1️⃣ പുഞ്ചിരി (തബസ്സും)
മറ്റൊരാളെ കണ്ടുമുട്ടുമ്പോൾ മുഖപ്രസന്നതയോടെ പുഞ്ചിരിക്കുക എന്നത് നിസ്സാരകാര്യമല്ല. നബി ﷺ പറഞ്ഞു:
لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ
"നന്മയിൽ പെട്ട യാതൊന്നിനെയും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നമായ മുഖത്തോടെ കണ്ടുമുട്ടുന്നതായാൽ പോലും." (മുസ്‌ലിം)
മറ്റൊരു ഹദീസിൽ "നിൻ്റെ സഹോദരൻ്റെ മുഖത്തുനോക്കി നീ പുഞ്ചിരിക്കുന്നത് നിനക്കൊരു ദാനധർമ്മമാണ്" എന്നും നബി ﷺ പഠിപ്പിച്ചു.
2️⃣ സൗമ്യമായ സംസാരം
ആളുകളോട് സംസാരിക്കുമ്പോൾ ദേഷ്യപ്പെടാതെയും ഒച്ചയിടാതെയും സൗമ്യമായി സംസാരിക്കുക. നല്ല സംസാരം (കലാമുൻ ലയ്യിൻ) ആളുകൾക്ക് നമ്മളോട് അടുപ്പമുണ്ടാക്കാനും, നമ്മളോട് സംസാരിക്കാൻ അവർ ആഗ്രഹിക്കാനും കാരണമാകും.
3️⃣ ഉപദ്രവിക്കാതിരിക്കുക
നമ്മുടെ വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ, പ്രവൃത്തി കൊണ്ടോ മറ്റുള്ളവർക്ക് ഒരു പ്രയാസവും ഉണ്ടാകരുത്.
നബി ﷺ പറഞ്ഞു:
الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ
"തൻ്റെ നാവില്‍ നിന്നും കയ്യില്‍ നിന്നും മറ്റ് മുസ്‌ലിംകൾ സുരക്ഷിതരാകുന്നുവോ അവനാണ് (യഥാർത്ഥ) മുസ്‌ലിം." (ബുഖാരി, മുസ്‌ലിം)
4️⃣ മറ്റുള്ളവർക്ക് നന്മ ആഗ്രഹിക്കുക
നമുക്ക് ലഭിക്കാൻ നാം ആഗ്രഹിക്കുന്ന നന്മകൾ നമ്മുടെ സഹോദരനും ലഭിക്കണമെന്നും, നമുക്ക് വെറുക്കുന്ന തിന്മകൾ അവർക്കും ഉണ്ടാകരുതെന്നും ആഗ്രഹിക്കുക. ഇത് ഈമാനിൻ്റെ പൂർണ്ണതയാണ്.
നബി ﷺ പറഞ്ഞു:
لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ
"തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും (യഥാർത്ഥ) വിശ്വാസിയാവുകയില്ല." (ബുഖാരി, മുസ്‌ലിം)
5️⃣ സലാം വ്യാപിപ്പിക്കുക
പരസ്പരം സ്നേഹം വർദ്ധിക്കാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് സലാം പറയുക എന്നത്.
നബി ﷺ പറഞ്ഞു:
...أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ
"...നിങ്ങൾ ചെയ്താൽ പരസ്പരം സ്നേഹത്തിലാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക." (മുസ്‌ലിം)
ഈ അഞ്ച് കാര്യങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ പകർത്തിയാൽ ഇഹലോകത്തും പരലോകത്തും നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും. അല്ലാഹു ﷻ അതിന് നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.