വ്യാഖ്യാനക്കുറിപ്പ്‌ – 2 അടിമത്തം ഇസ്‌ലാമില്‍:-

വ്യാഖ്യാനക്കുറിപ്പ്‌ – 2 അടിമത്തം ഇസ്‌ലാമില്‍:-

 ഇസ്ലാമിന്‍റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും, പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ്, അതു പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നുവെന്നുള്ളത്. ഇസ്ലാമിന്‍റെ ശത്രുക്കള്‍ അതിനെതിരില്‍ ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്വത്തിനും, സംസ്കാരത്തിനും യോജിച്ചതല്ലെന്നു പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരില്‍ ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ടു മുസ്‌ലിംകള്‍ക്കിടയില്‍തന്നെ ചില പണ്ഡിതന്‍മാര്‍ക്കു പോലും ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.

അങ്ങിനെ, ഒരു വിഭാഗക്കാര്‍ ഈ ആരോപണത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കുവാന്‍വേണ്ടി അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ആന്‍ വാക്യങ്ങളെയും, നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്‌ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്ര ലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയുവാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്: ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമ സമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതു കൊണ്ടു ഇസ്ലാമിന്‍റെ ആരംഭത്തില്‍ അറേബ്യയില്‍ ധാരാളം അടിമകള്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ആനിലും മറ്റും അവരെക്കുറിച്ചു പലതും പ്രസ്താവിക്കുകയും, നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷേ, ഇസ്‌ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതുവരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും, നിര്‍ദ്ദേശങ്ങളുമെല്ലാം. നബി () തിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കു അല്ലെങ്കില്‍ ഉമര്‍ (رضي الله عنه) ന്‍റെ ഖിലാഫത്തു കാലത്തു- മുസ്‌ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്ക് തീര്‍ന്നുപോയി’. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീടു രംഗത്തു വന്നിട്ടുള്ള അടിമകള്‍ ഒന്നൊഴിയാതെ മുഴുവനും നിയമ വിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവരാകുന്നു മേല്‍പറഞ്ഞ യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ, മുസ്‌ലിംകള്‍ പൊതുവില്‍ ഖുര്‍ആനെയും, ഇസ്‌ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്‍റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും, എതിരായ തെളിവുകളെ വളച്ചുതിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല.

എത്രത്തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്‍മാരായ സത്യാന്വേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണ്ണമായ പരിഹാരം നല്‍കുന്നില്ല. കാരണം, ഖുര്‍ആന്‍ വാക്യങ്ങള്‍ക്കും, നബി വാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്നസമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതായി കാണാം. യുക്തിവാദങ്ങളും, നവീകരണസംരംഭങ്ങളും ഒതുക്കിനിറുത്തി തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്‌ലാമിക പ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെ വന്നിരിക്കയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ആനിലും, നബിവാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലാഹരണപ്പെട്ടവയാണെന്നു പറയുവാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?!.

ഈ പ്രശ്നത്തിനു മറുപടി പറയുമ്പോള്‍, ഓരോ വാദവും അതിന്‍റെ മറുപടിയും, മറുപടിക്കുള്ള രേഖയും നിരത്തിവെച്ചു പരിശോധിക്കുന്നതിനെക്കാള്‍ ഭേദം, ഇസ്ലാമിലെ അടിമത്തത്തെ ചോദ്യം ചെയ്യുവാന്‍ ഇടയാക്കിയ സാക്ഷാല്‍ കാരണം എന്താണെന്നും, അതില്‍ ഇസ്ലാമിന്‍റെ വീക്ഷണഗതി എന്താണെന്നും പരിശോധിക്കുന്നതായിരിക്കും. ഈ അടിസ്ഥാനം തിട്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ, വിശദാംശങ്ങളില്‍ ഉണ്ടായേക്കുന്ന അഭിപ്രായ ഭിന്നിപ്പുകള്‍ നിസ്സാരവും, വിട്ടുവീഴ്ചക്കു വിഷമമില്ലാത്തവയുമായിരിക്കും.

ഈസാനബി (عليه السلام) വരെയുള്ള എല്ലാ പ്രവാചകന്മാര്‍ മുഖേനയും അല്ലാഹുവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ട ഒരു ധാര്‍മ്മിക വ്യവസ്ഥ ഇവിടെ നടപ്പാക്കുകയാണ് മുഹമ്മദ്‌ നബി () തിരുമേനി വഴി അല്ലാഹു ചെയ്തിരിക്കുന്നത്. സാര്‍വ്വലൗകികമായ ആ വ്യവസ്ഥയുടെ പ്രബോധകനും, അതിന്‍റേതായ ഒരു ഭരണകൂടത്തിന്‍റെ സ്ഥാപകനുമാണ് നബി () തിരുമേനി. ഭൗതികമായ ഭരണവ്യവസ്ഥകള്‍ അതുമായി താത്വികമായിത്തന്നെ പൊരുത്തമില്ലാത്തതാകുന്നു. ഭൗതിക താല്പര്യങ്ങളെ ആസ്പദമാക്കിയുള്ള നിയമ നടപടികളും, അവകാശ ബാധ്യതകളുമായിരിക്കും അവയുടെ ലക്‌ഷ്യം. അതിനപ്പുറമുള്ള ധാര്‍മ്മികമോ, പാരത്രികമോ ആയ കാര്യങ്ങളൊന്നും അവയ്ക്കു ചിന്താവിഷയങ്ങളല്ല. പോരാ, അത്തരം കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതുപോലും അവയുടെ ദൃഷ്ടിയില്‍ പിന്‍തിരിപ്പനോ’, ‘പഴഞ്ചനോആയിരിക്കും, ഇന്നത്തെ ഭാഷയില്‍ ഏറ്റവും പുരോഗമിച്ചരാഷ്ട്രങ്ങളില്‍ ആ പരിഗണനകള്‍ നിയമവിരുദ്ധംകൂടിയായിരിക്കാം. മിതമായി പറയുകയാണെങ്കില്‍, ലോകസൃഷ്ടാവിനെ ആരാധിക്കുന്നവനും അവനെ പുച്ഛിച്ചുനിരസിക്കുന്നവനും, ദൈവദൂതന്‍മാരെ ബഹുമാനിക്കുന്നവനും അവരെ അവഹേളിക്കുന്നവനും ഒരു പരിഷ്കൃത രാഷ്ട്രത്തിന്‍റെ ദൃഷ്ടിയില്‍ സമനിലയിലുള്ള പൗരന്‍മാരായിരിക്കും. ഏകദൈവ വിശ്വാസവും, മുപ്പത്തിമുക്കോടി ദൈവങ്ങളിലുള്ള വിശ്വാസവും അതിന്‍റെ മുമ്പില്‍ ഒരുപോലെയായിരിക്കും. ബലാല്കാരമില്ലാത്ത വ്യപിചാരകൂട്ടുകെട്ടും വൈവാഹിക ബന്ധവും തമ്മില്‍ വലിയ അന്തരമൊന്നും അതു കാണുകയില്ല. സമത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും കാഹളമൂത്തു സര്‍വ്വത്ര കേള്‍ക്കപ്പെടുമെങ്കിലും അവയുടെ നിര്‍വ്വചനം യഥാര്‍ത്ഥത്തില്‍ ഇന്നുവരെ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടു ഭരണം പരിഷ്കരിക്കുംതോറും ധാര്‍മ്മികമായ അരാജകത്വവും അസമാധാനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് അനുഭവം.

ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ നിലപാട് ഇതില്‍നിന്നും തികച്ചും വ്യത്യസ്തമത്രെ. ദൈവീകമായ കടമകളും ബാധ്യതകളും മനുഷ്യന്‍ നിറവേറ്റുകയെന്നതാണിതിന്‍റെ പ്രഥമപ്രധാനമായ ലക്ഷ്യം. ഇസ്‌ലാമികശാസനകളുടെയെല്ലാം ആകെത്തുക അതാണ്‌. അതുകൊണ്ട് ദൈവികകടമകളും ശാസനകളും ലംഘിക്കപ്പെടുന്നതിന് തക്കതായ ശിക്ഷകള്‍ നല്‍കപ്പെടേണ്ടതു അതിന്‍റെ കര്‍ത്തവ്യമായിത്തീരുന്നു. അതിന്‍റെ നിയമവ്യവസ്ഥയെ പാടെ നിഷേധിക്കുന്നതും, അതിന്‍റെ സാക്ഷാല്‍ നാഥനായ അല്ലാഹുവിന്‍റെ പരമാധികാരങ്ങളെ ചോദ്യം ചെയ്യുന്നതും അതിന്‍റെ മുമ്പില്‍ ഏറ്റവും വമ്പിച്ച കുറ്റവുമാണ്. പക്ഷെ, വിശാല മനസ്കതയും, ദീര്‍ഘദൃഷ്ടിയും, ഉദാരവീക്ഷണവും അതിന്‍റെ കൂടെപ്പിറവിയത്രെ. കുറ്റവാളികളെ ആദ്യം അതു ഗുണദോഷിക്കും; നന്നായി ഉപദേശിക്കും; സ്വീകരിക്കാത്തപക്ഷം അതിന്‍റെ വ്യവസ്ഥക്കെതിരില്‍ വിലങ്ങടിക്കാതെയും, അതിന്‍റെ നേരെ കയ്യേറ്റം നടത്താതെയും കീഴൊതുങ്ങി നില്‍ക്കണമെന്നു അതു താക്കീതു നല്‍കും. ഇതും വിലവെക്കാത്തപക്ഷം, അങ്ങിനെയുള്ളവരുമായി ഏറ്റുമുട്ടുവാന്‍ അതു നിര്‍ബ്ബന്ധിതമാകുന്നു.

അങ്ങിനെ, ഒരു യുദ്ധം നടത്തേണ്ടിവന്നാല്‍ പിന്നെ, അന്യോന്യം കൊല നടത്തി ജയാപജയം നോക്കുകയല്ലാതെ ഗത്യന്തരമില്ലല്ലോ. എന്നാല്‍, ഈ അവസരത്തില്‍പോലും, വൃദ്ധന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍, അബലന്‍മാര്‍ എന്നിവരെ കൊലപ്പെടുത്താതെ അതു സൂക്ഷിക്കുന്നു. കൊലയില്‍ നിന്നൊഴിവാക്കി തടവില്‍ പിടിച്ചവരെ സന്ദര്‍ഭവും പൊതു നന്‍മയും പരിശോധിച്ചാലോചിച്ചശേഷം യുക്തമായതു പ്രവര്‍ത്തിക്കും; വേറെ ചിലരെ ഒരു തരത്തില്‍ അസ്വതന്ത്രരാക്കി നിറുത്തപ്പെടും. ഒടുവില്‍ പറഞ്ഞ വിഭാഗക്കാരത്രെ അടിമകള്‍. ഇവരില്‍ പ്രായേണ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയ ദുര്‍ബ്ബലരായിരിക്കും മിക്കവാറും ഉണ്ടായിരിക്കുക. പലരുടെയും രക്ഷാകര്‍ത്താക്കള്‍ യുദ്ധത്തില്‍ മൃതിയടഞ്ഞിട്ടുമുണ്ടാകാം. യുദ്ധാനന്തരം ഇവരെയെല്ലാം നിരുപാധികമായി വിട്ടയക്കുക എന്നൊരു പൊതു സമ്പ്രദായം നടപ്പാക്കുകയാണെങ്കില്‍, അതു അവര്‍ക്കുതന്നെയും ആപത്തായി പരിണമിച്ചേക്കും. മാത്രമല്ല, ഏതൊരുദ്ദേശ്യത്തെ മുന്‍നിറുത്തിയാണോ യുദ്ധം നടന്നതെങ്കില്‍ ആ ഉദ്ദേശത്തിനുപോലും അതു വിഘാതമായിരിക്കുകയും ചെയ്തേക്കും.

ശരി, എനി അടിമകളാക്കപ്പെട്ടുകഴിഞ്ഞവര്‍ക്കു പിന്നീടു മോചനം കിട്ടി സ്വതന്ത്രരാവാന്‍ മാര്‍ഗ്ഗമില്ലേ? തീര്‍ച്ചയായും ഉണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സുലഭമാണ്. അടിമകള്‍ക്കു മോചനം നല്‍കുന്നതിനുള്ള പ്രോത്സാഹനങ്ങളും, നിര്‍ബ്ബന്ധമായി മോചിപ്പിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളും, അവര്‍ സ്വയംതന്നെ സ്വതന്ത്രരായിത്തീരുന്ന പരിതസ്ഥിതികളും, വളരെ ലഘുവായ ഉപാധികളോടുകൂടി മോചിപ്പിച്ചുവിടുവാനുള്ള വ്യവസ്ഥകളും ഇസ്‌ലാമില്‍ അന്നും ഇന്നും നിരവധിയാണ്. (ഖുര്‍ആനിലും, ഹദീസിലും, ഫിഖ്ഹു (കര്‍മ്മശാസ്ത്ര) ഗ്രന്ഥങ്ങളിലും ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഇവിടെ അതു വിശദീകരിക്കുവാന്‍ സൗകര്യമില്ല. ഈ വിഷയകമായി പലരും പ്രത്യേക ഗ്രന്ഥങ്ങള്‍തന്നെ എഴുതിയിട്ടുള്ളതാണ്). ചുരുക്കിപ്പറഞ്ഞാല്‍, പല കാരണങ്ങളും നിമിത്തം യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നവരില്‍ ഒരു കുറഞ്ഞ ശതമാനം മാത്രമേ അടിമകളായിത്തീരുകയുളളു. അവരില്‍ തന്നെ ഏതാനും പേര്‍ ഏറെത്താമസിയാതെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും. ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിക്കുന്ന പക്ഷം ഈ പരമാര്‍ത്ഥം ആര്‍ക്കും മനസ്സിലാക്കാം.

മേല്‍സൂചിപ്പിച്ച ഏതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെ സ്വാതന്ത്ര്യം ലഭിക്കുവാന്‍ സാധിക്കാതെ അടിമകളായിത്തന്നെ അവശേഷിക്കുന്നവരുടെ അനുഭവമെന്താണെന്നാണ് പിന്നീടു ആലോചിക്കുവാനുള്ളത്. ഇതരസമുദായങ്ങളില്‍ സാധാരണ പൗരന്‍മാര്‍ അനുഭവിച്ചുവരുന്ന ചില സമുദായത്തിലെ ചില വിഭാഗക്കാര്‍ അനുഭവിച്ചുവരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതുമായ സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും അവര്‍ക്ക് ഇസ്‌ലാമില്‍ ലഭിക്കുന്നു. സ്വതന്ത്രനാക്കിവിടുവാന്‍ ആലോചന നടക്കുന്നതിന്‍റെ പേരിലോ, സ്വതന്ത്രനാക്കിവിട്ടതിന്‍റെ പേരിലോ അടിമകള്‍ വിലപിച്ചു വാവിട്ടുകരയുകയും, മോചനം നല്‍കി വിട്ടയച്ചിട്ടു പിന്നെയും വിട്ടുപോവാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്ത സംഭവങ്ങള്‍ പലതും ഇസ്‌ലാം ചരിത്രത്തിന്‍റെ താളുകളില്‍ രേഖപ്പെട്ടുകിടക്കുന്നതു ഇതുകൊണ്ടാണ്. മതരംഗങ്ങളിലും, ഭരണരംഗങ്ങളിലും വിജ്ഞാനരംഗങ്ങളിലുമെല്ലാംതന്നെ നേതൃത്വവും. പൊതുസമ്മതിയും നേടിക്കഴിഞ്ഞ പലര്‍ക്കും അവരുടെ അടിമസ്ഥാനം ഒരിക്കലും അതിനു തടസ്സമായിരുന്നില്ല, അടിമകളോടു നിര്‍ദ്ദയമായോ, മൃഗീയമായോ പലരും പെരുമാറിയിട്ടുണ്ടാവാം. പക്ഷെ, അതൊന്നും ഇസ്ലാമിനു ബാധകമല്ലെന്നും, മതദൃഷ്ട്യാ കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും ഓര്‍ക്കേണ്ടതുണ്ട്.

മേല്‍പ്രസ്താവിച്ചതില്‍നിന്ന് ഇസ്‌ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്നവാദം ശരിയല്ലെന്നും, അനിവാര്യമായ ഒരളവില്‍ അതു അടിമത്തത്തെ അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടുതന്നെ അംഗീകരിച്ചിട്ടുണ്ടെന്നും, വിമര്‍ശകര്‍ വിചാരിക്കുംപോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്. മുന്‍കാലങ്ങളില്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ സ്ഥിരം അടിമകളാക്കിവെക്കുകമാത്രമല്ല കൊന്നൊടുക്കലും പതിവായിരുന്നു. ഈ പരിഷ്കൃതയുഗത്തില്‍ ഏറ്റവും പുരോഗമിച്ച നാടുകളില്‍ വിശേഷിച്ചും കേവലം നിസ്സാരമായ കുറ്റങ്ങളില്‍ തങ്ങളുടെ എതിരാളികളെന്ന ഏക കാരണത്താല്‍ ഇന്നും ചില രാഷ്ട്രങ്ങളില്‍ നല്‍കപ്പെട്ടുവരുന്ന ശിക്ഷകള്‍ കടുത്തതും, അതിദയനീയവും മാത്രമല്ല, പലതും മൃഗീയവും പൈശാചികവുംകൂടിയാണെന്നു ആര്‍ക്കും അറിയാവുന്നതാണ്. അതിനെക്കാള്‍ എത്രയോ മടങ്ങു ലഘുവായതും, വളരെയേറെ ഉദാരമായതുമാണ് ഇസ്ലാമിലെ അടിമത്തമെന്നതു നിഷ്പക്ഷ ഹൃദയമുള്ള ഏതൊരാള്‍ക്കും കാണുവാന്‍ പ്രയാസമില്ല.

മുന്‍പ്രവാചകന്‍മാരുടെ കാലത്ത് അടിമത്തത്തിന്‍റെ സമ്പ്രദായം ഇല്ലായിരുന്നുവെന്നു ചിലര്‍ പറയാറുണ്ട്. വാസ്തവത്തില്‍ അതവരുടെ അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. തൗറാത്തിലെ ലെവ്യാപുസ്തകം 25-ആം അദ്ധ്യായം ഒന്നുനോക്കിയാല്‍ ആ വാദം ശരിയല്ലെന്നവര്‍ക്കു അറിയാറാകും. ഉദാഹരണമായി അതിലെ ചില വാക്യങ്ങള്‍ കാണുക: നിന്‍റെ അടിയാരും, അടിയാത്തികളും നിങ്ങള്‍ക്കുചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍ നിന്നു അടിയാരെയും, അടിയാത്തികളെയും കൊള്ളേണം;……. . അവര്‍ നിങ്ങള്‍ക്കു അവകാശമായിരിക്കേണം; നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്കു അടിമകളായിരിക്കേണം; യിസ്രായേല്‍ മക്കളായ നിങ്ങളുടെ സഹോദരന്‍മാരോടു നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുത്‌. ’ (ലെവ്യാപുസ്തകം. അ: 25ല്‍ 44-46). ഇസ്‌ലാമിലെ അടിമത്തത്തെ അവഹേളിച്ചുപറയാറുള്ള മിഷ്യനറിമാര്‍ ഇതിനെപ്പറ്റി മൗനമവലംബിക്കുകയാണ് പതിവ്.

 ഇത്രയും പറഞ്ഞതിന്‍റെ രത്നച്ചുരുക്കം ഇതാണ്: ഇസ്‌ലാമിലെ അടിമത്തത്തെപ്പറ്റി വിമര്‍ശിക്കുന്നവര്‍ ആദ്യമായി, ഏതടിസ്ഥാനത്തിലാണത് അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും, ഏതെല്ലാം നിലക്കാണത് കയ്യാളപ്പെട്ടിട്ടുള്ളതെന്നുമാണ് നോക്കേണ്ടത്. തികച്ചും ന്യായവും ആവശ്യവുമായ തോതില്‍മാത്രമാണ് ഇസ്‌ലാം അതിനു അംഗീകാരം നല്‍കിയിട്ടുള്ളതെന്നു അപ്പോള്‍ അവര്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും. والله الموفق