
അമീൻ കൈ തടവിക്കൊണ്ടിരുന്നു. അവന്റെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇടയ്ക്കിടയ്ക്ക് തേങ്ങലിന്റെ ഒച്ച കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരുന്നു. ‘ചപ്പാത്തി ഇഷ്ടമില്ലാത്തത് ഒരു തെറ്റാണോ’ എന്ന് അവൻ സ്വയം ചോദിച്ചു. അടികൊണ്ട് പാട് വന്ന കൈയിലേക്ക് അവൻ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു. അപ്പോൾ സങ്കടം ഇരട്ടിക്കുകയാണ്.
വിശപ്പ് സഹിക്കവയ്യാതായിരിക്കുന്നു. സ്‌കൂളിന് അവധിയായതിനാൽ കളിക്കാൻ പോയതാണ്. കളി കഴിഞ്ഞ് വിശന്ന് വന്നതായിരുന്നു. ഉമ്മ മുന്നിൽ കൊണ്ടുവന്ന് വെച്ചത് ചപ്പാത്തി. രണ്ടുമൂന്ന് ദിവസമായി ചപ്പാത്തി തന്നെയാണ് ചായക്ക് കടി. അവനത് കണ്ടപ്പോൾ ദേഷ്യം വന്നു. ‘ഇന്നും ചപ്പാത്തി തന്നെയാണോ’ എന്ന് ഉച്ചത്തിൽ ചോദിച്ചു കൊണ്ട് അമീൻ പാത്രം എടുത്തെറിഞ്ഞു.
ഇത് കണ്ട ഉമ്മാക്ക് സഹിച്ചില്ല. അവർ ഒരു വടിയെടുത്ത് ഓടിവന്ന് അവനെ തല്ലി.
‘നിനക്ക് വേണ്ടെങ്കിൽ കഴിക്കണ്ട. എന്നാൽ ഭക്ഷണം വലിച്ചെറിയാൻ നിനക്കെങ്ങനെ ധൈര്യം വന്നു? ഇനി മേലിൽ ഇത് ആവർത്തിക്കരുത്’-ഉമ്മ തല്ലുന്നതിനിടയിൽ പറഞ്ഞു.
ഓർക്കുമ്പോൾ കൈയിൽ ഒരു നീറ്റൽ. അപ്പോൾ മുതൽ തുടങ്ങിയതാണ് അമീൻ തന്റെ പട്ടിണി സമരം. ഇനി ഉപ്പ വരട്ടെ. എന്നിട്ട് അങ്ങാടിയിൽ പോകണം. ഹോട്ടലിൽനിന്ന് ഷവർമ വാങ്ങിത്തരാൻ പറയണം. തല്ലിയതിന് ഉപ്പ ഉമ്മയെ ശകാരിക്കുകയും ചെയ്യും. ഇങ്ങനെ കരുതിയിരിക്കുമ്പോഴാണ് വല്ലിപ്പ കേറിവന്നത്. വല്ലിപ്പയെ കണ്ടയുടൻ അവൻ കൈയിൽ തടവി ഉച്ചത്തിൽ കരയാൻ തുടങ്ങി. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ അവൻ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു. ഉമ്മ അകത്തുനിന്നും വന്ന് അവൻ ചെയ്തത് വിശദീകരിച്ചു.
‘സാരമില്ല, ഇനിയിത് ആവർത്തിക്കരുത്’-വല്ലിപ്പ രണ്ടുപേരോടുമായി പറഞ്ഞു.
‘ഞാനേതായാലും അങ്ങാടിയിൽ പോകുന്നു. നീ വരുന്നെങ്കിൽ വാ’-വല്ലിപ്പയുടെ ഈ വാക്കുകൾ കേട്ടപ്പോൾ അവന്റ മനസ്സിൽ ലഡുപൊട്ടി. ഇന്ന് ഷവർമ ഒത്തതുതന്നെ! അമീൻ താൻ ജയിച്ചു
എന്ന ഭാവത്തിൽ ഉമ്മയെ നോക്കി ചിരിച്ചു. ഉമ്മ പുഞ്ചിരിച്ചു. അവർ അങ്ങാടിയിൽ പോയി. വല്ലിപ്പ അവന്റെ താൽപര്യപ്രകാരം ഷവർമ വാങ്ങിക്കൊടുത്തു. അവൻ അത് കഴിച്ച് സന്തോഷവാനായി വല്ലിപ്പയുടെ കൈപിടിച്ച് അങ്ങാടിയിലൂടെ നടന്നു.
നടക്കുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്. റോഡരികിൽ ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധം കാരണം അമീൻ മൂക്കുപൊത്തി. ഒരു പട്ടി വാലാട്ടിക്കൊണ്ട് അതിനിടയിൽ പരതുന്നുണ്ടായിരുന്നു. അപ്പോഴാണ് അമീൻ തന്റെയത്ര പോലും പ്രായമില്ലാത്ത ഒരു ആൺകുട്ടിയെ അവിടെ കണ്ടത്. അവൻ ചപ്പുചവറുകൾക്കിടയിൽനിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടം കണ്ടുപിടിച്ച് തിന്നുകയാണ്. അവന് അത് കണ്ടപ്പോർ ഓക്കാനം വന്നു.
‘വല്ലിപ്പാ! ആ കുട്ടി ചെയ്യുന്നത് കണ്ടോ, കഷ്ടം’- അവന്റെ ശബ്ദം അറിയാതെ ഉയർന്നുപോയി.
‘മോനേ, ഇങ്ങനെ എത്രയോ പേർ വിശപ്പു മാറ്റാൻ ഗതിയില്ലാതെ ഭൂമിയിൽ ജീവിക്കുന്നുണ്ട്. നമ്മൾ തിന്നു ബാക്കിയാക്കിയതെങ്കിലും കിട്ടിയെന്നാഗ്രഹിക്കുന്നവരാവണവർ. നമ്മളാണെങ്കിൽ മുന്തിയത് കിട്ടിയാൽ പോലും പോരാ എന്ന് പറയുന്നവരും. പടച്ചവൻ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചില്ലെങ്കിൽ അവന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും’’-വല്ലിപ്പ പറഞ്ഞു.
താൻ കഴിക്കാതെ വലിച്ചെറിഞ്ഞ ചപ്പാത്തിയെക്കുറിച്ച് അമീൻ ഓർത്തു. ‘നന്നായി വിശക്കുന്നവന് കണ്ണ് കാണില്ല, രുചി നോക്കില്ല. അവൻ എന്തും കഴിക്കും’-വല്ലിപ്പ ദീർഘനിശ്വാസത്തോടെ പറഞ്ഞു.
“ഞാൻ ചപ്പാത്തി വലിച്ചെറിഞ്ഞത് തെറ്റായിപ്പോയി വല്ലിപ്പാ, എന്നെ പടച്ചവൻ ശിക്ഷിക്കുമോ?’ ഇത് ചോദിക്കുമ്പോൾ അമീന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന് തന്റെ തെറ്റ് മനസ്സിലായി.
‘സാരമില്ല, മോൻ അറിയാതെ ചെയ്തതല്ലേ’-വല്ലിപ്പ അവനെ ആശ്വസിപ്പിച്ചു.
‘ആ കുട്ടിക്ക് എന്തേലും വാങ്ങിച്ചുകൊടുത്താലോ വല്ലിപ്പാ’’-അമീൻ ചോദിച്ചു.
‘തീർച്ചയായും, നമുക്ക് ഒരു നേരമെങ്കിലും അവന്റെ വിശപ്പുമാറ്റിക്കൊടുക്കാം’-വല്ലിപ്പയുടെ ഈ വാക്കുകൾ കേട്ടപ്പോൾ അമീന് സന്തോഷമായി. അവർ ആ കുട്ടിയെ കൂടെ കൂട്ടി ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.