സന്തോഷത്തിൻ്റെ വഴി

📌 വിഷയം: സന്തോഷത്തിൻ്റെ വഴി*

 

1️⃣ സന്തോഷം ഉടമസ്ഥതയിലല്ല, ആസ്വാദനത്തിലാണ്

 

സന്തോഷകരമായ ജീവിതത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും (പണം, വീട്, കുടുംബം) പലർക്കും ഉണ്ടായിരിക്കാം. എന്നാൽ, മനഃസമാധാനം ഇല്ലാത്തതിനാൽ അവർക്ക് അതൊന്നും ആസ്വദിക്കാൻ സാധിക്കാതെ വരുന്നു. ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ കാര്യം, യഥാർത്ഥ സന്തോഷം പണത്തിനപ്പുറം അല്ലാഹു നൽകിയതിൽ തൃപ്തിപ്പെടാനുള്ള ഒരു കാഴ്ചപ്പാടിലാണ് നിലകൊള്ളുന്നത്.

 

2️⃣ റിസ്ക് (ഉപജീവനം) നമ്മെ തേടി വരും

 

ജീവിതായോധനത്തിനായി അധ്വാനിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്നാൽ, ഉപജീവനത്തിനുവേണ്ടി മാത്രം ഓടിക്കിതച്ച്, ആരാധനകളും സ്വന്തം ജീവിതവും അവഗണിക്കുന്നത് ശരിയായ രീതിയല്ല. ഇസ്‌ലാം പഠിപ്പിക്കുന്ന ആശയം, നമ്മുടെ റിസ്ക് നമ്മെ തേടി വരും എന്നതാണ്.

അല്ലാഹുവിന്റെ മാർഗത്തിൽ പലായനം (ഹിജ്റ) ചെയ്യുന്നവരെക്കുറിച്ച് അല്ലാഹു ﷻ പറയുന്നു:

﴿وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً...﴾ [النساء: 100]

*"അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം, ഭൂമിയിൽ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവൻ കണ്ടെത്തുന്നതാണ്..."*

തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് പോകുമ്പോഴും, അല്ലാഹു അവന് പല വഴികളിലൂടെയും സഹായവും സൗകര്യങ്ങളും എത്തിച്ചുകൊടുക്കുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

 

3️⃣ തഖ്‌വയിലൂടെ റിസ്ക് ലഭിക്കുന്നു

 

നാം തഖ്‌വയോടും സത്യസന്ധതയോടും ജീവിക്കുമ്പോൾ, അല്ലാഹു നാം വിചാരിക്കാത്ത വഴികളിലൂടെ നമുക്ക് ഉപജീവനം നൽകും.

അല്ലാഹു ﷻ പറയുന്നു:

﴿...وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ...﴾ [الطلاق: 2-3]

*"...വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും, അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്..."*

 

4️⃣ സമ്പത്ത് ഒരു ശിക്ഷയാകുമ്പോൾ

 

യഥാർത്ഥ കാഴ്ചപ്പാടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം, സമ്പത്ത് ഒരു അനുഗ്രഹമല്ല, മറിച്ച് ഒരു ശാപവും ശിക്ഷയുമായി മാറും. അവിശ്വാസികളുടെ സമ്പത്തും മക്കളും കണ്ടു അത്ഭുതപ്പെടരുതെന്ന് അല്ലാഹു നമ്മെ പഠിപ്പിക്കുന്നുണ്ട്.

﴿فَلَا تُعْجِبْكَ أَمْوَالُهُمْ وَلَا أَوْلَادُهُمْ ۚ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُم بِهَا فِي الْحَيَاةِ الدُّنْيَا...﴾ [التوبة: 55]

*"അവരുടെ സ്വത്തുക്കളും സന്താനങ്ങളും താങ്കളെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. അവ മുഖേന ഇഹലോകജീവിതത്തിൽ അവരെ ശിക്ഷിക്കുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്..."*

ഈ ശിക്ഷയാണ് സമ്പത്ത് ഉണ്ടാക്കാനും, അത് സംരക്ഷിക്കാനും, അത് നഷ്ടപ്പെടുമോ എന്ന് ഭയന്നുമുള്ള നിരന്തരമായ വ്യാകുലതകളും ബേജാറുകളും.

 

5️⃣ യഥാർത്ഥ വിജയം

 

ഹലാലായ മാർഗ്ഗങ്ങളിലൂടെ അധ്വാനിക്കുക, ആരാധനകൾക്കും കുടുംബത്തിനുമായി സമയം കണ്ടെത്തുക, പരലോകത്തേക്ക് വേണ്ടിയുള്ള സമ്പാദ്യം ഒരുക്കുക, ഉള്ളതിൽ തൃപ്തിപ്പെടുക, ഹറാമുകളെ പാടെ വർജ്ജിക്കുക, അനുവദനീയമായ ആസ്വാദനങ്ങൾ അനുഭവിക്കുക—ഇതാണ് ഇഹലോകത്തും പരലോകത്തും സന്തോഷം നൽകുന്ന യഥാർത്ഥ വഴി.

അല്ലാഹു ﷻ നമുക്കേവർക്കും ഈ ലോകത്തും പരലോകത്തും സന്തോഷകരമായ

ജീവിതം പ്രധാനം ചെയ്യുമാറാകട്ടെ.