വിധി

അതൊരു വെളളിയാഴ്ച ദിവസമായിരുന്നു. നല്ലൊരു മഴ പെയ്തു തോർന്നിട്ടേയുള്ളൂ. റോട്ടിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. നടത്തത്തിനിടയിൽ അസ്‌ലം ഓർക്കുകയായിരുന്നു; കുമാരേട്ടന്റെ ചായക്കടയിൽ വെച്ചാണ് നാട്ടിലെ മുജാഹിദ് പള്ളിയിൽ അടുത്ത വെള്ളിയാഴ്ച ഖുതുബ പറയുക ഫൈസൽ മൗലവിയാണെന്നറിഞ്ഞത്. അദ്ദേഹത്തെ അറിയാത്തവർ വളരെ ചുരുക്കം. അദ്ദേഹത്തിന്റെ മുഖാമുഖങ്ങളൊക്കെ യൂറ്റൂബിലും മറ്റും കാണാറുണ്ട്. ആ ചെറിയ വലിയ മനുഷ്യന്റെ അറിവ് അപാരം തന്നെ!

മതമെന്തെന്ന് മനസ്സിലാക്കിത്തുടങ്ങിയതു മുതൽ മുജാഹിദാവാനുള്ള ആഗ്രഹം പെരുത്തിരുന്നു. മഹല്ല് പള്ളി സമസ്തയുടെതാണ്. മുജാഹിദുകളുടെ മയ്യിത്ത് പള്ളി വക ക്വബ്ർസ്ഥാനിൽ മറവുചെയ്യാൻ അനുവദിക്കില്ലെന്ന അലിഖിത നിയമം പേടിച്ച് മാറിനിൽക്കുകയായിരുന്നു. പിന്നീടാണ് അത് നടപ്പിലാ ക്കാൻ കഴിയാത്ത ഭീഷണിയാണെന്ന് മനസ്സിലാക്കിയത്.

അയാൾ നടത്തം വേഗത്തിലാക്കി. സമയം 12 മണി കഴിഞ്ഞിരിക്കുന്നു. സലഫി പള്ളി എന്ന ബോർഡിനു സമിപമുള്ള ഒതുക്കുകൾ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്ന് ‘അസ്‌ലംക്കാ’ എന്ന വിളി കേട്ടത്. തിരിഞ്ഞ് നോക്കുമ്പോൾ അത് ഉമ്പായി ആയിരുന്നു. നരച്ച നീണ്ട താടിയുള്ള, മുഖത്ത് എപ്പോഴും പുഞ്ചിരിയുള്ള ഉമ്പായി. കുറച്ചുകാലമെ ആയിട്ടുള്ളൂ ഉമ്പായി മുജാഹിദായിട്ട്.

മരക്കച്ചവടം ചെയ്യുന്ന ഒ.വി, ഏച്ചി പൊയിൽ നൗഫൽ, പുളി നാസർ, മുസ്‌ലിയാരെ പോലെ നടക്കുന്ന അബ്ദുസ്സമദ്ക്ക, പുതിയാപ്ല നൂറു, വമ്പൻ ഹനീഫ... ഇവരൊക്കെയാണ് നാട്ടിലെ മുജാഹിദ് പ്രവർത്തകർ. തട്ടാൻ റസാക്ക് പറയാറുള്ളത് ഇവരൊക്കെയാണ് ‘വഹാബികൾ’ എന്നാണ്. എന്താണ് ‘വഹാബി’ എന്നൊക്കെ ഈയിടെയാണ് മനസ്സിലായത്. പീസ് റേഡിയോയിൽ ജബ്ബാർ മദീനിയുടെ ക്ലാസ്സുകളിലൂടെ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. ആ അറിവുകൾ മുജാഹിദ് പള്ളിലേക്ക് പോകാനുള്ള മാനസിക പക്വത സമ്മാനിച്ചു.

സലാം പറഞ്ഞ ഉമ്പായിക്ക് സലാം മടക്കി ഒന്നിച്ച് പള്ളിയിലേക്ക് നടന്നു. ഉമ്പായി പറഞ്ഞു: “ഫൈസൽ മൗലവിയുടെ ഖുതുബയായത് കാരണം ഇന്ന് പള്ളിയിൽ നല്ല തിരക്കായിരിക്കും.’’

പള്ളിയുടെ പുറത്തെ ചുമരിലെ ബോർഡിൽ മനോഹരമായ കൈയക്ഷരത്താൽ ഒരു ക്വുർആൻ സൂക്തവും അതിന്റെ അർഥവും എഴുതിവച്ചിരിക്കുന്നു. ‘നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ചാൽ അവൻ നിങ്ങൾക്ക് ഒരു വഴി തുറന്നുതരിക തന്നെ ചെയ്യും’ എന്നാണ് അർഥം.

അംഗശുദ്ധിവരുത്തി പള്ളിലേക്ക് കയറി. മുൻനിരയിൽ തന്നെയുണ്ട് ഒ.വിയും അബ്ദുസ്സമദ്ക്കയും. സലാം പറഞ്ഞു കയറിയപ്പോൾ പുഞ്ചിരിക്കുന്ന മുഖങ്ങളായിരുന്നു ചുറ്റും. സന്തോഷം തോന്നി; ഒറ്റക്കല്ലല്ലോ എന്നൊരു തോന്നൽ. തഹിയ്യത്ത് നമസ്‌കാരത്തിന് ശേഷം ഒന്നാമത്തെ സ്വഫ്ഫിൽ തന്നെ ഇരിപ്പുറപ്പിച്ചു. സമാധാനത്തിന്റെ ഗേഹമായ, തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന അല്ലാഹുവിന്റെ ഭവനത്തിൽ മനസ്സ് ആനന്ദത്തിലായിരുന്നു.

സമയമായപ്പോൾ മൗലവി മിമ്പറിൽ കയറി സലാം പറഞ്ഞു. പള്ളി ഇമാമായ ബംഗാളി ബാങ്ക് വിളിച്ചു. ബാങ്കിനു ശേഷമുള്ള നിശ്ശബ്ദതയിൽ മൗലവിയുടെ ഹൃദ്യമായ സംസാരം ആരംഭിച്ചു. ക്വുർആൻ വചനങ്ങളിലൂടെ, പ്രവാചക വചനങ്ങളിലൂടെയുള്ള യാത്ര. ഒടുവിൽ അലി(റ)യുടെ ചരിത്രത്തിൽനിന്നും ഒരു ചിന്ത്: അലി(റ) ഒരുദിവസം കുതിരസവാരിക്കിടെ നമസ്‌കാര സമയമായപ്പോൾ കുതിരയെ പള്ളിയുടെ അടുത്ത് കെട്ടിയിട്ട് പള്ളിലേക്ക് നടന്നു. അതിനിടയിൽ കൈയിലുണ്ടായിരുന്ന ചാട്ട എവിടെ വെക്കുമെന്ന് ആലോചിക്കുമ്പോഴാണ് കുറച്ചു മാറിനിൽക്കുന്ന ഒരു ചെറിയ കുട്ടിയെ കണ്ടത്. സങ്കടത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ അലി(റ) തീരുമാനിച്ചു; ചാട്ടവാർ അവനിൽനിന്ന് തിരികെ വാങ്ങുമ്പോൾ അവന് രണ്ടു ദിർഹം കൊടുക്കണം. അങ്ങനെ ചാട്ടവാർ അവനെ ഏൽപിച്ച് പള്ളിലേക്ക് കയറി. കുറച്ചു സമയത്തിനു ശേഷം പള്ളിയിൽനിന്ന് ഇറങ്ങി വന്നപ്പോൾ ചാട്ട ഏൽപിച്ച ആ കുട്ടിയെ കാണാനില്ല. അവനെവിടെയാണ് പോയത്?

ലേശം വികൃതിയുള്ള ഈ കുതിരയെ തനിക്ക് ചാട്ടയില്ലാതെ കൊണ്ടുപോകാൻ കഴിയില്ല. ഒടുവിൽ അലി(റ) ചാട്ട വാങ്ങാനായി ചന്തയന്വേഷിച്ചു നടന്നു. കുറച്ചു നടന്നപ്പോഴുണ്ട് ‘ചാട്ട വേണോ, ചാട്ട വേണോ’ എന്ന് വിളിച്ചുപറഞ്ഞ് ഒരാൾ നടന്നുവരുന്നു. അപ്പോൾ അലി(റ) അല്ലാഹുവിനെ സ്തുതിച്ചു. അലി(റ) തനിക്ക് ചാട്ട ആവശ്യമുണ്ടെന്ന് പറഞ്ഞു. വിൽപനക്കാരന്റെ കൈയിലുള്ള ചാട്ട പരിശോധിച്ചപ്പോൾ അത് തന്റെ നഷ്ടപ്പെട്ട ചാട്ടയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അലി(റ) അയാളോട് വില ചോദിച്ചു. വിൽപനക്കാരൻ രണ്ടു ദിർഹം പറഞ്ഞു. അലി(റ) രണ്ട് ദിർഹം കൊടുത്ത് ചാട്ടവാങ്ങി. മറ്റു കഥകളൊന്നും വിൽപനക്കാരനോട് പറഞ്ഞില്ല. ഒരു കൗതുകം എന്നപോലെ ചോദിച്ചു: ‘താങ്കൾക്ക് ആരാണ് ഈ ചാട്ട തന്നത്?’ വിൽപനക്കാരൻ കൃതമായ മറുപടി പറഞ്ഞു: ‘ഒരു ചെറിയ കുട്ടിയാണ് എനിക്കിത് ഒരു ദിർഹമിന് നൽകിയത്.’ അപ്പോൾ അലി(റ)വിന് കാര്യങ്ങൾ മനസ്സിലായി. അല്ലാഹുവിന്റെ വിധിയും തീരുമാനവും എത്ര വിശാലമാണ്! ആ കുട്ടിയെ കുറിച്ച് ഓർത്ത് അലി(റ) സങ്കടപ്പെട്ടു. കൈ മുകളിലേക്ക് ഉയർത്തി ആ കുട്ടിക്കു വേണ്ടി പ്രാർഥിച്ചു: ‘നീ അവന് പൊറുത്തുകൊടുക്കേണമേ.’

ഈ കഥ കേട്ടപ്പോൾ അസ്‌ലമിന്റെ മനസ്സൊന്ന് നടുങ്ങി. തനിക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പ് പറ്റിയ ഒരു തെറ്റിനെ കുറിച്ചാണ് അന്നേരം ഓർത്തത്. അങ്ങാടിയിലൂടെ നടന്നുനീങ്ങുന്ന നേരത്ത് തിരക്കൊഴിഞ്ഞ ഒരിടത്ത് വെച്ച് അഞ്ഞൂറു രൂപ കളഞ്ഞുകിട്ടി. താനത് പോക്കറ്റിലിട്ട് സ്വന്തമാക്കി. തനിക്ക് അത് എടുക്കാതിരിക്കാമായിരുന്നു. അല്ലെങ്കിൽ അതിന്റെ അവകാശിയെ അന്വേഷിക്കാമായിരുന്നു. ഒരു നിമിഷം തന്റെ മനസ്സൊന്ന് ഇടുങ്ങിപ്പോയി. എന്നാൽ അത് ചെലവഴിച്ചിട്ടില്ല. പോക്കറ്റിൽ തന്നെയുണ്ട്. അസ്‌ലം അപ്പോൾ തന്നെ ഒരു തീരുമാനമെടുത്തു. പോക്കറ്റിലുള്ള ആ അഞ്ഞൂറ് രൂപ പള്ളിയിൽ ഏൽപിക്കണം. ഒരു പക്ഷേ, കമ്മിറ്റിക്കാർ ശ്രമിച്ചാൽ അവകാശിയെ കണ്ടെത്താനാവുമായിരിക്കും. അല്ലെങ്കിൽ കിട്ടിയ സ്ഥലത്തിനു സമീപമുള്ള കടയിൽ ഏൽപിക്കണം. അസ്‌ലമിന്റെ മനസ്സ് കുറ്റബോധത്താൽ വേദനിച്ചു. പൊറുക്കണേ എന്ന് റബ്ബിനോട് തേടി.

മൗലവി ഖുതുബ അവസാനിപ്പിച്ച് മിമ്പറിൽനിന്ന് ഇറങ്ങി നമസ്‌കരിക്കാൻ നിന്നു.