ശ്രദ്ധയോടെ സംസാരിക്കുക

*📌 വിഷയം: ശ്രദ്ധയോടെ സംസാരിക്കുക* 

 

1️⃣ വിജയത്തിന്റെ മാർഗ്ഗം

 

നബി ﷺയുടെ അരികിലേക്ക് വന്ന ഉഖ്ബത്ത് ഇബ്നു ആമിർ (റ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എന്താണ് വിജയം?" അപ്പോൾ നബി ﷺ മറുപടി നൽകിയത് ഇപ്രകാരമായിരുന്നു:

*"നിന്റെ നാവിനെ നീ പിടിച്ചുകെട്ടുക."*

أمسك عليك لسانك

നാവിനെ നിയന്ത്രിക്കുന്നത് പരലോക വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇത് വ്യക്തമാക്കുന്നു.

 

2️⃣ നാവുണ്ടാക്കുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകൾ

 

ജനങ്ങളിൽ അധികപേരും നരകത്തിലേക്ക് വീഴുന്നത് അവരുടെ നാവിനാൽ കൊയ്തെടുത്തതുകൊണ്ടാണ്. നാവ് മുഖേന അവർ പറഞ്ഞ വാക്കുകൾ, ആ വാക്കുകൾ ഉണ്ടാക്കിയ ദൂരവ്യാപകമായ ഭവിഷ്യത്തുകൾ അതാണ് പലരെയും നരകത്തിലേക്ക് കൊണ്ടെത്തിച്ചിട്ടുള്ളത്. അതുകൊണ്ട് വിശ്വാസികൾ നാവ് സൂക്ഷിച്ച് ഉപയോഗിക്കണം.

 

3️⃣ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

പണ്ഡിതന്മാർ നാവ് ഉപയോഗിക്കുന്നിടത്ത് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ പഠിപ്പിക്കുന്നു:

 

 *ഒന്നാമത്തെ അവസ്ഥ:* സംസാരിക്കുന്നത് നന്മയാണെന്ന് പരിപൂർണ്ണ ബോധ്യമുള്ള വാക്കുകൾ.

* അല്ലാഹുവിനെക്കുറിച്ചുള്ള ദിക്റുകൾ, നല്ല വാക്കുകൾ, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന വാക്കുകൾ, കളവ് കലരാത്ത വാക്കുകൾ, മറ്റുള്ളവരെ കുറ്റപ്പെടുത്താത്ത വാക്കുകൾ, വേദനയുണ്ടാക്കാത്ത വാക്കുകൾ തുടങ്ങിയവ.

* അല്ലാഹു പറയുന്നു:

 ﴿...وَقُولُوا لِلنَّاسِ حُسْنًا...﴾ [البقرة: 83]

*"...ജനങ്ങളോട് നിങ്ങൾ നല്ലത് സംസാരിക്കണം..."*

* നബി ﷺ പറയുന്നു: *"ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ, അവൻ നന്മ സംസാരിക്കട്ടെ."*

 

 *രണ്ടാമത്തെ അവസ്ഥ:* സംസാരിക്കുന്നത് തിന്മയാണെന്ന് പരിപൂർണ്ണ ബോധ്യമുള്ള വാക്കുകൾ.

* ഹറാമായ വാക്കുകൾ, നുണ, അശ്ലീലമായ വാക്കുകൾ, അസഭ്യങ്ങൾ, തോന്നിവാസങ്ങൾ, മോശമായവ, മറ്റുള്ളവരെ പരിഹസിക്കുന്നവ, വേദനിപ്പിക്കുന്നവ, പരദൂഷണങ്ങൾ, ഏഷണികൾ, അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ അറിവില്ലാത്ത സംസാരങ്ങൾ തുടങ്ങിയവ.

* നബി ﷺ പറയുന്നു: *"ഒരു അടിമ ഒരു വാക്ക് പറയും. ആ വാചകത്തിന് അവൻ വലിയ ഗൗരവം കൊടുത്തിട്ടുണ്ടാവില്ല. പക്ഷേ പരലോകത്ത് അവനെ നരകത്തിന്റെ അടിത്തട്ടുകളിലേക്ക് വലിച്ചെറിയാൻ ആ വാചകം കാരണമായി മാറും."*

 

*മൂന്നാമത്തെ അവസ്ഥ:* നന്മയാണോ തിന്മയാണോ എന്ന് അറിയാത്ത അവസ്ഥ. ഇത്തരം അവസ്ഥകളിൽ നാം മിണ്ടാതിരിക്കൽ തന്നെയാണ് നല്ലത്.

നബി ﷺ പറയുന്നു: *"നിനക്ക് സംശയമുള്ളത് സംശയമില്ലാത്തതിലേക്ക് വിട്ടുകൊടുക്കുക. ആരെങ്കിലും ആശയക്കുഴപ്പങ്ങൾ ഉള്ള വിഷയങ്ങളിൽ സൂക്ഷ്മത കാണിച്ചാൽ അവൻ അവന്റെ ദീനിനെ സംരക്ഷിച്ചു."*

ഈ മൂന്ന് അവസ്ഥകളിലും തഖ്‌വ മുറുകെ പിടിച്ച്, നാവിനെക്കൊണ്ട് നരകം വാങ്ങാനല്ല, സ്വർഗം നേടാൻ പരിശ്രമിക്കുക. അല്ലാഹു ﷻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.