"ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നു. അവന്‍ പ്രതാപശാലിയും അഗാധജ്ഞനുമത്രെ. ആകാശങ്ങളിലെയും ഭൂമിയിലെയും പരമാധിപത്യം അവനുള്ളതാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. അവനാണ് ആദിമന്‍ അവനാണ് അന്തിമന്‍. പ്രത്യക്ഷനും പരോകനുമായവനും അവന്‍ തന്നെ. അവന്‍ എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി അറിയുന്നവനാണ്." (ക്വുര്‍ആന്‍ 57: 1-3)
സ്രഷ്ടാവായ അല്ലാഹുവിന്‍റെ സത്ത അവന്‍റെ സൃഷ്ടികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. സൃഷ്ടിയില്‍ ലയിച്ച് വിമുക്തനാകാന്‍ സാധിക്കാത്ത, സര്‍വ്വത്തിലും വ്യാപിച്ചുകിടക്കുന്ന ഒരു അന്ധമായ ശക്തിയായി മാത്രം ദൈവത്തെ സങ്കല്‍പിക്കുന്നത് ദൈവത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. ഭൗതികവാദികള്‍ പ്രകൃതിയെന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും അദ്വൈതക്കാരുടെ ദൈവവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പക്ഷെ, അവരുടെ ഈ സങ്കല്‍പം വാസ്തവത്തില്‍ ബഹുദൈവാരാധനയിലേക്ക് അവരെ എത്തിക്കുന്നു. എല്ലാ വസ്തുക്കളിലും ദൈവികാംശം കുടികൊള്ളുന്നുവെന്നും അതുകൊണ്ട് എന്തിനെ ആരാധിച്ചാലും അതെല്ലാം ദൈവത്തിനുള്ള ആരാധനയാണെന്നും അവരില്‍ ചിലര്‍ വാദിക്കുന്നു.
അല്ലാഹു അവന്‍റെ സൃഷ്ടികളില്‍ ലയിച്ച് വ്യാപിച്ച് കിടക്കുകയല്ല, അവന്‍റെ സത്ത സൃഷ്ടിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. പക്ഷെ, അവന്‍റെ അറിവും കഴിവും എല്ലാറ്റിനെയും ചൂഴ്ന്ന് നില്‍ക്കുന്നു. സ്ഥല-കാലപരിധികള്‍ക്ക് അതീതനായ അല്ലാഹു നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ കൂടെയുണ്ട്താനും. ഭൂമിയുടെ അന്തര്‍ഭാഗത്തോ ആകാശങ്ങളുടെ വിദൂരതയിലോ യാതൊന്നും അവന്‍റെ അറിവും കഴിവും വലയം ചെയ്യാത്തതായിട്ടില്ല.
ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട്. അതിന് അനാദിത്വമില്ല. ആരുടെ കല്‍പന പ്രകാരം പ്രപഞ്ചം നിലവില്‍ വന്നോ ആ സ്രഷ്ടാവാണ് അനാദിയുള്ളവന്‍. എല്ലാം നശ്വരമാണ്. അവന്‍ മാത്രമാണ് അനശ്വരന്‍. അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ കൂടി അവന്‍ പ്രത്യക്ഷനാണ്. യഥാര്‍ഥത്തില്‍ അദൃശ്യനുമാണ്. അദൃശ്യനായ ആ സ്രഷ്ടാവ്, പ്രപഞ്ച പരിപാലകനായ അല്ലാഹു, അവന്‍ മാത്രമാണ് ദൈവം; അവന്‍ മാത്രമാണ് ആരാധ്യന്‍, അവനെ നേര്‍ക്കുനേരെ, യാതൊരു ഇടയാളരുമില്ലാതെ, യാതൊരു പ്രതീകവുമില്ലാതെ ആരാധിക്കുക.
"രാവും പകലും സൂര്യനും ചന്ദ്രനും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. സൂര്യന്നും ചന്ദ്രന്നും നിങ്ങള്‍ സാഷ്ടാംഗം ചെയ്യരുത്; അവയെ സൃഷ്ടിച്ച അല്ലാഹുവിന്നുമാത്രം സാഷ്ടാംഗം ചെയ്യുക, നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍." (ക്വുര്‍ആന്‍ 41: 37).