വ്യാഖ്യാനക്കുറിപ്പ്‌ – 2 മആരിബിലെ അണക്കെട്ട് (سد مأرب)

വ്യാഖ്യാനക്കുറിപ്പ്‌ – 2 മആരിബിലെ അണക്കെട്ട് (سد مأرب)

 അറേബ്യാ ഉപദ്വീപിന്‍റെ പടിഞ്ഞാറേ കടല്‍തീരപ്രദേശങ്ങളില്‍കൂടി, തെക്കുഭാഗത്തു യമന്‍ മുതല്‍ , വടക്കു ഭാഗത്തു ഫലസ്തീന്‍വരെ നീണ്ടുകിടക്കുന്ന ഒരു പര്‍വ്വതനിരയാണ് ശ്രുതിപ്പെട്ട സറാത്തുമലനിര (جيل سراة) യമനിലെ മആരിബി (مأرب) ന്‍റെ തെക്കുപടിഞ്ഞാറുഭാഗത്തുകൂടി ഇതിന്‍റെ ഒരു ശാഖ നീണ്ടുപോകുന്നു. ഈ ശാഖയുടെ പല ഭാഗത്തുനിന്നായി ഉത്ഭവിക്കുന്ന താഴ്‌വരകള്‍ കിഴക്കെ ഓവുചാല്‍’ (الميراب الشرقى) എന്ന പേരിലറിയപ്പെടുന്ന ഒരു വലിയ താഴ്‌വരയില്‍ അവസാനിക്കുന്നു. മഴ പെയ്യുമ്പോള്‍ മലകളില്‍നിന്നു ഈ താഴ്‌വരകള്‍ വഴിയായി ഒഴുകിയൊലിച്ചുവരുന്ന വെള്ളമെല്ലാംകൂടി ഉദുനാ താഴ്‌വര’ (وادى اذنة) യില്‍കൂടി ഗമിക്കുന്നു. ഈ താഴ്‌വര സമുദ്രവിതാനത്തില്‍ നിന്നു 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നു ആ വെള്ളം വടക്കുകിഴക്കോട്ടായി ഒഴുകിയശേഷം, മആരിബില്‍ എത്തുംമുമ്പ് ഒരു മലയിടുക്കില്‍കൂടി വളരെ ഊക്കില്‍ കടന്നുപോകണം. ഇരുവശത്തുമുള്ള മലകളില്‍ ഒന്നിനു വലത്തെ ബലഖ്’ (البلق الايمن) എന്നും, മറ്റേതിനു ഇടത്തെ ബലഖ്’ (البلق الايسر) എന്നും പേര്‍. രണ്ടിനുമിടയിലുള്ള അകലം ഏറെക്കുറെ 600 മുഴമാകുന്നു.

ആ പ്രദേശത്തു മഴവെള്ളം ഭൂമിയില്‍ അധികം തങ്ങിനില്‍ക്കാറില്ല. മണലില്‍ ആണ്ടുപോകുന്ന പ്രകൃതിയാണുള്ളത്. തന്നിമിത്തം, പുഴകളോ, കിണര്‍, കുളം മുതലായവയോ ഉണ്ടായിരുന്നില്ല. താഴ്‌വരകളില്‍കൂടി ഒഴുകിവരുന്ന വെള്ളം അവിടവിടെ തടഞ്ഞു കെട്ടിനിറുത്തിയാണ് അവിടത്തുകാര്‍ ഉപയോഗിച്ചിരുന്നത്. അധികം താമസിയാതെ അവ വറ്റിപ്പോകുന്നതുകൊണ്ട് ജലക്ഷാമവും വിളനാശവും അവര്‍ക്കു സാധാരണമാണ്. ചിലപ്പോള്‍, അതിവര്‍ഷം നിമിത്തം കൂടുതല്‍ ആപത്തുകളും സംഭവിക്കും. ഇതിനു നിവാരണമായി ഏതോ ഒരു ഭരണകര്‍ത്താവിന്‍റെ കാലത്തു ഏറെക്കുറെ 150 അടി ഉയരവും 800 അടിയോളം നീളവും വരുന്ന ഒരു അണക്കെട്ടു നിര്‍മ്മിക്കപ്പെട്ടു.

പ്രസ്തുത മലയിടുക്കിനും, മആരിബിനുമിടയില്‍ ഏകദേശം 3000 ചതുരശ്രനാഴികയോളം വരുന്ന ഒരു വിശാലമായ ഭൂമി സ്ഥിതിചെയ്യുന്നു. ഇടക്കിടെ കുന്നുകളും, ചരിവുകളും ഉള്‍ക്കൊള്ളുന്ന ആ പ്രദേശം മരുഭൂമിയായി വരണ്ടുകിടക്കുകയായിരുന്നു. അതെല്ലാം ക്രമേണ ഫലഭൂയിഷ്ഠമായിത്തീര്‍ന്നു. അതൊരു സമ്പല്‍സമൃദ്ധമായ സുഖവാസസ്ഥലമായി മാറുകയും ചെയ്തു. താഴ്‌വരയുടെ ഇരുപുറത്തുമായി സ്ഥിതി ചെയ്യുന്ന ബലഖുമലകൾക്കിടയില്‍, യന്ത്രങ്ങളുടെ സഹായമൊന്നും ഇല്ലാതിരുന്ന അക്കാലത്തു നിര്‍മ്മിക്കപ്പെട്ട ആ കൂറ്റന്‍ അണക്കെട്ട് ഈ പരിഷ്കരിച്ച യന്ത്രയുഗത്തിലെ വമ്പിച്ച പദ്ധതികളെപോലും അതിശയിപ്പിക്കുന്നതായിരുന്നു. അണക്കെട്ടിലെ വെള്ളം തോടുകള്‍വഴിയായും മറ്റും ഉപയോഗപ്പെടുത്തികൊണ്ട് ആ വിശാല പ്രദേശങ്ങളത്രയും അവര്‍ കൃഷിനിലങ്ങളും, കായ്കനിത്തോട്ടങ്ങളുമാക്കി മാറ്റി. കുന്നുകളുടെ ഓരങ്ങളില്‍, താഴ്‌വരയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അതിസമൃദ്ധവും, വിശാലവുമായ വിവിധ ഉല്‍പന്നങ്ങളടങ്ങുന്ന തോട്ടങ്ങളുടെ സമൂഹത്തെക്കുറിച്ചാണ് വലഭാഗത്തും ഇടഭാഗത്തുമുള്ള രണ്ടു തോട്ടങ്ങള്‍’ ( جَنَّتَانِ عَن يَمِينٍ وَشِمَالٍ) എന്നു സൂ: സബഇല്‍ അല്ലാഹു പറഞ്ഞിരിക്കുന്നത്. അഥവാ ആ തോട്ടങ്ങള്‍ രണ്ടും കേവലം സാധാരണപോലെയുള്ള രണ്ടു തോട്ടങ്ങള്‍ മാത്രമായിരുന്നില്ല. ആ രാജ്യക്കാരുടെ ഏക ജീവിതാലംബമായിരുന്നു അത്.

ഈ അണക്കെട്ടിനെയും, അതിന്‍റെ ആള്‍ക്കാരായ സബഉഗോത്രക്കാരെയും സംബന്ധിച്ചു അറബിചരിത്രകാരന്മാര്‍ ചെയ്തിരുന്ന പ്രസ്താവനകളെയെല്ലാം സംശയഗതിയോടെമാത്രം വീക്ഷിച്ചുകൊണ്ടിരുന്ന യൂറോപ്യന്‍മാര്‍ ക്രി: 1843ല്‍ ഫ്രാന്‍സുകാരനായ ആര്‍നൂഡ്‌ (A.J.Arnaud) എന്ന സഞ്ചാരി ആ പ്രദേശങ്ങള്‍ സഞ്ചരിച്ചു നിരീക്ഷണം നടത്തിയശേഷം ഇപ്പോള്‍ അതു വിശ്വസിക്കുവാന്‍ നിര്‍ബ്ബന്ധിതരായിരിക്കയാണ്. 1874ല്‍ അദ്ദേഹം അതിന്‍റെ പഴയ കാലത്തെ വരച്ചുകാട്ടുന്ന ഒരു ഭൂപടവും പ്രസിദ്ധീകരിച്ചു. പിന്നീടു വേറെ ചിലരും ആ പ്രദേശം സന്ദര്‍ശിക്കുകയും, കൂടുതല്‍ തെളിവുകളും, അവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തിനു 400കൊല്ലം മുമ്പാണ് ആ അണ പൊട്ടി രാജ്യം നശിച്ചതെന്നും, അതല്ല, ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ (542നും 570നും ഇടയില്‍) ആണെന്നും അഭിപ്രായങ്ങളുണ്ട്. മഹാനായ ഇബ്നുല്‍ഖല്‍ദൂന്‍ ابن خلدون പറയുന്നതു ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിലായിരിക്കണമെന്നാകുന്നു. ഏതായാലും, നബി() തിരുമേനിക്കും ഈസാ (عليه السلام) നബിക്കും ഇടയിലായിരുന്നു ആ സംഭവം. الله اعلم