ഹജ്ജിൻ്റെ സമ്പൂർണ്ണ രൂപം

ഹജ്ജിൻ്റെ സമ്പൂർണ്ണ രൂപം

ഇസ്‌ലാമിൽ ഹജ്ജിനുള്ള സ്ഥാനം

ഇസ്‌ലാമിൻ്റെ പഞ്ച സ്തംഭങ്ങളിൽ പെട്ടതാണ് ഹജ്ജ്. ഹിജ്റ ഒമ്പതാം വർഷമാണ് ഹജ്ജ് നിർബന്ധമാക്കപ്പെട്ടത്.

ഹജ്ജ് നിർബന്ധമാക്കിയതിനു ശേഷം തിരുനബി  ഒരു ഹജ്ജ് മാത്രമാണ് നിർവ്വഹിച്ചത്. ഹജ്ജത്തുൽ വിദാഅ്  എന്ന പേരിൽ അത് അറിയപ്പെടുന്നു.

ഹജ്ജിൻ്റെ നിബന്ധനകൾ

ഹജ്ജ് നിർബന്ധമാവാനുള്ള നിബന്ധനകൾ

    1. ഇസ്‌ലാം
    2. ബുദ്ധി
    3. പ്രായപൂർത്തി
    4. കഴിവുണ്ടാവുക
    5. സ്വതന്ത്രനാവുക

 ഹജ്ജിൻ്റെ മഹത്വം

  •  അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: തിരുനബി പറഞ്ഞു: സ്ത്രീ-പുരുഷ സംസർഗ്ഗമോ, ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ് അവൻ മടങ്ങിവരിക.
  •  പുണ്യ പൂർണമായ ഹജ്ജിൻ്റെ പ്രതിഫലം സ്വർഗ്ഗം മാത്രമാണ്.

ഹജ്ജിൻ്റെ വിധി

ജീവിതത്തിൽ ഒരു തവണ ഹജ്ജ് നിർവഹിക്കൽ നിർബന്ധമാണ്.

 കുട്ടികളുടെ ഹജ്ജ്

 കുട്ടികളെ ഹജ്ജ് ചെയ്യിക്കാം. രക്ഷിതാക്കൾക്ക് പ്രതിഫലം ലഭിക്കും.

 റൗഹാഅ് എന്ന സ്ഥലത്ത് വെച്ച് തിരുനബി യെ കണ്ട് മുട്ടിയ സംഘത്തിലെ ഒരു സ്ത്രീ പെൺകുട്ടിയെ ഉയർത്തിപ്പിടിച്ച് ചോദിച്ചു: ഈ കുട്ടിക്ക് ഹജ്ജുണ്ടോ? തിരുനബി പറഞ്ഞു: "അതെ, നിനക്ക് അതിൽ പ്രതിഫലമുണ്ട് " എന്ന് മറുപടി നൽകി.

മഹ്റം

 സ്ത്രീകൾക്ക് എക്കാലത്തേക്കും വിവാഹം നിഷിദ്ധമായ പുരുഷന്മാരാണ് മഹ്റമുകൾ.

സ്ത്രീകൾക് ഇവരിൽ ഒരാൾ മഹ്റമായി വേണം.

1. ഭർത്താവ്

2. താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് എന്നന്നേക്കുമായി വിവാഹം നിഷിദ്ധമായവർ:

1. അടുത്ത ബന്ധം (പിതാവ്, സഹോദരൻ, പിതാവിൻ്റെ സഹോദരൻ, മാതാവിൻ്റെ സഹോദരൻ)

2. വിവാഹബന്ധത്തിലൂടെയുള്ളത് (മകളുടെ ഭർത്താവ്, ഭർത്താവിൻ്റെ പിതാവ്.)

3. മുലകുടിബന്ധത്തിലൂടെയുള്ളത് (മുലകുടി ബന്ധത്തിലുള്ള സഹോദരൻ).

 മറ്റൊരാൾക്കു വേണ്ടി ഹജ്ജ് നിർവഹിക്കൽ

അർത്ഥമാക്കുന്നത്

സാമ്പത്തികമായി ഹജ്ജിനും ഉംറക്കും കഴിവുള്ളവനാവുകയും, എന്നാൽ രോഗമോ പ്രായാധിക്യമോ കാരണത്താൽ ശാരീരിക ദുർബലത അനുഭവിക്കുകയും ചെയ്യുന്ന വ്യക്തി മറ്റൊരാളെ കൊണ്ട് ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണ്.

നിബന്ധനകൾ

പകരം ഹജ്ജ് ചെയ്യുന്നവന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ:

1. മുസ്‌ലിമായ, ബുദ്ധിയുള്ള, പ്രായപൂർത്തിയായ വ്യക്തിയാവുക.

2. സ്വന്തമായി ഹജ്ജ് നിർവഹിച്ചവനാവുക.

ഹജ്ജ്

{ فِیهِ ءَایَـٰتُۢ بَیِّنَـٰتࣱ مَّقَامُ إِبۡرَ ٰ⁠هِیمَۖ وَمَن دَخَلَهُۥ كَانَ ءَامِنࣰاۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَیۡتِ مَنِ ٱسۡتَطَاعَ إِلَیۡهِ سَبِیلࣰاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِیٌّ عَنِ ٱلۡعَـٰلَمِینَ }

അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക്‌ ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക്‌ അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ക്വുർആൻ 3:97)

ജീവിതത്തിൽ ഒരിക്കൽ നിർവ്വഹിക്കൽ നിർബന്ധമായ ഇസ്‌ലാമിൻ്റെ അഞ്ചാമത്തെ സ്തംഭമാണ് ഹജ്ജ്.

റുക്‌നുകൾ

 ഏതെങ്കിലും റുക്നിൽ ഉപേക്ഷ വരുത്തിയാൽ ഹജ്ജ് അസാധുവാകുന്നതാണ്.

  •  ഇഹ്റാം
  • അറഫയിൽ നിൽക്കൽ
  • ത്വവാഫുൽ ഇഫാദ്വ
  • ഹജ്ജിൻ്റെ സഹിയ്യ് 

വാജിബുകൾ

ഏതെങ്കിലും വാജിബ് ഒഴിവായാലും ഹജ്ജ് സ്വീകാര്യമാണ്. എന്നാൽ അറവ് നടത്തേണ്ടതാണ്.

  • മീഖാത്തിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കൽ
  • സൂര്യാസ്തമയം വരെ  അറഫയിൽ നിർത്തം
  • മുസ്ദലിഫയിൽ രാപ്പാർക്കൽ
  • അയ്യാമു ത്തശ്‍രീഖിൽ മിനയിൽ രാപ്പാർക്കൽ
  • ജംറകളിൽ കല്ലെറിയൽ
  • തലമുണ്ഡനം അല്ലെങ്കിൽ മുടി വെട്ടൽ
  • വിടവാങ്ങൽ ത്വവാഫ്
  • ബലിയറുക്കൽ

അതിൻ്റെ സമയം ആരംഭിക്കുന്നത്: ദുൽ ഹിജ്ജ് 8 മുതൽ മുതൽ 12 വരെ 

ഇഹ്റാം

ഹജ്ജിന്റേയും ഉംറയുടേയും കർമ്മങ്ങളിലേക്ക്, നിയ്യത്തോടു കൂടി പ്രവേശിക്കുന്നതിനാണ് ഇഹ്റാം എന്ന് പറയുന്നത്. ഇഹ്റാമിൽ പ്രവേശിക്കുന്നതോടെ ഉംറയും ഹജ്ജും കഴിയുന്നത് വരെ പലതും നിഷിദ്ധമായിത്തീരുന്നു. അതിനാലാണ് ഈ പേര് സിദ്ധിച്ചത്.

ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ 

  • സുഗന്ധം ഉപയോഗിക്കൽ 
  • നഖം മുറിക്കൽ
  • മുടി വെട്ടൽ
  • വിവാഹാന്വേഷണം
  • വേട്ടയാടൽ
  • ലൈംഗിക വേഴ്ചകൾ

 സ്ത്രീകൾക്ക് നിഷിദ്ധമായ പ്രവർത്തനങ്ങൾ

  • കയ്യുറ ധരിക്കുക
  • നിഖാബ് ധരിക്കുക

 പുരുഷന്മാർക്ക് നിഷിദ്ധമായ പ്രവർത്തനങ്ങൾ

  • തല മറക്കുക
  • തുന്നിയ വസ്ത്രം ധരിക്കുക

നിഷിദ്ധമായ കാര്യങ്ങൾ ചെയ്താൽ ഫിദ് യ അനിവാര്യമാകുന്നതാണ്.

ഇഹ്റാമിൻ്റെ സുന്നത്തുകൾ

  •  ഇഹ്റാമിന് മുമ്പ് കുളിക്കുക
  • നിർബന്ധ നമസ്കാരത്തിന് ശേഷം ഇഹ്റാമിൽ പ്രവേശിക്കുക.
  • ഇഹ്റാമിൻ്റെ വസ്ത്രത്തിലാവാതെ ശരീരത്തിൽ മാത്രം സുഗന്ധം പൂശുക.
  • ഖിബ് ലയെ അഭിമുഖീകരിച്ച് ഇഹ്റാമിൽ പ്രവേശിക്കുക.

 ഇഹ്റാമിൻ്റെ വേഷം

  •  പുരുഷൻമാർക്ക് ഉടുക്കാൻ ഒരു മുണ്ടും, പുതക്കാൻ ഒരു മേൽമുണ്ടുമാണ് ഇഹ്റാമിൻ്റെ വേഷം. മേൽമുണ്ട് രണ്ടറ്റം മാറിലേക്ക് വരത്തക്കവണ്ണം പുതക്കുക.
  • ഷര്ട്ട്, പാന്റ്സ്, അടിവസ്ത്രങ്ങൾ, സോക്സ് എന്നിവ ധരിക്കുവാനോ, തലമറക്കാനോ പാടുള്ളതല്ല. ചെരുപ്പ് ഉപയോഗിക്കാം. എന്നാൽ ഷൂ ഉപയോഗിക്കരുത്.
  • സ്ത്രീകൾ മുഖവും മുൻകൈയും ഒഴികെ ശരീരം മുഴുവനും മറയുന്ന വസ്ത്രം ധരിക്കുക. എന്നാൽ അന്യ പുരുഷന്മാരുടെ മുന്നിൽ പെട്ടാൽ മുഖം മറക്കാവുന്നതാണ്. അവർക്ക് അടിവസ്ത്രങ്ങൾ ധരിക്കുന്നതിൽ തെറ്റില്ല.

ഹജ്ജിൻ്റെ മൂന്ന് ഇനങ്ങൾ

1. തമത്തുഅ്

ആദ്യം ഉംറ നിർവ്വഹിക്കുകയും പിന്നീട് ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും ചെയ്യുന്ന രീതി

2. ക്വിറാൻ

ഒരൊറ്റ ഇഹ്റാമിൽ ഉംറയും ഹജ്ജും ചെയ്യുന്ന രീതി

3. ഇഫ്റാദ്

ഉംറ ഇല്ലാതെ ഹജ്ജിന് വേണ്ടി മാത്രം ഇഹ്റാമിൽ പ്രവേശിക്കുന്ന രീതി

 { وَأَتِمُّوا۟ ٱلۡحَجَّ وَٱلۡعُمۡرَةَ لِلَّهِۚ فَإِنۡ أُحۡصِرۡتُمۡ فَمَا ٱسۡتَیۡسَرَ مِنَ ٱلۡهَدۡیِۖ وَلَا تَحۡلِقُوا۟ رُءُوسَكُمۡ حَتَّىٰ یَبۡلُغَ ٱلۡهَدۡیُ مَحِلَّهُۥۚ فَمَن كَانَ مِنكُم مَّرِیضًا أَوۡ بِهِۦۤ أَذࣰى مِّن رَّأۡسِهِۦ فَفِدۡیَةࣱ مِّن صِیَامٍ أَوۡ صَدَقَةٍ أَوۡ نُسُكࣲۚ فَإِذَاۤ أَمِنتُمۡ فَمَن تَمَتَّعَ بِٱلۡعُمۡرَةِ إِلَى ٱلۡحَجِّ فَمَا ٱسۡتَیۡسَرَ مِنَ ٱلۡهَدۡیِۚ فَمَن لَّمۡ یَجِدۡ فَصِیَامُ ثَلَـٰثَةِ أَیَّامࣲ فِی ٱلۡحَجِّ وَسَبۡعَةٍ إِذَا رَجَعۡتُمۡۗ تِلۡكَ عَشَرَةࣱ كَامِلَةࣱۗ ذَ ٰ⁠لِكَ لِمَن لَّمۡ یَكُنۡ أَهۡلُهُۥ حَاضِرِی ٱلۡمَسۡجِدِ ٱلۡحَرَامِۚ وَٱتَّقُوا۟ ٱللَّهَ وَٱعۡلَمُوۤا۟ أَنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ }

നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക്‌ ( ഹജ്ജ്‌ നിര്‍വഹിക്കുന്നതിന്‌ ) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ബലിയര്‍പ്പിക്കേണ്ടതാണ്‌. ) ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ ( മുടി നീക്കുന്നതിന്‌ ) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട്‌ ഹജ്ജ്‌ വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌. ) ഇനി ആര്‍ക്കെങ്കിലും അത്‌ കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ ( നാട്ടില്‍ ) തിരിച്ചെത്തിയിട്ട്‌ ഏഴു ദിവസവും ചേര്‍ത്ത്‌ ആകെ പത്ത്‌ ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക. (ക്വുർആൻ 2:196)

ഇഹ്റാം എന്നാൽ

 

മീഖാത്തിൽ നിന്നും ഇഹ്റാമിൽ പ്രവേശിക്കൽ.

  • ഹജ്ജും ഉംറയും ഉദ്ദേശിക്കുന്നവർ തിരുനബി  നിർണയിച്ച പ്രത്യേക സ്ഥലങ്ങളിൽ നിന്ന് ഇഹ്റാമിൽ പ്രവേശിക്കൽ നിർബന്ധമാണ്.
  • ഈ സ്ഥലത്തിന് (അൽ-മീഖാത്തുൽ മകാനിയ്യ്) എന്ന് പറയുന്നു.
  • ഹജ്ജോ ഉംറയോ ഉദ്ദേശിക്കുന്നവർ ഇഹ്റാമിൽ പ്രവേശിക്കാതെ മീഖാത്ത് വിട്ടുകടക്കരുത്.
  • ഏതെങ്കിലും മീഖാത്തിലൂടെ കടന്നുപോകുന്നവർ, അതിൻ്റെ ആളുകളെല്ലെങ്കിലും അവിടെ വെച്ച് ഇഹ്റാമിൽ പ്രവേശിക്കേണ്ടതാണ്.
  • ഹജ്ജോ ഉംറയോ നിർവ്വഹിക്കാൻ വിമാനമാർഗം വരുന്നവർ, വിമാനം മീഖാത്തിന് മുകളിലൂടെ കടന്നുപോകുമ്പോൾ തന്നെ ഇഹ്റാമിൽ പ്രവേശിക്കൽ നിർബന്ധമാണ്. വിമാനം ജിദ്ദയിൽ ലാൻഡ് ചെയ്യുന്നത് വരെ പിന്തിക്കാൻ പാടുള്ളതല്ല.

 അൽ-മീഖാത്തുൽ മകാനിയ്യ്

  

തൽബിയത്

  • ഇഹ്റാമിന് ശേഷം ധാരാളമായി തൽബിയത് ചൊല്ലുക.
  • പുരുഷന്മാർ ഉറക്കെയും സ്ത്രീകൾ പതുക്കെയും ചൊല്ലുക.

 തൽബിയത് ചൊല്ലേണ്ട സമയം

  •  ഹജ്ജ് ചെയ്യുന്നവർ പെരുന്നാൾ ദിവസം ജംറതുൽ അഖബയിൽ എറിയുന്നത് വരെ.

 ഹജ്ജിൽ നിബന്ധന വെക്കൽ

 രോഗമോ മറ്റോ കാരണത്താൽ ഹജ്ജോ ഉംറയോ പൂർത്തിയാക്കാൻ കഴില്ലെന്ന് ഭയപ്പെടുന്നുവർ ഇഹ്റാമിൻ്റെ സമയത്ത് നിബന്ധന വെക്കൽ സുന്നത്താണ്.

اللهم محلّي حيث حبستني

ഇപ്രകാരം പറഞ്ഞാൽ, പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടായാൽ ഇഹ്റാമിൽ നിന്ന് വിരമിക്കൽ അനുവദനീയമാണ്. അവനു അറവ് നടത്തലോ പിന്നീട് ചെയ്തു വീട്ടുകയോ വേണ്ടതില്ല.

മക്കയിലേക്കുള്ള പ്രവേശനം

പള്ളിയിൽ പ്രവേശിക്കുമ്പോൾ ഈ പ്രാർത്ഥന നിർവ്വഹിക്കുക:

أعوذُ بالله العظيم وبوجهه الكريم وسلطانه القديم من الشَّيطانِ الرَّحِيمِ

بسم الله وَالصّلاةُ وَالسّلامُ عَلَى رَسُولِ الله

اللهُمْ افْتَحْ لِي أَبْوَابَ رَحْمَتِكَ

ഹജ്ജിൻ്റെ രൂപം

ഹജ്ജ് ഉദ്ദേശിച്ച് വന്നവൻ, അത് ഉറക്ക് ശേഷം ഇഹ്റാമിൽ നിന്ന് തഹല്ലുൽ ആകുന്ന മുതമത്തി ആണെങ്കിലും,അതേ ഇഹ്റാമിൽ തുടരുന്ന ഖാരിൻ, മുഷ്റിദ് എന്നിവരാണെങ്കിലും; ഹജ്ജ് കർമങ്ങൾ ദുൽഹിജ്ജ 8 മുതൽ പതിമൂന്ന് വരെയാണ്.

 

 അറഫാ ദിനം: ദുൽ ഹിജ്ജ് 9

തിരുനബി പറഞ്ഞു : ഹജ്ജ് അറഫയാണ്. 

അവിടെ നിൽക്കൽ റുകുനുകളിൽ പെട്ടതാണ്. അതില്ലാതെ ഹജ്ജ് ശരിയാവുകയില്ല, അറഫയിലെ നിർത്തം നഷ്ടപ്പെടുത്തിയാൽ അവൻ ഹജ്ജ് നഷ്ടപ്പെടുത്തി.

അറഫാദിനത്തിലെ സുന്നത്തുകൾ

  • അറഫാ ദിനത്തിലെ ഖുത്ബ ശ്രവിക്കുകയും, ദുഹ്റും അസ്വറും ജംഉം ഖ്വസ്റുമായി നിർവ്വഹിക്കുകയും ചെയ്യുക.
  • നന്മകൾ അധികരിപ്പിക്കുക.
  • സൂര്യാസ്തമനത്തിന് ശേഷം അറഫയിൽ നിന്ന് അടക്കത്തോടെയും തൽബിയത്തും ദിക്റും ചൊല്ലിക്കൊണ്ടും മുസ്ദലിഫയിലേക്ക് നീങ്ങുക.

അറഫയുടെ മൈതാനിയിൽ

  • ഹാജിമാർ പ്രാർത്ഥനയിലും പ്രകീർത്തനത്തിലും ക്വുർആൻ പാരായണത്തിലും വ്യാപൃതരാകേണ്ടതാണ്.
  • സാധിക്കുന്നിടത്തോളം അല്ലാഹുവിൻ്റെ തിരുദൂതരിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകളും പ്രകീർത്തനങ്ങളും ഉരുവിടുക.
  • അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്നത് ഇരുകൈകളുയർത്തി ഖിബലക്ക് അഭിമുഖമായി അല്ലാഹുവോട് വിനയാന്വിതനായി താണുകേണപേക്ഷിച്ച് പ്രാർത്ഥിക്കുക.

 അറഫയിൽ നിൽക്കുന്നവനുള്ള നിബന്ധനകൾ

  • മുസ്‌ലിമായ ഇഹ്റാമിൽ പ്രവേശിച്ച ഹജ്ജ് ചെയ്യാൻ യോഗ്യതയുള്ളവനാവുക.
  • നിർത്തത്തിൻ്റെ സമയം ശ്രദ്ധിക്കുക. അതായത്, ദുൽഹിജ്ജ ഒമ്പത് സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റിയത് മുതൽ ദുൽഹിജ്ജ പത്ത് പ്രഭാതോദയം വരെ.
  • നിൽക്കുന്ന സ്ഥലം ശ്രദ്ധിക്കുക. അറഫക്ക് പുറത്ത് കഴിച്ചുകൂട്ടൽ അനുവദനീയമല്ല.

 മുസ്ദലിഫയിൽ രാപ്പാർക്കൽ

 മഗ്‌രിബും  ഇശായും മുസ്ദലിഫയിൽ ജംഉം ഖ്വസ്റുമായി നമസ്കരിച്ച്. സുബ്ഹ് നമസ്കാരം വരെ രാപ്പാർക്കുക.

അബ്ദുല്ലാഹി ബ്നു അംറ് (റ) വിൽ നിന്ന് നിവേദനം: തിരുനബി പറഞ്ഞു: "ദുആയിൽ ഏറ്റവും ശ്രേഷ്ഠമായ ദുആ അറഫ ദിവസത്തിലേതാകുന്നു. ഞാനും എൻറെ മുമ്പുള്ള നബിമാരും ചൊല്ലിയതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ

എന്നതാകുന്നു

യൗമു ന്നഹ്ർ: ദുൽ ഹിജ്ജ് 10

 തിരുനബി പറഞ്ഞു: അനുഗ്രഹീതനും അത്യുന്നതനുമായ അല്ലാഹുവിൻറെ അടുക്കൽ ദിവസങ്ങളിൽ ഏറ്റവും മഹനീയമായത് ബലിപെരുന്നാൾ ദിവസമാകുന്നു. അതിൽ പിന്നെ യൗമുൽ ഖർറും ( ദുൽഹജ്ജ് 11 )

 

  • ഹാജിമാർ ഫജ്റ് നമസ്കാരം ആദ്യ സമയത്ത് മുസ്ദലിഫയിൽ വെച്ച് നിർവഹിക്കുക.
  •  തുടർന്ന് ദിക്റുകൾ വർദ്ധിപ്പിക്കുകയും നേരം നന്നായി പുലരുന്നത് വരെ പ്രാർത്ഥിക്കുകയും ചെയ്യുക.
  •  ശേഷം സൂര്യോദയത്തിന് മുൻപ് തൽബിയത് ചൊല്ലിക്കൊണ്ട് അടക്കത്തോടെ മിനയിലേക്ക് നീങ്ങുക. എന്നാൽ വാദീ മുഹസ്സിറിൽ വെച്ച് വേഗത്തിൽ സഞ്ചരിക്കേണ്ടതാണ്.
  •  ജംറതുൽ അഖബയിലെത്തിയാൽ തൽബിയത് അവസാനിപ്പിച്ച്, തക്ബീർ ചൊല്ലിക്കൊണ്ട് ഏഴ് കല്ലുകൾ എറിയുക.
  •  തുടർന്ന് ബലിമൃഗത്തെ അറവ് നടത്തി, തലമുണ്ഡനം ചെയ്യുക. സ്ത്രീകൾ മുടിയുടെ അറ്റത്തിൽ നിന്ന് അല്പം വെട്ടുക.
  •  ശേഷം മക്കയിലേക്ക് ചെന്ന് ത്വവാഫുൽ ഇഫാദ്വയും ഹജ്ജിനുള്ള സഅ് യും ചെയ്യുക.
  •  മുതമത്തിആയി ചെയ്യുന്നവർക്കും അല്ലെങ്കിൽ ഖാരിനോ മുഹ്രിദോ ആയി ചെയ്യുകയും ത്വവാഫുൽ ഖുദൂമിനൊപ്പം സാധിക്കാത്തവർക്കുമാണ് ഈ സഅയ്.

  

അയ്യാമുത്തശ്രീഖ്: ദുൽ ഹിജ്ജ് 11, 12, 13

 തിരുനബി പറഞ്ഞു: ദുൽഹജ്ജ് 11, 12, 13 എന്നീ അയ്യാമുത്തശ് രീഖിൻ്റെ നാളുകളിൽ നിങ്ങൾ നോമ്പനുഷ്ഠിക്കരുത്. കാരണം ആ ദിനങ്ങൾ തിന്നുവാനും കുടിക്കുവാനും അല്ലാഹുവിന് ദിക്ർ എടുക്കുവാനുമുള്ള നാളുകളാകുന്നു.

 11നും 12നും 13നും മിനായിൽ രാപ്പാർക്കൽ. എന്നാൽ നേരത്തെ പോകാനുദ്ദേശിക്കുന്നവർക് 12 നു സൂര്യാസ്തമയത്തിനു മുമ്പായി പോകൽ അനുവദിനീയമാണ്. ശ്രേഷ്ഠമായത് 13 നും രാപ്പാർക്കലാണ്.

കല്ലേറിൻ്റെ സമയം

സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റുന്നത് മുതൽ അടുത്ത ദിവസത്തെ പ്രഭാതോദയം വരെയാണ് സമയം.

സൂര്യൻ മദ്ധ്യാഹ്നത്തിൽ നീങ്ങുന്നതിൻ്റെയും അസ്തമിക്കുന്നതിൻ്റെയുമിടയിലെ സമയത്ത് എറിയലാണ് സുന്നത്ത്.

ഈ മൂന്നു ദിവസങ്ങളിലും ഏഴു കല്ലുകൾ വീതം ഓരോ ജംറകളിലും എറിയേണ്ടതാണ്. ആദ്യം ജംറത്തുസ്സുഗ്റയിലും തുടർന്ന് വുസ്ത്വയിലും ശേഷം കുബ്റയിലും അല്ലാഹു അക്ബർ എന്ന് ചൊല്ലികല്ലെറിയുക.

  • ഏഴ് കല്ലുകളാണ് എറിയേണ്ടത്.
  • ഓരോ കല്ല് എറിയുമ്പോഴും തക്ബീർ ചൊല്ലണം.
  • കല്ലുകളെല്ലാം ഹൗദ്വിൽ പതിക്കും വിധമാണ് എറിയേണ്ടത് .
  • ചെറിയ ജംറയിൽ കല്ല് എറിഞ്ഞതിന് ശേഷം ഹാജി തൻ്റെ വലത് ഭാഗത്തേക്ക് അൽപം മാറി, ഖിബലക്ക് അഭിമുഖമായി കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നത് സുന്നത്താണ്.
  • മധ്യത്തിലെ ജംറയിൽ കല്ല് എറിഞ്ഞതിന് ശേഷം ഹാജി തൻ്റെ ഇടതു ഭാഗത്തേക്കു അൽപം മാറി ഖിബിലക്ക് അഭിമുഖമായി ദീർഘമായി പ്രാർത്ഥിക്കുന്നത് സുന്നത്താണ്.
  • കൈകൾ ഉയർത്തി വലിയ ജംറയിൽ കല്ല് എറിഞ്ഞതിന് ശേഷം അവിടെ നിൽക്കേണ്ടതില്ല അവിടെ ദുആയില്ല.

വിടവാങ്ങൽ ത്വവാഫ് :

  • ഹാജിമാർ മക്കയിൽ നിന്നും പോകാനുദ്ദേശിച്ചാലാണ് വിടവാങ്ങൽ ത്വവാഫ് ചെയ്യേണ്ടത്.
  • ഇത് ആർത്തവകാരികൾകും പ്രസവരക്തമുള്ള സ്ത്രീകൾകും ഇളവുണ്ട്.

 ത്വവാഫിൽ പാടില്ലാത്തത്

  1.  നിയ്യത്ത് ചൊല്ലിപ്പറയൽ
  2. ഹജറുൽ അസ് വദിന് നേരെ കാണിച്ച കൈ ചുംബിക്കൽ
  3. കഅബയുടെ വിരി സ്പർശിക്കലും ബറകത്തെടുക്കലും.
  4. റുൽ യമാനിക്കും ഹജറുൽ അസ്വദിനും ഇടയിൽ റബ്ബനാ ആതിനാ... എന്ന ദിക്ർ ഒഴികെ ഒരോ ചുറ്റിലും പ്രത്യേകം ദിക്ർ നിർണയിൽക്കൽ
  5. സംഘടിതമായി ദിക്ർ ഉരുവിടലും ശബ്ദമുയർത്തലും.
  6. റുക്‌നുൽ യമാനിയിലേക്ക് കൈ കാണിക്കലും, അത് ചുംബിക്കലും.ജനങ്ങളെ പിന്തിപ്പിക്കുന്ന വിധത്തിൽ ഹജറുൽ അസ് വദിന് അഭിമുഖമായി നിൽക്കൽ.
  7. ഹജറുൽ അസ്വദിൻ്റെയടുക്കൽ തിരക്ക് കൂട്ടൽ, വിശിഷ്യാ സ്ത്രീകൾ.

സഅ് യ്യിൽ  പാടില്ലാത്തത്

  1. വലതുതോൾ വെളിവാക്കി സഅ് യ് ചെയ്യൽ 
  2. സ്വഫയിലും മർവയിലും സ്ഥിരപ്പെട്ട ദിക്റുകൾ ഒഴികെ ഓരോ ചുറ്റിലും പ്രത്യേകം ദിക്റുകൾ ചൊല്ലൽ.
  3. സ്വഫയുടെയും മർവയുടെയും പുറത്ത് കയറുമ്പോഴൊക്കെ ആയത്ത് ആവർത്തിക്കൽ.
  4. നമസ്കാരത്തിലേത് പോലെ കൈകൾ ഉയർത്തലും അതാവർത്തിക്കലും.
  5. സ്വഫാ മർവക്കിടയിൽ പച്ചനിറം നൽകപ്പെട്ട സ്ഥലങ്ങളിൽ സ്ത്രീകൾ ഓടൽ.
  6. സ്വഫായിലേക്ക് കയറിയതിന് ശേഷം ആയത്ത് പാരായണം ചെയ്യൽ.
  7. ഹജ്ജിലും ഉംറയിലുമല്ലാതെ സഅ് യ് ചെയ്യൽ.

എറിയുമ്പോൾ പാടില്ലാത്തത്

  1.  എറിയുന്ന കല്ല് കഴുകുക.
  2. വലിയ കല്ലുകളോ ചെരുപ്പോ എറിയൽ
  3. എറിയാതെ അതിലേക്ക് ഇട്ടുകൊടുക്കുക
  4. ഏഴ് കല്ലുകളും ഒന്നിച്ച് എറിയുക.
  5. ചെറിയതോ, നടുവിലുള്ളതോ, വലുതോ ആയ ശൈത്വാനെന്ന് ജംറകൾക്ക് നാമകരണം ചെയ്യൽ.
  6. ഹൗദ്വിലാണോ പതിക്കുന്നതെന്ന് നോക്കാതെ ദൂരെ നിന്നെറിയൽ.
  7. അടയാളമായി വെച്ച മതിലിനെയാണ് അടിസ്ഥാനപരമായി എറിയേണ്ടതെന്ന് കരുതുക

തലമുണ്ഡനത്തിലും മുടി വെട്ടലിലും പാടില്ലാത്തത്

  1. ചില ഭാഗത്തെ തലമുടി കളയലും ഇതര ഭാഗത്ത് കളയാതിരിക്കലും.
  2. സഅയ് ചെയ്യുന്ന സ്ഥലത്ത് വെച്ച് മുടി വെട്ടലും, തലമുടി അവിടെ ഉപേക്ഷിക്കലും.
  3. എല്ലാ ഭാഗത്തെയും തലമുടി വെട്ടാതിരിക്കുക.

വിശുദ്ധ മദീന സന്ദർശനം 

 മദീനയുടെ പേരുകൾ

  1. ത്വാബ
  2. ത്വയ്ബ
  3. അൽമദീന

 മദീനയുടെ മഹത്വങ്ങൾ

  •  മദീന പാപങ്ങളേയും, ളേച്ഛതകളേയും നീക്കുന്നു.
  •  ദജ്ജാലിൽ നിന്നും ത്വാഊനിൽ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
  • മദീന വിശ്വാസികളുടെ സാങ്കേതമാണ്. അവിടെ ദുർമാർഗികൾക്ക് സ്ഥാനമില്ല.
  • അവിടത്തെ വിശ്വാസികൾക്കും, ജീവിതത്തിനും, മരണത്തിനും ശ്രേഷ്ഠതയുണ്ട്.
  • البلد الحرام മദീന പവിത്രമാക്കപെട്ടതും നിർഭയത്വമുള്ളതുമാണ്
  • സുഖകരമായ ജീവിതം അനുഗ്രഹീതമായ ഉപജീവനം.
  • മസ്ജിദുന്നബവി സ്ഥിതിചെയ്യുന്നത് അവിടെയാണ്.

 തിരുനബി പറഞ്ഞു: മസ്ജിദുൽ ഹറാം ഒഴികെ ഇതര പള്ളികളിലെ 1000 നമസ്കാരങ്ങളേകാൾ അതിശ്രേഷ്ഠമാണ് എൻറെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഒരു നമസ്കാരം. മസ്ജിദുൽഹറാമിലെ ഒരു നമസ്കാരം ഒരു ലക്ഷം നമസ്കാരത്തെക്കാൾ ശ്രേഷ്ഠമാകുന്നു

മദീന സന്ദർശന മര്യാദകളും വിധി വിലക്കുകളും

  • സാധാരണ പള്ളിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥന ചൊല്ലി വലത് കാൽ വെച്ച് കയറുക.
  • രണ്ട് റക്അത്ത് തഹിയ്യത്തുൽ മസ്ജിദ് നമസ്കരിക്കുക. അത് റൗദ്വായിൽ വെച്ച് നിർവഹിക്കുന്നതാണ് ഏറെ ശ്രേഷ്ഠകരം.
  • ഖുബാ പള്ളി സന്ദർശിച്ച് അവിടെ വെച്ച് നമസ്കരിക്കുന്നത് സുന്നത്താണ്.
  • അടക്കത്തോടെയും ഒതുക്കത്തോടെയും തിരുനബി  യുടെയും, അബൂബക്കർ (റ), ഉമർ (റ) എന്നിവരുടെയും ഖബ്ർ സന്ദർശനം നടത്തി സലാം പറയൽ സുന്നത്താണ്.
  • ബഖീഇലേയും ഉഹ്ദ് ശുഹദാക്കളുടെയും ഖബ്ർ സന്ദർശനം നടത്തൽ സുന്നത്താണ്.

മദീന സന്ദർശന വേളയിലെ തെറ്റുകൾ

  • പ്രാർത്ഥിക്കുമ്പോൾ ഖബറിന്ന് മുന്നിടുക
  • അല്ലാഹുവിന് പുറമെ നബി  യോടും മറ്റും പ്രാർത്ഥിക്കുകയും ആവശ്യങ്ങൾ തേടുകയും ചെയ്യുക. ഇത് വലിയ ശിർക്കാണ്.
  • ബറകത് എന്ന നിലയിൽ നബി  യുടെ വീടിൻ്റെ ചുമരിൽ തടവലും, ചുംബിക്കലും. അത് ബിദ്അത്തും ശിർക്കിലേക്കുള്ള മാർഗവുമാണ്.