സമാധാനം നിറഞ്ഞ കുടുംബം

*📌 വിഷയം: സമാധാനം നിറഞ്ഞ കുടുംബം* 

1️⃣ കുടുംബം: സമാധാനത്തിനുള്ള ദൃഷ്ടാന്തം

ഇണയെയും കുടുംബജീവിതത്തെയും അല്ലാഹു അവൻ്റെ ദൃഷ്ടാന്തങ്ങളിൽ ഒന്നായാണ് പരിചയപ്പെടുത്തുന്നത്. അതിൻ്റെ അടിസ്ഥാന ലക്ഷ്യം സമാധാനവും സ്നേഹവും കാരുണ്യവുമാണ്. അതിനാൽ, വീടുകൾ മൂകത തളംകെട്ടി നിൽക്കേണ്ട സ്ഥലങ്ങളല്ല, മറിച്ച് ഹൃദ്യമായ സംസാരങ്ങളും സ്നേഹപ്രകടനങ്ങളും കൊണ്ട് സന്തോഷം നിറയുന്ന ഇടങ്ങളായി മാറണം.

അല്ലാഹു ﷻ പറയുന്നു:

﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً...﴾ [الروم: 21]

*"നിങ്ങൾക്ക് സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ..."*

2️⃣ പ്രവാചക മാതൃക: ആശയവിനിമയത്തിൻ്റെ പ്രാധാന്യം

നബി ﷺ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്യുന്നതായി കാണാം, പ്രവാചകൻ ﷺ ഇശാ നമസ്കാരത്തിന് ശേഷം തൻ്റെ ഭാര്യമാരുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചിരിക്കാൻ സമയം കണ്ടെത്തിയിരുന്നു. റമദാനിൽ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുമ്പോൾ പോലും, അവിടുത്തെ ഭാര്യമാർ പള്ളിയിൽ വന്ന് സംസാരിക്കാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. തിരക്കുകൾക്കിടയിലും കുടുംബവുമായുള്ള ആശയവിനിമയത്തിന് എത്രമാത്രം പ്രാധാന്യം നൽകണമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

3️⃣ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക

ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. ഭർത്താവ്, ഭാര്യ, മക്കൾ എല്ലാവരും തങ്ങളുടെ കടമകൾ കൃത്യമായി നിർവഹിക്കുമ്പോൾ സ്വാഭാവികമായും അവിടെ സമാധാനം കളിയാടും. ഈ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അല്ലാഹു നമ്മെ ചോദ്യം ചെയ്യുമെന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടാകണം.

നബി ﷺ പറഞ്ഞു:

«كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤولٌ عَنْ رَعِيَّتِهِ، الإِمَامُ رَاعٍ وَهُوَ مَسْؤولٌ عَنْ رَعِيَّتِهِ، وَالرَّجُلُ فِي أَهْلِهِ رَاعٍ وَهُوَ مَسْؤولٌ عَنْ رَعِيَّتِهِ، وَالْمَرْأَةُ فِي بَيْتِ زَوْجِهَا رَاعِيَةٌ وَهِيَ مَسْؤولَةٌ عَنْ رَعِيَّتِهَا، وَالْخَادِمُ فِي مَالِ سَيِّدِهِ رَاعٍ وَهُوَ مَسْؤولٌ عَنْ رَعِيَّتِهِ، فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤولٌ عَنْ رَعِيَّتِهِ». (متفق عليه)...»

*"നിങ്ങളെല്ലാവരും ഭരണാധികാരികളാണ് (ഉത്തരവാദിത്തപ്പെട്ടവരാണ്). നിങ്ങളുടെ ഭരണീയരെ (കീഴിലുള്ളവരെ) കുറിച്ച് നിങ്ങളെല്ലാവരും ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ഭരണാധികാരി (ഇമാം) ഒരു മേൽനോട്ടക്കാരനാണ്; തനിക്ക് കീഴിലുള്ളവരെക്കുറിച്ച് അദ്ദേഹം ചോദ്യം ചെയ്യപ്പെടും. പുരുഷൻ അവൻ്റെ വീട്ടുകാരുടെ മേൽനോട്ടക്കാരനാണ്; അവന് കീഴിലുള്ളവരെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. സ്ത്രീ അവളുടെ ഭർത്താവിൻ്റെ വീട്ടിലെ മേൽനോട്ടക്കാരിയാണ്; അവൾക്ക് കീഴിലുള്ള കാര്യങ്ങളെക്കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടും. സേവകൻ തൻ്റെ യജമാനൻ്റെ സമ്പത്തിൻ്റെ മേൽനോട്ടക്കാരനാണ്; അവന് കീഴിലുള്ളതിനെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. അറിയുക, നിങ്ങളെല്ലാവരും മേൽനോട്ടക്കാരാണ്; നിങ്ങൾക്ക് കീഴിലുള്ളവരെക്കുറിച്ച് നിങ്ങളെല്ലാവരും ചോദ്യം ചെയ്യപ്പെടുന്നതുമാണ്."* (ബുഖാരി, മുസ്‌ലിം)

4️⃣ വീടുകളിൽ ദീൻ സംസാരിക്കുക

മഹാനായ ലുഖ്മാൻ അലൈഹിസ്സലാം തൻ്റെ മകനെ ഉപദേശിക്കുന്ന രംഗം വിശുദ്ധ ഖുർആൻ നമുക്ക് മാതൃകയായി വരച്ചുകാണിക്കുന്നുണ്ട്. അല്ലാഹുവിൻ്റെ നിരീക്ഷണത്തെക്കുറിച്ചും കർമ്മങ്ങളുടെ വിചാരണയെക്കുറിച്ചും അദ്ദേഹം മകന് പറഞ്ഞുകൊടുക്കുന്നു.

﴿يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ...﴾ [لقمان: 16]

*"എൻ്റെ കുഞ്ഞുമകനേ, തീർച്ചയായും വല്ല കാര്യവും ഒരു കടുകുമണിയോളം തൂക്കമുണ്ടായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെയായാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്..."*

ഇതുപോലുള്ള ദീനീ സംസാരങ്ങളും ഉപദേശങ്ങളും നമ്മുടെ വീടുകളിലും സജീവമാകേണ്ടതുണ്ട്.

ജീവിതത്തിൻ്റെ മറ്റു മേഖലകളിൽ ശ്രദ്ധിക്കുന്നതോടൊപ്പം, കുടുംബത്തിൽ സമാധാനവും സന്തോഷവും ഉറപ്പുവരുത്താനുള്ള ഇസ്‌ലാമിക നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്താൻ നാം ഓരോരുത്തരും പരിശ്രമിക്കുക. അല്ലാഹു ﷻ നമുക്ക് അതിന് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.