വോട്ട് ചെയ്ത് കടമ നിർവഹിക്കാം

1️⃣ സമ്മതിദാന അവകാശം: ഒരു ജനാധിപത്യ ആയുധം

​ഒരു പൗരന്റെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ് തന്റെ സമ്മതിദാന അവകാശം. അത് വിനിയോഗിക്കുക എന്നത് ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലുള്ളവരും, വടക്കൻ കേരളത്തിൽ ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലും ദൂരെ സ്ഥലങ്ങളിലും പഠനാവശ്യങ്ങൾക്കോ ജോലിക്കോ ആയി പോയവരും, അല്പം ത്യാഗം സഹിച്ചിട്ടാണെങ്കിലും യാത്ര ചെയ്തിട്ടാണെങ്കിലും സ്വന്തം പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടതുണ്ട്. പോളിംഗ് സമയം അവസാനിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ അവകാശം വിനിയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

2️⃣ നന്മയുടെ വിജയത്തിന് ജാഗ്രത അനിവാര്യം

​നാം നന്മയാണെന്ന് തിരിച്ചറിയുന്ന കാര്യങ്ങൾക്കാണ് സ്വാഭാവികമായും നാം വോട്ട് ചെയ്യുന്നത്. ആ നന്മക്ക് വേണ്ടിയുള്ള വോട്ടെടുപ്പിൽ നിന്ന് നാം വിട്ടുനിന്നാൽ, മറുഭാഗത്ത് നാം ഭയപ്പെടുന്ന തിന്മ ശക്തിപ്പെടാനോ, ഒരുപക്ഷേ വിജയിക്കാനോ അത് കാരണമായേക്കാം എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പൗരത്വ രേഖകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മറ്റും ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നത് നമ്മുടെ സാമൂഹികവും നിയമപരവുമായ സാന്നിധ്യം അടയാളപ്പെടുത്തുന്നതിന് തുല്യമാണ്.

3️⃣ ​ചരിത്രവും ഭരണഘടനയും നൽകുന്ന പാഠങ്ങൾ

​ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഹൈന്ദവ സഹോദരങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയവരാണ് മുസ്ലിം നേതാക്കന്മാരും ഈ സമുദായവും. ഈ രാജ്യത്തിന്റെ നിലനിൽപ്പും പുരോഗതിയും നമ്മുടെ കൂടി ആവശ്യമാണ്. ഇന്ത്യൻ മതേതരത്വത്തിന്റെ ഏറ്റവും വലിയ സവിശേഷത, രാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതമില്ലെങ്കിലും, പൗരന്മാർക്ക് മതവിശ്വാസം വെച്ചുപുലർത്താനും അത് ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉണ്ടെന്നതാണ്. ഇത്തരത്തിൽ മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്, മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി വോട്ടിംഗ് എന്ന ജനാധിപത്യ മാർഗ്ഗം ഉപയോഗപ്പെടുത്തുക എന്നത് അനിവാര്യമാണ്.

4️⃣​ തിരുത്തപ്പെട്ട തെറ്റിദ്ധാരണകളും അരാഷ്ട്രീയവാദത്തിന്റെ അപകടവും

​ഭരണഘടനാപരമായ വോട്ടിംഗിലും ജനാധിപത്യ പ്രക്രിയയിലും പങ്കെടുക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് വാദിച്ചിരുന്ന ന്യൂനപക്ഷമായ ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രായോഗിക തലത്തിൽ അത്തരം വാദങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുകയും, അവരത് തിരുത്തുകയും ചെയ്തത് നാം കണ്ടതാണ്. അതിനാൽ, വരുംതലമുറയെ അരാഷ്ട്രീയവാദത്തിലേക്ക് നയിക്കാതെ, രാജ്യനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ നാം ശ്രദ്ധിക്കണം.

​നമ്മുടെ വീടും നാടുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഭരണസംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. അവിടെ നടക്കുന്ന ഈ മാറ്റുരക്കലിൽ നിന്ന് വിട്ടുനിൽക്കാതെ, ജനാധിപത്യ ബോധമുള്ളവരായി എല്ലാവരും ഈ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് ഉണർത്തുന്നു.
​അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.