02 മുസ്‌ലിം പിന്തുടർച്ചാവകാശ നിയമങ്ങൾ

വിശുദ്ധ ക്വുർആൻ്റെയും വിശ്വസ്തയോഗ്യമായി തെളിഞ്ഞിട്ടുള്ള പ്രവാചകചര്യയുടെയും (സുന്നത്ത്) അടിസ്ഥാനത്തിൽ ജീവിക്കുന്നവരാണല്ലോ മുസ്‌ലിംകൾ. ഈയടിസ്ഥാനത്തിൽ ഇസ്‌ലാമിലെ പിന്തുടർച്ചാവകാശ നിയമങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണിവിടെ. അതിനുമുമ്പ് ചില അടിസ്ഥാന കാര്യങ്ങൾ നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അവയാണ് ആദ്യമായി വിവരിക്കുന്നത്.

ഒന്ന്: മനുഷ്യൻ സാമൂഹ്യജീവിയാണല്ലോ. വ്യക്തിക്കോ ഒരു ചെറിയ വിഭാഗത്തിനോ പരാശ്രയമില്ലാതെ ജീവിക്കുക പ്രയാസകരമാണ്. പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുമ്പോഴാണ് വിജയവും സമാധാനവും കൈവരിക. ഈ പരസ്പര ബന്ധങ്ങളെയും സാമൂഹ്യ ഭദ്രതയെയും പരിഗണിച്ചുകൊണ്ടാണ് അല്ലാഹു ഇസ്‌ലാമിക നിയമങ്ങളവതരിപ്പിച്ചു തന്നിട്ടുള്ളത്.

മനുഷ്യൻ ബുദ്ധിയുപയോഗിച്ചു ചിന്തിച്ചു വളരുന്നവനെന്ന നിലക്ക് തൻ്റെ ഭൗതിക്കാവശ്യമായ ആത്മസുരക്ഷിതത്വവും ആഹാരം, പാർപ്പിടം, വസ്ത്രം, ശുശ്രൂഷ എന്നിവയുടെ ലഭ്യതയും മാത്രമല്ല അവന്നുവേണ്ടത്. തൻ്റെ വിശ്വാസവും ആദർശവും സംരക്ഷിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും കൂടി അവന്നാവാശ്യമാണ്. മൃഗത്തിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്നതും ഈയടിസ്ഥാനത്തിലാണ്. അപ്പോൾ വിശ്വാസവും ആദർശവും സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ വിചാരിക്കുന്ന ഒരു വ്യക്തിക്ക് അതിന്നനുകൂലമായ സാഹചര്യം ലഭ്യമാവേണ്ടതുണ്ട്. തനിക്ക് താങ്ങും തണലുമായ ഒരു വിഭാഗം- അത് തന്റെ രക്തബന്ധുക്കളായാലും ആദർശബന്ധുക്കളായാലും - ഉണ്ടെങ്കിൽ മാത്രമേ തന്റെ വിശ്വാസവും ആദർശവും നിലനിർത്താനാവൂ. ഏതു പ്രതികൂല സാഹചര്യത്തിലും തന്റെ ഈ ആദർശങ്ങൾ അവൻ സംരക്ഷിക്കേണ്ടതുണ്ടല്ലോ. സഹായികളില്ലാതെ മർദ്ദിക്കപ്പെട്ടവരുടെയും, വധിക്കപ്പെട്ടവരുടെയും, അടുത്ത ബന്ധുക്കളുടെയും ആദർശബന്ധുക്കളുടെയും തണലിൽ ആദർശം പ്രചരിപ്പിച്ചവരുടെയും, അവരുടെ അഭാവത്തിൽ മർദ്ദിക്കപ്പെട്ടവരുടെയും ചരിത്രങ്ങൾ ധാരാളം നമ്മുടെമുമ്പിലുണ്ട്. ശുഐബ് നബിയോട് ശത്രുക്കൾ പറഞ്ഞതു ക്വുർആൻ വിവരിക്കുന്നു.

قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَاكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَاكَ ۖ وَمَا أَنتَ عَلَيْنَا بِعَزِيزٍ

അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന്‌ അധികഭാഗവും ഞങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ്‌ നിന്നെ ഞങ്ങള്‍ കാണുന്നത്‌. നിന്‍റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ്‌ കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. (ക്വുർആൻ 11:91)

മലക്കുകൾ യുവാക്കളുടെ രൂപം പ്രാപിച്ച് ലൂത്ത് നബി(അ)യുടെ അടുത്ത് വന്നപ്പോൾ അവരെവിട്ടുകൊടുക്കാനാവശ്യപ്പെട്ട ശത്രുക്കളോട് ആ പ്രവാചകൻ പറഞ്ഞു:

قَالَ لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ

അദ്ദേഹം പറഞ്ഞു: എനിക്ക്‌ നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക്‌ ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍. (ക്വുർആൻ 11:80)

നബി(സ)ക്ക് ആദ്യകാലത്ത് അവിശ്വാസിയായ പിതൃവ്യൻ അബൂത്വാലിബിന്റെ സംരക്ഷണം ലഭിച്ചതും, പിതൃവ്യന്റെ മരണശേഷം ശത്രുക്കളുടെ ഉപദ്രവം ശക്തി പ്രാപിച്ചതും നമുക്കറിയാമല്ലോ. അല്ലാഹുവിന്റെ പൂർണ്ണസംരക്ഷണത്തിൽ ദൂത്യ നിർവ്വഹണം നടത്തുന്ന നബിമാർ പോലും ശത്രുക്കളുടെ ദൃഷ്ടിയിൽ രക്ഷപ്രാപിക്കുന്നത് കുടുംബബലം കൊണ്ടാണെന്ന് വരുമ്പോൾ ഒരു സാധാരണ മനുഷ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇതുപോലെതന്നെയാണ് ആദർശബന്ധത്തിന്റെയും സ്ഥിതി. അപ്പോൾ കുടുംബ ഭദ്രത സംരക്ഷിച്ചു നിർത്തേണ്ടത് സാമൂഹ്യ സുരക്ഷിതത്വത്തിനാവശ്യമാണ്. ഒരു വൻജനവിഭാഗത്തെത്തന്നെ സൽവഴിക്ക് കൊണ്ടുവരാൻ കെട്ടുറപ്പുള്ള കുടുംബശക്തിക്ക് കഴിഞ്ഞുകൂടാതിരിക്കില്ല. സാമൂഹ്യ ജീവിതത്തിൽ അവഗണിച്ചുകൂടാത്ത ഈ കുടുംബ ഭദ്രതയുടെ നിലനിൽപ്പ് അനന്തരാവകാശ സ്വത്തുക്കൾ വിഭജിക്കുമ്പോഴും ഏറെ പരിഗണനീയമാണ്. ഇസ്‌ലാം അത് അർഹിക്കുംവിധം പരിഗണിച്ചിട്ടുമുണ്ട്. കുടുംബത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്വുർആനിലും നബിവചനങ്ങളിലും ഒട്ടേറെ സ്ഥലങ്ങളിൽ കാണാം. ലേഖന ദൈർഘ്യം ഭയന്ന് അതെല്ലാം ഇവിടെ എടുത്തുദ്ധരിക്കുന്നില്ല.

ഇങ്ങനെ പരസ്പര ബന്ധത്തിന്റെ ബലത്തിൽ ജീവിക്കുന്ന മനുഷ്യന് ഈ ബന്ധം സംരക്ഷിച്ചു ജീവിക്കാൻ വേണ്ടി അല്ലാഹു നൽകിയ നിയമ സംഹിതകൾ പരസ്പര ബന്ധങ്ങളും പരസ്പര പൂരിതങ്ങളുമാണ്. ഇസ്‌ലാമിക നിയമങ്ങളിലെ ഓരോ വിഭാഗവും ഓരോന്നിന്റെ വിവിധ ഘടകങ്ങളും അതിലെ ശാഖോപ ശാഖകളും തമ്മിൽ അതിസൂക്ഷ്മമായ, യുക്തിസഹമായ ബന്ധങ്ങളുണ്ടെന്ന് ഇവയെപ്പറ്റി ആഴത്തിൽ ചിന്തിച്ചാലറിയാം. അതുകൊണ്ടാണ് ഇസ്‌ലാമിക നിയമസംഹിതകളിലൊരു വിഭാഗമായ പിന്തുടർച്ചാ നിയമങ്ങളെ മനുഷ്യന്റെ സാമൂഹ്യ സ്ഥിതിയിൽ നിന്നും ഇസ്‌ലാമിക നിയമങ്ങളുടെ പരസ്പര ബന്ധങ്ങളിൽ നിന്നും വേർപെടുത്തി ചർച്ചചെയ്തു കൂടാ എന്ന് ഇവിടെ ഉണർത്തുന്നത്.

രണ്ട്: കുടുംബ ബന്ധവും ആദർശബന്ധവും മനുഷ്യജീവിതത്തിന്റെ വിജയത്തിന് നിദാനമായപോലെതന്നെ തന്റെ സാമൂഹ്യജീവിത ബന്ധത്തിന് വർഗ്ഗ-വർണ്ണ-ഭാഷകൾക്കും രാജ്യാതിർത്തികൾക്കുമതീതമായ പരസ്പര സഹായവും സഹകരണവും ആവശ്യമാണ്. അതിനായുള്ള വിശാല മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടതുണ്ട്. കർഷകനും കച്ചവടക്കാരനും സാധാരണ തൊഴിലാളിയും ഉദ്യോഗസ്ഥനും കമ്പനിയുടെയും ഭരണകർത്താവും അധ്യാപകനും ബുദ്ധിജീവിയും തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലും അവരവരുടെ ജോലികളിലേർപ്പെട്ടിരിക്കുന്നവരുടെ അധ്വാന ഫലമാണ് പരസ്പരം എല്ലാവരും അനുഭവിക്കുന്നത്. അപ്പോൾ ഇവരോരോരുത്തരുടെയും മുതൽമുടക്കിന്നും അധ്വാനത്തിന്നും ഫലം കിട്ടുന്നതോടൊപ്പം ഉപഭോക്താവിന് നീതിപൂർവ്വകമായ ജീവിത സൗകര്യം ലഭിക്കുന്ന നിയമങ്ങളുമിവിടെ ഉണ്ടാവേണ്ടതുണ്ട്. അങ്ങനെയുള്ള നീതിപൂർവ്വകമായ നിയമസംഹിതയുടെ ഒരു ഭാഗമാണ് ഇസ്‌ലാമിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ. അതു അഗതികൾക്കുള്ള ദാനധർമ്മമല്ല. അതിന്നു ഇസ്‌ലാമിൽ വേറെ മാർഗ്ഗങ്ങളുണ്ട് എന്നത് ശ്രദ്ധയിലുണ്ടാകണം. എന്നാൽ അഗതികളെ ഈ രംഗത്ത് അവഗണിക്കുന്നുമില്ല.

മൂന്ന്: സാമൂഹ്യ ജീവിതത്തിൽ അരാജകത്വം ഇല്ലാതിരിക്കാൻ സമൂഹത്തെ പരസ്പരം കൂട്ടിയണക്കുന്ന നിയമവാഴ്ച അല്ലെങ്കിൽ ഭരണം ആവശ്യമാണെന്നപോലെ സമൂഹത്തിന്റെ യൂണിറ്റുകളായ കുടുംബങ്ങളിലും ഒരു നായകനും നയിക്കപ്പെടുന്നവരും ആവശ്യമാണ്. ഈ കുടുംബ നായകത്വം ഭദ്രവും കാര്യക്ഷമവുമായിരുന്നാൽ മാത്രമേ കുറെ കുടുംബങ്ങളടങ്ങിയ ഒരു രാജ്യത്ത് സമാധാനം നിലനിൽക്കുകയുള്ളൂ. ജീവിത വിജയത്തിന്നനിവാര്യമായ ഈ നേതാവ്-അനുയായി ബന്ധത്തെ അർഹിക്കുംവിധം പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം അതിന്റെ നിയമങ്ങളും കർമ്മാനുഷ്ഠാനങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. ആരാധനകളിൽപോലും അതു പ്രകടമാണ്. നമസ്കാരത്തിലെ ഇമാമും മഅ്മൂമും എന്ന വ്യവസ്ഥ ഒരുദാഹരണമാണ്. രണ്ടോ മൂന്നോ പേർ ഒരുവഴി യാത്ര പുറപ്പെട്ടാൽ കൂട്ടത്തിലൊരാളെ നേതാവായി തിരഞ്ഞെടുക്കണമെന്ന് നബിവചനങ്ങൾ നിർദ്ദേശിക്കുന്നു. യാത്ര അവസാനിക്കുന്നതോടെ ഈ നേതൃത്വവും അവസാനിക്കുന്നു. ഇത്രയും ഹ്രസ്വകാല കൂട്ടുജീവിതത്തിൽ പോലും നേതൃത്വം ആവശ്യമാണെന്നു സാരം. അപ്പോൾ ജനനം മുതൽ മരണംവരെ നീണ്ടുനിൽക്കുന്ന ഗൃഹജീവിത സമ്പ്രദായത്തിൽ ഒരു നേതൃത്വത്തിന്റെ അനിവാര്യത പറയേണ്ടതില്ലല്ലോ.

കുടുംബത്തിന്റെ ശിലാസ്ഥാപനമാണ് വിവാഹം. അതോടെ കുടുംബ ജീവിതത്തിന്റെ പൊരുൾ ദമ്പതിമാർ മനസ്സിലാക്കുന്നു. തങ്ങളുടെ സ്വന്തമായ ശയനത്തിനും വിശ്രമത്തിനും ആശയവിനിമയത്തിനും ഏകാഗ്രമായ ഒരു ചുറ്റുപാട് -ഒരു ഗൃഹം- ആവശ്യമായിവരുന്നു. പിന്നെ സന്താനങ്ങൾ ജനിക്കുന്നതോടെ ആ വീടിന്റെ ആവശ്യം വർദ്ധിക്കുന്നു. സ്വന്തമായ പ്രശ്നങ്ങൾ ഭവിക്കുന്നു. പരിഹാരങ്ങൾ ചിന്തിക്കാൻ പ്രേരിതരാവുന്നു. ഭക്ഷണം, വസ്ത്രം, തൊഴിൽ, സന്താനങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസം, ചികിത്സ, അവരുടെ വളർച്ച, വിവാഹം, അവർക്കായുള്ള വീട്, കുടുംബത്തിലെ മറ്റുള്ളവരുമായുള്ള ബന്ധം, സമൂഹ ബന്ധം, ദേശബന്ധം തുടങ്ങി നാനാവിധ പ്രശ്നങ്ങളും ഉദ്ഭവിക്കുന്നു. ഈ മാറിവരുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഗൃഹത്തിൽ ഒരു നായകന്റെ ആവശ്യം പറയേണ്ടതില്ലല്ലോ. ആ നായകനാണ് ഈ കുടുംബത്തിന്റെ ഭാരം വഹിക്കേണ്ടത്. പ്രത്യേകിച്ച് സാമ്പത്തിക ഭാരം. സാമ്പത്തിക ബാധ്യത ഏറ്റെടുക്കാതെ കുടുംബത്തിന്റെ നായകൻ മാന്യമായി നിലനിൽക്കാനോ, അച്ചടക്കം സ്ഥാപിക്കുവാനോ സാധ്യമല്ല. ഇസ്‌ലാം അതിന്റെ സാമൂഹ്യ സംവിധാനത്തിൽ ഇതു പരിഗണിച്ചിട്ടുണ്ട്.

നാല്: ഇനി ചിന്തിക്കാനുള്ളത് ഈ കുടുംബത്തിന്റെ നേതൃത്വം പുരുഷനെയോ സ്ത്രീയെയോ ഏൽപിക്കേണ്ടത് എന്നതാണ്. ഇവർ രണ്ടുപേരും കുടുംബജീവിതത്തിന്റെ തുടക്കം മുതലേ ഉള്ളവരാണ്. മക്കളും അവരുടെ മക്കളും പിന്നീടുണ്ടായതാണല്ലോ - ജനിക്കുന്നതിന് മുമ്പ് നേതൃത്വമേൽപിക്കുന്ന പ്രശ്നമില്ല. മാത്രമല്ല മകൾ ഒന്നിലധികമാവുമ്പോൾ ചിലർ മാറിത്താമസിക്കേണ്ടി വരുന്നു. ഇതിനും പുറമെ ഒന്നിലധികം മക്കളിൽ ആരെ നേതൃത്വമേൽപിക്കണമെന്ന പ്രശ്നവും ഉൽഭവിക്കുന്നു. അതിനാൽ ഭാര്യ ഭർത്താക്കളിൽ ആരെയാണ് കുടുംബനായകത്വമേൽപിക്കേണ്ടതെന്ന പ്രശ്നമേ ചിന്തിക്കേണ്ടതുള്ളൂ.

മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനു സന്താനോൽപാദനം ആവശ്യമാണല്ലോ. പ്രസവം മുതൽ ശിശുസംരക്ഷണവും പാലൂട്ടലും തുടങ്ങി കുട്ടിയുടെ വളർച്ച അമ്മയുടെ മടിത്തട്ടിലാണ് നടക്കുന്നത്. ഇവയൊക്കെ അമ്മതന്നെ നിർവ്വഹിക്കണമെന്നാണ് പ്രകൃതിയുടെ തേറ്റം. അതുതന്നെയാണ് ഇസ്‌ലാം മതവും ഭൗതിക ശാസ്ത്രവും ആവശ്യപ്പെടുന്നത്. മാതൃത്വത്തിന്റെ കനിവും ലാളനയും ലഭിക്കുന്ന മറ്റൊരുടവുമില്ല. ഇതിനെല്ലാമായി സ്ത്രീ-അമ്മ-തന്റെ ജീവിതത്തിൽ വലിയൊരു പങ്ക് ചിലവഴിക്കേണ്ടതുണ്ട്. അവിശ്രമമായി ക്ലേശിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. പരിശുദ്ധ ക്വുർആൻ പറയുന്നത് കാണുക.

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ

മനുഷ്യന്‌ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ്‌ (നിന്‍റെ) മടക്കം. (ക്വുർആൻ 31:14)

ഇവിടെ മാതാവ് എന്ന നിലക്കു സ്ത്രീയുടെ വിഷമതകൾ ക്വുർആൻ വ്യക്തമാക്കുന്നു. സന്താനോൽപാദനത്തിന് നിയന്ത്രണം കൊണ്ടുവരാൻ മുറവിളി കേൾക്കുന്ന ഇക്കാലത്തും സ്ത്രീകൾ പ്രസവിക്കേണ്ടതില്ല എന്ന് ആരും പറയുന്നില്ല. അത് അവൾതന്നെയാണ് നിർവ്വഹിക്കേണ്ടത്. അവളുടെ കൈകൾ കൈക്കുഞ്ഞിനെ പോറ്റി വളർത്താൻ വിധം മൃദുലമാണ്. വളകളാണ് ആ കൈകൾക്ക് ചേർച്ച. മറിച്ച് പുരുഷൻ കരുത്തുള്ളവനാണ്, ശക്തനാണ്. അവന്റെ കൈകൾക്ക് ആയുധമെടുക്കാൻ കരുത്തുണ്ട്. ഏതെങ്കിലുമൊരു സ്ത്രീ പുരുഷ സ്വഭാവത്തിലും പുരുഷൻ സ്ത്രീസ്വഭാവത്തിലും ഉണ്ട് എന്ന് വെച്ച് തദടിസ്ഥാനത്തിൽ ഒരു പൊതു നിയമമുണ്ടാക്കാവതല്ല. ആകയാൽ വീടു ഭരിക്കാനും അതിനുവേണ്ടി ധനം സമ്പാദിക്കാനും സ്ത്രീയെ അധികാരപ്പെടുത്തുന്നത് സ്ത്രീത്വത്തോട് ചെയ്യുന്ന ക്രൂരതയാണ്. അപ്പോൾ ഗൃഹനേതൃത്വം പുരുഷനെ ഏൽപിക്കുക എന്നതാണ് പ്രകൃതിയുടെയും ഇസ്‌ലാമിന്റെയും തേറ്റം. അതാണ് സ്ത്രീയോട് കാണിക്കുന്ന നീതിയും.

സമൂഹവളർച്ചയിൽ സ്ത്രീയുടെയും പുരുഷന്റെയും പങ്ക് ഇങ്ങനെ രണ്ടുവിധമായി കാണുന്നതിനർത്ഥം ഒന്നിനെ താഴ്ത്തുകയോ മറ്റൊന്നിനെ വലുതാക്കുകയോ അല്ല. മറിച്ച് പ്രകൃതിയുടെ തേറ്റം അങ്ങനെയായതുകൊണ്ടാണ്. സ്രഷ്ടാവായ അല്ലാഹു ആ വിധത്തിലാണ് സ്ത്രീ-പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. മുലപ്പാൽ കൊടുത്ത് കുട്ടിയെ പാലൂട്ടേണ്ടത് സ്ത്രീയാണ്. അതവൾ തന്നെ നിർവ്വഹിക്കണം. അവൾക്കതിന്നു കഴിയൂ. ഇല്ലെങ്കിൽ അമ്മക്കും കുട്ടിക്കും അതു വിപത്താണ്. പെറ്റ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടണമെന്ന് വിശുദ്ധക്വുർആൻ 2:233 ൽ ശക്തമായി ഉപദേശിക്കുന്നു. ഈ യാഥാർത്ഥ്യം നിരാകരിക്കുന്ന അമ്മമാർക്ക് സ്തനാർബുദം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആധുനികാരോഗ്യശാസ്ത്രം തെളിയിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ 150ൽ ഒരു സ്ത്രീക്ക് ഈ രോഗമുള്ളപ്പോൾ കുട്ടികളെ മുലയൂട്ടാൻ കൂടുതൽ താല്പര്യം കാണിക്കാത്ത യൂറോപ്യൻ സമൂഹത്തിൽ 9ൽ ഒരു സ്ത്രീ ഈ രോഗത്തിനിരപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു. ജീവിക്കാനുള്ള പണം സമ്പാദിക്കാൻ സ്ത്രീ തന്റെ മാതൃത്വം മറന്ന് പുരുഷനെപ്പോലെ വീടുവിട്ടിറങ്ങിയതിന്റെ പ്രത്യാഘാതങ്ങൾ കുടുംബ ജീവിതത്തിൽ അവർ വേറെയും അനുഭവിക്കുന്നുണ്ട്. ബേബി ഫുഡുകൾ ശിശുക്കളുടെ ആഹാരമാണ് എന്ന പ്രചാരണംപോലും ഇന്ന് അധികൃതർ തടയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

അപ്പോൾ കുടുംബം ഭരിക്കാനുള്ള നേതൃത്വമേറ്റെടുത്തവൻ തന്നെ സമ്പാദിക്കുകയുംവേണം. കുടുംബം ഭരിക്കുന്നത് ഒരാളും അതിന്നാവാശ്യമായ പണം സമ്പാദിക്കുന്നത് മറ്റൊരാളുമായിരുന്നാൽ അതുമൂലം കുടുംബത്തിലുണ്ടാകുന്ന ആഭ്യന്തര അസ്വാസ്ഥ്യം ഊഹിക്കാവുന്നതാണ്. പ്രസവം, ശിശുസംരക്ഷണം എന്നീ ബാധ്യതക്കു പുറമെ സമ്പാദിച്ചു കൊണ്ടുവരുന്ന കുടുംബത്തെ പോറ്റാനുള്ള ചുമതലകൂടി സ്ത്രീയെ ഏൽപിക്കുന്നത് നീതിയുമല്ല. അതിനാൽ കുടുംബ നേതൃത്വം പുരുഷനു തന്നെയാണുള്ളത്. മനുഷ്യ പ്രകൃതിക്കിണങ്ങിയ ഈ ക്രമത്തെയാണ് ക്വുർആൻ അനുശാസിക്കുന്നത്.

الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ 

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, ( പുരുഷന്‍മാര്‍ ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. (ക്വുർആൻ  4:34)

സ്ത്രീകൾ പുരുഷന്റെ നിയന്ത്രണത്തിന്നു വിധേയമായി ജീവിക്കണമെന്ന് ഈ സൂക്തത്തിൽ അല്ലാഹു നമ്മെ പഠിപ്പിക്കുന്നു. രണ്ടു കാരണങ്ങൾ അതിന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഒന്ന്, അല്ലാഹു പുരുഷന് ചില കഴിവുകൾ കൂടുതൽ നൽകിയിരിക്കുന്നു. രണ്ട്, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പുരുഷനാകുന്നു. ഇക്കാരണങ്ങളാൽ കുടുംബ നേതൃത്വവും ബാധ്യതയും പുരുഷന്റേതാണ്.

അഞ്ച്: കുടുംബമാകുന്ന ഒരു കൊച്ചു ഭരണകൂടത്തിന്റെ തലവനാണ് പിതാവ്. ആ ഭരണത്തിൻ കീഴിലുള്ള പ്രജകൾ ആ പിതാവിനോട് ചേർത്താണ് അറിയപ്പെടേണ്ടത്. കുട്ടിയെ പാലൂട്ടി താരാട്ടി വളർത്തുന്ന ഉമ്മയോട് കുട്ടിയുടെ മാനസിക ബന്ധം കൂടുതൽ അടുത്തു നിൽക്കുമെങ്കിലും ആ മാതാവിന്റെ കൂടി സംരക്ഷണച്ചുമതലയുള്ള പിതാവിന്റെ പേരിലേ കുട്ടി സമൂഹത്തിൽ അറിയപ്പെടാവൂ. അതിലാണ് മാന്യതയുള്ളതും.

ബഹുഭർതൃത്വം നിലനിന്നിരുന്ന അപരിഷ്കൃത സമൂഹങ്ങളിൽ മാത്രമാണ് പുരുഷന്റെ ഈ നേതൃത്വ സ്വഭാവത്തിന് അപവാദമായ സ്ഥിതിയുണ്ടായിരുന്നത്. കാരണം അവർക്ക് പുരുഷ നേതൃത്വം നിലനിർത്താൻ സാധിക്കുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ ഇത്തരം കുടുംബത്തിലെ മക്കളെ ചേർത്തുപറയാൻ സ്ഥിരതയുള്ള ഒരു പിതാവുണ്ടാവുകയില്ലല്ലോ. ആ നിലക്ക് സ്ത്രീക്കു തന്നെയായിരുന്നു കുടുംബത്തിലെ നേതൃത്വം. അവൾ തന്റെ ശയന ശയ്യയിലെടക്കം കുടുംബകാര്യത്തിലൊക്കെ ഒന്നിലധികം ഭർത്താക്കന്മാരെ നിയന്ത്രിക്കുകയല്ലാതെ അവരെല്ലാവരുംകൂടി ഒരു പെണ്ണിനെ നിയന്ത്രിക്കുക എന്നത് പ്രായോഗികമായിരുന്നില്ല. എന്നാൽ ബഹുഭാര്യത്വം ഇസ്‌ലാം അംഗീകരിക്കുന്നതോടൊപ്പം ബഹുഭർതൃത്വം കർശനമായി നിരാകരിക്കുകയും ചെയ്തു. അതോടെ കുടുംബത്തിലെ ഈ അനിശ്ചിതത്വം അവസാനിക്കുകയും അപരിഷ്കൃതമായ ഈ സമ്പ്രദായം തുടച്ചുനീക്കപ്പെടുകയും ചെയ്തു. വ്യഭിചാരത്തിലേർപ്പെടുന്നവർക്ക് കൗതുകപരവും കഠിനവുമായ ശിക്ഷയും ഇസ്‌ലാം ഏർപ്പെടുത്തി.

പിതാവിന്നു സ്ഥിരതയുള്ള, മാന്യമായ ഒരു കുടുംബത്തിലെ അംഗങ്ങൾ - ആണും പെണ്ണും- ആ കുടുംബനായകനായ പിതാവിനോടു ചേർത്തു കൊണ്ടാണ് നാഗരികതയും സംസ്‌കാരവുമുള്ള സമൂഹത്തിൽ അറിയപ്പെടുന്നത്. അതുതന്നെയാണ് പ്രകൃതിയുടേതെന്നപോലെ മതത്തിന്റെയും തേറ്റം.