍മനാര്‍ 1: 58 59 )
 
((നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക) എന്ന നബിവചനത്തിൻ്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറഞ്ഞു: "അടിയാന്‍ തൻ്റെ മനസ്സ് അല്ലാഹു അല്ലാത്തവരില്‍ ബന്ധിച്ചിടുവാന്‍ പാടില്ല എന്ന് ഇതില്‍ സൂചനയുണ്ട്. മറിച്ച് തൻ്റെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം. ഹിദായത്ത്, പാണ്ഡിത്യം, ക്വുര്‍ആനിലും സുന്നത്തിലുമുള്ള അറിവ്, രോഗശമനം, ഇഹത്തിലും പരത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍നിന്നും ശിക്ഷകളില്‍നിന്നും ഉള്ള കാവല്‍ പോലെ താന്‍ തേടുന്ന കാര്യങ്ങള്‍ സാധാരണ നിലയില്‍ സൃഷ്ടികളുടെ കൈക്ക് നടക്കുന്നതല്ലെങ്കില്‍ അത് അല്ലാഹുവിനോട് മാത്രം ചോദിക്കുക. കരകൗശല വിദ്യകളും ജോലിവേലകളും ചെയ്യുന്നവര്‍ ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍പോലെ സാധാരണനിലയില്‍ സൃഷ്ടികളുടെ കൈക്ക് അല്ലാഹു നടത്തുന്ന കാര്യങ്ങളാണ് താന്‍ തേടുന്നതെങ്കില്‍ അവരുടെ ഹൃദയങ്ങളില്‍ തന്നോടുള്ള അനുകമ്പ ജനിപ്പിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം." അങ്ങനെ അദ്ദേഹം ഇത്രവരെ പറഞ്ഞു: "സൃഷ്ടികളോട് ചോദിക്കുന്നതും അവരെ അവലംഭിക്കുന്നതും അ ധിക്ഷേപാര്‍ഹമായ നടപടിയാണ്. വേദങ്ങളില്‍ അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: അവന്‍ തൻ്റെ ഹൃദയവികാരങ്ങളുമായി അവരവരുടെ കവാടങ്ങള്‍ മു ട്ടുകയാണോ, എൻ്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നു കിടന്നിട്ടും? ഞാന്‍ എല്ലാറ്റിനും കഴിവുറ്റ രാജാധിരാജനായിരിക്കെ വിപല്‍ഘട്ടങ്ങളില്‍ മറ്റുള്ളവരിലാണോ അവന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്, ഇതരരില്‍ പ്രതീക്ഷയര്‍പ്പിച്ചവനെ ഞാന്‍ നിന്ദ്യതയുടെ മേലാടയണിയിക്കും; തീര്‍ച്ച! (ഇമാം നവവി, ശറഹുല്‍ അര്‍ ബഈന്‍ അന്നവവിയ്യ. പേജ് 32)
 
'വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിൻ്റെ വികാസ ചരിത്രം മലയാളത്തില്‍' പേജ് 94 97