പതിനൊന്ന്: ഇവിടെ സ്വാഭാവികമായും ഉയർന്നുവരുന്ന ഒരു സംശയമുണ്ട്. അതായത്, വസിയ്യത്ത് ചെയ്യാനവസരം ലഭിക്കാതെ ഒരാൾ മരിച്ചു പോകുകയും അയാളുടെ കുടുംബത്തിൽ വസിയ്യത്തു മുഖേന സ്വത്ത് ലഭിക്കേണ്ട അവസ്ഥയനുഭവിക്കുന്നവർ ഉണ്ടായിരിക്കുകയുംആണെങ്കിൽ എന്തുചെയ്യും? ഈ പ്രശ്നത്തിനും ഇസ്‌ലാം പരിഹാരം കണ്ടിട്ടുണ്ട്. അല്ലാഹു പറയുന്നു:
وَإِذَا حَضَرَ الْقِسْمَةَ أُولُو الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينُ فَارْزُقُوهُم مِّنْهُ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا
( സ്വത്ത് ) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ ( മറ്റു ) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു. (ക്വുർആൻ 4:8)
ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് പ്രസിദ്ധ ഹദീസ് വ്യാഖ്യാതാവായ ഹാഫിള് ഇബ്നു ഹജർ തന്റെ ഫത്ഹുൽ ബാരിയിൽ പറയുന്നു.
"സ്വത്ത് ഭാഗിക്കുന്ന സ്ഥലത്ത് ഹാജരുള്ള ബന്ധുക്കൾ, അനാഥകൾ, അഗതികൾ എന്നിവർക്ക് വല്ലതും നൽകണം എന്ന കൽപ്പന ഐച്ഛികമായിട്ടാണോ അതോ നിർബന്ധമായിട്ടാണോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മുജാഹിദും ഒരു വലിയ വിഭാഗം പണ്ഡിതന്മാരും പറയുന്നത് അത് നിർബന്ധ കൽപ്പനയാണ് എന്നാണ്. ധാരാളം പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് ഇബ്നുൽ ജൗസി രേഖപ്പെടുത്തുന്നു. ആ ആയത്തിലെ "കുടുംബങ്ങൾ" എന്നതുകൊണ്ട് ഉദ്ദേശ്യം അനന്തരാവകാശത്തിനർഹതയില്ലാത്തവർ ആണ്. നിങ്ങളവർക്ക് വല്ലതും നൽകണം എന്ന് പറഞ്ഞത് ധനത്തിൽ നിന്ന് നൽകണം എന്നുമാണ്."(ഫത്ഹുൽബാരി 8-195)
സ്വത്ത് ഭാഗിച്ചെടുക്കുന്നവരും അതിലിടപെടുന്ന മധ്യസ്ഥന്മാരും മാനിച്ചു നടപ്പിൽ വരുത്തേണ്ടതാണ് ഈ കൽപ്പന. ഇക്കാര്യത്തിലും ഇന്ന് മുസ്‌ലിംകൾ അശ്രദ്ധരാണ്. ഇസ്‌ലാമിന്റേതായ ക്രമങ്ങളെ വിമർശിക്കുന്നവർ ഇത്തരം ദൈവിക കൽപ്പനകളുടെനേരെ കണ്ണടക്കുകയും ചെയ്യുന്നു!