ആറ്: കുടുംബ ഭരണത്തിൽ നേതൃത്വവും സാമ്പത്തിക ബാധ്യതയും സ്ത്രീകൾക്കില്ല എന്നുനാം പറയുമ്പോൾ അവൾക്ക് കുടുംബത്തിൽ ഒന്നും ചെയ്യാനില്ല എന്നല്ല അതിനർത്ഥം. കുടുംബത്തിലെ ആഭ്യന്തര കാര്യങ്ങളിൽ അവർക്ക് ബാധ്യതകളേറെയുണ്ട്. കുഞ്ഞുങ്ങളെ വളർത്തുക, ഭർത്താവിന്റെ വീടും സമ്പത്തും സംരക്ഷിക്കുക എന്നിവ അവളുടെ ബാധ്യതയിൽ പെട്ടതാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:
അബ്ദുള്ളാഹിബ്നു ഉമർ(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ശ്രദ്ധിക്കുക! നിങ്ങളോരോരുത്തരും കാര്യനിർവ്വഹണത്തിന്നുത്തരവാദികളാണ്. നിങ്ങളോരോരുത്തരും നിങ്ങളുടെ ഉത്തരവാദിത്വത്തിന് കീഴിൽ വരുന്നവരെപ്പറ്റി ചോദിക്കപ്പെടുകയും ചെയ്യും. അപ്പോൾ ജനങ്ങളുടെ ചുമതലയുള്ള ഭരണാധികാരി ഉത്തരവാദിത്വമുള്ളവനാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിൽ വരുന്നവരെപ്പറ്റി അദ്ദേഹം ചോദ്യം ചെയ്യപ്പെടും. ഒരു പുരുഷൻ തന്റെ വീട്ടുകാരെപ്പറ്റി ഉത്തരവാദിത്വമുള്ളവനാണ്. തന്റെ കീഴിലുള്ളവരെപ്പറ്റി അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ ഭവനത്തെയും സന്താനങ്ങളെയും സംബന്ധിച്ചു ഉത്തരവാദിത്വമുള്ളവളാണ്. അവരെപ്പറ്റി അവൾ ചോദിക്കപ്പെടും. ഒരാളുടെ അടിമ അയാളുടെ യജമാനന്റെ സ്വത്തുക്കൾ സൂക്ഷിക്കുന്നതുത്തരവാദിത്വമുള്ളവനാണ്. അതിനെക്കുറിച്ച് അവൻ ചോദിക്കപ്പെടുന്നതാണ്. ശ്രദ്ധിക്കുക, നിങ്ങളോരോരുത്തരും ഉത്തരവാദിത്വമുള്ളവരാണ്. അവരുടെ കീഴിലുള്ളവരെപ്പറ്റി ചോദിക്കപ്പെടുന്നതുമാണ്."
സമൂഹത്തിലെ വിവിധ മേഖലകളിൽ ജീവിക്കുന്നവരുടെ ബാധ്യതകളെക്കുറിച്ചാണ് ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നത്. ബാധ്യതയില്ലാത്ത മനുഷ്യരാരുമില്ലെന്നും, ഈ ബാധ്യതയെപ്പറ്റി നാം ചോദിക്കപ്പെടുമെന്നും അതിനാൽ ഏതു രംഗത്ത് ഉത്തരവാദിത്തം ഏറ്റെടുത്തവരായിരുന്നാലും അവ സത്യസന്ധമായും നീതിയുക്തമായും നിർവ്വഹിക്കണമെന്നും ഈ ഹദീസിൽ നിന്ന് ഗ്രഹിക്കാം. വീടു ഭരണത്തിന്റെ ചുമതല പുരുഷനാണെങ്കിലും സ്ത്രീക്ക് അവളുടെ പ്രകൃതവും സാഹചര്യവുമനുസരിച്ച് ഒട്ടും കുറവില്ലാത്ത ഉത്തരവാദിത്വമുണ്ടെന്നു കൂടി ഇതു മുഖേന നബി(സ) പഠിപ്പിക്കുന്നു. ഈ ഉത്തരവാദിത്വങ്ങളൊന്നും മനുഷ്യർക്കിടയിൽ താഴ്ന്നവരെന്നും ഉയർന്നവരെന്നും വകതിരിവുണ്ടാക്കാനല്ല; മറിച്ച് ഇത്തരം വക തിരിവുകളുണ്ടാക്കി മനുഷ്യരെ താഴ്ന്നവരെന്നും ഉയർന്നവരെന്നും മറ്റും വേർതിരിച്ചത് മനുഷ്യൻ തന്നെയാണ്. ഇസ്‌ലാം അതിന്നുത്തരവാദിയല്ല.