
കോഴിക്കോട്: ഇസ്‌ലാംമത വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വർഗീയ പ്രസ്താവനകൾ ആശങ്കാജനകമാണെന്ന് കോഴിക്കോട്ട് നടന്ന, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
മുസ്‌ലിം സമുദായം അനർഹമായത് നേടി എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ജസ്റ്റിസ് സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിൽ രൂപം നൽകിയ പാലോളി കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുമെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, സോഷ്യൽ സ്റ്റാറ്റസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി സർക്കാർ ധവളപത്രമിറക്കി ആരോപണങ്ങൾക്ക് അറുതി വരുത്തണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം. ഇത്തരം പരാമർശങ്ങൾ മതനിരപേക്ഷ സമൂഹത്തിന്റെ തകർച്ചക്ക് ഇടയാക്കുമെന്നത് നാം ഗൗരവമായി കാണണം. വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ്, ജില്ലാപഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ എന്നിവർ മുഖ്യാതിഥികളായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, അബൂബക്കർ സലഫി, നാസിർ ബാലുശ്ശേരി, ഫൈസൽ മൗലവി, സി.പി സലീം, ട്രഷറർ കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് നിഷാദ് സലഫി, ജനറൽ സെക്രട്ടറി ഡോ വി.പി ബഷീർ, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വഫ്‌വാൻ ബറാമി അൽഹികമി, പ്രസിഡൻറ് ഷമീൽ മഞ്ചേരി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, പ്രൊഫ. ഹാരിസ് ബ്‌നു സലിം, ഹംസ മദീനി, ശബീബ് സലാഹി, മുഹമ്മദ് സ്വാദിഖ് മദീനി, ഡോ. അബ്ദുല്ല ബാസിൽ എന്നിവർ സംസാരിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികൾ
ന്യൂസ് ഡസ്ക്
പ്രസിഡന്റ് : പി.എൻ അബ്ദുല്ലത്വീഫ് മദനി
ജനറൽ സെക്രട്ടറി : ടി.കെ അഷ്‌റഫ്
ട്രഷറർ : കെ.സജ്ജാദ്
വൈസ് പ്രസിഡന്റുമാർ : കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഫൈസൽ മൗലവി, ഹാരിസ് ഇബ്‌നു സലീം, ശരീഫ് എലാങ്കോട്.
സെക്രട്ടറിമാർ : നാസിർ ബാലുശ്ശേരി, സി.പി സലീം, അബ്ദുൽ മാലിക് സലഫി, നബീൽ രണ്ടത്താണി, ഡോ.ഷാനവാസ് പറവണ്ണ, അബ്ദുല്ല ഫാസിൽ, സുഹൈൽ പി.യു.