മുതിർന്നവർക്ക് പരിഗണന നൽകുക

1️⃣ നമ്മിൽ പെട്ടവനല്ല

മുതിർന്നവരെ ആദരിക്കാത്തവർ പ്രവാചക ചര്യ പിൻപറ്റുന്നവരല്ല.
നബി ﷺ പറഞ്ഞു:

«لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا»

"ചെറിയവരോട് കരുണ കാണിക്കാത്തവനും, നമ്മുടെ മുതിർന്നവരോടുള്ള ആദരവ് (അവകാശം) തിരിച്ചറിയാത്തവനും നമ്മിൽ പെട്ടവനല്ല." (തിർമിദി)

2️⃣ ജിബ്‌രീലിൻ്റെ കൽപ്പന

എല്ലാ കാര്യങ്ങളിലും മുതിർന്നവരെ മുന്തിക്കണമെന്നത് അല്ലാഹുവിൻ്റെ കൽപ്പനയാണ്.
നബി ﷺ പറഞ്ഞു:

«أَمَرَنِي جِبْرِيلُ أَنْ أُقَدِّمَ الْأَكَابِرَ»

"മുതിർന്നവരെ മുന്തിക്കുവാൻ ജിബ്‌രീൽ  എന്നോട് കൽപ്പിച്ചിരിക്കുന്നു."

* കുടുംബത്തിൽ: പ്രായമായവരെ ഒറ്റപ്പെടുത്തുകയോ അവഗണിക്കയോ ചെയ്യരുത്. കാര്യങ്ങൾ തീരുമാനിക്കുമ്പോൾ അവരുമായി കൂടിയാലോചിക്കുകയും അവരുടെ അനുഭവ സമ്പത്തുള്ള അഭിപ്രായങ്ങൾ കേൾക്കുകയും വേണം.

* യാത്രകളിൽ: ബസ്സിലോ മറ്റ് പൊതുയിടങ്ങളിലോ മുതിർന്നവരെ കണ്ടാൽ അവർക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതും എഴുന്നേറ്റ് നിൽക്കുന്നതും ഇസ്‌ലാമിക മര്യാദയുടെ ഭാഗമാണ്.

3️⃣ ആരാധനകളിലെ പരിഗണന

ഇബാദത്തുകളിൽ പോലും മുതിർന്നവരെ പരിഗണിക്കണം.

*  നബി ﷺ പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കിൽ അവൻ (നമസ്കാരം) ലഘൂകരിക്കട്ടെ. കാരണം അവർക്കിടയിൽ ദുർബലരും രോഗികളും പ്രായമായവരും (അൽ-കബീർ) ഉണ്ട്." (ബുഖാരി)

*  അറിവിൻ്റെ കാര്യത്തിൽ തുല്യരാണെങ്കിൽ പ്രായം കൂടിയവരാണ് ഇമാമത്ത് നിൽക്കാൻ അർഹതപ്പെട്ടവർ.

4️⃣ സംസാരത്തിൽ മുൻഗണന

സംസാരിക്കുമ്പോൾ മുതിർന്നവർക്ക് അവസരം നൽകണം. ഒരിക്കൽ നബി ﷺയുടെ സദസ്സിൽ ചിലർ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവിടുന്ന് പറഞ്ഞു:

«كَبِّرْ كَبِّرْ»

"മുതിർന്നവർ പറയട്ടെ, മുതിർന്നവർ പറയട്ടെ." (ബുഖാരി)
ഏത് കാര്യവും മുതിർന്നവർ പറഞ്ഞുതുടങ്ങാനും ചെയ്തുതുടങ്ങാനുമുള്ള സംസ്കാരം നാം വളർത്തിയെടുക്കണം.

5️⃣ ബറകത്ത് അവരിലാണ്

നമ്മുടെ വീടുകളിലെയും സമൂഹത്തിലെയും ഐശ്വര്യം മുതിർന്നവരോടൊപ്പമാണ്.
നബി ﷺ പറഞ്ഞു:

«الْبَرَكَةُ مَعَ أَكَابِرِكُمْ»

"ബറക്കത്ത് (അനുഗ്രഹം) നിങ്ങളുടെ കൂട്ടത്തിലെ മുതിർന്നവരോടൊപ്പമാണ്." അതുകൊണ്ട് അവരെ മാറ്റിനിർത്താതെ, സ്നേഹിക്കുകയും ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുക.

അല്ലാഹു ﷻ ഇസ്‌ലാമിക മര്യാദകൾ ജീവിതത്തിൽ പകർത്തി ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.