സ്ത്രീകൾക്ക് പള്ളി നിഷിദ്ധമോ? 2

പള്ളിയിൽ മാത്രമെ ഇഅ്തികാഫ് ശരിയാവുകയുള്ളൂ. ഇത് ശാഫിഈ മദ്ഹബിലെ കിതാബുകൾ പോലും വ്യക്തമാക്കുന്നുണ്ട്.

“പള്ളിയിൽ മാത്രമെ ഇഅ്തികാഫ് സാധുവാകുകയുള്ളൂ. ജുമുഅത്തു പള്ളിയാണ് ഏറ്റവും നല്ലത്. അവയവങ്ങളിൽ ചിലത് പള്ളിയിൽനിന്ന് പുറത്തേക്കിടുന്നതിന് വിരോധമില്ല. പള്ളിയിലല്ലാതെ വീ ട്ടിലോ മറ്റോ നമസ്‌കാരത്തിനായി തയ്യാർ ചെയ്യപ്പെട്ട സ്ഥലത്ത് ഇഅ്തികാഫ് സ്വഹീഹാവുകയില്ല’’ (പത്തുകിതാബ്, അധ്യായം നൂറുൽ അബ്‌സാർ. ഇബ്‌റാഹീം പുത്തൂർ ഫൈസിയുടെ പരിഭാഷയിൽ നിന്ന്, പേജ് 123).

“അമുസ്‌ലിം, ഭ്രാന്തൻ, ബോധംകെട്ടവൻ, ആർത്തവകാരി, പ്രസവക്കാരികൾ, വലിയ അശുദ്ധിയുള്ളവർ, ലഹരിബാധിതർ ഇവരുടെ ഇഅ്തികാഫ് സ്വീകാര്യമല്ല’’ (പത്തുകിതാബ്, അധ്യായം നൂറുൽഅബ്‌സാർ. ഇബ്‌റാഹീം പുത്തൂർ ഫൈസിയുടെ പരിഭാഷയിൽനിന്ന്, പേജ് 124).

“മലമൂത്ര വിസർജനം ചെയ്യുക, രോഗമാകുക, ആർത്തവമുണ്ടാകുക പോലൊത്ത ഒഴിച്ചുകൂടാൻ പാടില്ലാത്ത ആവശ്യങ്ങൾക്കുവേണ്ടി പുറത്തു പോകുന്നതുകൊണ്ട് ഇഅ്തികാഫ് ബാത്വിലാവുകയില്ല’’ (ഇബ്‌റാഹീം പുത്തൂർ ഫൈസിയുടെ ‘ഉംദ’ പരിഭാഷയിൽനിന്ന്, പേജ് 184).

വീടാണോ ഉത്തമം?

നമസ്‌കാരം, ത്വവാഫ്, ഹജ്ജ്, ഉംറ എന്നീ കാര്യ ങ്ങൾക്കുവേണ്ടി സ്ത്രീകൾ പുറത്തുപോകുന്നത് അല്ലാഹുവോ റസൂലോ മുടക്കിയിട്ടില്ല. സ്ത്രീകൾ പള്ളിയിൽ വെച്ച് നമസ്‌കരിക്കുന്നതിനെക്കാൾ ഉത്തമം അവരുടെ വീട്ടിൽവെച്ച് നമസ്‌കരിക്കലാണ് എന്ന ഹദീസ് സ്വഹീഹാണെങ്കിൽതന്നെ അവയൊന്നും പള്ളിയിൽവെച്ച് നമസ്‌കരിക്കുന്നത് ഹറാമാണെന്ന് പഠിപ്പിക്കുന്നില്ല.

നബിﷺയുടെ പ്രിയപത്‌നിമാർ പള്ളിയിൽ പോയിരുന്നുവെന്ന് മാത്രമല്ല, പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുകയും കൂടി ചെയ്തിരുന്നുവെന്ന് നാം മനസ്സിലാക്കി.

ഒരു സ്ത്രീ ഇസ്‌ലാമിക വേഷമണിഞ്ഞ് തന്റെ ഭർത്താവിന്റെയോ പിതാവിന്റെയോ സഹോദരന്മാരുടെയോ കൂടെ അല്ലാഹുവിനുള്ള ഇബാദത്ത് നിർവഹിക്കാൻ പള്ളിയിൽ പോകുന്നത് ഹറാം! അവൾ അന്യപുരുഷന്മാരുടെകൂടെ സിയാറത്ത് ടൂറുകൾക്ക് പോകുന്നതും നേർച്ചപ്പൂരങ്ങളിൽ അന്യപുരുഷന്മാരോട് ഇടകലർന്നും തൊട്ടുരുമ്മിയും രാപകൽ വ്യത്യാസമില്ലാതെ പങ്കെടുക്കുന്നതും ഹലാൽ! എന്തൊരു വിരോധാഭാസം!

അല്ലാഹുവിനെ ആരാധിക്കാനായി ലോകത്താദ്യമായി നിർമിക്കപ്പെട്ട, ഏറ്റവും ശ്രേഷ്ഠമായ മക്കത്തെ പള്ളിയിലും അപ്രകാരം മദീനത്തെ പള്ളിയിലും അന്നുമുതൽ ഇന്നുവരെ ജുമുഅയിലും ജമാഅത്തുകളിലും സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. എന്നിരിക്കെ സമസ്ത മുസ്‌ല്യാക്കന്മാരുടെ ഈ പൊള്ളവാദത്തിന് എന്ത് തെളിവാണുള്ളത്?

ഇമാം ശാഫിഈ(റഹി) ഈ വിഷയത്തിൽ എന്ത് പറയുന്നു?

ശാഫിഈ മദ്ഹബിലെ ഏറ്റവും ചെറിയ ഗ്രന്ഥമായ ‘പത്ത്കിതാബ്’ മുതൽ ‘അൽഉമ്മ്’ വരെയുള്ള സകല ഗ്രന്ഥങ്ങളും പഠിപ്പി ക്കുന്നത് സ്ത്രീകൾ പുരുഷന്മാർ പങ്കെടുക്കുന്ന പള്ളികളിൽ പോ യി ജുമുഅഃ ജമാഅത്തുകളിൽ പങ്കെടുക്കൽ അനുവദനീയമാണെന്നാണ്.

പത്ത് കിതാബിൽ പറയുന്നു: “കാഴ്ചയിൽ ആഗ്രഹിക്കപ്പെടുന്നവർക്കും യുവതികൾക്കും പള്ളിയി ൽ ഹാജരാവൽ കറാഹത്താണ്; ഇവരല്ലാത്തവരല്ല. നാശത്തെ പേടിക്കാത്തപ്പോഴാണ് ഇപ്പറഞ്ഞത്’’ (ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങളുടെ പത്ത് കിതാബ് പരിഭാഷ, പേജ് 131).

ഇവിടെ കറാഹത്ത് (അനിഷ്ടകരം) മാത്രമാണ്, യുവതികൾക്കു പോലും പള്ളിയിൽ ഹാജരാവൽ ഹറാമല്ല എന്നാണ് പറയുന്നത്. യുവതികളല്ലാത്തവർക്ക് അനുവദനിയവുമാണ്. എന്നാൽ നവവിയെപ്പോലെയുള്ള, ശാഫിഈ മദ്ഹബിലെ പ്രാമാണികരായ പണ്ഡിതന്മാർ സ്ത്രീകളിൽ എല്ലാവർക്കും അനുവദനീയമാണെന്ന് പറയുന്ന ധാരാളം ഉദ്ധരിണികൾ കാണാൻ സാധിക്കും.

“ഇമാമിന്റെ പിന്നിൽ ആദ്യം പുരുഷന്മാരും പിന്നെ ആൺകുട്ടികളും പിന്നെ സ്ത്രീകളുമാണ് അണിനിരക്കേണ്ടത്’’ (മഹല്ലി: 1/312).

“ഇമാമിന്റെ പിന്നിൽ ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും ശേഷം സ്ത്രീകളും നിൽക്കണം’’ (ഫത്ഹുൽ മുഈൻ: 66).

“സ്ത്രീകൾ ജുമുഅ നമസ്‌കാരത്തിന് പങ്കെടുക്കാൻ ഉദ്ദേശിച്ചാൽ മറ്റുള്ള നമസ്‌കാരങ്ങൾക്ക് അവർ വരുമ്പോൾ പാലിക്കേണ്ട നിബന്ധനയോടുകൂടി വരേണ്ടതാണ്’’ (ശറഹുൽ മുഹദ്ദബ്, വാല്യം 4, പേജ്:496).

“ജുമുഅ നിർബന്ധമില്ലാത്ത സ്വതന്ത്ര പുരുഷന്മാരിൽനിന്നുള്ള വിട്ടുവീഴ്ചയുള്ളവർ, പ്രായപൂർത്തിയെത്താത്തവർ, സ്ത്രീകൾ, അടിമകൾ എന്നിവർ ഇമാം ജുമുഅ നിർവഹിച്ച് അതിൽനിന്ന് വിരമിച്ച ശേഷമല്ലാതെ ദുഹ്ർ നമസ്‌കരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അവർക്ക് അവരുടെ തടസ്സം നീങ്ങിയാൽ ജുമുഅക്കു പങ്കെടുക്കലാണ് ഏറ്റവും ഉത്തമം’’ (അൽഉമ്മ്: 1/219).

ഇസ്‌ലാമിക വേഷമണിഞ്ഞുകൊണ്ട് സ്ത്രീകൾക്ക് പള്ളിയിൽ പോയി ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങൾ, പെരുന്നാൾ നമസ്‌കാരങ്ങൾ, ഗ്രഹണനമസ്‌കാരങ്ങൾ എന്നിവയിലെല്ലാം പങ്കെടുക്കൽ അനുവദനീയമാണെന്നത് നൂറിലധികം തെളിവുകൾകൊണ്ട് സ്ഥിരപ്പെട്ടതാണ്.

ചുരുക്കത്തിൽ, മുസ്‌ലിം സ്ത്രീകൾക്ക് ഇസ്‌ലാം പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികളിൽ പോയി ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നത് ഹറാമാണെന്ന് വിശുദ്ധ ക്വുർആനിലോ, നബിﷺയുടെ ഹദീസിലോ കാണുക സാധ്യമല്ല. ശാഫിഈ മദ്ഹബുകാരെന്നവകാശപ്പെടുന്നവർക്ക് ഇമാം ശാഫിഈ സ്ത്രീകൾക്ക് പള്ളി വിലക്കിയതായി കാണിക്കുവാനും കഴിയില്ല